ഇവിടെയാകെ മണമാണ്;മരുന്നിന്റെ,രക്തത്തിന്റെ,മരണത്തിന്റെ,നഷ്ടപ്പെടലുകളുടെ। കണ്ണും മൂക്കും തന്ന ദൈവത്തെ മൂന്ന് തവണ തള്ളിപ്പറഞ്ഞ് ഓരോദിവസവും അതേവഴികളിലൂടെ താന്‍ കടന്നു പോവുന്നുവെന്ന് വനേസ ആനി പീറ്റര്‍ ഓര്‍ത്തു. മോര്‍ച്ചറിക്കരികിലൂടെ അനാട്ടമിക്ലാസ്സിലേക്ക് തിടുക്കത്തില്‍ നടന്ന അവളുടെ ചെമ്പന്‍ നിറമുള്ള തലമുടിയിഴകളെ തഴുകി ഫോര്‍മാലിന്റെ മണമുള്ള കാറ്റ് പതിഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഡിസക്ഷന്‍ ഹാളില്‍ തനിക്ക് കീറിമുറിക്കാനായി കാത്തിരിക്കുന്ന കഡാവറിനെക്കുറിച്ചായിരുന്നു വനേസ അപ്പോള്‍ ഓര്‍ത്തത്.ഇറുകിയ കണ്ണുകളും വലിഞ്ഞുമുറുകിയ മുഖഭാവങ്ങളുമുള്ള ഡോ.മീനാക്ഷിയുടെ മുഖമായിരുന്നു അതിന്.അതുകൊണ്ടുതന്നെ കഡാവറിനെ വനേസയ്‌ക്ക് ഭയമായിരുന്നു. ശരിയാണ്, കിഷോറിന്റെ കണ്ടുപിടിത്തം വാസ്‌തവം തന്നെ .ഡോ.മീനാക്ഷിക്ക് ഫോര്‍മലിന്‍ ലായിനിയില്‍ സൂക്ഷിച്ച കഡാവറിന്റെ നിര്‍വികാരതയാണ്. ഓര്‍ത്തപ്പോള്‍വനേസയ്‌ക്ക് ചിരിവന്നു.ഒരു കഡാവറിന്റെ ചിന്തകളെന്തായിരിക്കും? പ്രാക്‌റ്റിക്കല്‍ സെഷനില്‍ വനേസ ഓര്‍ത്തു. ഫോര്‍മാലിന്‍ ലായിനിയില്‍കിടന്ന് മരവിച്ചുപോയ തന്റെ ഞരമ്പുകളെക്കുറിച്ചോര്‍ത്ത് അത് നെടുവീര്‍പ്പിടുന്നുണ്ടാവുമോ? പുറത്തുവന്ന് പഴയതുപോലെ ശ്വാസമെടുക്കാനതാഗ്രഹിക്കുന്നുണ്ടാവുമോ?"നീ പേടിക്കേണ്ട വനേസ,നിനക്കു വേണ്ടി ഞാന്‍ കഡാവറാകാം.ഭയം കൂടാതെ സ്‌നേഹത്തോടെ നിനക്കെന്നെ കീറിമുറിക്കാം.ഫോര്‍മലിന്റെ ഗന്ധമുള്ള എന്നെ നീ വെറുക്കുമോടാ?കോഫീ ഹൗസിന്റെ ഇരുണ്ടകോണിലിരുന്ന് കിഷോര്‍ അതുപറഞ്ഞപ്പോള്‍ അവളുടെ നീലനിറമുള്ള കണ്ണുകള്‍ കലങ്ങി.ഡിസക്ഷന്‍ ഹാള്‍ അടയ്‌ക്കാന്‍ വന്ന രുഗ്മിണിചേച്ചി അടുത്തെത്തിയപ്പോള്‍ മാത്രമാണ് വനേസ തന്നെകുറിച്ചോര്‍ത്തത്.അപ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു.സെമിനാര്‍ ഹാളില്‍ 43ാം എം.ബി.ബി.എസ് ബാച്ച് സംഘടിപ്പിക്കുന്ന സിനിമാപ്രദര്‍ശനമുണ്ട്.വൈകിയെത്തിയാല്‍ കിഷോര്‍ വഴക്കു പറയും.പിന്നെ ഒന്നും സംസാരിക്കില്ല.എത്രചോദിച്ചാലും മറുപടി പറയാത്ത പ്രകൃതമാണവന്റേത്.ഒരു മെയില്‍ ഷോവനിസ്‌റ്റ് പിഗ്.എന്നാലും കിഷോര്‍ തന്റെ കാമുകനാണെന്നോര്‍ത്തപ്പോള്‍ അവളുടെ നീല നിറമുള്ള കണ്ണുകള്‍ തിളങ്ങി.അനക്‌സില്‍ നിന്നിറങ്ങിയപ്പോള്‍ പുറത്ത് നിലാവുപെയ്യുന്നതവളറിഞ്ഞു. എന്തോ ഒരു ഊര്‍ജം തന്നിലേക്ക് പടരുന്നതായി വനേസയ്‌ക്കു തോന്നി. കിഷോറിന്റെ വരവിനായി അവള്‍ കാത്തിരുന്നു.സിനിമ തീര്‍ന്നിട്ടും അവനെത്തിയില്ല.കിഷോറിനോട് പിണങ്ങിയിരുന്നിട്ടും കാര്യമില്ലെന്നറിയാമായിരുന്നെങ്കിലും നാളെ അവനോടരക്ഷരം മിണ്ടില്ലെന്നും മനസ്സില്‍ കരുതി അവള്‍ അനക്‌സിലേക്ക് തിരികെ നടന്നു.അനക്‌സിനു താഴെയുള്ള പേ വാര്‍ഡില്‍ ഇന്നും ആരോ മരിച്ചു.ഒരു കുട്ടി നിറുത്താതെ കരയുന്നതും,ആ ഡെത്ത് ട്രോളി ശബ്ദമുണ്ടാക്കി നീങ്ങുന്നതും വനേസയറിഞ്ഞു.മുറിയിലെത്തിയ നിലാവും ബിസ്‌മില്ലാഹ് ഖാന്റെ ഷഹനായിയും വനേസയ്‌ക്ക് അരോചകമായിത്തോന്നി.'ഇവിടെ മരണത്തെ കണികണ്ടുണരേണ്ടിവരുന്നു.സമയബോധമില്ലാതെ ഒരു ഡെത്ത് ട്രോളി എന്നും ശബ്ദമുണ്ടാക്കി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.ഭയനകമെങ്കിലും അതിന്റെ ശബദം ഇപ്പോള്‍ കാതുകള്‍ക്ക് പരിചിതമായിരിക്കുന്നു. എന്നും ആരുടെയൊക്കയോ പ്രിയപ്പെട്ടവരെ അവര്‍ക്ക് നഷ്ടമാവുന്നു' തന്റെ ഡയറിയില്‍ മുഖമമര്‍ത്തി അവള്‍ ഉറങ്ങി.പിറ്റേന്ന് പ്രോസ്‌തോഹാളില്‍ എത്തിയപ്പോള്‍ എല്ലാവരും അവളെത്തന്നെ നോക്കുന്നതായി തോന്നി വനേസയ്‌ക്ക്. ഹൗസ് സര്‍ജന്‍ ഡോ.ഹരിയാണ് വിവരം പറഞ്ഞത്." ഇതൊന്നു നമ്മള്‍ തീരുമാനിക്കുന്നതല്ല ല്ലോ വനേസ" ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ അനാട്ടമി ക്ലാസിലേക്കുള്ള ഗോവണിപ്പടികള്‍ തിടുക്കത്തില്‍ കയറുമ്പോള്‍ വനേസ ആനി പീറ്റര്‍ കിതയ്‌ക്കുന്നുണ്ടായിരുന്നു.ഡിസക്ഷന്‍ ടേബിളിലെ കഡാവറിന് തന്റെ കിഷോറിന്റെ ഛായയുണ്ടോ എന്നു നോക്കുകയായിരുന്നു അവള്‍ .അവിടെ അപ്പോഴും ഫോര്‍മലിന്റെ മണമുള്ള കാറ്റു വീശുന്നുണ്ടായിരുന്നു.
കഡാവര്‍: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാക്‌റ്റിക്കലിന് വേണ്ടി ഫോര്‍മാലിന്‍ ലായിനിയില്‍ സൂക്ഷിക്കുന്ന മനുഷ്യ മൃതശരീരം.
ചിത്രത്തിനു കടപ്പാട്: മാഹിന്‍ സി.എ (creative head,Balcoony.blogspot.com)
9 comments:
വേദനിച്ചല്ലോ...മനസ്സില്‍ തട്ടി വല്ലാതെ.
.കിഷോറിനോട് പിണങ്ങിയിരുന്നിട്ടും കാര്യമില്ലെന്നറിയാമായിരുന്നെങ്കിലും നാളെ അവനോടരക്ഷം മിണ്ടില്ലെന്നും മനസ്സില്‍ കരുതി അവള്‍ അക്‌സിലേക്ക് തിരികെ നടന്നു.
വനേസ മനസ്സില്‍ കരുതിയത് കിഷോര്‍ അറിഞ്ഞിരുന്നോ....ഒരിക്കലും മിണ്ടാന്‍ അവസരം തരാതെയല്ലേ അവന്‍ പോയത്..........ഒരു ചെറിയ പിണക്കം കൂടി അവന് താങ്ങാനാവില്ലായിരുന്നിരിക്കാം.......
സ്മിതേച്ചിക്ക് കിട്ടിയ അതേ തട്ട് എനിക്കും കിട്ടി..
ആശംസകള്‍.
വനേസ്സക്ക് കിരണിനെ കഡാവര്‍ രൂപത്തില്‍ കാണെണ്ടി വന്നതിന്റെ നീറ്റല്‍ ഇപ്പോളും മനസ്സില്‍ നിന്നു പോകുന്നില്ല,..
:)
പാവം വനേസാ
വളരെ നന്നായിട്ടുണ്ട്, ആശംസകളോടെ
വളരെ നന്നായി എഴുതിയിരിക്കുന്നു...കിഷോർപ്പറഞ്ഞതുപോലെ അയാളും ഒരു കഡാവരായികാണുമോ?
ഞാനും ഇത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ആർക്കും പ്രയോജനമില്ലാതെ കളയാതെ എന്റെ ശരീരം മരണശേഷം ഒരു കഡാവറാക്കി ആർക്കെങ്കിലും പ്രയോജനപ്പെടുത്തിയാലോ എന്ന്..
Medical terminologies ന്റെ അതിപ്രസരം വായനയെ തെല്ല് വിഷമിപ്പിച്ചു കഡാവർ, ഡെത്ത് ട്രൊളീ തുടങ്ങിയവയ്ക്കു അവസാനം ഒർ *കൊടുത്തു അർത്ഥം /വിശദീകരണം കൊടുത്തിരുന്നെങ്കിൽ നന്നായേനെ അതൊരു നല്ല ശൈലി കൂടിയാണു എഴുത്തിന്റെ.
Post a Comment