Wednesday, September 14, 2011

അഴകുള്ളവള്‍ ലൈല

ലൈലയെ എനിക്കിഷ്ടമായി. വെളുത്തുമെലിഞ്ഞ സുന്ദരികളില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തയാണ് അവള്‍. ആരുടേയും മനസ്സും ചിന്തകളും കീഴടക്കാന്‍ത്തക്ക വശ്യസൗന്ദര്യമുള്ള വിശ്വസുന്ദരി. ലൈല ലോപസ്ഇതാണോ വിശ്വസുന്ദരി! എന്നു ചോദിച്ച എന്റെ സഹപ്രവര്‍ത്തകയുടെ പരിഹാസം ചിരിച്ചു തള്ളി. സൗന്ദര്യമല്‍സരങ്ങളുടെ സാമ്പത്തിക ശാസ്ത്രവും സൗന്ദര്യലഹരിയുമൊക്കെ ഡിഗ്രി ക്ലാസുകളില്‍ തന്നെ മനസ്സിലാക്കിയതാണ്. ഇത്തവണയും അതില്‍ പുതുമയൊന്നുമില്ല. സൗന്ദര്യമെന്നത് വെളുത്ത തൊലിയിലും വെളുക്കെയുള്ള ചിരിയിലുമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. രാവിലെ പത്രമെടുത്തപ്പോള്‍ ദാ, നില്‍ക്കുന്നു കറുത്ത വിശ്വസുന്ദരി. പലര്‍ക്കും സഹിച്ചുകാണില്ല. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അവളുടെ സൗന്ദര്യം. തൊലി മാത്രമേ കറത്തതുള്ളൂ. വാക്കുകള്‍ക്കും ചിരിക്കും തങ്കത്തിന്റെ പകിട്ടുണ്ട്. ദൈവം തന്ന രൂപത്തിലും അവസ്ഥയിലും ആയിരിക്കുന്നതാണ് ലൈലയുടെ സന്തോഷം. സൗന്ദര്യം എന്നത് ആന്തരികമാണ്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞവള്‍ക്ക് കിരീടം നല്‍കിയത് ഏതായാലും നന്നായി. ഈ അമ്മയ്ക്ക് സൗന്ദര്യമില്ല, സ്‌കൂളില്‍ വിടാന്‍ വരേണ്ട എന്നു പറയുന്ന എല്‍ കെ ജി കുട്ടികളുടെ കാലമാണ്, നിറമില്ലെങ്കില്‍ നിങ്ങള്‍ക്ക് സൗന്ദര്യമുണ്ടോ എന്നു ചോദിക്കുന്നവരുടെ ലോകമാണ്. ഇങ്ങിനെയൊരു കാലത്തും ലോകത്തും നമുക്ക് ലൈലയുടെ വിജയം ആഘോഷിക്കാം.ആത്യന്തികമായി ഞാന്‍ ഈ സൗന്ദര്യമല്‍സരങ്ങളോടെതിരാണ്ട്‌ട്ടോ

No comments: