Tuesday, August 25, 2009

യാ അല്ലാഹ്‌..

കൈയിലെടുത്ത കാരക്കയ്‌ക്കും നുണഞ്ഞിറക്കിയ നാരങ്ങാവെള്ളത്തിനുമൊപ്പം മനസ്സ്‌ പറഞ്ഞു........ബിസ്‌മില്ലാഹി... അടഞ്ഞ കണ്ണില്‍ നിറയെ കണ്ണാതളിയും, ശംഖുപുഷ്‌പവും, തകരപ്പൂവുമാണ്‌. മുറ്റത്ത്‌ താല്‍ക്കാലികമായി നിര്‍മിച്ച മണ്‍ത്തിട്ടയില്‍ ചാണകംമെഴുകി അതില്‍ നിറയെ പൂക്കള്‍ നിരത്തിവച്ച പെണ്‍കുട്ടി. ഓണപരീക്ഷയുടെ അവസാനദിവസം അടുത്തുള്ള പാടങ്ങളില്‍ നിന്ന്‌ ചാമ പറിക്കാന്‍ ചേച്ചിയോടൊത്ത്‌ പോവുമ്പോള്‍ നീര്‍ക്കോലിയും തവളയും അതിഭീകരന്‍മാരായിരുന്നു അവള്‍ക്ക്‌. കറുത്ത ചാമയും പച്ച നിറത്തിലുള്ള ചാമയും പിറ്റേന്ന്‌ പൂക്കളം നിറയ്‌ക്കാനുള്ളതാണ്‌. വലിച്ചാലും പറിച്ചാലും പോരാത്ത ചാമത്തണ്ട്‌, വെള്ളത്തിലേക്ക്‌ കാലുതെന്നാതെ ആഞ്ഞു വലിക്കുമ്പോള്‍ ഉരിഞ്ഞ്‌ വരുന്ന ചാമത്തരികള്‍ വെള്ളത്തില്‍ ചിതറിവീഴാതെ നോക്കണം. ചിലപ്പോള്‍ തങ്ങളെക്കാള്‍ കൂടുതല്‍ രാഗിക്കും സുരേഷിനുമൊക്കെകിട്ടുമ്പോള്‍ പെണ്‍കുട്ടിയുടെ കൈയിലെ ചാമയരിക്ക്‌ ചുവപ്പ്‌ നിറം. നാളെ വിരിയാനുള്ള മൊട്ടുകള്‍ ഇന്നുതന്നെ പറിച്ചുവയക്കണം. സ്വന്തം മുറ്റത്തെ ചെമ്പരത്തിപോലും ഓണക്കാലത്ത്‌ അന്യരുടേതാണ്‌ പോലും. രാവിലെ ഏണീറ്റ്‌ ഇറുത്ത്‌ പൂവിടാം എന്നുകരുതിയാല്‍ തെറ്റി. അത്‌ അവര്‍ കൊണ്ടുപോയിക്കാണും. പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ആ മുഖങ്ങള്‍ക്ക്‌ പവന്‍ തിളക്കമാണ്‌.
