Tuesday, January 10, 2017

ദംഗല്‍: അടുക്കളയില്‍ നിന്നും അഖാഡയിലേക്ക്

നാളത്തെ സ്ട്രാറ്റജി എന്താണ് പപ്പ? നാളത്തെ മല്‍സരത്തിന് ഒരേയൊരു സ്ട്രാറ്റജിയേയുള്ളൂ. വെറുമൊരു ആസ്‌ത്രേലിയക്കാരിയെയല്ല നീ നേരിടുന്നത് മറിച്ച് പെണ്‍കുട്ടികള്‍ ഒന്നിനും കൊള്ളില്ലെന്നു വിശ്വസിക്കുന്ന ലോകത്തെ എല്ലാ ജനങ്ങളോടുമാണ്. പെണ്‍കുട്ടികള്‍ എന്നാല്‍ അടിച്ചുവാരാനും വീടുവൃത്തിയാക്കാനും, വിവാഹം ചെയ്ത് കുട്ടികളെ പരിപാലിച്ച് കഴിയാനുള്ളതാണെന്നും വിശ്വസിക്കവരോടാണ്. അത് നീ ജയിച്ചേ മതിയാവൂ മോനെ. കോമണ്‍വെല്‍ത്ത്് ഗെയിമ്‌സില്‍ വനിതകളുടെ 55 കിലോ കാറ്റഗറിയിലുള്ള ഫൈനല്‍ മല്‍സരത്തിന്റെ തലേന്ന് മകളോടുള്ള മഹാവീര്‍ സിങ് ഫഗോട്ടിന്റെ ഉപദേശം അതുമാത്രമായിരുന്നു. എല്ലാവാരും കണ്ടു മറന്നു പോയേക്കാവുന്ന വെള്ളിമെഡല്‍ പ്രകടനമല്ല നീ കാഴ്ചവയ്‌ക്കേണ്ടത്. സ്വര്‍ണം നേടണം. അത് എന്നു ഓര്‍മയില്‍ ഉണ്ടാകും.

ഇന്റര്‍നാഷനല്‍ മല്‍സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടാതെ പോകുമ്പോള്‍ നമ്മളെല്ലാവരും നെടുവീര്‍പ്പോടെപ്പറയും ഇവറ്റയ്‌ക്കൊക്കെ നന്നായി കളിച്ചൂടെ, ഒന്നിനെക്കൊണ്ടും ഒരു കാര്യവുമില്ല എന്നൊക്കെ. എന്നാല്‍ ഒരു കായിക താരം ആ മല്‍സരത്തിനെത്താന്‍ എടുത്ത പ്രയത്‌നങ്ങള്‍ നമ്മള്‍ ആരും അറിയാറില്ല. അറിയാന്‍ ശ്രമിക്കാറുമില്ല. ബയോപിക്കുകളെല്ലാം ഒരര്‍ത്ഥത്തില്‍ നല്ലതാണ്. പ്രത്യേകിച്ചും കായികതാരങ്ങളെക്കുറിച്ചുള്ളത്. സിനിമയില്‍ പ്രതിപാദിക്കുന്ന കായികയിനത്തെ ഇഷ്ടപ്പെടാനും കായികതാരത്തെ കൂടുതല്‍ അടുത്തറിയാനും ബയോപിക്കുകള്‍ കൊണ്ടാവും. സിനിമയായതുകൊണ്ടു നാടകീയതയ്ക്ക് വേണ്ടി ചിലപ്പോള്‍ ചില കഥാസാഹചര്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നുണ്ടെങ്കിലും അതൊക്കെ അതേ ആംങ്കിളില്‍ തന്നെക്കാണാന്‍ പ്രേക്ഷകനാവുന്നുണ്ടാവണം. പാന്‍സിങ് തോമര്‍, ചക് ദേ ഇന്ത്യ, ഭാഗ് മില്‍കാ ഭാഗ്, മേരികോം, അസ്ഹര്‍, എം എസ് ധോണി, എന്നിവയൊക്കെ കായികതാരങ്ങളെക്കുറിച്ച് വന്ന ബോളിവുഡ് ബയോപിക്കുകളാണ്. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ദംഗല്‍ ഒരു ഓര്‍മിപ്പിക്കലാണ്. ഗുസ്തി എന്ന കായികയിനത്തെക്കുറിച്ചും വനിതാതാരങ്ങളായ ഗീതാ കുമാരി ഫഗോട്ടിന്റെയും ബബിതകുമാരി ഫഗോട്ടിന്റെയും ഗുസ്തി ജീവിതത്തെക്കുറിച്ചും. അതിനേക്കാള്‍ ഉപരി രാജ്യത്തിന്റെ തിരംഗ വാനോളം പാറിക്കാന്‍ തന്റെ മക്കളെ ഗുസ്തിക്കാരികളാക്കിയ പിതാവ് മഹാവീര്‍ സിങ് ഫഗോട്ടിന്റെ ജീവിതത്തെക്കുറിച്ചും. മുന്‍ഗുസ്തി താരമായിരുന്നു മഹാവീര്‍ സിങ് ഫഗോട്ട്. ചില ജീവിതസാഹചര്യങ്ങളില്‍ ഗുസ്തി വിട്ട് സാധാരണ ഉദ്യോഗജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജീവിതമായിരുന്നു മഹാവീറിന്റേത്. തന്റെ പെണ്‍മക്കളെ ഒരിക്കലും വെറും പെണ്‍കുട്ടികളായി കണ്ടിട്ടേയില്ല അദ്ദേഹം. കൈകാലുകളില്‍ കാരിരുമ്പിന്‍ കരുത്തും, കണ്ണുകളില്‍ വിജയതൃഷ്ണയുള്ള ഫയല്‍വാനായിരുന്നു അദ്ദേഹത്തിന് പെണ്‍മക്കള്‍. മക്കളിലൂടെ രാജ്യത്തിനൊരു സ്വര്‍ണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം.

ദംഗല്‍ എന്ന സിനിമയുടെ ശ്രദ്ധാകേന്ദ്രം അതിന്റെ എഴുത്താണ്. എഴുത്തുകാരനും സംവിധായകനുമായ നിതേഷ് തിവാരിയും പിയൂഷ് ഗുപ്ത, ശ്രയേഷ് ജയിന്‍, നിഖില്‍ മെഹ്‌റോത്ര എന്നിവരാണ് ദംഗലിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യാന്‍ നിതേഷിനെ തിരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. ഇതിനുമുമ്പും ചെറിയക്കുട്ടികളെ വച്ച് നിതേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ചില്ലര്‍ പാര്‍ട്ടിയിലൂടെ. ആ ഒരൊറ്റ ചിത്രം മതി നിതേഷിന്റെ കഴിവറിയാന്‍. ഇന്ത്യയുടെ പരമ്പരാഗതവും വാര്‍ത്തമാനകാലത്തിലും വിട്ടൊഴിയാന്‍ തയ്യാറാവാത്തതുമായ പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് ദംഗല്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്ന ദമ്പതികളും അവരോടൊപ്പം പലപല പൊടിക്കൈകളുമായി നിലകൊളുന്ന ഗ്രാമവാസികളും തമാശനിറഞ്ഞ കാഴ്ചയാണ്. നാടകീയതയ്ക്ക് വേണ്ടി എഴുതിച്ചേര്‍ത്തതാണെങ്കിലും അവയിലൊന്നും നമുക്ക് മടുപ്പ് തോന്നില്ല. കാരണം പുലര്‍ച്ചെ എണീറ്റ് ഗോമാതാവിനെ തീറ്റിക്കുക തുടങ്ങിയ സംഗതികളൊക്കെ നോര്‍ത്ത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംഗതികളാണ്. യാഥാര്‍ഥ്യവും തമാശയും വിഢിത്തവും നിറഞ്ഞ കാഴ്ചകള്‍ ചിത്രത്തില്‍ ഉടനീളെയുണ്ട്.

