സംഗീതം ഒരു കടലാണ്. ഞാനതിന്റെ തീരത്തുപോലും എത്തിയിട്ടില്ല. ലോകം അവസാനിച്ചാലും നാദവും ലയവും നിലയ്ക്കില്ല. സ്വരങ്ങള്‍ ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ്. എത്രയത് മനനം ചെയ്യുന്നുവോ അത്രയും നമ്മുടേതാവുന്നു. ജോ ധ്യായേ, സോ പാവെ...ജീവിച്ചിരുന്നുവെങ്കില്‍ ഈ വര്‍ഷം നൂറു വയസ്സു തികയുമായിരുന്നു ഉസ്താദ് ബിസ്മില്ലാഹ് ഖാന്‍ന്. 1937ല്‍ കല്‍ക്കട്ടയില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ മ്യൂസിക് കോണ്‍ഫറന്‍സ്സോടെ ഷെഹനായി എന്ന വാദ്യോപകരണം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേന്ദ്രബിന്ദുവാക്കാന്‍ ഇടയായത് ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ കച്ചേരിയാണ്. ഷെഹനായിയിലുള്ള അഗധമായ പാണ്ഡിത്യവും അശ്രാന്ത പരിശീലനവും കൊണ്ടാണ് ഉസ്താദത് ഷെഹനായിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. പരമ്പരാഗതമായി പൊതുവെ വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാത്രം വായിച്ചിരുന്ന ഷെഹനായിയെ ശാസ്ത്രീയ സംഗീത ഉപകരണമാക്കിയതും അത് പോപുലര്‍ സംഗീതത്തിന്റെ ഭാഗമായതും ഉസ്താദിന്റെ മാത്രം പരിശ്രമമാണ്. 1947 ആഗസ്ത് പതിനഞ്ചിന്റെ തലേന്ന് റെഡ്‌ഫോര്‍ട്ടില്‍ കച്ചേരിയവതരപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. 1950 ജനുവരി 26ലെ ആദ്യ റിപബഌക്ക് ദിനാഘോഷത്തിലും അദ്ദേഹം ഷെഹനായി വായിച്ചു. ഇപ്പോഴും ഓര്‍മയുണ്ട്, ഞങ്ങളുടെ ചെറുപ്പത്തിലെ ആകാശവാണി- ദൂരദര്‍ശന്‍കാലം. ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ ഷെഹനായി വാദനമില്ലാതെ ഒരു സ്വാതന്ത്ര്യ-റിപ്പബ്ലിക്ക് ദിനാഘോഷവും കടന്നു പോയിട്ടില്ല. എന്തും ഇന്റര്‍നെറ്റില്‍ ലഭ്യമായ ഈ ന്യൂജെന്‍ കാലത്ത്, 2014ല്‍ കോഴിക്കോട് ആകാശവാണിയില്‍ നിന്നും പണം കൊടുത്തു 1964ല്‍ റെക്കോര്‍ഡ് ചെയ്ത അദ്ദേഹത്തിന്റെ ഷെഹനായി വാദനത്തിന്റെ സി ഡി സ്വന്തമാക്കിയപ്പോള്‍ ഗര്‍ഭിണിയായ എനിക്ക് എന്തിന്നില്ലാത്ത സന്തോഷമായിരുന്നു. സംഗീതത്തിന്റെ എബിസിഡി അറിയില്ലെങ്കിലും, ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആ സംഗീതം നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ച് ലവലേശം അറിവില്ലെങ്കിലും ശ്യാംകല്യാണ്‍ രാഗത്തിലേയും പൂരബി ധുന്നിലെയും ആരോഹണങ്ങളും അവരോഹണങ്ങളും എന്നെ ആഹ്ലാദിപ്പിച്ചു. ഇത്രമാത്രമേ ആ സംഗീതത്തെക്കുറിച്ച് എനിക്കറിയൂ. നാടോടിശീലുകളായ കജ്‌രിയും ചൈതിയും പൂരബി ധുന്നുമെല്ലാം അദ്ദേഹം വായിച്ചത് ഹൃദയം കൊണ്ടായിരുന്നു. ഷെഹനായില്‍ മാത്രമല്ല, ഈ ഗാനങ്ങളെല്ലാം അദ്ദേഹം പാടുകയും ചെയ്തു. ബിസ്മില്ലാഹ് ഖാന്റെ ഉസ്താദ് വോക്കലിലും അദ്ദേഹത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ മകന്‍ കാസിം ഹസ്സന്റെ വാരണസിയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെ അഞ്ചു ഷെഹനായികള്‍ മോഷണം പോതായി പത്രത്തില്‍ വാര്‍ത്ത വന്നു. വെള്ളികൊണ്ടുണ്ടാക്കിയ നാലും വെള്ളിയും മരവും കൊണ്ടുണ്ടാക്കിയ ഒരു ഷെഹനായിയുമാണ് കളവു പോയത്. കൂടാതെ ഇനായത് ഖാന്‍ അവാര്‍ഡായ വെള്ളി ഫലകവും രണ്ടു സ്വര്‍ണവളകളും നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട നാലുവെള്ളി ഷെഹനായികളും അദ്ദേഹത്തിന് സമ്മാനം ലഭിച്ചതാണ്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍,ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, മുംബൈയിലെ ഒരാരധകന്‍ സൈലേഷ് ഭാഗവത് എന്നിവര്‍ നല്‍കിയതാണ് അവ. വെള്ളിയും മരവും കൊണ്ടുണ്ടാക്കിയ ഷെഹനായി അദ്ദേഹത്തിന്റെ സര്‍വവും ആയിരുന്നുവത്രെ. മുഹ്‌റം ഘോഷയാത്രയില്‍ എല്ലാവര്‍ഷവും ആ ഷെഷനായി കൊണ്ടായിരുന്നു അദ്ദേഹം വായിച്ചിരുന്നത്. ആ ഷെഹനായിയുടെ വില എന്നു പറയുന്നത് തീര്‍ച്ചയായും അതിലെ ലോഹത്തിന്റെ സാന്നിധ്യമല്ല. മറിച്ച് അഭൗമമായ സംഗീതത്താല്‍ ലോകത്തെ മുഴുവനും അവച്യമായ നിര്‍വൃതിയില്‍ എത്തിച്ചിരുന്ന ഒന്നായിരുന്നു അവയെല്ലാം.
1 comment:
ലേഖനം നന്നായി.....അറിവില്ലാത്ത, അറിയാന്‍ തിടുക്ക മില്ലാത്ത വിഷയം... എങ്കിലും അറിവിലേക്കുള്ള ഈ വായന ആസ്വാദ്യകരം .....ആശംസകള്‍
Post a Comment