Saturday, July 23, 2011

ശോ! ഈ വേദനിക്കുന്ന കോടീശ്വരന്‍മാര്‍

പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും സിനിമാക്കാരെ എനിക്ക് പൊതുവേ ഇഷ്ടമല്ല, കൃത്യമായിപ്പറഞ്ഞാല്‍ സൂപ്പര്‍- മെഗാസ്റ്റാറുകളെ. ഇവരെയൊക്കെ ആരാധനയോടെയും ആശ്ചര്യത്തോടെയും കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. സൂപ്പര്‍സ്റ്റാറുകള്‍ക്കു പ്രായമാകുന്നില്ലെങ്കിലും നമുക്ക് പ്രായവും പക്വതയും വര്‍ഷം തോറും കൂടുന്നുണ്ടല്ലോ.

പുറത്തിറങ്ങുന്ന ഒറ്റച്ചിത്രത്തില്‍പ്പോലും ഇവരുടേയൊക്കെ പഴയകാല മിടുക്കൊന്നും കാണാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം നാം പഴയ നാടോടിക്കാറ്റും, യാത്രയും, മണിച്ചിത്രത്താഴൊക്കെ ടി വിയില്‍ വരുമ്പോള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ചിരിച്ച് ചിരിച്ച് വയറും പൊത്തി ഓ! ഈ മോഹന്‍ലാലിന്റെ ഒരു കാര്യം എന്നുപറയുന്നതും. ഒരുവിധത്തില്‍പ്പറഞ്ഞാല്‍ കാര്യങ്ങളുടെ പോക്കുകണ്ടാല്‍ സൂപ്പര്‍ നായകന്‍മാരൊക്കെ വില്ലന്‍മാരാകുന്ന കാഴ്ച കണ്ട് ചിരിക്കണോ, കരയണോ എന്നോര്‍ത്ത് അന്തംവിട്ടിരിക്കുകയാണ് ഫാന്‍സും ഫാന്‍സ് ക്ലബ്ബില്‍ അംഗമല്ലത്തവരുമായ മറ്റു ഫാന്‍സുകളും. തങ്ങളുടെ ദൈവങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കുറ്റംചെയ്തവരെപ്പോലെ അവരോട് മാധ്യമങ്ങള്‍ പെരുമാറരുതെന്നാണ് ഫാന്‍സ് അസോസിയേഷനുകളുടെ ആജ്ഞ.

വളരും തോറും മനുഷ്യന് ദുരാഗ്രഹവും അതിമോഹവും കൂടുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. വരവില്‍ക്കവിഞ്ഞ സ്വത്ത് കൈവശംവയ്ക്കണമെന്ന് അവരും കരുതിയിട്ടൊന്നുമാവില്ല. അതങ്ങനെ കൈകളില്‍ വന്നു നിറയുകയല്ലേ, അപ്പോള്‍ പിന്നെ വേണ്ടന്നുവയ്ക്കാന്‍ പറ്റുമോ. പിന്നെ കണക്കില്‍കാണിക്കാത്ത സ്വത്ത് ഉണ്ടെന്നും കാണിച്ച് വല്ലവനും സിനിമാറ്റിക്ക് സ്റ്റൈലില്‍ ഊമക്കത്തെഴുതുമ്പോഴോ, അതുമല്ലെങ്കില്‍ ഹരിച്ചും ഗുണിച്ചും പിന്നെ കൂട്ടിയും കിഴിച്ചും ഒരു എത്തും പിടിയും കിട്ടാതാവുമ്പോള്‍ ആദായനികുതി ഗുമസ്ഥന്‍മാര്‍ തന്നെ ഇറങ്ങിത്തിരിക്കും. ദുബയില്‍ ബുര്‍ജ് ഖലീഫയില്‍ ഫ്‌ലാറ്റ് വാങ്ങിയപ്പോഴെ എന്‍ഫോഴ്‌സ്‌മെന്റ് ഏമാന്‍മാര്‍ നോട്ടമിട്ടിരിക്കുകയായിരുന്നു മോഹന്‍ലാലിനെയത്രെ, പിന്നെ അസംഖ്യം വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍, പരസ്യചിത്രങ്ങള്‍, തല്ലിപ്പൊളി ചിത്രങ്ങള്‍, അവയുടെ സാറ്റലൈറ്റ്- ഓവര്‍സീസ് അവകാശം തുടങ്ങി ദേ വരുന്നു പിന്നെയും കുറെ കാശ്. തീര്‍ച്ചയായും ഇതൊക്കെ ചോദ്യം ചെയ്യപ്പെടും. ഒരു ചായക്ക് 5 രൂപകൊടുക്കുന്നതിന്റെ പാട് നമുക്കേ അറിയൂ. അപ്പോഴാണ് ഇവന്‍മാര്‍ ഒരു പഴംപൊരിക്ക് (അതിന്റെ നീളവും വിസ്തീര്‍ണവും നിലവില്‍ ഇവിടെ ലഭിക്കുന്ന പഴംപൊരിയുടെ അത്രതന്നേയുള്ളൂ) ഒന്നിന് 45 രൂപ വെച്ച് വിറ്റ് കാശാക്കി അവന്റെയൊക്കെ രഹസ്യ നിലവറകള്‍ നിറയ്ക്കുന്നത്. അവന്‍മാര്‍ക്ക് ഇതു തന്നെ വരണം. കോടിക്കണക്കിന് അനധികൃത സമ്പാദ്യമുണ്ടത്രെ മോഹന്‍ലാലിനും മമ്മുട്ടിക്കും. (ഏതായാലും ശ്രീ പദ്മനാഭസ്വാമിയുടെ അത്രയ്ക്കും വരില്ലാ എന്നു പ്രതീക്ഷിക്കാം)
സത്യം പറഞ്ഞാന്‍ ഇവന്‍മാരുടെ വീട്ടില്‍ നിന്ന് എന്തൊക്കെ പിടിച്ചാലും പാവപ്പെട്ട നമുക്കൊന്നും ഒരു ചുക്കുമില്ല. ഇതൊക്കെ കണ്ടും വായിച്ചും ഒരു മോഹന്‍ലാല്‍- മമ്മുട്ടി കോമഡി ത്രില്ലര്‍ കണ്ടപോലെ സായൂജ്യപ്പെടാം എന്നല്ലാതെ എന്താക്കാനാ. അല്ലെങ്കിലും ഒരു കലാകാരന്‍ സാമൂഹികപ്രതിബദ്ധതയുള്ളയാളാവണം എന്നൊന്നും എവിടെയും എഴുതിവച്ചിട്ടില്ലല്ലോ. സ്വന്തം നിലനില്‍പ്പിനു വേണ്ടി ഇത്തിരി കാശു മറ്റും നീക്കിവച്ചതില്‍ തെറ്റൊന്നും പറയാനില്ല. വയസ്സാം കാലത്ത് വിഘ്‌നങ്ങളൊന്നും കൂടാതെ കഴിയാന്‍ ഈ പണം ഉപയോഗിക്കാമെന്നു മാത്രമേ നമ്മുടെ പാവം സൂപ്പര്‍സ്റ്റാറുകള്‍ വിചാരിച്ചിട്ടുണ്ടാവുകയുള്ളൂ. എന്തുചെയ്യാം വേദനിക്കുന്ന കുറേ കോടീശ്വരന്‍മാരായിപ്പോയി നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍. പിന്നെ നമുക്കെന്താതാല്‍പ്പര്യം എന്നുചോദിച്ചാല്‍, ഉം, ഒന്നൂല്ല്യാന്നേ!


5 comments:

Sherin said...

Great post and well done!!!!

rahman said...

ശ്ശോ... വല്ലാത്ത കഷ്ടം തന്നെ... ഈ ഭാവി കോടീശ്വരിയുടെ കുശുമ്പ്.....

Ambika said...

paavam vedanikkunna kodiswaranmaar

FAIR WITHOUT FEAR said...

ushaaaarrrrr......

FAIR WITHOUT FEAR said...
This comment has been removed by the author.