Saturday, October 22, 2011

അടുത്ത കൂട്ടുകാരി അമ്മയാകുമ്പോള്‍!

അമ്മയാകുന്നതിന്റെ വേദന എനിക്കറിയില്ല പക്ഷെ അമ്മയെപോലെ ആയിരിക്കുന്നതിന്റെ സുഖമറിയാം. അമ്മയാവുന്നത് തീര്‍ച്ചയായും ഭൂമിയിലെ ഏറ്റവും മനോഹരമായ അതു തന്നെ. എന്നാല്‍ ഒരു കൂട്ടുകാരി അമ്മയാകുമ്പോള്‍ ഒരു കൂട്ടുകാരിക്ക് നഷ്ടപ്പെടുന്നത് നല്ലൊരു കൂട്ടുകാരിയെയാണ്.

അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ചില കൂട്ടുകാരികള്‍ അപ്രതീക്ഷിതമായി അമ്മമാരായത്. ആദ്യം അമ്മയായവള്‍ ഒരു കവയിത്രിയായിരുന്നു. സൂര്യനു കീഴേയുള്ള എല്ലാതിനെയും സൂര്യനുമുകളിലുള്ള എല്ലാതിനെയും കുറിച്ച് കൃത്യമായി ധാരണയുള്ളവള്‍. ഞങ്ങളുടെ രാത്രികള്‍ പലതും ലൊട്ടുലൊടുക്കു പ്രണയത്തെക്കുറിച്ച് തുടങ്ങി മൂന്നാം ലോകരാഷ്ട്രങ്ങള്‍ നേരിടേണ്ടതായ വെല്ലുവിളികളെക്കുറിച്ച്, മോഹന്‍ലാല്‍- ശ്രീനിവാസന്‍ സിനിമകളെക്കുറിച്ച്, ഇന്ന് കഴിച്ച പഴംപൊരിയുടെ രസക്കൂട്ടിനെക്കുറിച്ച്, പുതിയതായി എഴുതിയ കവിത ചൊല്ലിക്കേള്‍പ്പിച്ചൊക്കയാണ് പലപ്പോഴും അവസാനിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പദപ്രയോഗങ്ങള്‍ പരസ്പരം പറഞ്ഞ് ഞങ്ങള്‍ ആനന്ദിക്കുമായിരുന്നു. സത്യത്തില്‍ അവളൊരു അതികഠിനയായ കൂട്ടുകാരിയായത് അമ്മയായപ്പോഴാണ്.

ബഷീറിന്റെ പ്രേമലേഖനം വീണ്ടും വായിച്ച ഒരു രാത്രിയില്‍ ഞാന്‍ അവളെ വിളിച്ചു. എന്റെ കവയത്രീ! എനിക്കൊന്ന് പൊട്ടിച്ചിരിക്കണം. എനിക്ക് ചിരി സഹിക്കുന്നില്ല. ഈ രാത്രിയില്‍ എനിക്ക് മറ്റൊരു സുഹൃത്തിനെയും വിളിച്ച് പൊട്ടിച്ചിരിക്കാന്‍ പറ്റില്ല.

''നീ ചിരിച്ചോ, പക്ഷെ ഉറക്കെ ചിരിക്കരുത് എന്റെ മോള്‍ എണീക്കും''.
തീര്‍ച്ചയായും ഞാന്‍ എന്റെ ചിരി മറന്നുപോയി. അവളുടെ മോള്‍ എണീറ്റാലോ. ഞാന്‍ എന്റെ ഡുങ്കാസ് കഥകള്‍ അവിടെ അവസാനിപ്പിക്കേണ്ടി വന്നു. അതികഠിനമായ സങ്കടം വരുമ്പോള്‍ ആദ്യം ഓര്‍മവന്നിരുന്ന മുഖം ഈ കൂട്ടുകാരിയുടേതായിരുന്നു. പിന്നീട് ആ മുഖത്തിന് പലരുടേയും ഭാവം വന്നു. അപ്പോഴൊക്കെ ഞാന്‍ ഓര്‍ത്തു, അവള്‍ അമ്മയായതുകൊണ്ടാണ് അല്ലെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നു.

രണ്ടാമത് അമ്മയായവള്‍ ഒരു ടെക്ക്‌നിക്കല്‍ റൈറ്ററായിരുന്നു. അവളുടെ കുഞ്ഞു പുറത്തുവരാന്‍ അവളേ പോലെ ഞങ്ങള്‍ എല്ലാവരും കാത്തിരുന്നു. എങ്ങിനെയിരിക്കും അവളുടെ മുഖം, കുഞ്ഞിക്കാലുകള്‍, കുഞ്ഞിളംകൈകള്‍. ഞാന്‍ ഓര്‍ത്തു, അവളെക്കിട്ടിയാല്‍ അവളുടെ കവിളുകള്‍ ഞാന്‍ പറിച്ചെടുക്കുമെന്നും . ആദ്യമാസം മുഴുവനും കുഞ്ഞ് ഇന്‍ക്യുബേറ്ററിന്റെ നനുത്ത ചൂടില്‍ ചുരുണ്ടുറങ്ങി. ഇപ്പോള്‍ അവള്‍ വലുതാവാന്‍ അവളുടെ അമ്മയെപ്പോലെ ഞാനും കാത്തിരിക്കുകയാണ്. അവള്‍ വലുതാകുമ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കും. ഞാനും അവളുടെ അമ്മയും രാത്രിയില്‍ ആകാശം നോക്കി, കാപ്പിയും കുടിച്ച് കഥകള്‍ പറഞ്ഞിരുന്നതിനെക്കുറിച്ച്, ചിരിച്ചുല്ലസിച്ചതിനെപ്പറ്റി, എങ്ങിനെയാണ് അവള്‍ വന്നപ്പോള്‍ അവളുടെ അമ്മ അവള്‍ എന്ന ലോകത്തേക്ക് മാത്രം ഒതുങ്ങിയത് എന്നൊക്കെ ഞാന്‍ പറഞ്ഞുകൊടുക്കും.