മകനുണ്ടാവാത്തതില്‍ മനംനൊന്തുകഴിഞ്ഞിരുന്ന മഹാവീറിനുണ്ടായത് നാലു പെണ്‍കുട്ടികളാണ്. അന്നൊരു ദിവസം, തങ്ങളെ അസഭ്യം വിളിച്ച അയല്‍പ്പക്കത്തെ ചെക്കന്‍മാരെ കൈകാര്യം ചെയ്ത ഗീതയെയും  ബബിതയെയും ശാസിക്കുന്നതിനു പകരം അവര്‍ എങ്ങിനെയാണ് എതിരാളികളെ നേരിട്ടതെന്ന് ചോദിച്ചു മനസിലാക്കുകയായിരുന്നു മഹാവീര്‍ചെയ്തത്. അവിടെ തുടങ്ങുകയാണ് ഗീതയുടെയും ബബിതയുടേയും ദംഗല്‍ ജീവിതം. ദംഗല്‍ എന്നാല്‍ മഡ് റസ്ലിങ് അഥവ കളിമണ്ണിലുള്ള ഗുസ്തി എന്നര്‍ത്ഥം. എരിവും പുളിയും ഉപ്പുമൊന്നും ഇനിയുള്ള വര്‍ഷങ്ങളില്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് മനസിലാക്കിക്കൊടുക്കാന്‍ കുട്ടികളെക്കൊണ്ട് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗോല്‍ഗപ്പേ(പാനിപുരി) തീറ്റിക്കുന്നൊരും സീന്‍ കണ്ണില്‍ നിന്നും മായില്ല. ഹരിയാനയുടെ പച്ചപുതച്ച പാടങ്ങളിലൂടെ ഓടിത്തളരുന്ന കുട്ടികള്‍. സല്‍വാര്‍കമ്മീസില്‍ ഓടന്‍ കഴിയാതെ വരുമ്പോള്‍ കസിന്‍ ഓംകാറിന്റെ പാന്റുകള്‍ നിക്കറാക്കിക്കൊണ്ടും, ചളികൊണ്ട് ഒട്ടിപ്പിടിക്കുന്ന ഇടതൂര്‍ന്ന തലമുടി മുറിച്ചുകളഞ്ഞും മഹാവീര്‍മക്കളെ ഒരുക്കുന്നു. അഖാഡയില്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കില്ലെന്നും പറഞ്ഞ് തിരിച്ചയക്കുമ്പോള്‍ തന്റെ വയലിന്റെ ഒരുഭാഗം നികത്തി അഖാഡയാക്കുന്ന മഹാവീര്‍ പെണ്‍കുട്ടികളോടൊപ്പം പരിശീലിക്കാന്‍ തന്റെ സഹോദരന്റെ മകന്‍ ഓംകാറിനെ ചുമതലപ്പെടുത്തുന്നു. അതോടെ മുഴുവന്‍ ഗ്രാമവും മഹാവീറിനെ ഭ്രാന്തനെന്നു വിളിക്കുന്നു. കുട്ടികളുടെ സന്തോഷം കെടുത്തുന്ന അച്ഛനായി അയാള്‍ മാറി. അപ്പോഴും കൂടെയുണ്ടായിരുന്നത് ഭാര്യ ദയാ ശോഭാ കൗറാണ്(സാക്ഷി തന്‍വാര്‍). എങ്കിലും തന്റെ അടുക്കളയില്‍ മാംസം വേവില്ലെന്നും പെണ്‍കുട്ടികളെ വിട്ടുതരില്ലെന്നുമൊക്കെ അവര്‍ മഹാവീറിനോട് സര്‍വ ധൈര്യവും സംഭരിച്ച് പറയുന്നുണ്ടെങ്കിലും ഹമ്‌രി ഛോരിയാം ചോരോം സെ കം ഹെ കെ(നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കുറഞ്ഞവരാണോ) എന്നാണ് മഹാവീറിന്റെ മറുപടി. ഒരുവര്‍ഷത്തേക്ക് നിങ്ങള്‍ക്കമ്മയില്ലെന്ന് കരുതിക്കൊള്ളാന്‍ കുട്ടികളോടു പറയുന്ന ശോഭയുടെ നെഞ്ചില്‍ പുകയുന്ന ആശങ്കകള്‍ പ്രേക്ഷകനും കണ്ടില്ലെന്നു നടിക്കാനാവില്ല. ഞാന്‍ എന്റെ മക്കളെ അത്രയും കഴിവുള്ളവരാക്കും, ചെറുക്കന്‍ ഇവരെക്കാണാനല്ല ഇവര്‍ ചെറുക്കനെ കാണാന്‍ പോകുമെന്നും മഹാവീര്‍ ഭാര്യയോട് പറയുന്ന സന്ദര്‍ഭമുണ്ട്.    

ഇനിയാണ് ഗീതയുടെയും ബബിതയുടേയും ജീവിതത്തിലെ ശരിയായ ദംഗല്‍ നടക്കാന്‍ പോകുന്നത്. പിതാവിന്റെ അഖാഡ വിട്ട് ശരിക്കുമുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കാനായി പോകുന്ന കുട്ടികളെയും മഹാവീറിനെയും അപമാനിച്ചുവിടുന്ന കമ്മറ്റിക്കാര്‍ക്ക് മുന്നില്‍ തലതാഴ്ത്തുപോകേണ്ടിവരുന്ന മഹാവീറിന്റെ ചിത്രവും കണ്ണില്‍ നിന്നും മായില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി മല്ലടിക്കുന്ന കാഴ്ചകാണാന്‍ നിരവധി പേരെത്തുന്നുമെന്നും തിരിച്ചറിഞ്ഞ് കുട്ടികളെ തിരിച്ചുവിളിക്കുന്ന കമ്മിറ്റിക്കാര്‍. ആദ്യമല്‍സരത്തില്‍ തോല്‍ക്കുന്നുവെങ്കിലും ഗീതയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പെണ്‍കുട്ടിയാണ് കൈയ്യോ കാലോ ഒടിഞ്ഞാലോ എന്നു പറഞ്ഞു നിരുല്‍സാഹപ്പെടുത്തുന്നവരോട് ഭയത്തെ നേരിടാന്‍ എന്റെ മക്കള്‍ പഠിച്ചുകഴിഞ്ഞുവെന്നാണ് മഹാവീറിന്റെ മറുപടി. സൈറാ വസീമും (ചെറിയ ഗീത) സുഹാനി ഭട്‌നാകറും (ചെറിയ ബബിത)
പ്രേക്ഷകന്റെ ഹൃദയം നിറയ്ക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മാറ്റ് ഗുസ്തി പരിശീലിപ്പിക്കാന്‍ മാറ്റ് വാങ്ങാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച അധികൃതരെക്കാണുന്ന മഹാവീറിന്റെ അനുഭവം ഇന്ത്യന്‍ കായികരംഗത്തിന് അന്യമല്ല.

