Tuesday, May 19, 2015

ഒരു തണല്‍മരമായി അമ്മ

ഒരു സ്ത്രീ അവളുടെ സ്വന്തം അമ്മയെ പൂര്‍ണ അര്‍ഥത്തില്‍ തിരിച്ചറിയുന്നത് അവളൊരു അമ്മയാവുമ്പോഴാണ്. തന്നെ താനാക്കാന്‍ അമ്മ നേരിട്ട വേദനകളെയും സങ്കടങ്ങളെയും അന്നായിരിക്കും ഒരു സ്ത്രീ സ്വയം അനുഭവിച്ചറിയുന്നത്. ഒരമ്മയാവാന്‍ തയ്യാറായപ്പോള്‍ മുതല്‍ ഞാന്‍ എന്റെ അമ്മയെ എന്റെ ആത്മാവിനോളം ആഴത്തില്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ആ പദത്തിന് പകരംവയ്ക്കാന്‍ യഥാര്‍ഥത്തില്‍ ഈ ലോകത്ത് മറ്റൊരു വാക്കും ഇല്ല എന്ന സത്യവും ഇപ്പോള്‍ എനിക്കറിയാം. ജീവിതത്തില്‍ ഞാന്‍ നേരിട്ടനുഭവിച്ചറിഞ്ഞ ശക്തയായ സ്ത്രീ അവരാണ്; എന്റെ അമ്മ. പട്ടാളത്തില്‍ ജോലിയുള്ള അച്ഛന്റെ ശമ്പളം വരാന്‍ അമ്മ കാത്തുനിന്നിട്ടില്ല. വീട്ടുപണിയെടുത്തും പാടത്ത് നെല്ലുകൊയ്തും കറ്റമെതിച്ചും ഒക്കെയാണ് അമ്മയും ഞങ്ങളും ജീവിച്ചത്. ഓരോ വീട്ടില്‍ പണിക്കു പോകുമ്പോഴും ഞങ്ങളെയും കൂട്ടും അമ്മ, അവിടുന്നു കിട്ടുന്ന ഭക്ഷണം തരാന്‍. മറ്റു വീടുകളില്‍ അമ്മമ്മയുടെ കൂടെ കൊച്ചുകൊച്ചു വീട്ടുപണികള്‍ ചെയ്തിരുന്ന ഞങ്ങളെ സ്വന്തം വീട്ടില്‍ ഒന്നും ചെയ്യാന്‍ അമ്മ സമ്മതിച്ചിരുന്നില്ല. ഞങ്ങള്‍ ക്ഷീണിച്ചിട്ടാവും വന്നിരിക്കുന്നത് എന്ന് അവര്‍ക്കറിയാമായിരുന്നു.ഒരു ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു ഞങ്ങളുടെ സന്തോഷങ്ങളെയെല്ലാം അകറ്റിയ ആ അപകടം. ഒല്ലൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അമ്മയുടെ വലതു കൈ നഷ്ടപ്പെട്ടു. ലോറിയുടെ ക്ലീനര്‍ മദ്യപിച്ചു വണ്ടിയോടിച്ച് ബസ്സില്‍ ഇടിക്കുകയായിരുന്നു. ബോധമില്ലാതെ അരമണിക്കൂര്‍ ഒല്ലൂരെ ചീരാച്ചി വളവിലുള്ള ഡേവിസ് തിയേറ്ററിനുമുന്നില്‍ കിടന്ന അമ്മയുടെ അറ്റുവീഴാറായ വലുതു കൈയിലെ കറുത്ത സ്ട്രാപ് വാച്ച് പോലും ആരോ അഴിച്ചുകൊണ്ടുപോയിരുന്നു. അമ്മയെ ആശുപത്രിയിലാക്കാന്‍ അപകടത്തില്‍ പരിക്കേറ്റ അച്ഛന്‍ അപ്പോള്‍ നിലവിളിച്ചലയുകയായിരുന്നു. പിന്നെ ആറുമാസം കൊച്ചിയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ ചികില്‍സ. ഒരു വര്‍ഷം പൂനെയില്‍ മിലിട്ടറി ആശുപത്രിയില്‍. അമ്മയുടെ സാന്നിധ്യമില്ലാത്ത നീണ്ട ഒന്നരവര്‍ഷം. അപകടത്തിന്റെ ആഘാതവും അമ്മയ്ക്കുണ്ടായ നഷ്ടത്തിന്റെ ആഴവും അന്നറിയില്ലായിരുന്നു. എങ്കിലും അമ്മയും അച്ഛനും അടുത്തില്ലെന്ന ഓര്‍മയില്‍ സങ്കടം വന്ന് ശ്വാസംമുട്ടിക്കുന്ന വിധം തൊണ്ടയില്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. തലമുടികെട്ടാത്തതിന്, പാവാട ശരിക്കും പിന്‍ കുത്തിവയ്ക്കാത്തതിന് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്ക് അക്കാലത്ത് ടീച്ചര്‍മാരുടെ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. അവര്‍ക്കറിയില്ലല്ലോ എന്റെ വീട്ടില്‍ അമ്മയില്ലെന്നും അവര്‍ ചികില്‍സയിലാണെന്നും. അമ്മ വന്നു കണ്ണെഴുതിത്തരണമെന്നോ ചോറു വാരിത്തരണമെന്നോ ആഗ്രഹമില്ലായിരുന്നു. അമ്മയെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു മാത്രമാണ് അന്നേരം ഞാന്‍ ആശിച്ചത്. പോസ്റ്റ് ചെയ്യാന്‍ അറിയാത്തതിനാല്‍ അന്ന് ഞാന്‍ അമ്മയ്‌ക്കെഴുതിയ ഒരു കത്ത് പിന്നീട് പുസ്തകത്താളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 'അമ്മ വെക്കം വരണം.' അന്ന് വേഗം എന്നതിനു പകരം വെക്കം എന്നെഴുതിയതിന് എല്ലാവരും എന്നെ കളിയാക്കിയപ്പോള്‍ ഒരുപക്ഷേ, അമ്മയുടെ ഉള്ളു പിടഞ്ഞിട്ടുണ്ടാവും. ഒന്നര വര്‍ഷത്തിനു ശേഷം അമ്മ വീട്ടില്‍ വന്ന ദിവസം എനിക്കിന്നും ഓര്‍മയുണ്ട്. ഒരു ഭാഗം നഷ്ടപ്പെട്ട അമ്മ. അവരുടെ യൗവ്വനത്തിന്റെ ഏറ്റവും മനോഹരമായ കാലത്താണ് അവര്‍ വികലാംഗയായിരിക്കുന്നത്. അന്ന് ഈ ചിന്ത എന്നെ അലട്ടിയിരുന്നില്ല. അമ്മയോടൊപ്പം വന്നിരിക്കുന്ന പുതിയ സാമഗ്രിയിലായിരുന്നു ഞങ്ങള്‍ മക്കളുടെ ശ്രദ്ധ. ഒരു വെപ്പുകൈ. വീട്ടില്‍ വരുന്ന വികൃതിക്കുട്ടികളെ ഞങ്ങള്‍ അതുകാട്ടി പേടിപ്പിച്ചുകൊണ്ടിരുന്നു. അച്ഛന്‍ വരുന്നവര്‍ക്കൊക്കെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുത്ത് വാചാലനായി. അമ്മ ഒരു സങ്കടമഴയായി. കാലം എല്ലാ മുറിവുകളെയും വേദനകളെയും അകറ്റും. പക്ഷേ, കാലം ചെല്ലും തോറുമാണ് ഞങ്ങള്‍ മക്കളുടെ സങ്കടം ഏറിയത്. നഷ്ടപ്പെടലുകളെക്കുറിച്ച് തിരിച്ചറിവുണ്ടാവാന്‍ തുടങ്ങിയതോടെയാണ് അമ്മയുടെ സങ്കടം മനസ്സിലായത്. ഞങ്ങളുടെ വീട്ടില്‍ ആദ്യമായ് ഒരു കുഞ്ഞുണ്ടായപ്പോഴാണ് തനിക്ക് കൈയില്ല എന്നതിന്റെ പേരില്‍ അമ്മയൊന്നു കരഞ്ഞത്. അവനെ എടുക്കാനാവാതെ, കുളിപ്പിക്കാനാവാതെ, കണ്ണെഴുതി, ഉടുപ്പിടീക്കാനാവാതെ അമ്മ തേങ്ങിയിട്ടുണ്ട്. ജീവിതം പിന്നെയും അമ്മയെ തോല്‍പ്പിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ കാന്‍സറിന്റെ രൂപത്തിലും.16ാം വയസ്സില്‍ വിവാഹം കഴിച്ച് അയക്കപ്പെട്ടപ്പോഴോ നാലു മക്കളുടെ അമ്മയായിരിക്കെ 32ാം വയസ്സില്‍ ഒരു ബസ്സപകടത്തില്‍ വലതു കൈ മുട്ടിനു മേലെ നഷ്ടപ്പെട്ടപ്പോഴോ പിന്നീട് കാന്‍സര്‍ ബാധിച്ചപ്പോഴൊ അനുഭവിച്ച വേദനയേക്കാള്‍ മേലെയായിരുന്നു അവര്‍ എനിക്ക് മുന്നില്‍ തോറ്റു തന്നപ്പോള്‍ അനുഭവിച്ചിരിക്കുക എന്ന് എനിക്കിപ്പോള്‍ അറിയാനാവുന്നുണ്ട്. പിന്നീട് എനിക്കൊരു മോന്‍ പിറന്ന നിമിഷം എത്ര സ്‌നേഹത്തോടെയും കരുതലോടെയുമാണ് ഒരമ്മ തന്റെ കുഞ്ഞിനെ നെഞ്ചോടേറ്റുന്നത് എന്ന തിരിച്ചറിവില്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തോന്നിയിട്ടുണ്ട്. ഇന്ന് ജീവിതത്തില്‍ ഞങ്ങള്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് അമ്മ അറിയാതെ തന്നെ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന കരുത്തും ഊര്‍ജവും കൊണ്ടാണ്. പ്രതിസന്ധികളില്‍ ഒരിക്കല്‍പോലും തളരാതെ അമ്മ ഞങ്ങള്‍ക്ക് കൂട്ടായി, തണലായി നിന്നു. നിറയെ ശാഖകളും ഇലകളുമുള്ള ഒരു തണല്‍മരമായി.


മാതൃദിനത്തില്‍
തേജസ് ആഴ്ചവട്ടത്തില്‍ വന്നത്‌
         

1 comment:

Cv Thankappan said...

അമ്മ നല്‍കുന്ന സ്നേഹസ്പര്‍ശത്തിന്‍റെ
നിര്‍വൃതി ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