പിന്നീട് അമ്മയായത് ഒരു ജേര്‍ണലിസ്റ്റായിരുന്നു. ഒരുപാട് ഹൃദയരഹസ്യങ്ങള്‍ കൈമാറിയിട്ടുള്ള ഒരു സുഹൃത്ത്. അവള്‍ക്ക് ഉപ്പിലിട്ട നല്ല നെല്ലിക്കയ്ക്ക് വേണ്ടി ഞാന്‍ കോഴിക്കോട് മുഴുവനും അലഞ്ഞു. അവയൊക്കെ കുപ്പിയിലാക്കി യാത്രതുടങ്ങി. അവിടെയെത്തിയപ്പോള്‍ കുപ്പി പൊട്ടിയോ എന്നാണ് ആദ്യം നോക്കിയത്. ഈ ഗര്‍ഭിണികളുടെ കാര്യം ഒരുസംഭവമാണ്. അവര്‍ക്ക് എന്തിനോടാണ് എപ്പോഴാണ് ഇഷ്ടം തോന്നുക എന്നു പറയാനാവില്ല. കുട്ടുകാരിയോടൊപ്പം എനിക്കും അമ്മയാവാന്‍ പോകുന്നവളുടെ മനസ്സായിരുന്നു. അവളെപ്പോലെ തന്നെ എന്റെ കൂട്ടുകാരിയുടെ മോളെകാണാന്‍ ഞാനും കാത്തിരുന്നു.

ഹോസ്പിറ്റലില്‍ നിന്നു വിളിവന്നപ്പോള്‍ സന്തോഷമായി. ഞാനാണോ അമ്മ, അവളാണോ അമ്മ എന്നതായിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍ക്കുണ്ടായ സംശയം. രാത്രിയാവാനും ഹോസ്പിറ്റലിലെ തിരക്കൊഴിയാനും ഞാന്‍ കാത്തിരുന്നു. എന്റെ പ്രിയകൂട്ടുകാരിയെ ഫോണിലൂടെ നേരിട്ട് അഭിനന്ദിക്കണം. ആദ്യം അവള്‍ പാലുകൊടുക്കുകയാണെന്നു പറഞ്ഞു, പിന്നീടറിഞ്ഞു കുട്ടിക്ക് റേഡിയേഷന്‍ അടിക്കും എന്നതിനാല്‍ ആരോടും ഫോണില്‍ സംസാരിക്കുന്നില്ല പോലും. അല്ലെങ്കിലും എനിക്കിതൊന്നും മനസിലാവില്ലല്ലോ?

അമ്മയാകുമ്പോള്‍ ഓരോരുത്തരുടേയും ലോകം പ്രകാശപൂരിതമാവും. ആനന്ദനിര്‍വൃതിയില്‍ അവര്‍ എല്ലാം മറക്കുകയും ചെയ്യുന്നു. അവര്‍ക്ക് കുഞ്ഞുങ്ങള്‍ കഴിഞ്ഞേ കൂട്ടുകാരികളുള്ളൂ. എന്നാല്‍ കൂട്ടുകാരിക്കള്‍ക്ക് കൂട്ടുകാരികള്‍ കഴിഞ്ഞേ കുഞ്ഞുങ്ങളുള്ളൂ.

Saturday, October 8, 2011

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ! എന്നു പറഞ്ഞ് വിശ്വസിപ്പിച്ച അദ്ദേഹം ഇപ്പോള്‍ ബാംഗ്ലൂരിലെ ജയിലിലാണ്. അദ്ദേഹമോ അദ്ദേഹം ചെയ്തകുറ്റമോ അല്ല ഇവിടെ വിഷയം.എന്റേയും, ഒരു പക്ഷെ ഇതുവായിക്കുന്ന നിങ്ങളുടേയും നിറമാണ്. അതെ, അത് കറുപ്പാണ്.

നല്ല മെഴുകുപോലെ കറുത്ത് സുന്ദരിയായ ഒരമ്മായിയുണ്ട് എനിക്ക്. അവരെ കാണുമ്പോഴൊക്കെ എനിക്കു തോന്നാറുണ്ടായിരുന്നു കറുപ്പിന് നൂറഴകാണെന്ന്. പക്ഷെ അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ജീവിതത്തില്‍ കറുപ്പ് നിറം ഒരു കറുപ്പായി പടര്‍ന്നു പിടിക്കുന്നതിന് എത്രയോ മുമ്പായിരുന്നു അത്. ഇപ്പോള്‍ ഞാനും ശരിവയ്ക്കും കറുപ്പിന് ഏഴഴകാണെന്ന്, ബാക്കി തൊണ്ണൂറ്റിമൂന്നും വെളുപ്പിന് തന്നെ. ഇതൊക്കെ പറഞ്ഞാലോ, കോംപ്ലസ്, അപകാര്‍ഷതാബോധം, സ്വതബോധമില്ലായ്മ എന്നൊക്കെപ്പറഞ്ഞ് വെളുത്തവരും കറുത്തവരുമായ എല്ലാ സുഹത്തുക്കളും അഭ്യുദയകാംഷികളും എന്നെ കുറ്റപ്പെടുത്തും.

ജീവിതത്തില്‍ ഒരിക്കലും എന്റെ നിറത്തെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല, എന്നാല്‍ തൊലിയുടെ നിറം എന്നെ സദാ ഒറ്റിക്കൊടുത്ത നിരവധി സംഭവങ്ങള്‍ എണ്ണമിട്ട് പറയാന്‍ കഴിയും. അപ്പോഴും എല്ലാവരും എന്നെ കുറ്റപ്പെടുത്തും. ഒരല്‍പ്പംപോലും ആത്മബോധമില്ലാത്ത പെണ്ണ് എന്നു പറഞ്ഞ് നിങ്ങള്‍ എന്നെ പരിഹസിച്ചേക്കാം. ഒരാളുടെ കുറവുകള്‍ അല്ലെങ്കില്‍ കൂടുതലുകള്‍ തുടങ്ങി അയാള്‍ അനുഭവിക്കുന്ന എല്ലാവിധ അവസ്ഥകളും അയാള്‍ തന്നെ അനുഭവിച്ചുതീര്‍ക്കണം. ഉദാഹരണത്തിന് ദലിതയായി ജനിച്ച ഞാന്‍ അനുഭവിക്കുന്ന ജാതീയവും, സാമൂഹികവുമായ വിവേചനങ്ങള്‍, മാറ്റിനിര്‍ത്തലുകള്‍ തുടങ്ങിയവ എനിക്കുമാത്രമേ മനസിലാവൂ. അതിന്റെ വേവും നീറ്റലുമൊന്ന് നായരോ, നമ്പൂതിരിയോ, നസ്‌റാണിയോ ആയ ദലിത് പ്രവര്‍ത്തകര്‍ക്കറിയാന്‍ സാധ്യതയില്ല. ഉദാഹരണത്തിന് കോഴിക്കോട് യൂനിവേഴ്‌സിറ്റിയിലെ എം.സി.ജെ ക്ലാസ്മുറിയില്‍ എന്റെ അടുത്ത കൂട്ടുകാരിയോടൊപ്പം ഞാനിരിക്കുന്നു. അവള്‍ എന്നോട് പറയുന്നു, എടാ, എന്റെ നാട്ടിലെ തെയ്യത്തിന് നിന്നെ കൊണ്ടു പോകണമെന്നുണ്ട്, പക്ഷെ നിനക്കറിയാലോ എന്റെ വീട്ടുകാരെ അവരൊക്കെ കണ്‍സര്‍വേറ്റീവുകളാ, നിനക്ക് വിഷമമാവും'' അവളുടെ മുന്നില്‍ ചിരിച്ചു കൊണ്ടിരുന്നെങ്കിലും ഞാന്‍ അനുഭവിച്ച വിവേചനം, ആ മാറ്റിനിറുത്തല്‍ അതില്‍ നിന്നുണ്ടായ മനോവിഷമം അത് എനിക്കുമാത്രമേ മനസിലാവൂ. അത് നായരും നമ്പൂതിരിയും നസ്രാണിയുമായ എന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാവണമെന്നില്ല.

അപ്പോള്‍ പറഞ്ഞുവരുന്നത് കറുത്തവളോ കാണാന്‍ അല്‍പ്പം അഭംഗിയുള്ളവരോ ആയവരുടെ മാനസികാവസ്ഥ അത് അവര്‍ക്ക് മാത്രം മനസിലാവുന്ന ഒന്നാണ് എന്നാണ്. വെളുത്തുതുടുത്ത സുന്ദരികുട്ടികള്‍ക്ക് അതൊന്നും അറിയണമെന്നില്ല. ഉദാഹരണത്തിന്, മീഞ്ചന്തയിലെ പ്രശസ്തമായ ഒരു കോളജില്‍ അറ്റസ്റ്റ് ചെയ്യാന്‍ പോവുകയാണ് ഞാന്‍. ഇന്ത്യയിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റിയില്‍ എം.ഫില്‍ പഠനത്തിനുള്ള അപേക്ഷാഫോമാണ് പ്രിന്‍സിപ്പല്‍ ഒപ്പിട്ടു നല്‍ക്കേണ്ടത്. അദ്ദേഹം എന്നോട് എന്റെ അക്കാദമിക്ക് വിവരങ്ങള്‍ ആരാഞ്ഞതിനുശേഷം ചോദിക്കുന്നു, തേജസ്സില്‍ എന്താണ് പണി, പ്രസ്സിലാണോ. അതെ ന്യൂസ് റീല്‍ ഉരുട്ടുകയാണ് പണി എന്നു പറഞ്ഞാലും ടിയാന്‍ വിശ്വസിക്കുമായിരുന്നു. വെയില്‍ കൊണ്ടു വാടിയ എന്റെ മുഖം ഫേസ്‌ക്രീം പരസ്യത്തിലെ കറുത്തപെണ്‍കുട്ടിയുടെ പോലെയായിരുന്നു എന്നത് സത്യം. ഒരാള്‍ കറുത്തവളോ, കറുത്തവനോ ആണെങ്കില്‍ അവള്‍ ഫാന്‍സി കടയിലെ എടുത്തുകൊടുപ്പുകാരിയും അവന്‍ മീന്‍കാരനും ആവണമെന്ന മനശാസ്ത്രം ഇവിടെ വായിക്കാം. എനിക്ക് ഒരു ജേണലിസ്റ്റ് ആവാനൊന്നും കാഴ്ചയില്‍ യോഗതയില്ലെന്നാണ് അന്നത്തെ എന്റെ എഡിറ്ററുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ ആ പ്രന്‍സിപ്പല്‍ കരുതിയത്. മുഖവും നിറവും ജാതിയും മതവുമൊന്നും നോക്കാതെ വിദ്യ അഭ്യസിപ്പിക്കുന്ന അധ്യാപകന്റെ മുഖം നോക്കിയുള്ള ജോലി പറച്ചില്‍ കേട്ടപ്പോള്‍ ശരിക്കും സഹതാപം തോന്നി. ഇതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു മീഞ്ചന്തയിലെ സെയ്ഫുക്കയുടെ കടയില്‍ ചായകുടിക്കാന്‍ വന്ന വിദ്യതീണ്ടിയിട്ടില്ലാത്ത നാട്ടുപ്രമാണിയുടെ കണ്ടെത്തല്‍!

നീയാ ടെലിഫോണ്‍ ബൂത്തിലെ പെണ്ണല്ലോ?
അല്ല സര്‍, നിങ്ങള്‍ക്കാളുമാറിയതാ.
ഹേയ് അതെങ്ങെ മാറാനാ, നീയവള്‍ തന്നെ!
നീയാകെ മെലിഞ്ഞു പോയല്ലാടീ...

നാട്ടുപ്രമാണി തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നു.അപ്പോഴും സ്തബ്ദ്ധയായ ഞാന്‍ പറഞ്ഞു സോറി സര്‍, ഞാന്‍ ആ കുട്ടിയല്ല. അവസാനം സെയ്ഫുക്ക ഇടപെട്ടാണ് രംഗം തണുപ്പിച്ചത്. കറുത്ത് മെലിഞ്ഞിരുന്നാല്‍ നാം വേറൊരാളായിവരെ തെറ്റിധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ടെലിഫോണ്‍ ബൂത്തിലെയോ, ഫാന്‍സിഷോപ്പിലെയോ ജോലി ഒട്ടും മോശമല്ല, അവിടത്തെ ജോലി എന്നെ അലട്ടുമില്ല. ഞാനും അവരും ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടി ഒരു ജോലിയാണ്. മാത്രവുമല്ല പത്രപ്രവര്‍ത്തകയാവുക എന്നത് ലോകത്തെ എറ്റവും മികച്ച കാര്യവുമല്ല. നാട്ടുപ്രമാണിക്ക് ആളുതെറ്റിയതാവാം. പക്ഷെ പ്രന്‍സിപ്പലോ, അയാളുടെ മുന്നിലല്ലേ ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റ് മുഴുവനും അറ്റസ്റ്റ് ചെയ്യാന്‍ കൊടുത്തത്.

ഒരിക്കല്‍ ഒരു വാര്‍ത്തയ്ക്കു വേണ്ടി മേയറെ കാണാന്‍ അപ്പോയ്‌മെന്റെടുത്ത് കാത്തിരിക്കുകയായിരുന്നു ഞാന്‍. അനുവദിച്ച സമയമായപ്പോള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ മുറിയില്‍ നിന്നും വിളിവന്നു. എന്നെ കണ്ടതും സെക്രട്ടറി, നീയാണോ? ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി... സെക്രട്ടറി വാക്കുകള്‍ മുഴുവനാക്കിയില്ല. എന്റെ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ അയാളെ എന്തെങ്കിലും തെറിവിളിക്കുമായിരുന്നു. പിന്നെ സ്‌റ്റോറി എപ്പോള്‍ കൈവിട്ടു എന്നു ചോദിച്ചാല്‍ മതിയല്ലോ.

ഇതുപോലെ നിരവധി തവണ അപമാനിതയായിട്ടുണ്ട്. പ്രണയത്തില്‍, വിവാഹകമ്പോളത്തില്‍, ചെറുക്കന്‍മാരുടെ കമന്റടികള്‍ക്കിടയില്‍ തുടങ്ങി എല്ലായിടത്തും ഞാനും എന്റെ കറുത്ത സുഹൃത്തുക്കളും പരിചയക്കാരും അപമാനിതരായിട്ടുണ്ട്. ഒരിക്കല്‍ കാമുകന്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടുവന്ന ഓഡിയോ ക്ലിപ്പിലും കേട്ടൂ, പെണ്‍കുട്ടി സുന്ദരിയാണോ? എങ്കില്‍ നോക്കാം. കാമുകന്റ വീട്ടുകാരുടെ അഭിപ്രായമായിരുന്നു അത്. പിന്നീടറിഞ്ഞു വെളുത്ത ഭാര്യയുടെ ഭര്‍ത്താവായി എന്റെ പഴയ കാമുകന്‍ എന്ന്. ആര് അതൊക്കെ ശ്രദ്ധിക്കുന്നു.

തീര്‍ച്ചയായും കഴിവാണ് ഏതിന്റേയും മാനദണ്ഡം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ തെറ്റില്ലാതെയും ഭംഗിയായും പറയാനും പ്രതിഫിലിപ്പിക്കാനും എനിക്കറിയാം.ആകാശവാണിയുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയ ബ്രോഡ്കാസ്റ്റിങ് ക്വാളിറ്റി ശബ്ദവുമാണ്, എന്നാലും ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇവന്റ്മാനേജ്‌മെന്റ് കമ്പനിക്ക് എന്റെ കാഴ്ചയില്‍ വിശ്വാസമില്ല. കുറച്ച് നിറം കൂടെയുണ്ടായിരുന്നെങ്കില്‍ പരിപാടികള്‍ക്ക് ആങ്കറായി വിടാമായിരുന്നു. തിരഞ്ഞെടുക്കേണ്ടത് അവരാണ്. ഒരുപക്ഷെ വാശിപിടിച്ച പരിപാടികള്‍ക്ക് പോയാലും അവിടെയും കുറ്റംകേള്‍ക്കേണ്ടിവരും. എന്റെ സാന്നിധ്യം, എന്റെ കാഴ്ച തുടങ്ങിയവ തീര്‍ച്ചയായും ആരെങ്കിലും ഒരാളെയെങ്കിലും അലോസരപ്പെടുത്തും തീര്‍ച്ച. പൊതുസമൂഹത്തിന് ഒരു വിചാരമുണ്ട്്് പെണ്‍കുട്ടി വെളുത്തുതുടുത്തിരിക്കണമെന്നും അവളുടെ വെളുക്കെയുള്ള ചിരിയില്‍ മറ്റെല്ലാകുറവുകളും ഇല്ലാതാവുമെന്നൊക്കെ.(ഉദാഹരണം വിവാഹപ്പരസ്യങ്ങള്‍) അതുകരുതി വെളുത്തവര്‍ മൂഢകളും ലോകത്തില്‍ വെറുക്കപ്പെടേണ്ടവരുമാണെന്നല്ല പറഞ്ഞുവരുന്നത്. കറുപ്പും ഒരു നിറമാണെന്നാണ്.

ഒരിക്കല്‍ ഒരു പരിപാടിക്ക് വേണ്ടി അവതാരകരുടെ റേറ്റ് ഫോട്ടോയൊടൊപ്പം ക്വോട്ട് ചെയ്തപ്പോള്‍ ക്ലൈന്റ് വിളിച്ച് ചീത്തപറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. നിങ്ങളുടെ ഗേള്‍സ് എല്ലാം കാണാന്‍ ബിലോആവറേജാണ് എന്നാണ് അയാള്‍ പറഞ്ഞത്. വെറും കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു അയാളുടെ അഭിപ്രായ പ്രകടനം. ആ പെണ്‍കുട്ടികള്‍ ഐശ്വര്യറായിയെ പോലെ അല്ലായിരുന്നു എന്നത് സത്യം. എന്നാല്‍ ഈ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഴിവുകളെക്കുറിച്ച് അയാള്‍ക്ക് എന്തറിയാം. അയാള്‍ക്ക് ഒരു കറുത്തകുട്ടിയുണ്ടാവട്ടേ എന്നാശംസിക്കാം എന്നല്ലാതെ കൂടുതല്‍ എന്തു ചെയ്യാനാവും.

ഒരു വിദേശ എയര്‍ലൈനില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്. അവള്‍ പറയുന്ന കഥകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതൊക്കെയും കറുപ്പിനോടുള്ള സമൂഹത്തിന്റെ അവജ്ഞയും വെറുപ്പും മാത്രം. ചുണ്ടുകള്‍പോലും കറുത്തുപോയ ഒരു പെണ്‍കുട്ടി എയര്‍ടിക്കറ്റിങ് പഠിക്കാന്‍ അവളുടെ ക്ലാസില്‍ വന്ന കഥകേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. അവളോട് ട്യൂട്ടര്‍മാര്‍ പറഞ്ഞത്രെ, കുട്ടിക്ക് ഇത് പറ്റില്ലെന്ന്, ഒരുപക്ഷെ അവളുടെ അച്ഛനും സഹോദരനും ആ വര്‍ഷം മരിച്ചില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കാന്‍ പോലുമാവില്ല. ജോലിയന്വേഷിച്ച് പോകുന്ന അവളെ സമൂഹം കറമ്പിയെന്നു വിളിച്ച് ആക്ഷേപിച്ചേനെ.

കാണാന്‍ ഭംഗിയില്ലെങ്കില്‍ ഈ സമൂഹം നമ്മെ എവിടെ എത്തിക്കും എന്നറിയാന്‍ എവിടെയും പോവേണ്ടതില്ല. നമ്മുടെ സ്വീകരണമുറിയിലേക്ക് നോക്കിയാല്‍ മതി. കുട്ടിക്കാലത്ത് കണ്ട് ശീലിച്ച ഒരു പരസ്യമുണ്ട് സണ്‍ലൈറ്റ് സോപ്പുപൊടിയുടെ, 'നിറമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഭംഗിയുണ്ടോ?' എന്നാണ് അതിലെ യുവതിയോട് പരസ്യത്തിലെ വോയ്‌സ് ഓവര്‍ ചോദിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു അത്യാഹിതങ്ങളും ഉണ്ടാക്കാത്ത പരസ്യം. എന്നാല്‍ പതുക്കെ പതുക്കെ എല്ലാവരുടേയും ബോധത്തിലേക്ക് ആ വാചകം പതിഞ്ഞമരുന്നത് ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഏതായാലും കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.

Thursday, October 6, 2011

എന്റെ ദൈവമേ നീയ്യിതറിയുന്നുണ്ടോ?
















തൂണിലും തുരുമ്പിലും തുടങ്ങി കാണുന്നതും കാണാത്തതുമായ എല്ലായിടത്തും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ അമ്പലം, പള്ളി തുടങ്ങി ദൈവം ഉണ്ടെന്നു പറയപ്പെടുന്ന സോകോള്‍ഡ് സ്ഥലങ്ങളില്‍ ഞാന്‍ വളരെ അപൂര്‍വമായിട്ടേ പോകാറുള്ളൂ. അഥവ പോയാല്‍ തന്നെ, അമ്പലത്തില്‍ ആണെങ്കില്‍ കര്‍ത്താവേ കാത്തോളണെ എന്നും പള്ളിയില്‍ പോയാല്‍ പടച്ചോനെ രക്ഷിക്കണേ എന്നുമാണ് എപ്പോഴും വരാറുള്ളത്. മനപ്പൂര്‍വ്വമല്ല, എന്തോ അങ്ങിനെയാണ് വരിക പതിവ്. (എഡ്യൂക്കേഷന്റെ ഒരു കുറവേ!)

എന്നാലും എന്റെ പ്രാര്‍ഥനകള്‍ ഒരു 60 ശതമാനമെങ്കിലും എല്ലാവരും കൂടെ നടത്തിത്തരാറുണ്ടെന്നു തന്നെയാണ് വിശ്വാസം. 25 വയസ്സുവരെ ഞാന്‍ വിശ്വസിച്ചതും പുജകളും മറ്റും നടത്തിയതുമായ എന്റെ ജന്‍മനക്ഷത്രം തിരുവോണമായിരുന്നു. അങ്ങിനെ 25ാം പിറന്നാളിനാണ് ഞാന്‍ അറിയുന്നത് എന്റെ ജന്‍മനക്ഷത്രം തിരുവോണമല്ല, അവിട്ടമാണെന്ന്. അതുവരെ ഞാന്‍ നടത്തിയ പൂജകളും വഴിപാടുകളും സ്വാഹഃ. പഠിച്ചതും വളര്‍ന്നതുമായ സ്ഥലങ്ങള്‍ സാഹചര്യങ്ങള്‍ എല്ലാം കൂടെ എന്നെ ഒരു ഹിന്ദു എന്നതിനേക്കള്‍ കൂടുതല്‍ ക്രിസ്ത്യാനിയാക്കി. എല്ലാമതങ്ങളിലും വിശ്വാസങ്ങളിലും അതിന്റേതായ മടുപ്പും വിരസതയുമുണ്ട്. എതെങ്കിലും ഒരു മതം തങ്ങളെ അതിന്റെ ഭാഗമാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും. അപ്പോള്‍ നാം നമുക്ക് പരിചയമുള്ള, നാം കണ്ടുവളര്‍ന്നതും ശീലിച്ചു പോന്നതുമായ മതത്തിന്റെ വക്താക്കളാവും. അപ്പോള്‍ പെട്ടെന്ന് എല്ലാവരിലും ഒരു ഫണ്ടമെന്റലിസ്റ്റ് വളരുന്നു. ദൈവം ആരാണ് എന്താണ്, എവിടെയാണ് എന്നൊക്കെ ചോദിച്ചാല്‍ പിന്നെ പറയുകയും വേണ്ട.

നവരാത്രിയുടെ അന്നായിരുന്നു എന്റെ റൂമേറ്റിന്റെ പിറന്നാള്‍. പിറന്നാള്‍, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍ പ്രമാണിച്ച് ഞങ്ങള്‍ കോഴിക്കോട് ബീച്ചിനടുത്തുള്ള അമ്പലത്തില്‍ പോയി. മൂന്നു പുഷ്പാഞ്ജലി, ഒരു ഐക്യമത്യപുഷ്പാഞ്ജലി എന്നിവയ്ക്ക് ശീട്ടാക്കി നടയ്ക്കല്‍ വച്ച് ഞങ്ങള്‍ പ്രദക്ഷിണം തുടങ്ങി. രണ്ട് പ്രദക്ഷിണം കഴിഞ്ഞ് ഞങ്ങള്‍ ശ്രീകോവിലിനടുത്തുള്ള നടയ്ക്കല്‍ നിന്നും പ്രാര്‍ഥിക്കുമ്പോഴാണ് ഞങ്ങളുടെ വിശ്വാസത്തെയും ഭക്തിയേയും ചോദ്യം ചെയ്യുന്ന ഒരു നടപടി പൂജാരിയുടെ ഭാഗത്തു നിന്നുണ്ടായത്. ശരിക്കും പറഞ്ഞാല്‍ വഴിപാടുകള്‍ക്ക് നമ്മുടെ പേരും നക്ഷത്രവും പറഞ്ഞാണ് ശീട്ടാക്കുന്നത്. അത് പൂജാരി ശ്രീകോവിലില്‍ കൊണ്ടു പോയി നമ്മുടെ പേരും നാളും ഉരുവിട്ട് എന്തോ മന്ത്രങ്ങളൊക്കെ ചൊല്ലി പ്രാര്‍ത്ഥിച്ച് (എന്ന് വിശ്വാസം) പ്രസാദം തരികയാണ് പതിവ്. അമ്പലത്തിന്റെ കൗണ്ടറില്‍ അന്വേഷിച്ചപ്പോഴും അതുതന്നെയാണ് രീതി എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വച്ചു തന്നെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പ്രദാസത്തില്‍ പേരും നാളും ഒന്നും നോക്കാതെ തന്നെ പൂജാരി വഴിപാടു ശീട്ടുകള്‍ എടുത്തു വച്ചു, ഒന്നു വായിച്ചുപോലും നോക്കാതെ. പിന്നെ ഒരണ്ണെത്തില്‍ ഒരു ചെറുപഴം എടുത്തു വച്ചു അതും കുറച്ച് ആലോചിച്ച്, കാരണം അപ്പോഴാണ് പൂജാരിക്ക് മനസിലായത് ഒന്ന് ഐക്യമത്യ പുഷ്പാഞ്ജലിയാണെന്ന്, അതിന്റെ പ്രസാദത്തില്‍ ഒരു പഴം മസ്റ്റാണെന്നും.

പൂജാരിക്കുണ്ടോ അറിയുന്നു ഇതെല്ലാം കണ്ടുകൊണ്ടു നില്‍ക്കുന്ന ഞങ്ങള്‍ തന്നെയാണ് ഈ പ്രസാദത്തിന്റെ അവകാശികള്‍ എന്ന്. ഒന്നും ആലോചിക്കാതെ അദ്ദേഹം ഞങ്ങള്‍ക്ക അത് നല്‍കി. എനിക്കാണെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍, കൂടയുള്ളവര്‍ക്കും അതുതന്നെ സ്ഥിതി. വിശ്വാസത്തിന്റെ ഒരു കാര്യമേ!

അമ്പലത്തിനു പുറത്തിറങ്ങിയിട്ടും അത് ചോദിക്കാതെ ഞങ്ങള്‍ക്ക് സമാധാനം കിട്ടില്ലെന്നു മനസിലായി. അങ്ങിനെ ഞങ്ങള്‍ അകത്തു കയറി വഴിപാടുകൗണ്ടറില്‍ ചെന്നു ചോദിച്ചു. അപ്പോള്‍ തന്നെ പൂജാരിയെ ചോദ്യം ചെയ്‌തെങ്കിലും പൂജാരി പറഞ്ഞു, ഞാന്‍ അത് പൂജിച്ചിട്ടുണ്ടെന്ന്. പിന്നെ അയാള്‍ മനസില്‍ പൂജിച്ചത് നമുക്കറിയില്ലല്ലോ? പക്ഷെ പിറന്നാള്‍കാരിയുടെ വഴിപാട് ശീട്ട് അയാള്‍ കണ്ടതു പോലുമില്ലെന്ന് ഞങ്ങള്‍ കണ്ണാലെ കണ്ടതാണ്. ദൈവത്തിന്റെ കാര്യമായതിനാല്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. അതിനുള്ള പ്രതികാരമായി ഞങ്ങള്‍ പിറ്റേന്ന് കുളിക്കാതെ തന്നെ പ്രസാദം തൊട്ടു. ഒരു ഈച്ചപോലും വരാത്ത ഈ അമ്പലത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ തിക്കും തിരക്കും ഏറെയുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ എന്തായിരിക്കും. വിശ്വാസത്തിവും വഴിപാടിലൊന്നും ഒരു കാര്യവുമില്ലെന്നേ.

ഈ പറ്റിക്കല്‍ എല്ലായിടത്തുമുണ്ടെന്നാണ് എന്റെ ഇത്തരം നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. കഴിഞ്ഞാഴ്ച കോഴിക്കോട്ടെ പ്രശ്‌സതമായ കുരിശ്ശുപള്ളിയില്‍ മെഴുകുതിരി കത്തിക്കാന്‍ പോയപ്പോഴും ഞങ്ങള്‍ക്ക് ഒരനുഭവം ഉണ്ടായി. അഞ്ചു രൂപയുടെ അഞ്ചു മെഴുകുതിരികള്‍ വാങ്ങി കത്തിച്ചു. 30 സെക്കന്റ് കഴിഞ്ഞില്ല, ദാ, വരുന്നു പള്ളിയിലെ സഹായി. കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരികള്‍ അയാള്‍ ഒരു വലിയ തകരം കൊണ്ട് വടിച്ചെടുക്കുകയാണ്. എന്റെ പ്രാര്‍ത്ഥന പകുതിപോലും ആയിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് അങ്ങിനെ മാറ്റുന്ന മെഴുകുതിരികള്‍ ഉടനെത്തന്നെ പള്ളിക്കമ്മറ്റി മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍ക്ക് നല്‍കുകയാണെന്ന്. എന്റെ കര്‍ത്താവേ ഇതു വലിയ ചതിയാണ്ട്ടാ എന്നും പറഞ്ഞ് അവിടെ നിന്നിറങ്ങാതെ വഴിയില്ലായിരുന്നു. ദൈവവുമായി നേരിട്ട് സംവദിക്കുന്നതാണ് ബുദ്ധി. അതിനും പുഷ്പഞ്ജലിയും മെഴുകുതിരിയും ഒന്നും വേണ്ട. നമ്മുടെയൊക്കെ കൂടെത്തന്നെയുണ്ട് ഈശ്വരന്‍ എന്ന കവി വാക്യം ഇവിടെ ഓര്‍ക്കുന്നു. പുജയുടേയും നൊവേനയുടേയും നേര്‍ച്ചയുടേയും പേരില്‍ ഭക്തിയെയും വിശ്വാസത്തെയും നമ്മുടെ ആത്മവിശ്വസത്തെയും തകര്‍ക്കുന്നവര്‍ക്കെന്തറിയാം. അല്ലെങ്കിലും ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ!!

Tuesday, October 4, 2011

ഹമാരി പ്യാരി നോബല്‍ ലോറേറ്റ് സോണിയാജീ

ഇതിന്റെ ഒരു കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ. സമാധനത്തിന്റെ പുതുപുത്തന്‍ മാടപ്പിറാവ് ശ്രീമതി സോണിയാഗാന്ധിക്കു നോബല്‍ സമ്മാനം കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു വോട്ട് ആന്റ് ടോക്കിന് സമയമായിരിക്കുന്നു.

ദല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എവേക്കനിങ് സെന്ററാണ് ഹമാരി പ്യാരി പ്യാരി സോണിയാജിക്ക് നോബല്‍ സമ്മാനം നല്‍കിക്കൂടെ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട നോബല്‍ സമ്മാന സമിതിക്ക് കത്തെഴുതിയത്. 121 കോടി ജനങ്ങളെ തറസീറ്റിലിരുത്തി നൗട്ടങ്കി നടത്തുന്ന ശ്രീമതി സോണിയാജിക്ക് നോബല്‍സമ്മാനം കൊടുത്തോട്ടെ എന്നുതന്നെയാണ് എന്റെ അഭിപ്രായം. ജനസമക്ഷത്തില്‍, ആഗസ്ത് പതിനഞ്ച്, ജനുവരി 26, തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ദിവസങ്ങളില്ലല്ലാതെ വായ്തുറക്കാത്ത സോണിയാജിക്ക് എന്തും കൊണ്ടും നമുക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാവുന്നതാണ്. മാത്രമല്ല, തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാവാതെ സൂക്ഷിക്കാനുള്ള ഇവരുടെ അസാധ്യമായ കഴിവിനും അവാര്‍ഡ് നല്‍കാം. പാര്‍ട്ടിയിലെയും അല്ലാത്തതുമായ എല്ലാ ആരോപണങ്ങളെയും സമാധാനപരമായി നേരിടുകയും പരിഹരിക്കുകയും ചെയ്യുന്ന ഇവര്‍ എന്തുകൊണ്ടും ഈ അവര്‍ഡിന് പരിഗണിക്കപ്പെടേണ്ട മന്യദേഹം തന്നെ.

എന്നാലും മദര്‍ തെരേസയോട് സോണിയാജിയെ ഉപമിക്കണമായിരുന്നോ എന്നതാണ് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഫാബ് ഇന്ത്യയുടെ സാരിയും, കാന്‍സറായാലും അള്‍സറായാലും (അവര്‍ എവിടെ ചികില്‍സതേടിയാലും എനിക്കൊന്നുമില്ല, കാശുള്ളവര്‍ക്ക് എന്തും ആവാലോ) അമേരിക്കയില്‍ ചികില്‍സ തേടുന്ന, ആരും കാണാതെ പിസ്സയും കോളയും വിഴുങ്ങി, ക്രിക്കറ്റും കണ്ട്, ഖജനാവിലെ കാശും വെട്ടിച്ച്, ഹൈപ്രൊഫൈല്‍ ലൈഫ് ആസ്വദിക്കുന്ന സോണിയാജിയെ എങ്ങിനെ മദര്‍ തെരേസ്സയോട് ഉപമിക്കാനാവും. ഇനിയിപ്പോ മദര്‍തെരേസ്സയെക്കുറിച്ച് ഞാന്‍ കേട്ടതും വായിച്ചതും ഒക്കെ തെറ്റിപ്പോയോ ഭഗ്‌വാന്‍?

സോണിയയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്, രാമായണത്തിലെ കുശുമ്പിയും പരദൂഷണക്കാരിയും കുടുംബം കലക്കിയുമായ മന്ഥരയുടെ. അപ്പോള്‍ അവര്‍ എങ്ങിനെ മദര്‍ തെരേസ്സയാവും. ഒരുപക്ഷെ മദറിന്റെ ചാര്‍ച്ചക്കാരിയാവാനും മതി. രണ്ടു പേരും വിദേശത്തൊക്കെ ജനിച്ചു, പഠിച്ചു വളര്‍ന്നതല്ലേ!

ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധി സോണിയാജി വളരെ സൗഹാര്‍ദ്ധ അന്തരീക്ഷത്തോടെ പരിഹരിക്കുന്നവെന്നാണ് കത്തില്‍ പറയുന്നത്, അതുകൊണ്ട് അവര്‍ക്ക് സമാധാനത്തിനുള്ള സമ്മാനം കൊടുത്തേപ്പറ്റൂ എന്നാണ് ഇന്റര്‍നാഷണല്‍ അവേക്കനിങ് സെന്റര്‍ പറയുന്നത്. ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്ന പോലെയാണ് ഈ സംഘടന എന്നു പറയാതെ വയ്യ. ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റാല്‍ എനിക്ക് ഹാലൂസിനേഷന്‍ പതിവാണേ!.

ലോകസമാധാനത്തിന് സോണിയാജിയുടെ ശ്രമഫലമായി അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ആയമ്മ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ മറ്റ് അയല്‍ രാജ്യങ്ങളൊന്നും മിണ്ടാനില്ലാതെ കുഴങ്ങിയേനെ. മാത്രമല്ല ഇന്ത്യക്ക് അകത്തും പുറത്തും സോണിയ പ്രശസ്തയാണ് പോലും. എന്റെ അറിവു ശരിയാണെങ്കില്‍ ശില്‍പ്പാഷെട്ടി, മല്ലിക ശെരാവത്ത്, ഫ്രിഡപിന്റോ, രാഖി സാവന്ത്, ഐശ്വര്യറോയ് എല്ലാവരും ഇന്ത്യയിലെ പോലെ തന്നെ വിദേശരാജ്യങ്ങളിലും ഏറെ അറിയപ്പെടുന്ന പെണ്‍കുട്ടികളാണ്. അടുത്ത തവണ ഇവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് കത്തെഴുതാന്‍ പറയാം.

സോണീയാജിക്ക് നോബല്‍ സമ്മാനം കിട്ടണം എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. കാരണം ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ലഡ്ഡു വിതരണം ചെയ്യാനും ഗാന്ധി ഭജനുകള്‍ പ്ലേ ചെയ്യാനും ഒരു സുദിനം വീണു കിട്ടുമല്ലോ! ഇനിയിപ്പോ ഇത് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പദ്മശ്രീക്ക് ശ്രമിച്ചത് പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു.




Monday, October 3, 2011

ഇവര്‍ ചില്ലറക്കാരല്ല

കുറെ കുട്ടികളും പിന്നെ ഒരു പട്ടിയും. അതാണ് ചില്ലര്‍ പാര്‍ട്ടി എന്ന ചിത്രത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറയാനുള്ളത്. മസില്‍മാന്‍ സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ചെറിയ വായയില്‍ വലിയ വര്‍ത്തമാനം പറയുന്ന കുട്ടികളല്ല ചിത്രത്തിലെ നായകന്‍മാര്‍. കുട്ടികളുടെ സൈക്കോളജി കൃത്യമായി അറിഞ്ഞെഴുതിയ തിരക്കഥ. ആരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഇവര്‍ ശരിക്കും. ജീവിതം ഇത്രയും സുന്ദരമാണല്ലോ എന്നും തോന്നിപോകും സിനിമ തീരുമ്പോള്‍.

ചന്ദന്‍ നഗര്‍ കോളനിയില്‍ കുഞ്ഞുങ്ങള്‍ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്. ഓരോര്‍ത്തര്‍ക്കും ഒരോ പ്രത്യേകതകളും ഇരട്ടപ്പേരുമുണ്ട്. എനിക്കാണെങ്കില്‍ എല്ലാവരെയും അങ്ങ് ഇഷ്ടമായി. ആരെയും ഇഷ്ടപ്പെടാതിരിക്കാനാവില്ല എന്നതാണ് സത്യം. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം അവിടെ ഒരാനാഥ ബാലന്‍ അവിടെ തന്റെ പട്ടിയുമായി വരുന്നത്. കോളനിയിലെ കാറുകള്‍ കഴുകുകയാണ് അവന്റെ പണി. കോളനിയിലെ പഴകിയ ഒരു നീലക്കാറിലാണ് അവന്‍ പിന്നീട് താമസിക്കുന്നത്. പട്ടിയെ കോളനിയിലെ കുട്ടികള്‍ക്ക് ഇഷ്ടമല്ല. കുട്ടിയെയും പട്ടിയെയും അകറ്റാന്‍ അവര്‍ പടിച്ച പണി എല്ലാം നോക്കിയിട്ടും അവര്‍ക്ക് സാധിക്കുന്നില്ല. മാത്രമല്ല ഇരുവര്‍ക്കും പരസ്പരമുള്ള സ്‌നേഹം അവര്‍ക്കു മനസിലാകുന്നു. അടുത്ത് കോളനിയിലെ മുതിര്‍ന്ന പയ്യന്‍മാരെ ക്രിക്കറ്റില്‍ തറപ്പറ്റിക്കുന്നതോടെ പിന്നെ ഫട്ക്കയെന്ന കുട്ടിയും ബിദ്ദു എന്ന നായയും കോളനിയിലെ കുട്ടികളുടെ കണ്ണിലുണിയാവുന്നു.


അങ്ങിനെയിരിക്കുമ്പോഴാണ് ബിദ്ദു ഒരു പ്രശ്‌നത്തില്‍പ്പെടുന്നത്. കോളനിയില്‍ ഒരു പ്രോഗ്രാമിന് വരുന്ന മന്ത്രിയുടെ പി എസിനു നേരെ ബിദ്ദു കുരച്ചുചാടുന്നതോടെ ബിദ്ദുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെടുകയും ചിത്രത്തിന്റെ ഗതി മാറുകയും ചെയ്യുന്നു.കോളനിയിലെ എല്ലാവരും ബിദ്ദുവിനെ കോര്‍പ്പറേഷന് വിട്ടുകൊടുക്കാന്‍ സമ്മതമാണെന്നു പറയുമ്പോഴും കുട്ടികള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. അതിനായി അവര്‍ പത്രത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നു, ചഢി മാര്‍ച്ച് നടത്തുന്നു...അവസാനം വാര്‍ത്താ ചാനലില്‍ നടന്ന ഡിബേറ്റില്‍ കുട്ടികള്‍ മന്ത്രിയെ തറപ്പറ്റിക്കുന്നു. ബിദ്ദുവിനെ കോര്‍പ്പറേഷന് വിട്ടുകൊടുക്കേണ്ടന്ന് കോളനിയിലെ 31 അംഗങ്ങള്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടുകൊടുക്കുന്നു. മനോഹരമാണ് ഇതിലെ ഓരേ സീനും, ഓരോ കുട്ടികളുടെ അഭിനയവും.

സുഹൃത്തിനോടുള്ള സ്‌നേഹം, സഹജീവികളോടുള്ള സഹാനുഭൂതി, മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ പങ്കാളിയാവാനുള്ള മനസ്സ്, സത്യത്തോട് ചേര്‍ന്നുനില്‍ക്കല്‍, പരിശ്രമം എന്നിവയാണ് ചില്ലര്‍ പാര്‍ട്ടി നമുക്ക് തരുന്ന സന്ദേശം. തീര്‍ച്ചയായും ഈ സിനിമ എല്ലാവരും കാണേണ്ടതാണ്. ഈ കുഞ്ഞുങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നിന്നും ഒഴിഞ്ഞു പോകില്ല, തീര്‍ച്ച!