കുട്ടികള്‍ മുതിര്‍ന്നു. സംസാഥാനചാംപ്യന്‍ഷിപ്പ് ദേശീയചാംപ്യന്‍ഷിപ്പ് എന്നിവ നിഷ്പ്രയാസം വിജയിക്കാന്‍ ഗീതയ്ക്കും ബബിതയ്ക്കും ആവുന്നു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ മല്‍സരത്തിനൊരുങ്ങാന്‍ ഗീത പട്യാലയിലെ നാഷനല്‍ സ്‌പോര്‍ട്അക്കാദമിയിലേക്ക് പോകുന്നു. അവിടെ ദേശീയ കോച്ചിന്റെ പക്കല്‍ നിന്നും പരിശീലനം നേടുന്നു. ഗീതയുടെ ശക്തിയെ മനസിലാക്കി കളിപ്പിക്കുന്നതിനുപകരം ബലഹീനതകളെ കുറയ്ക്കാന്‍ ശ്രമിക്കുന്ന കോച്ചിന്റെ പരിശ്രമം ഫലം കാണുന്നില്ല. പിതാവിന്റെ കടുത്ത പരിശീലനമുറകളെ തള്ളിപ്പറയുന്ന ഗീത വീട്ടിലെത്തുമ്പോള്‍ തന്റെ കോച്ചാണ് ശരിയെന്നു തെളിയിക്കാന്‍ മഹാവീറുമായി ഗുസ്തി പിടിക്കുന്നു. പ്രേക്ഷകന്റെ തൊണ്ട തിങ്ങിവരും, കണ്ണുനിറയും. അന്നുമുതല്‍ പരാജയങ്ങളില്‍ നിന്നും പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന ഗീത. ഫാത്തിമ സന ഷെയ്ഖും സാനിയ മല്‍ഹോത്രയുമാണ് മുതിര്‍ന്ന ഗീതയെയും ബബിതയെയും അവതരിപ്പിക്കുന്നത്. 2016ലെ മികച്ച കണ്ടുപിടുത്തങ്ങളാണ് ഇവര്‍. ആമിര്‍ ഹുസെയ്ന്‍ ഖാന്‍ എന്ന നടന്റെ ഹിസ്ട്രിയോണിക്‌സിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഗുലാം മുതല്‍  ഇങ്ങോട്ട് വെറുമൊരു ചോക്കലേറ്റ് നടനല്ല താനെന്നു തെളിയിച്ച ആമിറിന് മറ്റ് ഏതൊരും സിനിമയേക്കാളും വെല്ലുവിളി നിറഞ്ഞതായിരുന്നു ദംഗല്‍. സിക്‌സ് പാക് ആബ്‌സ് വിട്ട് 22 കിലോയാണ് ആമിര്‍ തന്റെ ശരീരഭാരം വര്‍ധിപ്പിച്ചത്. തലനരച്ച വൃദ്ധനായ ആമിര്‍ തന്റെ മറ്റുസിനിമകളില്‍ നിന്നും വ്യത്യസ്തമായി സഹതാരങ്ങളെയും ഒപ്പം തിളങ്ങാന്‍ അനുവദിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ് രണ്ടുമിനിട്ടുള്ള ഗുസ്തി കാണുമ്പോള്‍ അതിന്റെ പിന്നിലുള്ള പ്രയത്‌നം മനസ്സിലാക്കാന്‍ ഈ സിനിമ കാണുന്ന ഓരോരുത്തരും ശ്രമിക്കും. ഗുസ്തിയിലേക്ക് വരാന്‍ ഗീതയുടേയും ബബിതയുടേയും ജീവതം കൂടുതല്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കും എന്നും കരുതാം.

സിനിമയുടെ രണ്ടാംപകുതിയില്‍ സിനിമ കുറവും ഗുസ്തി മല്‍സരങ്ങള്‍ കൂടുതലുമാണ്. നാം നേരിട്ടു കോമണ്‍വെല്‍ത്ത് ഗെയിംസ് കാണുന്ന പ്രതീതിയാണ്. മറ്റു ബയോപിക്കുകളെ അപേക്ഷിച്ച് ദംഗലിന്റെ പ്രത്യേകത, ഗുസ്തി എന്ന കായികയിനത്തെ അതിന്റെ നിയമവും മാര്‍ഗനിര്‍ദേശങ്ങളുമൊക്കെ ഉപയോഗിച്ച്  പ്രേക്ഷകര്‍ക്ക് മനസിലാക്കിത്തരുന്നുവെന്നതും എടുത്തുപറയാം. കോമണ്‍വെല്‍ത്ത് ഗെയ്മിസിന്റെ ആറുമാസം മുമ്പേ മക്കള്‍ക്ക് പരിശീലനം നല്‍കാന്‍ മഹാവീര്‍ ഫഗോട്ട് പട്യാലയിലെത്തും. അവസാന മല്‍സരം മഹാവീറിന് അന്യമാവും. എന്നാലും തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ച മകളോട് അവസാനം അയാള്‍ അതു പറയുന്നു, സബാഷ് ! നീണ്ട പത്തുവര്‍ഷമായി ഗീതയും ബബിതയും ഓംകാറുമൊക്കെ കേള്‍ക്കാന്‍ കാത്തിരുന്ന ആ വാക്കില്‍ സിനിമ അവസാന റീലും ഓടിത്തീര്‍ക്കുന്നു. തിയേറ്റര്‍ വിടാന്‍ ഒരുങ്ങുമ്പോള്‍ അമിതാബ് ഭട്ടാചാര്യ വരികളെഴുതി പ്രീതത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയ ദംഗല്‍ ഹെ എന്ന ടൈറ്റില്‍ ഗാനം ദലേര്‍ മെഹന്ദിയുടെ ശബ്ദത്തില്‍ കാതുകളില്‍ വന്നലയ്ക്കും.

No comments: