Monday, September 22, 2008

ഇടു കുടുക്കേ ചോറും കറിയുംറമാദാന്‍ നോമ്പു തുടങ്ങിയാല്‍ അങ്ങിനെയാണ്‌.പതിവുകളൊക്കെ മാറും.ജോലി ചെയ്യുന്നത്‌ ഒരു മുസ്‌ലിം സ്ഥാപനത്തിലാവുമ്പോള്‍ പ്രത്യേകിച്ചും. നോമ്പുകാലം പുണ്യങ്ങളുടെ പൂക്കാലമെന്നൊക്കെ എല്ലാവരും പറഞ്ഞു. എന്നാല്‍ പോന്നോട്ടെ പുണ്യം മുഴുവനും നമുക്ക്‌ എന്നു മനസ്സാ കരുതി ഞങ്ങളും തുടങ്ങി നോമ്പെടുക്കാന്‍. എന്നും സിറ്റി എഡീഷന്‍ കഴിഞ്ഞ്‌ റൂമിലെത്തുമ്പോള്‍ പുലര്‍ച്ച 2.30 ആവും,പിന്നെ അത്താഴമുണ്ടാക്കലാണ്‌ ഞങ്ങളുടെ പരിപാടിയിലെ അടുത്തയിനം. ചോറ്‌, കറി, ഓംലെറ്റ്‌ തുടങ്ങി വിഭവസമൃദ്ധമായ അത്താഴം റെഡ്ഡിയാവുമ്പോള്‍ സമയം 4....4.15. പിന്നെ ഒരു തീറ്റിയാണ്‌, തീരുന്നതു വരെ.പടച്ചോനെ ഇനി വല്ലതും കിട്ടണമെങ്കില്‍ നേരം സന്ധ്യയാവണം.അതു വരെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കണംട്ടോ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ഒരേമ്പക്കവും, ഞങ്ങളുടെ നോമ്പു തുടങ്ങുകയാണ്‌.പിന്നെ ഉറങ്ങിയാല്‍ ഉച്ചയ്‌ക്ക്‌ 2.30 ..3.00 ഒക്കെയാവും എണീക്കുമ്പോള്‍. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം അത്താഴത്തിന്‌ ചോറുവച്ചത്‌ തികയാതെ ഞങ്ങള്‍ വീണ്ടും കുക്കറില്‍ ചോറുവച്ചു. കുറെ 'നാത്തൂന്‍മാര്‍' ഒന്നിച്ചുതാമസിക്കുന്ന വീടുപോലെയാണ്‌ ഞങ്ങളുടെ വീട്‌്‌. അതായത്‌ ഞങ്ങള്‍ എല്ലാ സബ്‌ എഡിറ്റേഴ്‌സിനെയും ഒരു വീട്ടിലേയ്‌ക്ക്‌ കെട്ടിച്ചു വിട്ടപ്പോലെ. വീട്ടില്‍ രണ്ട്‌ അടുപ്പുണ്ടെങ്കിലും കുക്കര്‍ ഒന്നേയുള്ളൂ. കുക്കറില്‍ ചോറുവച്ചു മതിയാവതെ കുട്ടിക്കലത്തിലും ചോറുവച്ചു.അങ്ങിനെ വച്ച ചോറെല്ലാം കുക്കറില്‍ തന്നെയിട്ട്‌ വാര്‍ക്കാന്‍ വച്ചു. നാലുമണിയായതേയുള്ളൂ. അഞ്ചുമണിവരെ സമയമുണ്ട്‌.അല്‍പ്പ സമയം റേഡിയോ മാങ്ങയും കേട്ടു ഞങ്ങള്‍ വീണ്ടും അടുക്കളയിലെത്തി.അതാ പറ്റിച്ചല്ലോ കുക്കര്‍ പണി.പഠിച്ച പണി ഇരുപത്തെട്ടും പയറ്റിയിട്ടും കുക്കര്‍ തുറക്കാനാവുന്നില്ല.ചതിച്ചല്ലോ റബ്ബേ! ഇനിയെന്തു ചെയ്യും? സമയം 4.30 ആയി.ഇനിയും കുക്കര്‍ തുറക്കാനായില്ലെങ്കില്‍,പള്ളിയില്‍ മുക്രിയെങ്ങാനും ബാങ്കു വിളിച്ചാല്‍ വെച്ച ഭക്ഷണം മുഴുവനും നാളെ അടുത്ത വീട്ടിലെ ആടിന്റെ പാത്രത്തില്‍ പോവും.പള്ളിയിലെ ക്ലോക്കിന്റെ സൂചി തിരിച്ചു വയ്‌ക്കാനും പറ്റാത്ത സ്ഥിതിക്ക്‌ പിന്നെ ഒന്നും ആലോചിച്ചില്ല. ഇട്ട വേഷത്തില്‍(അണിഞ്ഞൊരുങ്ങാതെ) കുക്കറുമെടുത്ത്‌ ഓഫിസിന്റെ പ്രിന്റിങ്‌ സെക്ഷനിലെത്തി.കുക്കറിനു ചുറ്റും കൂടിയവരില്‍ ഒരാള്‍ അതിന്റെ മണ്ടയ്‌ക്കിട്ട്‌ ശക്തിയായി ഒന്നുകൊടുത്തപ്പോള്‍(അതു കണ്ടു നില്‍ക്കാനായില്ല സാബിറയുടെ കുക്കറാണ്‌,എന്തെങ്കിലും പറ്റിയാല്‍ പിന്നെ ഞങ്ങളെല്ലാം നിത്യ നോമ്പുകാരാവും) കുക്കര്‍ തുറന്നു. പിന്നെ തിരികെ റൂമിലെത്തി എങ്ങിനെയൊക്കയോ ചോറു വാരിവലിച്ച്‌ തിന്നു.അപ്പോഴേയ്‌ക്കും അതാ പള്ളിയില്‍ ബാങ്ക്‌ വിളിക്കുന്നു.ഇടുകുടുക്കേ ചോറും കറിയും എന്നു പറയുമ്പോഴേക്കും വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്ന ഒരു കുടുക്ക കളഞ്ഞു കിട്ടിയിരുന്നെങ്കില്‍....വയറു നിറഞ്ഞു കഴിയുമ്പോള്‍ എട്‌ കുടുക്കേ ചോറും കറിയും എന്നു പറഞ്ഞാല്‍ തിരികെ പോവുകയും ചെയ്യുന്ന ഒരു കുടുക്ക.എന്നാ പിന്നെ ഈ പെടാപ്പാടൊന്നും വേണ്ടി വരില്ലായിരുന്നു...എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം അല്ലേ ദാസാ...അതെ വിജയാ എന്നു പറഞ്ഞ്‌ മഞ്‌ജു തലയാട്ടിച്ചിരിച്ചു.

Monday, September 15, 2008

പുലി വരുന്നേ...പുലി.......കാണണോ കുമ്പ കുലുക്കി പുലിക്കളി.....വാ.

ഫോട്ടോ: കെ അനൂപ്‌

ഇന്ന്‌ നാട്ടില്‍ പുലിക്കളിയായിരുന്നു, ഞാന്‍ പോയില്ല।അച്ഛനും അമ്മയും വിളിച്ചു।പനിയാണെന്ന്‌ പറഞ്ഞ്‌ രക്ഷപെടുകയായിരുന്നു.നുണയല്ല,സത്യം.എനിക്ക്‌ നല്ല പനിയാണ്‌.പുലിക്കളി കാണാന്‍ ചെറുപ്പത്തില്‍ വല്യ ഉല്‍സാഹമായിരുന്നു.ഇപ്പോ,എന്തോ ഒരു ഉഷാറില്ല.എന്നാലും അമ്മ വിളിച്ചപ്പോള്‍ മനസ്സൊന്നു നീറി. ന്യൂസ്‌ അവറില്‍ പുലിക്കളി കണ്ടപ്പോള്‍ മനസ്സ്‌ അഹങ്കാരം കൊണ്ടു നിറഞ്ഞു.എല്ലാതവണയും ഒന്നാം സമ്മാനം നേടുന്ന ഞങ്ങളുടെ കുട്ടന്‍ കുളങ്ങര അമ്പലം ഇത്തവണ പങ്കെടുക്കുന്നില്ലെന്ന്‌ അച്ഛന്‍ പറഞ്ഞ്‌ അറിഞ്ഞിരുന്നു.ഞങ്ങളുടെ പ്രദേശത്തെ 'വയറന്‍മാര്‍' ഇല്ലെങ്കിലെന്താ, കുമ്പവയറന്‍മാരുടെ ഒരു സംസ്ഥാന സമ്മേളനമല്ലേ ഇന്ന്‌ തൃശൂരില്‍ നടന്നത്‌.

Sunday, September 14, 2008

അവിടെ അപ്പോഴും ഫോര്‍മാലിന്റെ മണമുള്ള കാറ്റുവീശുന്നുണ്ടായിരുന്നു


ഇവിടെയാകെ മണമാണ്‌;മരുന്നിന്റെ,രക്തത്തിന്റെ,മരണത്തിന്റെ,നഷ്ടപ്പെടലുകളുടെ। കണ്ണും മൂക്കും തന്ന ദൈവത്തെ മൂന്ന്‌ തവണ തള്ളിപ്പറഞ്ഞ്‌ ഓരോദിവസവും അതേവഴികളിലൂടെ താന്‍ കടന്നു പോവുന്നുവെന്ന്‌ വനേസ ആനി പീറ്റര്‍ ഓര്‍ത്തു. മോര്‍ച്ചറിക്കരികിലൂടെ അനാട്ടമിക്ലാസ്സിലേക്ക്‌ തിടുക്കത്തില്‍ നടന്ന അവളുടെ ചെമ്പന്‍ നിറമുള്ള തലമുടിയിഴകളെ തഴുകി ഫോര്‍മാലിന്റെ മണമുള്ള കാറ്റ്‌ പതിഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഡിസക്ഷന്‍ ഹാളില്‍ തനിക്ക്‌ കീറിമുറിക്കാനായി കാത്തിരിക്കുന്ന കഡാവറിനെക്കുറിച്ചായിരുന്നു വനേസ അപ്പോള്‍ ഓര്‍ത്തത്‌.ഇറുകിയ കണ്ണുകളും വലിഞ്ഞുമുറുകിയ മുഖഭാവങ്ങളുമുള്ള ഡോ.മീനാക്ഷിയുടെ മുഖമായിരുന്നു അതിന്‌.അതുകൊണ്ടുതന്നെ കഡാവറിനെ വനേസയ്‌ക്ക്‌ ഭയമായിരുന്നു. ശരിയാണ്‌, കിഷോറിന്റെ കണ്ടുപിടിത്തം വാസ്‌തവം തന്നെ .ഡോ.മീനാക്ഷിക്ക്‌ ഫോര്‍മലിന്‍ ലായിനിയില്‍ സൂക്ഷിച്ച കഡാവറിന്റെ നിര്‍വികാരതയാണ്‌. ഓര്‍ത്തപ്പോള്‍വനേസയ്‌ക്ക്‌ ചിരിവന്നു.ഒരു കഡാവറിന്റെ ചിന്തകളെന്തായിരിക്കും? പ്രാക്‌റ്റിക്കല്‍ സെഷനില്‍ വനേസ ഓര്‍ത്തു. ഫോര്‍മാലിന്‍ ലായിനിയില്‍കിടന്ന്‌ മരവിച്ചുപോയ തന്റെ ഞരമ്പുകളെക്കുറിച്ചോര്‍ത്ത്‌ അത്‌ നെടുവീര്‍പ്പിടുന്നുണ്ടാവുമോ? പുറത്തുവന്ന്‌ പഴയതുപോലെ ശ്വാസമെടുക്കാനതാഗ്രഹിക്കുന്നുണ്ടാവുമോ?"നീ പേടിക്കേണ്ട വനേസ,നിനക്കു വേണ്ടി ഞാന്‍ കഡാവറാകാം.ഭയം കൂടാതെ സ്‌നേഹത്തോടെ നിനക്കെന്നെ കീറിമുറിക്കാം.ഫോര്‍മലിന്റെ ഗന്ധമുള്ള എന്നെ നീ വെറുക്കുമോടാ?കോഫീ ഹൗസിന്റെ ഇരുണ്ടകോണിലിരുന്ന്‌ കിഷോര്‍ അതുപറഞ്ഞപ്പോള്‍ അവളുടെ നീലനിറമുള്ള കണ്ണുകള്‍ കലങ്ങി.ഡിസക്ഷന്‍ ഹാള്‍ അടയ്‌ക്കാന്‍ വന്ന രുഗ്മിണിചേച്ചി അടുത്തെത്തിയപ്പോള്‍ മാത്രമാണ്‌ വനേസ തന്നെകുറിച്ചോര്‍ത്തത്‌.അപ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു.സെമിനാര്‍ ഹാളില്‍ 43ാം എം.ബി.ബി.എസ്‌ ബാച്ച്‌ സംഘടിപ്പിക്കുന്ന സിനിമാപ്രദര്‍ശനമുണ്ട്‌.വൈകിയെത്തിയാല്‍ കിഷോര്‍ വഴക്കു പറയും.പിന്നെ ഒന്നും സംസാരിക്കില്ല.എത്രചോദിച്ചാലും മറുപടി പറയാത്ത പ്രകൃതമാണവന്റേത്‌.ഒരു മെയില്‍ ഷോവനിസ്‌റ്റ്‌ പിഗ്‌.എന്നാലും കിഷോര്‍ തന്റെ കാമുകനാണെന്നോര്‍ത്തപ്പോള്‍ അവളുടെ നീല നിറമുള്ള കണ്ണുകള്‍ തിളങ്ങി.അനക്‌സില്‍ നിന്നിറങ്ങിയപ്പോള്‍ പുറത്ത്‌ നിലാവുപെയ്യുന്നതവളറിഞ്ഞു. എന്തോ ഒരു ഊര്‍ജം തന്നിലേക്ക്‌ പടരുന്നതായി വനേസയ്‌ക്കു തോന്നി. കിഷോറിന്റെ വരവിനായി അവള്‍ കാത്തിരുന്നു.സിനിമ തീര്‍ന്നിട്ടും അവനെത്തിയില്ല.കിഷോറിനോട്‌ പിണങ്ങിയിരുന്നിട്ടും കാര്യമില്ലെന്നറിയാമായിരുന്നെങ്കിലും നാളെ അവനോടരക്ഷരം മിണ്ടില്ലെന്നും മനസ്സില്‍ കരുതി അവള്‍ അനക്‌സിലേക്ക്‌ തിരികെ നടന്നു.അനക്‌സിനു താഴെയുള്ള പേ വാര്‍ഡില്‍ ഇന്നും ആരോ മരിച്ചു.ഒരു കുട്ടി നിറുത്താതെ കരയുന്നതും,ആ ഡെത്ത്‌ ട്രോളി ശബ്ദമുണ്ടാക്കി നീങ്ങുന്നതും വനേസയറിഞ്ഞു.മുറിയിലെത്തിയ നിലാവും ബിസ്‌മില്ലാഹ്‌ ഖാന്റെ ഷഹനായിയും വനേസയ്‌ക്ക്‌ അരോചകമായിത്തോന്നി.'ഇവിടെ മരണത്തെ കണികണ്ടുണരേണ്ടിവരുന്നു.സമയബോധമില്ലാതെ ഒരു ഡെത്ത്‌ ട്രോളി എന്നും ശബ്ദമുണ്ടാക്കി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.ഭയനകമെങ്കിലും അതിന്റെ ശബദം ഇപ്പോള്‍ കാതുകള്‍ക്ക്‌ പരിചിതമായിരിക്കുന്നു. എന്നും ആരുടെയൊക്കയോ പ്രിയപ്പെട്ടവരെ അവര്‍ക്ക്‌ നഷ്ടമാവുന്നു' തന്റെ ഡയറിയില്‍ മുഖമമര്‍ത്തി അവള്‍ ഉറങ്ങി.പിറ്റേന്ന്‌ പ്രോസ്‌തോഹാളില്‍ എത്തിയപ്പോള്‍ എല്ലാവരും അവളെത്തന്നെ നോക്കുന്നതായി തോന്നി വനേസയ്‌ക്ക്‌. ഹൗസ്‌ സര്‍ജന്‍ ഡോ.ഹരിയാണ്‌ വിവരം പറഞ്ഞത്‌." ഇതൊന്നു നമ്മള്‍ തീരുമാനിക്കുന്നതല്ല ല്ലോ വനേസ" ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ അനാട്ടമി ക്ലാസിലേക്കുള്ള ഗോവണിപ്പടികള്‍ തിടുക്കത്തില്‍ കയറുമ്പോള്‍ വനേസ ആനി പീറ്റര്‍ കിതയ്‌ക്കുന്നുണ്ടായിരുന്നു.ഡിസക്ഷന്‍ ടേബിളിലെ കഡാവറിന്‌ തന്റെ കിഷോറിന്റെ ഛായയുണ്ടോ എന്നു നോക്കുകയായിരുന്നു അവള്‍ .അവിടെ അപ്പോഴും ഫോര്‍മലിന്റെ മണമുള്ള കാറ്റു വീശുന്നുണ്ടായിരുന്നു.

കഡാവര്‍: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രാക്‌റ്റിക്കലിന്‌ വേണ്ടി ഫോര്‍മാലിന്‍ ലായിനിയില്‍ സൂക്ഷിക്കുന്ന മനുഷ്യ മൃതശരീരം.

ചിത്രത്തിനു കടപ്പാട്‌: മാഹിന്‍ സി.എ (creative head,Balcoony.blogspot.com)

Saturday, September 13, 2008

ഓണനിലാവും കോണകവാലും

കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയില്‍ എത്തിയാല്‍ എല്ലായ്‌പ്പോഴും ഞാന്‍ ഗൃഹാതുരയാവാറുണ്ട്‌. എപ്പോ നൊസ്റ്റാള്‍ജിക്കാവാന്‍ തുടങ്ങുന്നോ അപ്പോള്‍ അമ്മു പറയും ഓ! തുടങ്ങി അവളുടെ ഓണനിലാവും കോണകവാലും.ശരിയാണ്‌ ഞാന്‍ അങ്ങിനെയാണ്‌.എവിടെയാണോ അവിടമാണ്‌ എല്ലാം.അതിനപ്പുറം ഒരു ലോകമുണ്ടോ,ഉണ്ടെങ്കിലും ഇല്ലാ എന്നു വിശ്വസിക്കുന്നവള്‍.
പഠനം പൂര്‍ത്തിയാക്കിയെങ്കിലും ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും ലേഡീസ്‌ ഹോസ്‌റ്റലില്‍ ജൂനിയര്‍ കുട്ടികളുടെ മുറികളില്‍( ഞങ്ങള്‍ ഉപയോഗിച്ചിരുന്ന റൂം നമ്പര്‍ 158& 164) കിടന്നുറങ്ങുന്നത്‌ ഞാന്‍ പതിവാക്കിയിരുന്നു.
ജീവിതത്തിലെ എറ്റവും നല്ല കുറെ ദിവസങ്ങള്‍ ചെലവഴിച്ചത്‌ ഈ റൂമിലാണ്‌.പാര്‍ക്കിലെ അശോക മരത്തിന്റെ കീഴിലാണ്‌ ഞങ്ങള്‍ സ്വപ്‌നം കണ്ടിരുന്നത്‌.സര്‍ക്കിളില്‍ നിന്നാണ്‌ സന്ധ്യക്ക്‌ വോട്ടുകള്‍ പിടിച്ചത്‌, ഇടിഞ്ഞു വീഴാറായ ഓഡിറ്റോറിയത്തില്‍ ഹോസ്‌റ്റല്‍ ഡേ നടത്തുന്നതിനിടെ ഭരണകക്ഷികളുമായി തല്ലുപിടിച്ചത്‌, ചില്ലു ജനാലയുള്ള ക്ലാസ്‌മുറിയില്‍ മീഡിയ എത്തിക്‌സ്‌ പഠിക്കുമ്പോള്‍ ഉറങ്ങി വീണത്‌, സ്‌നാക്ക്‌ ബാറില്‍ നിന്ന്‌ കൊടുംവേനലില്‍ ചുടുചായയും കനത്ത മഴയില്‍ ഐസ്‌ക്രീമും കഴിച്ചത്‌, സെമിനാര്‍ കോംപ്ലക്‌സില്‍ പസോളനിയെയും,ഹിച്ച്‌കോക്കിനെയും മജീദ്‌ മജീദിയെയും നുള്ളിപ്പറിച്ചത്‌, മഞ്ഞപ്പൂക്കള്‍ വീണ നടപ്പാതകള്‍ നിഴലുകളില്ലാതെ വെറുതെ എന്ന്‌ കവിതയെഴുതിയത്‌ എല്ലാം ഓര്‍ക്കുമ്പോള്‍ ഗൃഹാതുരയാവാതെയെങ്ങിനെ ഇരിക്കും.

അമ്മൂന്‌ ഇതൊക്കെ പറഞ്ഞാല്‍ മനസ്സിലാവില്ല...ഓണനിലാവും കോണകവാലും എന്നു പറഞ്ഞ്‌ അവള്‍ ഇപ്പോഴും എന്നെ കളിയാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരിക്കും.

ഫോട്ടോ:

Tuesday, September 9, 2008

ജാരന്‍
അവന്റെ ആഗ്രഹമായിരുന്നു ജാരനാവുക എന്നത്‌।അതത്രമഹാപാതകമൊന്നുമല്ലെന്നറിയാം,എന്നാലും അവിവാഹിതയായ യുവതിയുടെ ജാരനാവണം എന്നതാണ്‌ അവന്റെ ആഗ്രഹം। അതവളോട്‌ പറയുകയും ചെയ്‌തു അവന്‍। പവിത്രമായ രണ്ടു പ്രണയങ്ങളുടെ അന്ത്യകൂദാശയും ചൊല്ലിയിരിക്കുന്ന അവള്‍ക്ക്‌ ജാരന്റെ ജല്‍പ്പനങ്ങളുടെ ഓശാന പാടന്‍ എന്തോ തോന്നിയില്ല।ജാരന്റെ കണ്ണുകളില്‍ ദീപ്‌തമാവുന്നത്‌ എന്താണ്‌? പ്രണയം?അല്ല, അത്‌ മറ്റെന്തോ ആണ്‌।വികൃതിയായ ഒരു പയ്യന്റെ പുച്ഛം।അതായിരുന്നു അവന്റെ കണ്ണുകളില്‍। അവള്‍ അതിനെ കാണാന്‍ ആഗ്രഹിച്ചില്ല।
പശു, പട്ടി പോത്ത്‌, കഴുത, പെണ്ണ്‌ തുടങ്ങിവയെല്ലാം പുരുഷന്റെ ആവശ്യങ്ങള്‍ക്കായി പടച്ചതമ്പുരാന്‍ നല്‍കിയതാണെന്ന്‌ വിശ്വസിക്കുന്ന ജാരന്റെ ധാര്‍ഷ്ട്യം അവള്‍ക്ക്‌ ഇഷ്ടമായിരുന്നു.എന്നാലും ഇഷ്ടപ്പെട്ടത്‌ മുഴുവനും ചുളു വിലയ്‌ക്ക്‌ വീട്ടില്‍ കൊണ്ടു പോവാന്‍ പറ്റുമോ നമുക്ക്‌.

അവളുടെ സങ്കടങ്ങള്‍, ആകുലതകള്‍, പ്രതീക്ഷ,പൊട്ടത്തരങ്ങള്‍ എല്ലാം അവന്റെ സര്‍ഗവിപ്ലവത്തില്‍ ഉരുകിത്തീര്‍ന്നു.അവളെക്കുറിച്ച്‌ അവന്‍ കഥകളും കവിതകളുമെഴുതി...അവളെ വീണ്ടു കരയിച്ചു. ഉറക്കം നഷ്ടപ്പെടുത്തി അവള്‍ അവനെക്കുറിച്ചാലോചിച്ചു. എന്നിട്ടു അവള്‍ക്ക്‌ മനസ്സിലായില്ലാ..എന്തിനാ ഇപ്പോള്‍ ഈ ജാരന്‍...

Monday, September 8, 2008

എന്റെ ഇന്ദൂന്‌്‌


എന്റെ ഇന്ദൂന്‌്‌

ഇവിടെ നല്ല മഴയാണ്‌.തകര്‍ത്തു പെയ്യുന്ന മഴയില്‍ പുറത്തിറങ്ങാന്‍ തോന്നുന്നില്ലേ നിനക്ക്‌.അറിയാം.നിനക്ക്‌ മഴ അത്രയ്‌ക്കും ഇഷ്ടമല്ലേ?

ഡോ.ജോണ്‍മത്തായി സെന്ററിന്റെ മുറ്റത്ത്‌ അന്ന്‌ അച്ചുവിനോട്‌ പിണങ്ങി നീയും ഞാനും മഴ നനഞ്ഞ്‌ വീട്ടില്‍ പോയത്‌.നിന്റെ അമ്മ നമുക്ക്‌ ചൂടുള്ള പഴം പൊരിച്ചതും ചായും തന്നത്‌. സ്റ്റാറ്റിസ്റ്റിക്ക്‌സ്‌ നോട്ട്‌ നാം പകര്‍ത്തിയെഴുതിയത്‌...അന്ന്‌ രാത്രി നിന്റെ വീട്ടില്‍ തങ്ങിയതിന്‌ എന്റെ വീട്ടില്‍ നിന്ന്‌ നല്ല വഴക്ക്‌ കേട്ടത്‌ ഒന്നും നിന്നോടു ഞാന്‍ പറഞ്ഞിരുന്നില്ല. ഇനിയും നിന്റെ വീട്ടില്‍ വരുമെന്നും അന്ന്‌ അതൊക്കെ നിന്നോട്‌ പറയാമെന്നും ഞാന്‍ വിചാരിച്ചിരുന്നു.പിന്നെ ആ വീട്ടിലേക്ക്‌ നീയും പോയില്ലാല്ലോ!പിന്നെ മേലൂരെ വീട്ടിലെത്തിയപ്പോള്‍ നീയാകെ സന്തോഷത്തിലായിരുന്നു. കല്ല്യാണ ആല്‍ബം നോക്കുന്ന തിരക്കിലായിരുന്നു ഞാന്‍.അന്ന്‌ മേലൂരെ അച്ഛന്‍ എന്നെകാത്തു നിന്നത്‌ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയും ഇന്ദു.എത്താന്‍ വളരെ വൈകിയതിനാല്‍ എനിക്കും സങ്കടം തോന്നി.പിന്നെ രാവിലെ പിങ്ക്‌ നിറത്തിലുള്ള പൂക്കള്‍ പറിക്കാന്‍ തോടിനരികിലേക്ക്‌ പോയത്‌.അവിടെ നിന്ന്‌ നീ കുറെ സങ്കടങ്ങള്‍ പറഞ്ഞത്‌.അപ്പോള്‍ എനിക്ക്‌ തോന്നിയത്‌ നിന്റെ ഏക ബന്ധു ഞാന്‍ മാത്രമായിരുന്നുവെന്നാണ്‌.കാച്ചിയ എണ്ണതേച്ചു കുളിക്കാന്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ കണ്ണുകള്‍ വീണ്ടും നിറഞ്ഞില്ലേ നമ്മുടെ?എന്നോട്‌ ആരും ഇതുവരെ അങ്ങിനെ പറഞ്ഞിരുന്നില്ലാ എന്നും നിനക്കറിയാമായിരുന്നില്ലേ ഇന്ദു!

എന്തോ!അവിടെ നിന്ന്‌ തിരികെ ഹോസ്‌റ്റലില്‍ എത്തിയപ്പോള്‍ ഞാന്‍ അനുഭവിച്ച ഒറ്റപ്പെടല്‍ പിന്നീട്‌ നിന്നോട്‌ പറയാന്‍ പറ്റിയില്ലടോ.തിരക്കായിരുന്നു. ഫൈനല്‍ സെമസ്റ്ററിന്റെ പെടാപാടില്‍ ഞാന്‍ നിന്നെ ഓര്‍ത്തില്ല.

പിന്നെ നമ്മള്‍ കണ്ടത്‌ തിരുവനന്തപുരം റെയില്‍വേസ്റ്റേഷനിലായിരുന്നു.സലീലും നീയും ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. ഞാന്‍ ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു.അന്നു നിങ്ങള്‍ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ കയറി.എന്റെ സുഹൃത്തുക്കളുടെ കൂടെ യാത്രചെയ്യുമ്പോഴും ഞാന്‍ ഓര്‍ത്തത്‌ നമ്മളെക്കുറിച്ചായിരുന്നു.അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ചു എന്നതിനേക്കാള്‍,നമ്മള്‍ പരസ്‌പരം മനസാക്ഷി സൂക്ഷിപ്പുകാരായിരുന്നുവല്ലോ!.തുറന്ന്‌ പറയാത്ത ഒന്നും നമുക്കിടയിലില്ലായിരുന്നു.എന്നിട്ടും നീയും ഞാനും അന്ന്‌ രണ്ടു കംപാര്‍ട്ടുമെന്റുകളില്‍.കോഴിക്കോടെത്തിയപ്പോള്‍ ഞാനും നീയും ഇറങ്ങി ഓടി അടുത്തുവന്നു,യാത്രപറയാന്‍.വീണ്ടും കാണുമല്ലോ എന്നു നമ്മള്‍ കരുതിയിരുന്നല്ലോ?പിന്നെയും കുറെ നാള്‍ വിളിക്കുകയോ പറയുകയോ ചെയ്‌തില്ല.

അതിനുശേഷം നമ്മള്‍ കണ്ടത്‌ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു, നിന്റെ സ്വന്തം അച്ഛന്റെ കൂടെ.അദ്ദേഹം എന്നെ കണ്ടതായി ഭാവിച്ചില്ല.അന്നാണ്‌ നിന്നെ അവസാനമായി ഞാന്‍ കണ്ടത്‌. ട്രെയിന്‍യാത്രയില്‍ കണ്ടുമുട്ടുന്ന അപരിചിതര്‍,അതത്‌്‌ സ്റ്റേഷന്‍ എത്തുന്നതു വരെയുള്ള സൗഹൃദം,ഒരുചായ കുടിച്ച്‌ തീരുന്നതോടെ തീരുന്ന വിശേഷങ്ങള്‍,അതിനപ്പുറം എന്താണീ ജീവിതം എന്നു തോന്നിയ യാത്ര. ചിതറിയ ചിന്തകളിലും നിറഞ്ഞത്‌ നമ്മുടെ ജോണ്‍ മത്തായി സെന്ററായിരുന്നു; ആ മുള്ളം കാടുകളായിരുന്നു.അവിടെയാണ്‌ ക്രസ്‌തുമസ്‌ ആഘോഷം നടത്തിയത്‌.ഫാല്‍ഗുനി പാഥക്കിന്റെ ഗാനത്തിനൊപ്പം നാം നൃത്തം വച്ചത്‌. ഇത്തവണയും ആദ്യം വണ്ടിയിറങ്ങിയത്‌ ഞാനായിരുന്നു.കോഴിക്കോടെത്തിയപ്പോള്‍ കാണം എന്നു പറഞ്ഞു നാം പിരിഞ്ഞു. പക്ഷെ നമ്മള്‍ പിന്നെ കണ്ടതേയില്ല.

ഇതിനിടെ ജീവിതം എത്രമാറി ഇന്ദു.എത്ര ചിരികള്‍ നാം ചിരിച്ചു തളര്‍ന്നു.എത്ര കരച്ചിലുകള്‍ നാം കരഞ്ഞുറങ്ങി.ഓരോ നിമിഷവും ഒരായുസ്സിന്റെ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോഴും ഒരു വിളിപ്പാടകലെ നീയുണ്ടെന്ന തോന്നലില്‍ പലതും പിന്നീടു പറയാനായി ഞാന്‍ കാത്തുവച്ചിരുന്നു ഇന്ദു.

ഒരാളെ തനിച്ചാക്കി പോവുന്നതിന്റെ വിഷമം എന്നെക്കാല്‍ കൂടുതല്‍ നിനക്കറിയില്ലേ ഇന്ദു.പിന്നെ എന്തിനാടാ നീയെന്നെ തനിച്ചാക്കിയത്‌.നിനക്ക്‌ ഞാനുണ്ടായിരുന്നില്ലേ.അന്ന്‌ സലിയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷമാണ്‌ ഞാനെത്തിയത്‌.അറിഞ്ഞില്ലെടോ.വീട്ടിലെത്തിയപ്പോള്‍ മേലൂരെ അച്ഛന്‍ വന്നു കൈപ്പിടിച്ച്‌ എന്നെ നിന്റെ അടുത്തു കൊണ്ടുവന്നു.എന്റെ പേരുവിളിച്ച്‌ തേങ്ങിയ നിന്റെ കൈകള്‍ അന്നു ഞാന്‍ കൂട്ടിപ്പിടിച്ചപ്പോഴെങ്കിലും എന്റെ ഇന്ദു നിനക്ക്‌ ഞങ്ങളൊക്കെയുണ്ട്‌ എന്നു നിനക്ക്‌ കരുതാമായിരുന്നില്ലേ.

ഇന്നും ഒരോ മഴയിലും വെയിലിലും,ഇരുട്ടിലും വെളിച്ചത്തിലും,ബഹളത്തിലും മൗനത്തിലും നിന്റെ ഓര്‍മ വന്നു കൊണ്ടേയിരിക്കുന്നു ഇന്ദു.ഒരുമഴയായി എന്നും പെയ്‌തിറങ്ങയവരല്ലേ നാം.പിന്നെ എന്നെ തനിച്ചാക്കി നീയെന്തേ പോയി ഇന്ദു.
since You're gone there is an empty space, the world is not the same.I go back to the places we have been.It feels like you're still there.I live all those moments,wishing you were here. I miss you dear.

Saturday, September 6, 2008

Friday, September 5, 2008