Friday, June 19, 2009

അമ്മ

കളിപ്പാട്ടങ്ങള്‍ കരുതി,
കുഞ്ഞുടുപ്പുകള്‍ തുന്നി,
വരാന്‍ കാത്തത്‌ വെറുതെ...

നിന്റെ പുഞ്ചിരിയില്‍ നിറഞ്ഞ്‌,
കുസൃതിയില്‍ കണ്ണുകള്‍ നനഞ്ഞ്‌,
വളരാന്‍ കാത്തത്‌ വെറുതെ...

വാടിത്തളര്‍ന്നപ്പോള്‍ വാരിയെടുത്തതും
നൊന്തുപിടഞ്ഞപ്പോള്‍ നെഞ്ചോടു ചേര്‍ത്തതും
വെറുതെ...
ഇനിയിങ്ങോട്ടില്ലെന്ന്‌ പറഞ്ഞ്‌ ഇറങ്ങിയതുമുതല്‍
കാത്തിരിക്കുന്നതും വെറുതെ....
അല്ലെങ്കിലും ഈ അമ്മമാര്‍ വെറും പാവങ്ങളാ!

Monday, June 15, 2009

ഞാന്‍

ഞാന്‍

ആരായിരുന്നു നിനക്ക്‌ ഞാന്‍

ഒരു കളിപ്പാട്ടം, നിന്റെ തമാശ, അതോ വഞ്ചന
എന്നിട്ടും, എന്റെഒരോ നിലവിളിയിലും ഓര്‍ത്ത്‌്‌
ഒരോ ഓര്‍മയിലും വെറുത്ത്‌്
‌ഒരോ വെറുപ്പിലും പൊറുത്ത്‌.
ഇവിടെ ഞാന്‍, ഇതാ വെറുതെ.

Monday, June 1, 2009

നീയും ഞാനും നിറുത്താതെ കരഞ്ഞ ജൂണ്‍


നിറുത്താതെ പെയ്യുന്ന മഴ. അതിനേക്കാള്‍ ശക്തമായ മഴ നമ്മുടെ കണ്ണുകളില്‍. സ്‌തബ്ധമായ നമ്മുടെ ലോകം, അവിടെ നീയല്ലാതെ മറ്റാരുമില്ലെന്ന തോന്നലിലും പരസ്‌പരം നോക്കാതെ ഇരുന്ന നാം.നിന്റെ നനഞ്ഞ പച്ചകളര്‍ പാവാടയിലും, വെള്ളഷര്‍ട്ടിലും പറ്റിയ ബിസ്‌ക്കറ്റിന്റെ ശകലങ്ങള്‍, കൈയിലെ കാഡബറീസ്‌ എക്‌ളയറിന്റെ കടലാസ്‌,അഴിഞ്ഞ്‌ തുടങ്ങിയ പച്ച റിബണ്‍, നക്ഷത്രങ്ങളുടെ തിളക്കത്തോടെ പിടിയുള്ള ആ നീളന്‍ കുട ഒന്നും ഞാന്‍ കണ്ടതേയില്ല. രാവിലെ അച്ഛന്‍ കൊണ്ടു വന്നതാക്കിയതാണ്‌. ഇന്ന്‌ ഞാന്‍ സ്‌കൂളില്‍ ആദ്യമായി എത്തിയ ദിവസമാണ്‌. ഇനി അച്ഛന്‍ വരുമോ? ചിന്ത അതുമാത്രമായിരുന്നുവല്ലോ?പിന്നീട്‌ കുറെ നാളുകള്‍ക്ക്‌ ശേഷം എനിക്ക്‌ മനസിലായി അവളുടെ പേര്‌ മിനിയെന്നാണ്‌. വര്‍ഷം എത്ര കഴിഞ്ഞു. അങ്ങിനെ എത്രയെത്ര മിനിമാരെ നാം ഒപ്പമിരുത്തി, ചൊല്ലിപഠിച്ചു, കേട്ടെഴുതി,അടിവാങ്ങി, സമ്മാനം നേടി.എല്ലാം ഒരു കാലം. ആ നല്ല കാലത്തിന്റെ ഓര്‍മ ദിവസമാണിന്ന്‌, ജൂണ്‍ ഒന്ന്‌. ഞാനും നിങ്ങളും നിറുത്താതെ കരഞ്ഞ ജൂണ്‍ ഒന്ന്‌.എല്ലാ ഓര്‍മകളും എത്ര ആനന്ദദായകമാണെങ്കിലും പിന്നീട്‌ ഓര്‍ത്തെടുമ്പോള്‍ പുഞ്ചിരിയിലും ഒരു വേദന പടരും. സ്‌കൂള്‍- കലാലയ ഓര്‍മകള്‍ വീണ്ടടുക്കുമ്പോള്‍ തീര്‍ച്ചയായും നമുക്ക്‌ സങ്കടം വരാതിരിക്കില്ല
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ജൂണ്‍ ഒന്ന്‌ ആശംസകള്‍.
ഫോട്ടോ: ഗൂഗ്‌ള്‍ സെര്‍ച്ച്‌