Thursday, September 1, 2011

വിലക്കൂടുതല്‍ കാഴ്ചയില്‍ മാത്രം; വിലക്കുറവ് പരസ്യത്തിലും

തട്ടിപ്പെന്നാല്‍ വെറും തട്ടിപ്പല്ല.നല്ല ഒന്നാന്തരം പകല്‍ക്കൊള്ള. വിലക്കൂടുതല്‍ കാഴ്ചയില്‍ മാത്രമെന്ന പരസ്യവാചകത്തില്‍ ആകൃഷ്ടരായി ഈ കടയില്‍ പോയി കുപ്പായമെടുത്താല്‍ എപ്പോ പോക്കറ്റ് കാലിയായെന്നു ചോദിച്ചാല്‍ മതി. പെരുന്നാളിന് നല്ല ബിരിയാണിയും തട്ടിവിട്ട്, മഴയായതുകൊണ്ടു പോകാന്‍ ഒരിടവും ഇല്ലാത്തതുകൊണ്ടാണ് കോഴിക്കോട് പുതിയാതായി പ്രവര്‍ത്തനം തുടങ്ങിയ മാളില്‍ ഒന്നു കറങ്ങിയത്. സത്യം പറയാമല്ലോ തലകറങ്ങിപ്പോയി, മാളിന്റെ സൗന്ദര്യംകൊണ്ടല്ല അവിടുത്തെ ഒരു ട്രെന്റി ഡ്രസ്‌വെയര്‍ ഷോപ്പിലെ പറ്റിക്കല്‍ രീതി കണ്ട്. പത്രങ്ങളിലൂടെ നോട്ടീസ് വിതരണം ചെയ്തും പടുകൂറ്റന്‍ ഫ്‌ളെക്‌സുകള്‍ നിരത്തിയും ഏതൊരു മിഡില്‍ക്ലാസ് ഫാഷനിസ്റ്റയേയും അമ്പരപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ തയ്യാറാക്കിയും അതിവിദ്ഗ്ധമായി ഇവര്‍ നമ്മെ പറ്റിക്കുന്നുണ്ട്. പരസ്യത്തിന്റെ കോപ്പിയെഴുതിയവനെക്കണ്ടാല്‍ ഞങ്ങളൊരു ഉമ്മകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇജ്യാതി ഇനിയും ഉണ്ടോ എന്നും ചോദിക്കും.

99 രൂപയ്ക്ക് കുട്ടികള്‍ക്കുള്ള പ്രിന്റഡ് ടോപ്പുകള്‍, 149 രൂപയ്ക്ക് ഗേള്‍സ് ടി, ബോയ്‌സ് ടി, അങ്ങിനെ കുന്തം, കൊടച്ചക്രം, കോടാലി, പല്ലുകുത്തി തുടങ്ങി എല്ലാത്തിനും പറ്റിക്കല്‍ വിലയുമായാണ് നോട്ടീസും പരസ്യങ്ങളും ഇറക്കിയിട്ടുള്ളത്. ജിനിജോണി, ലില്ലിപ്പുട്ട് തുടങ്ങിയ ബ്രാന്റുകള്‍ക്ക് ഇത്രയും കുറവു വിലയോ എന്നൊക്കെ സംശയിച്ചും എന്നാല്‍ പരസ്യവാചകങ്ങളില്‍ വശംവദരായും എങ്ങാനും ഈ കടയില്‍ കയറിപ്പോയാല്‍ നിങ്ങള്‍ക്ക് തെറ്റി. 99, 149, 299 തുടങ്ങി നമ്മെ ഹഠാദാകര്‍ഷിക്കുന്ന പല മോഹവിലകള്‍ കുപ്പായങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന സ്റ്റാന്റിനു മേലെ വച്ചിട്ടുണ്ടെങ്കിലും അതൊക്കെ അങ്ങിനെ വയ്ക്കാനുള്ളതും മണ്ടന്‍മാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ളതുമാണെന്നാണ് അവിടെ യൂനിഫോമിട്ടു നില്‍ക്കുന്നവര്‍ പറഞ്ഞത്. ഇപ്പോള്‍ പിറന്ന് വീണ കുഞ്ഞിനുള്ള ടോപ്പിന്റെ വില 399. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ ഇറങ്ങി. കയറിയ സ്ഥിതിക്ക് എന്തെങ്കിലും വാങ്ങാതെ ഇറങ്ങുന്നതെങ്ങനെ, ഒരു കൊച്ചു മോതിരം വാങ്ങി Rs 85 മാത്രം. പരസ്യമെന്നാല്‍ എല്ലാവരെയും പറ്റിച്ച് വില്‍പ്പനനടത്തുന്നതാണെങ്കിലും ഇതു കുറെ കൂടുതലാണ്...വിലക്കൂടുതല്‍ കാഴചയില്‍ മാത്രമാണെങ്കില്‍ വിലക്കുറവ് പരസ്യത്തില്‍ മാത്രമേയുള്ളൂ

3 comments:

Archana said...

kollam..........ithu kanendavar kandal mathiyayirunnu............

Ambika said...

:)

rahman said...

പരസ്യത്തിന്റെ കാശ്, ജോലിക്കാരുടെ ശമ്പളം, വാടക, കറന്റ് ചാര്‍ജ്, ഓഫറുകളുടെ കാശ് ഇതെല്ലാം കഴിഞ്ഞ് ഒട്ടും കുറയാത്ത ലാഭം... ഇതൊക്കെ ആരു കൊടുക്കും.. നമ്മളല്ലാതെ... പാവം മുതലാളിമാര്‍ ജീവിച്ചു പൊയക്കോട്ടെ.... അവരുടെ മക്കള്‍ക്കും നൂഡ്ല്‍സ് കഴിക്കണ്ടെ...