ഉണ്ണ്യൂട്ടേട്ടന്റെ വീട്ടിലെ മുല്ലപടര്‍ന്നുകയറിയ മാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടാനുള്ള ഊഴത്തിനായി കാത്തുനില്‍ക്കുകയാണ്‌ പെണ്‍കുട്ടി. വേനലാവധിയില്‍ ഉണ്ണ്യൂട്ടേട്ടന്റെ വീട്ടിലെ മുല്ല നിറയെ പൂക്കും. സുജിക്കും അനുജത്തിക്കും അവകാശപ്പെട്ട മുല്ലപ്പൂക്കള്‍, അവയെല്ലാം കോര്‍ത്ത്‌ കെട്ടി പെണ്‍കുട്ടി തന്റെ കഴുത്തറ്റം മാത്രമുള്ള മുടിയിലൂടെ നീട്ടിയിടുന്നു. വധുമായി പെണ്‍കുട്ടി. തലയിളകിയാടുന്ന പാവകുട്ടിയുടെ അമ്മ. ഊഞ്ഞാലില്‍ ആടാനുള്ള ഊഴം ഇനിയും ആവാത്തതിനാല്‍ അവള്‍ക്ക്‌ സങ്കടം വരുന്നുണ്ടായിരുന്നു. ഇവിടെയും സുരേഷും രാഗിയും, സുഷമയും എല്ലാവരുമുണ്ട്‌ വരിയില്‍. അവര്‍ പിണങ്ങിയാല്‍ പെണ്‍കുട്ടിക്ക്‌ സഹിക്കില്ല. അതുകൊണ്ടാ അവള്‍ സങ്കടം തൊണ്ടയില്‍ ഒതുക്കിയത്‌.
അടുത്ത പറമ്പിലെ വാഴത്തോട്ടത്തില്‍ നിന്ന്‌ മുറിച്ചെടുത്ത നാക്കിലയില്‍ ഓണത്തിന്‌ അമ്മ വിളമ്പുന്ന കുത്തരിച്ചോര്‍. സ്‌കൂള്‍ വിട്ട്‌ വന്ന്‌ പെണ്‍കുട്ടിയും അമ്മയും, ചേച്ചിയും,അമ്മൂമയും ചുമന്ന്‌ മെതിച്ചെടുത്ത കറ്റയില്‍ നിന്നടര്‍ന്ന മണികളാണ്‌. അവയ്‌ക്കൊപ്പം കൂട്ടാന്‍ എന്തിനാ എട്ടുകൂട്ടം. ഉപ്പു മാത്രം മതി. ചോറുവാരിത്തിന്നുമ്പോള്‍ പാടത്ത്‌ താന്‍ കണ്ട ഞൗനിമുട്ടകളെക്കുറിച്ചായിരുന്നിരിക്കാം അവള്‍ ഓര്‍ത്തത്‌. അവയെപ്പിടിക്കാന്‍ നോക്കിയപ്പോഴാണ്‌ പെണ്‍കുട്ടിയുടെ ഓണക്കോടിയില്‍ ചേറ്‌ പുരണ്ടതും അമ്മ വഴക്ക്‌ പറഞ്ഞതും. അവള്‍ക്ക്‌ ആകെയുണ്ടായിരുന്ന നല്ല ഉടുപ്പായിരുന്നു അത്‌.അമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മനസ്സുപിടഞ്ഞു. കൈയിലെടുത്ത്‌ ഈന്തപ്പഴവും, നാരങ്ങാവെള്ളവും തൊണ്ടയില്‍ നിന്നിറങ്ങിയില്ല. അവള്‍ പ്രാര്‍ത്ഥിച്ചു, യാ അല്ലാഹ്‌ ...

