Monday, February 27, 2012

ആയിരം സൂര്യതാപത്തില്‍ ഉരുകി

''സരിതേച്ചി അടുത്തവര്‍ഷം എവിടെയായിരുന്നാലും നമുക്ക് ഒന്നിച്ച് ന്യൂ ഇയര്‍ ആഘോഷിക്കണം, നിങ്ങള്‍ എവിടെയാണെങ്കിലും എന്നെ വിളിക്കണംട്ടോ''. സരിതേച്ചി ഉറങ്ങല്ലെ ഇപ്പോ ന്യൂ ഇയര്‍ ആകും. ഉറക്കം തൂങ്ങി വീഴാറായ എന്നെയും സുവിയെയും തട്ടിയുണര്‍ത്തി അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു, പിന്നെ ഇഷ്ടപ്പെട്ട പാട്ടുകള്‍ ഇങ്ങനെ പാടിക്കൊണ്ടേയിരുന്നു. അപ്പോഴേക്കും ന്യൂ ഇയര്‍ ആയി. വന്ന ഫോണ്‍കോളുകള്‍ കിലുങ്ങിച്ചിരിച്ചുകൊണ്ട് അവള്‍ എടുക്കുന്നു, എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം ന്യൂ ഇയറിന് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇനിയും വരാനിരിക്കുന്ന ന്യൂ ഇയറിനും ഒന്നിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ ഇത്തവണ ന്യൂ ഇയറിന് അവള്‍ ഉണ്ടായില്ല. ആ പുതുവല്‍സരആഘോഷത്തിനുശേഷം 2011 ഫെബ്രുവരി 27നാണ് തൊണ്ടയാട് ബസ്സപകടത്തില്‍ സൂര്യ പോയത്. ഒരു സങ്കടം തൊണ്ടയില്‍ കുരുങ്ങുന്നത് എനിക്കറിയാനുണ്ട്. സൂര്യയെ അറിയുന്നവര്‍ക്ക് ഇന്ന് ഓര്‍മദിനമാണ്. അവളെ ഞങ്ങള്‍ക്ക് നഷ്ടമായതിന്റെ ഒന്നാം ഓര്‍മദിനം... എന്റെ വരാനിരിക്കുന്ന പുതുവര്‍ഷ പുലരികളെ സങ്കടം നിറഞ്ഞ വേദനകൊണ്ട് നിറക്കാന്‍ കൊച്ചു കൊച്ചു ഓര്‍മകള്‍ പങ്ക് വെച്ച സൂര്യക്ക്...