Monday, September 8, 2008

എന്റെ ഇന്ദൂന്‌്‌


എന്റെ ഇന്ദൂന്‌്‌

ഇവിടെ നല്ല മഴയാണ്‌.തകര്‍ത്തു പെയ്യുന്ന മഴയില്‍ പുറത്തിറങ്ങാന്‍ തോന്നുന്നില്ലേ നിനക്ക്‌.അറിയാം.നിനക്ക്‌ മഴ അത്രയ്‌ക്കും ഇഷ്ടമല്ലേ?

ഡോ.ജോണ്‍മത്തായി സെന്ററിന്റെ മുറ്റത്ത്‌ അന്ന്‌ അച്ചുവിനോട്‌ പിണങ്ങി നീയും ഞാനും മഴ നനഞ്ഞ്‌ വീട്ടില്‍ പോയത്‌.നിന്റെ അമ്മ നമുക്ക്‌ ചൂടുള്ള പഴം പൊരിച്ചതും ചായും തന്നത്‌. സ്റ്റാറ്റിസ്റ്റിക്ക്‌സ്‌ നോട്ട്‌ നാം പകര്‍ത്തിയെഴുതിയത്‌...അന്ന്‌ രാത്രി നിന്റെ വീട്ടില്‍ തങ്ങിയതിന്‌ എന്റെ വീട്ടില്‍ നിന്ന്‌ നല്ല വഴക്ക്‌ കേട്ടത്‌ ഒന്നും നിന്നോടു ഞാന്‍ പറഞ്ഞിരുന്നില്ല. ഇനിയും നിന്റെ വീട്ടില്‍ വരുമെന്നും അന്ന്‌ അതൊക്കെ നിന്നോട്‌ പറയാമെന്നും ഞാന്‍ വിചാരിച്ചിരുന്നു.പിന്നെ ആ വീട്ടിലേക്ക്‌ നീയും പോയില്ലാല്ലോ!പിന്നെ മേലൂരെ വീട്ടിലെത്തിയപ്പോള്‍ നീയാകെ സന്തോഷത്തിലായിരുന്നു. കല്ല്യാണ ആല്‍ബം നോക്കുന്ന തിരക്കിലായിരുന്നു ഞാന്‍.അന്ന്‌ മേലൂരെ അച്ഛന്‍ എന്നെകാത്തു നിന്നത്‌ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയും ഇന്ദു.എത്താന്‍ വളരെ വൈകിയതിനാല്‍ എനിക്കും സങ്കടം തോന്നി.പിന്നെ രാവിലെ പിങ്ക്‌ നിറത്തിലുള്ള പൂക്കള്‍ പറിക്കാന്‍ തോടിനരികിലേക്ക്‌ പോയത്‌.അവിടെ നിന്ന്‌ നീ കുറെ സങ്കടങ്ങള്‍ പറഞ്ഞത്‌.അപ്പോള്‍ എനിക്ക്‌ തോന്നിയത്‌ നിന്റെ ഏക ബന്ധു ഞാന്‍ മാത്രമായിരുന്നുവെന്നാണ്‌.കാച്ചിയ എണ്ണതേച്ചു കുളിക്കാന്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ കണ്ണുകള്‍ വീണ്ടും നിറഞ്ഞില്ലേ നമ്മുടെ?എന്നോട്‌ ആരും ഇതുവരെ അങ്ങിനെ പറഞ്ഞിരുന്നില്ലാ എന്നും നിനക്കറിയാമായിരുന്നില്ലേ ഇന്ദു!

എന്തോ!അവിടെ നിന്ന്‌ തിരികെ ഹോസ്‌റ്റലില്‍ എത്തിയപ്പോള്‍ ഞാന്‍ അനുഭവിച്ച ഒറ്റപ്പെടല്‍ പിന്നീട്‌ നിന്നോട്‌ പറയാന്‍ പറ്റിയില്ലടോ.തിരക്കായിരുന്നു. ഫൈനല്‍ സെമസ്റ്ററിന്റെ പെടാപാടില്‍ ഞാന്‍ നിന്നെ ഓര്‍ത്തില്ല.

പിന്നെ നമ്മള്‍ കണ്ടത്‌ തിരുവനന്തപുരം റെയില്‍വേസ്റ്റേഷനിലായിരുന്നു.സലീലും നീയും ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. ഞാന്‍ ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു.അന്നു നിങ്ങള്‍ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ കയറി.എന്റെ സുഹൃത്തുക്കളുടെ കൂടെ യാത്രചെയ്യുമ്പോഴും ഞാന്‍ ഓര്‍ത്തത്‌ നമ്മളെക്കുറിച്ചായിരുന്നു.അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ചു എന്നതിനേക്കാള്‍,നമ്മള്‍ പരസ്‌പരം മനസാക്ഷി സൂക്ഷിപ്പുകാരായിരുന്നുവല്ലോ!.തുറന്ന്‌ പറയാത്ത ഒന്നും നമുക്കിടയിലില്ലായിരുന്നു.എന്നിട്ടും നീയും ഞാനും അന്ന്‌ രണ്ടു കംപാര്‍ട്ടുമെന്റുകളില്‍.കോഴിക്കോടെത്തിയപ്പോള്‍ ഞാനും നീയും ഇറങ്ങി ഓടി അടുത്തുവന്നു,യാത്രപറയാന്‍.വീണ്ടും കാണുമല്ലോ എന്നു നമ്മള്‍ കരുതിയിരുന്നല്ലോ?പിന്നെയും കുറെ നാള്‍ വിളിക്കുകയോ പറയുകയോ ചെയ്‌തില്ല.

അതിനുശേഷം നമ്മള്‍ കണ്ടത്‌ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു, നിന്റെ സ്വന്തം അച്ഛന്റെ കൂടെ.അദ്ദേഹം എന്നെ കണ്ടതായി ഭാവിച്ചില്ല.അന്നാണ്‌ നിന്നെ അവസാനമായി ഞാന്‍ കണ്ടത്‌. ട്രെയിന്‍യാത്രയില്‍ കണ്ടുമുട്ടുന്ന അപരിചിതര്‍,അതത്‌്‌ സ്റ്റേഷന്‍ എത്തുന്നതു വരെയുള്ള സൗഹൃദം,ഒരുചായ കുടിച്ച്‌ തീരുന്നതോടെ തീരുന്ന വിശേഷങ്ങള്‍,അതിനപ്പുറം എന്താണീ ജീവിതം എന്നു തോന്നിയ യാത്ര. ചിതറിയ ചിന്തകളിലും നിറഞ്ഞത്‌ നമ്മുടെ ജോണ്‍ മത്തായി സെന്ററായിരുന്നു; ആ മുള്ളം കാടുകളായിരുന്നു.അവിടെയാണ്‌ ക്രസ്‌തുമസ്‌ ആഘോഷം നടത്തിയത്‌.ഫാല്‍ഗുനി പാഥക്കിന്റെ ഗാനത്തിനൊപ്പം നാം നൃത്തം വച്ചത്‌. ഇത്തവണയും ആദ്യം വണ്ടിയിറങ്ങിയത്‌ ഞാനായിരുന്നു.കോഴിക്കോടെത്തിയപ്പോള്‍ കാണം എന്നു പറഞ്ഞു നാം പിരിഞ്ഞു. പക്ഷെ നമ്മള്‍ പിന്നെ കണ്ടതേയില്ല.

ഇതിനിടെ ജീവിതം എത്രമാറി ഇന്ദു.എത്ര ചിരികള്‍ നാം ചിരിച്ചു തളര്‍ന്നു.എത്ര കരച്ചിലുകള്‍ നാം കരഞ്ഞുറങ്ങി.ഓരോ നിമിഷവും ഒരായുസ്സിന്റെ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോഴും ഒരു വിളിപ്പാടകലെ നീയുണ്ടെന്ന തോന്നലില്‍ പലതും പിന്നീടു പറയാനായി ഞാന്‍ കാത്തുവച്ചിരുന്നു ഇന്ദു.

ഒരാളെ തനിച്ചാക്കി പോവുന്നതിന്റെ വിഷമം എന്നെക്കാല്‍ കൂടുതല്‍ നിനക്കറിയില്ലേ ഇന്ദു.പിന്നെ എന്തിനാടാ നീയെന്നെ തനിച്ചാക്കിയത്‌.നിനക്ക്‌ ഞാനുണ്ടായിരുന്നില്ലേ.അന്ന്‌ സലിയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷമാണ്‌ ഞാനെത്തിയത്‌.അറിഞ്ഞില്ലെടോ.വീട്ടിലെത്തിയപ്പോള്‍ മേലൂരെ അച്ഛന്‍ വന്നു കൈപ്പിടിച്ച്‌ എന്നെ നിന്റെ അടുത്തു കൊണ്ടുവന്നു.എന്റെ പേരുവിളിച്ച്‌ തേങ്ങിയ നിന്റെ കൈകള്‍ അന്നു ഞാന്‍ കൂട്ടിപ്പിടിച്ചപ്പോഴെങ്കിലും എന്റെ ഇന്ദു നിനക്ക്‌ ഞങ്ങളൊക്കെയുണ്ട്‌ എന്നു നിനക്ക്‌ കരുതാമായിരുന്നില്ലേ.

ഇന്നും ഒരോ മഴയിലും വെയിലിലും,ഇരുട്ടിലും വെളിച്ചത്തിലും,ബഹളത്തിലും മൗനത്തിലും നിന്റെ ഓര്‍മ വന്നു കൊണ്ടേയിരിക്കുന്നു ഇന്ദു.ഒരുമഴയായി എന്നും പെയ്‌തിറങ്ങയവരല്ലേ നാം.പിന്നെ എന്നെ തനിച്ചാക്കി നീയെന്തേ പോയി ഇന്ദു.
since You're gone there is an empty space, the world is not the same.I go back to the places we have been.It feels like you're still there.I live all those moments,wishing you were here. I miss you dear.

3 comments:

സ്‌പന്ദനം said...

ഉള്ളംനിറയെ കൂട്ടുകാരിയോടുള്ള സ്‌നേഹവുമായി, പങ്കുവച്ച സ്വപ്‌നങ്ങള്‍ക്കും ആകുലതകള്‍ക്കും അപ്പുറം പറയാതെപ്പോയ പറയാന്‍ മറന്നുപോയ നൊമ്പരങ്ങളുടെ ആഴിയുമായി ഇന്ദു യാത്രപറഞ്ഞപ്പോള്‍ അടക്കിവച്ച നിയന്ത്രണങ്ങളുടെ കെട്ട്‌ അഴിഞ്ഞുപോയത്‌ സരിത അത്ര തീവ്രതയോടെ അതവതരിപ്പിച്ചപ്പോഴാണ്‌. നേര്‍ത്ത മൂടല്‍ കാഴ്‌ചയെ കണ്ണീരായി പൊതിഞ്ഞാണ്‌ ഞാനീ ഓര്‍മ വായിച്ചുതീര്‍ത്തത്‌. പങ്കുചേരുന്നു ഞാനും ആ വേദനയില്‍.

രജന said...

സത്യത്തില്‍ ഇന്ദുവിനെന്താ സംഭവിച്ചത്‌...

മൂന്നാംകണ്ണ്‌ said...

ഇന്ദു ഏറ്റവും പ്രിയ്യപ്പെട്ടതെന്ന്‌ കരുതിയിരുന്നതെന്തോ നഷ്ടപ്പെട്ടപ്പോഴാണ്‌ അവള്‍ സരിതയോട്‌ പറയാതെ പോയത്‌. സത്യത്തില്‍ നിനക്കെന്താണ്‌ അവളോട്‌ പറയാനുണ്ടായിരുന്നത്‌? നിങ്ങള്‍ക്ക്‌ വേണ്ടി ഞാനീ ഗാനം ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

Parayaatha mozhikal than aazhathil
Mungipoy parayuvaan aashichathellaam
Ninnodu parayuvaan aashichathellaam

Oru kuri polum ninakkaay maathramay
Oru paattu paadaan nee chonnathilla
Parayaam njaan bhadhre nee kelkkuvaanallaathe
Oru vari polum njaan paadiyilla
Thaliradi mulletu nontha pole
Malar pudava thumbengo thadanja pole
Veruthe....veruthe nadikkaathen arikil ninnu

Mohichoru mozhi kelkkaan nee kaathu ninnu
Kudukude viriyumee chembaneer pushpame
Hrudhayamaanathu nee eduthu poyee
Tharalamaam mozhikalaal viriyaatha snehathin
Murivukal neeyathil vaayichuvo