5 comments:

Love Jihad said...

എല്ലാ പ്രേമങ്ങളുടെയും സംഗമ സ്ഥാനത്തിലേക്ക്‌....
എല്ലാ സ്‌നേഹങ്ങളുടെയും കേദാര ഭൂമിയിലേക്ക്‌...
ഈറനണിഞ്ഞ മിഴികളാല്‍ കയറി വന്ന്‌,
ഈത്തപ്പഴത്തിന്റെ മാധുര്യം നുണഞ്ഞ
പ്രിയ സഖീ,
ഇലാഹിന്റെ സവിധത്തിലേക്ക്‌
നിനക്ക്‌ സ്വാഗതം.....

Ambika said...

the autobiography of an inbetween sub-editor ;)

perakka said...

കൂട്ടുകാരീീീീീീീീ, എനിക്കുമുണ്ടായിരുന്നു ഓണനിലാവുപോലെയുള്ളൊരോണക്കാലം. പൂക്കൊട്ടയുമായി കൂട്ടുകാര്‍ പൂപ്പറിക്കാന്‍ പോവുന്നത്‌ കാണുമ്പോള്‍ അതുപോലൊരെണ്ണം എനിക്കും വേണമെന്നു പറഞ്ഞ ബാല്യകാലം. സിനിമാക്കഥകള്‍ പറഞ്ഞ്‌, കൂട്ടുകോരോട്‌ കടം വാങ്ങി കഴുത്തില്‍ തൂക്കിയ പൂക്കൊട്ടയില്‍ ഇളം റോസ്‌ നിറമുള്ള മുള്ളിന്‍ പൂവും മുക്കുറ്റിയും തുളസിയും ഇറുത്തെടുത്ത്‌ നേരം വൈകുന്നതറിയാതെ......പിന്നെ വീട്ടിലെത്തുമ്പോള്‍ നിറയെ ചീത്തയാണ്‌. ആ പൂക്കളുടെ മാധുര്യത്തിന്‌ മുന്നില്‍ വഴക്കിന്റെ കാഠിന്യം നേര്‍ത്തു പോവും .കരി മെഴുകിയുണ്ടാക്കിയ പൂത്തറ മഴയില്‍ ഒലിച്ചു പോവാതിരിക്കാന്‍ കാലന്‍ കുടയെടുത്തു ചൂടിക്കൊടുത്തതും.. എല്ലാം ഇന്നലെയെന്നപോലെ........ നൊസ്‌റ്റാള്‍ജിയ സമ്മാനിക്കുന്ന എഴുത്തുകുത്തുകള്‍ വീണ്ടും എഴുതുക.....

Saritha said...

നിനക്കും എനിക്കും ഒരോ പൂത്തറ, പൂക്കൂട, മഴയെ പറ്റിക്കാന്‍ കാലന്‍കുട..ബാല്യം എത്ര വേഗമാ തീര്‍ന്നത്‌ അല്ലേ ജസി. ഓര്‍മകളില്‍ നമുക്കവയെ തേടിപ്പോവാം, ഇരുട്ടുന്നതുവരെ പറിച്ചെടുക്കാം, കൊതിതീരുന്നതുവരെ ചാണകം തേച്ച പുത്തറയില്‍ അവയെ ഒരുക്കിവയ്‌ക്കാം...ഇനിയും ഒരു ബാല്യത്തിനായി കാത്തിരിക്കാം

സ്‌പന്ദനം said...

ഈന്തപ്പഴവും നാരങ്ങാവെള്ളവും കൈയിലെടുത്തപ്പോള്‍ ഓടിയൊളിച്ച മനസ്സ്‌ ബാല്യകാലത്തിന്റെ ഓര്‍മകളില്‍ പരതുമ്പോള്‍ ഞാന്‍ അടുത്തവരികളെന്തായിരിക്കുമെന്ന കൗതുകത്തിലായിരുന്നു.
പലപ്പോഴും നിനയ്‌ക്കാത്തതാണു സംഭവിക്കുന്നതല്ലേ... ബാല്യത്തിന്റെ നിറംമങ്ങാത്ത ഓര്‍മകളാണ്‌ നമ്മെ നയിക്കുന്നത്‌. മുതിരുംതോറും ബാല്യത്തിലേക്കു മടങ്ങാന്‍ കൊതിക്കുന്നതെന്തുകൊണ്ടായിരിക്കാം.. കെട്ടുപാടുകളുടെ സമ്മര്‍ദ്ദമില്ലാത്ത നിഷ്‌കളങ്കമായ ജീവിതമായിരിക്കാം എല്ലാവരും ഇഷ്ടപ്പെടുന്നത്‌. നഷ്ടവസന്തത്തിലേക്ക്‌ നടത്തിയ ആ തിരിഞ്ഞുനോട്ടത്തിലൂടെ എല്ലാം പറഞ്ഞിരിക്കുന്നു. നന്മകള്‍ കൊയ്യുന്ന പൂന്താട്ടമാവട്ടെ ജീവിതം. ഈന്തപ്പഴത്തിന്റെയും നാരങ്ങാവെള്ളത്തിന്റെയും മധുരത്തിനൊപ്പം ജീവിതവും മധുരമൂറുന്നതാവട്ടെയെന്നാശംസിക്കുന്നു.