Saturday, August 1, 2009

യെ ദോസ്‌തി... ഹം നഹീ തോഡേങ്കെ


``യെ ദോസ്‌തി... ഹം നഹീ തോഡേങ്കെ

തോഡേങ്കെ ദം മഗര്‍ തേരാ സാത്ത്‌ നാ ഛോഡേങ്കേ...''1975ലാണത്‌. ഉറ്റ ചങ്ങാതിമാരായ വിരൂവും ജയും സൗഹൃദത്തിന്റെ അന്നുവരെ കേട്ടിട്ടില്ലാത്ത ഈണവുമായി അഭ്രപാളിയില്‍ നിന്നു നമ്മുടെയൊക്കെ മനസ്സിലേക്ക്‌ ഇറങ്ങിവന്നത്‌ ആ വര്‍ഷം ആഗസ്‌ത്‌ 15നാണ്‌. ഇന്ത്യയിലൊട്ടാകെയുള്ള നൂറോളം തിയേറ്ററുകളില്‍ സില്‍വര്‍ ജൂബിലി പിന്നിട്ടു നൂറ്റാണ്ടിന്റെ സിനിമ എന്ന ഖ്യാതി നേടിയ `ഷോലെ' അഗാധ സൗഹൃദത്തെക്കുറിച്ചു പറഞ്ഞുതന്ന സിനിമയാണ്‌. അതിനുശേഷം ഇന്നും എന്നും സൗഹൃദം എന്നു കേട്ടാല്‍ ഈ ഗാനം മൂളാത്തവര്‍ വിരളമായിരിക്കും. അത്ര എളുപ്പമൊന്നം മറക്കുന്ന ഒന്നല്ല ആ ഗാനം. വിരൂ എന്ന ധര്‍മേന്ദ്രയുടെയും ജയ്‌ എന്ന അമിതാഭ്‌ബച്ചന്റെയും സൗഹൃദം സ്‌ക്രീനില്‍ മാത്രമല്ല ഓഫ്‌ സ്‌ക്രീനിലും അനുകരണീയമായ ഒന്നായി നിലനില്‍ക്കുന്നു.


വര്‍ഷത്തില്‍ 365 ദിവസവും ഏതെങ്കിലുമൊക്കെ ആഘോഷം കൊണ്ടാടുന്നത്‌ നമ്മുടെ ശീലമായിരിക്കുകയാണ്‌. അതനുസരിച്ച്‌ ഇന്നു ലോക സൗഹൃദദിനമാണ്‌. പിസാ ഹട്ടുകളിലെയും കോഫി ഡേകളിലെയും സായന്തനങ്ങളില്‍ അഭിരമിക്കുന്ന, ബന്ധങ്ങളുടെ കെട്ടുറപ്പ്‌ ആര്‍ചീസിന്റെയും ഹോള്‍മാര്‍ക്കിന്റെയും കാര്‍ഡുകളിലാണെന്നു വിശ്വസിക്കുന്ന ജനറേഷന്‍ നെക്‌സ്‌റ്റിന്‌ ആഘോഷിച്ചു തള്ളാന്‍ മറ്റൊരു കാരണം കൂടിയാണ്‌ സൗഹൃദദിനം അഥവാ ഫ്രണ്ട്‌ഷിപ്പ്‌ ഡേ. ആഗസ്‌തിലെ ആദ്യ ഞായര്‍ എന്തിനാണ്‌ സൗഹൃദദിനമായി കൊണ്ടാടുന്നത്‌ എന്നുപോലും തിരിച്ചറിയാതെയാണ്‌ നമ്മില്‍ പലരും ഫ്രണ്ട്‌ഷിപ്പ്‌ ബാന്റുകള്‍ വാങ്ങിയും സ്‌നേഹസന്ദേശ കാര്‍ഡുകള്‍ കൈമാറിയും സൗഹൃദത്തെ അരക്കിട്ടുറപ്പിക്കുന്നത്‌.


തീര്‍ച്ചയായും സൗഹൃദം ഒരു ആവരണമാണ്‌. ഒഴിഞ്ഞ വയറിനു ഒരുപിടിച്ചോറായി, സ്ലേറ്റ്‌ മായ്‌ക്കാനുള്ള മഷിത്തണ്ടായി, ഉപ്പിലിട്ടതു വാങ്ങാന്‍ നീളുന്ന 25 പൈസാ തുട്ടായി, പറഞ്ഞതുതന്നെ പറയാന്‍ കാത്തിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളായി, പുസ്‌തകങ്ങളായി, സിനിമയായി, പ്രണയമായി, പിണക്കമായി, ജീവിതാസ്വാസ്ഥ്യങ്ങളില്‍ ഒരു സാന്ത്വന സ്‌പര്‍ശമായി, ഏതു ഘട്ടത്തിലും എത്ര പ്രയാസപ്പെട്ടാലും പരസ്‌പരം സഹായമായി `ചങ്ങാതി' നമ്മുടെ ജീവിതത്തെ ആവരണം ചെയ്യുന്നു. ഫ്രഞ്ച്‌ സാഹിത്യകാരന്‍ ആല്‍ബര്‍ട്ട്‌ കമുവിന്റെ വാക്കുകള്‍ ഓര്‍ക്കാം.


``എനിക്കു മുന്നില്‍ നീ നടക്കരുത്‌,

എനിക്കു നിന്നെ പിന്തുടരാനാവില്ല.

എനിക്കു പിറകിലും നീ നടക്കരുത്‌,

എനിക്കു നിന്നെ നയിക്കാനറിയില്ല.

നീ എന്നോടു ചേര്‍ന്ന്‌, എനിക്കൊപ്പം നടക്കണം

എന്റെ സുഹൃത്താവണം.''സുഹൃത്തിന്റെ സ്ഥാനം മുമ്പിലോ പിറകിലോ അല്ല. അതു നമുക്കൊപ്പമാണ്‌. അതുകൊണ്ടു തന്നെയാണ്‌ ഈ ബന്ധം മറ്റെല്ലാറ്റില്‍നിന്നും അമൂല്യമെന്നു പറയുന്നത്‌. മനുഷ്യന്‍ സാംസ്‌കാരികജീവിതം നയിക്കാന്‍ തുടങ്ങിയതു മുതല്‍ സൗഹൃദമെന്ന ബന്ധത്തെ വിശേഷപ്പെട്ട ഒന്നായിത്തന്നെ കണക്കാക്കിയിരുന്നു, അതു പല നാടോ ടിക്കഥകളിലും മതധാര്‍മിക ഗ്രന്ഥങ്ങളിലും കാണാന്‍ കഴിയും. രണ്ടു സുഹൃത്തുക്കള്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍, കരടി വരുന്നതും മരംകയറാന്‍ അറിയുന്ന സുഹൃത്ത്‌ കയറാനറിയാത്ത സുഹൃത്തിനെ തനിച്ചാക്കി മരത്തില്‍ കയറി രക്ഷപ്പെട്ടതും പാവം മറ്റേ സുഹൃത്ത്‌ മരിച്ചതുപോലെ കിടന്നു കരടിയില്‍ നിന്നു രക്ഷപ്പെട്ടതും നാം സ്‌കൂളില്‍ പഠിച്ചതാണ്‌. അതിലെ ഗുണപാഠവും നാം മറന്നുകാണില്ല. ആപത്തില്‍ സഹായിക്കുന്നവനാണ്‌ ചങ്ങാതി. അങ്ങനെയൊരാളെ പലരും ഈ ദിവസം ഓര്‍ക്കുന്നു


ഒന്നാം ലോകമഹായുദ്ധാനന്തരകാലം. നാടെങ്ങും വിദ്വേഷവും വെറുപ്പും മാത്രം. ജനങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ തമ്മിലും അവിശ്വാസവും ശത്രുതയും തഴച്ചുവളര്‍ന്നു. മറ്റൊരു ലോകമഹായുദ്ധത്തിനു വിത്തു പാകാവുന്ന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്‌. സൗഹൃദവും സ്‌നേഹവും പുനസ്ഥാപിക്കേണ്ട അവസ്ഥ സംജാതമായതോടെയാണ്‌ 1935ല്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌ ഓഫ്‌ അമേരിക്കയുടെ കോണ്‍ഗ്രസ്‌ ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. എല്ലാ വര്‍ഷവും ആഗസ്‌തിലെ ആദ്യ ഞായര്‍ നാഷനല്‍ ഫ്രണ്ട്‌ഷിപ്പ്‌ ഡേ ആഘോഷിക്കണം എന്നായിരുന്നു ആ പ്രഖ്യാപനം. അമേരിക്കയില്‍ മാത്രമല്ല മറ്റെല്ലാ രാഷ്ട്രങ്ങളിലും വളരെ ഹാര്‍ദമായാണ്‌ ആ ആഹ്വാനത്തെ ജനങ്ങള്‍ കൈക്കൊണ്ടത്‌. എന്നാല്‍, എല്ലാ ആഘോഷവും ആ ദിവസം മാത്രം നിലനില്‍ക്കുന്നു എന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ ദുരന്തം. 1945 ആഗസ്‌ത്‌ ആറിനാണ്‌ അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ 9,700 പൗണ്ട്‌ ഭാരമുള്ള യുറേനിയം ബോംബായ `ലിറ്റില്‍ ബോയ്‌' വര്‍ഷിച്ചത്‌. ലക്ഷക്കണക്കിനാളുകള്‍ മരിച്ചുപോയി. അതിനെക്കാളേറെ മുറിവേറ്റവരായി. അതിലും ഭീകരമായിരുന്നു തലമുറകള്‍ തോറും അവര്‍ കൈമാറിക്കൊണ്ടിരിക്കുന്ന റേഡിയേഷന്‍ മൂലമുള്ള ജനിതകവൈകല്യങ്ങള്‍. എല്ലാം ഹിരോഷിമയില്‍ ബോംബ്‌ വര്‍ഷിച്ചതിന്റെ ഫലം. തുടര്‍ന്ന്‌, ആഗസ്‌ത്‌ 9ന്‌ നാഗസാക്കിയില്‍ `ഫാറ്റ്‌മാന്‍' എന്ന പ്ലൂട്ടോണിയം ബോംബും വര്‍ഷിക്കാന്‍ അമേരിക്ക മറന്നില്ല. ലോകത്ത്‌ സൗഹൃദം ഊട്ടിയുറപ്പിക്കണമെന്നു പറഞ്ഞവര്‍ തന്നെയാണ്‌ മറ്റൊരു സമൂഹത്തിനുമേല്‍ ദുരന്തം പാകിയത്‌. നമ്മള്‍ ഓരോരുത്തരും സൗഹൃദദിനം അടിച്ചുപൊളിച്ചാഘോഷിക്കുമ്പോള്‍ ഓര്‍ക്കണം, ഹിരോഷിമയിലും നാഗസാക്കിയിലും ജനങ്ങള്‍ ആയിരം സൂര്യന്റെ താപമുള്ള ഓര്‍മകളാല്‍ വെന്തുരുകുകയാണ്‌. എന്തൊരു വിരോധാഭാസം! അഫ്‌ഗാനിസ്‌താനിലും ക്യൂബയിലെ ഗ്വണ്ടാനമോയിലും ഇറാനിലു മൊക്കെ സ്‌ത്രീകളും കുട്ടികളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും അമേരിക്കന്‍ നയങ്ങള്‍ക്കനുസൃതമായിട്ടാണല്ലോ. അപ്പോള്‍ ആ ക്രൂരതകള്‍ മറയ്‌ക്കാന്‍ സൗഹൃദദിനവും, പ്രണയദിനവുമൊക്കെ അനിവാര്യമാവുന്നു.


പക്ഷെ ഇന്നു കാലം മാറി. ഇതു ജനറേഷന്‍ നെക്‌സ്‌റ്റാണ്‌. തരാന്‍ സ്ലേറ്റ്‌ മായ്‌ക്കുന്ന മഷിത്തണ്ടുകളില്ല, പകരം നിനക്കു ഞാന്‍ എം.എം.എസ്‌ അയക്കാം എന്നുപറയുന്ന കാലം. ഇന്ന്‌ എല്ലാം നയിക്കുന്നത്‌ വിപണിയാണ്‌. അവിടെ സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ നല്ല ഡിമാന്റ്‌ാണ്‌. 1997ല്‍ `വിന്നീ', `ദ പൂ''എന്ന പ്രശസ്‌ത കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൗഹൃദദിനാഘോഷത്തിന്റെ അംബാസഡറായി അമേരിക്കന്‍ കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്തിരുന്നു. മാറിയ സാമ്പത്തികസാഹചര്യങ്ങളാണ്‌ സൗഹൃദദിനത്തിനു നമ്മുടെ രാജ്യത്ത്‌ ഇത്രയും പ്രചാരം ലഭിക്കാന്‍ ഇടയാക്കിയത്‌. സമ്പദ്‌വ്യവസ്ഥ ലോകരാഷ്ട്രങ്ങള്‍ക്കു തുറന്നുകൊടുത്തതോടെ സായിപ്പിന്റെ ആഘോഷങ്ങള്‍ നമ്മുടെയും ആഘോഷമായി. മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ആഘോഷങ്ങളുടെ പേരില്‍ ലാഭങ്ങള്‍ കൊയ്‌തു. കൈവെള്ളയില്‍ പേന കൊണ്ടെഴുതിയിരുന്ന സൗഹൃദങ്ങള്‍ക്ക്‌ എക്‌സ്‌പ്രഷന്‍ കാര്‍ഡുകള്‍ വന്നു . കൂട്ടത്തില്‍ ബര്‍ഗറും കോള്‍ഡ്‌ ഡ്രിങ്കും ഡിസ്‌കോ തെക്കേയും വന്നു നമ്മളും മാറി. ഏതാഘോഷത്തിനും മുമ്പേ വിപണി പുതിയ കാംപയിനുകളിലൂടെ തങ്ങളുടെ ഇരയെ പിടിച്ചുകൊണ്ടിരിക്കും. ഒാര്‍ക്കൂട്ടില്‍ കൂട്ടുകൂടി, ഫെയസ്‌ ബുക്കിലെ മുഖമില്ലാത്ത സൗഹൃദങ്ങളെയും തലോലിച്ച ജീവിക്കുന്ന യുവതയെ ടാര്‍ഗറ്റ്‌ ചെയ്യാന്‍ വിപണിക്ക്‌ യാതൊരു ബുദ്ധിമുട്ടുമില്ല. സുഹൃത്തിന്‌ ആശംസകള്‍ നേര്‍ന്നു സമ്മാനങ്ങള്‍ നേടാന്‍ പ്രേരിപ്പിക്കുന്ന സേവനദാതാക്കള്‍ ജീവിതത്തെ ഒരു ഗിഫ്‌റ്റ്‌ വൗച്ചറോ ഒരു എക്‌സ്‌ചേഞ്ച്‌ ഓഫറോ ആക്കിമാറ്റുന്നു.ഇത്തരത്തില്‍ മൊബൈല്‍-ഇന്റര്‍നെറ്റ്‌ ചതിയില്‍പ്പെടുന്നവര്‍ നിരവധിയാണ്‌. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. അതിനിടയില്‍ ചോര്‍ന്നുപോവുന്നത്‌ പരിശുദ്ധമായ ബന്ധങ്ങളാണ്‌.


ഇനിയുള്ള കാലങ്ങളിലും ചങ്ങാതിയും ചങ്ങാത്തവും നിലനില്‍ക്കും. സ്‌ക്രീനില്‍ വിരൂവും ജയും ആത്മാര്‍ഥമായ സൗഹൃദത്തിന്റെ ഈണത്തില്‍ നമ്മെ പ്രലോഭിപ്പിച്ചു കൊണ്ടുമിരിക്കും. കാരണം, അഭ്രപാളികള്‍ നശിക്കുന്നില്ലല്ലോ? സൗഹൃദവും.

7 comments:

Typed with the Middle Finger said...

enikkisthapettu. i like ur writing style babe. colum writtingil ninakku valla bhaviyum undo ennuu bhoothakkanadi vachu nokkki kurachu panam undakkan nokku chakkare

മാംഗ്‌ said...

ശക്തമായ ഭാഷ നല്ല ശൈലി. ഒരു പത്രപ്രവർത്തകയുടെ കൈയ്യടക്കം പക്ഷെ എന്തുകൊണ്ടാണു വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെടതെ പോയതു എന്നെനിക്കു മനസ്സിലാകുന്നില്ല. അല്ലെങ്കിൽ ഇത്രയും നല്ല ഒരു ലേഖനത്തിനു പ്രതികരണങ്ങളില്ലതെ പോകുമൊ ബൂലോകത്തു നിന്നു.

വരവൂരാൻ said...

വൈകിപോയി ഇതു വായിക്കാൻ...നല്ല ശൈലി..നല്ല അവതരണം ആശംസകൾ

perakka said...

ശരിയാണ്‌ സൗഹൃദം ഒരാവരണമാണ്‌. നമുക്ക്‌ ദുഖം വരുമ്പോള്‍ പൊതിഞ്ഞുപിടിക്കാനും സന്തോഷം വരുമ്പോള്‍ പങ്കുവയ്‌ക്കാനും സൂഹൃത്തുക്കളില്ലെങ്കില്‍ ......... കൂട്ടുകാര്‍ക്ക്‌ തുല്യം കൂട്ടുകാര്‍ മാത്രമാണ്‌ സരീ.,,,,,,പൊട്ടിയ സ്ലേറ്റും മഷിത്തണ്ടുകളും നിറഞ്ഞ കാലത്തേക്ക്‌ കൊണ്ടുപോയതിന്‌ നന്ദി.........

saritha said...

well,thank you all for your comments.ammu its already been published in our sunday suppliment on friendship day.Mang,and sunil varvooran thanks,its really good to read your comments which help pep up my spirts.

my dear perakka, there are few feelings that runs thicker than boold, for me a friend is one among that.its really good to have a friend like you.

Hari said...

സരിത...
തീര്‍ച്ചയായും..സൌഹൃതം ഈ ആസുരകാലത്ത് അനിവാര്യമായ ഒന്നാണ് ,,പക്ഷെ സ്വയം ചില ചോദ്യങ്ങള്‍ നമുക്ക് ചോദിക്കേണ്ടിവരും,,,,നമുക്ക് എത്രപേരുടെ നല്ല സുഹൃത്ത്‌ ആവാന്‍ കഴിഞ്ഞിട്ടുണ്ട് ..? ആത്മാര്‍ത്ഥമായി ചേര്‍ത്തുവെക്കാന്‍ നമുക്ക് എത്ര സുഹൃത്തുക്കള്‍ ഉണ്ട്,,?
ഇന്ന് ഇത് വളരെ ഗൌരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്,,,വളരെ നല്ല രീതിയില്‍ ഇത് അവതരിപ്പിക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട് ,,,ഒരായിരം ഭാവുകങ്ങള്‍...hari,

sheena hashim said...

edee saritha kutiye you too budhoos...badakoos....double dunkas...