Thursday, July 28, 2011

ബാബ രാംദേവിന് അങ്ങിനെ തന്നെ വേണം

പൊരിവെയിലത്ത് പട്ടിണികിടന്നപ്പോള്‍ ഇങ്ങനെയൊരു ചതി അദ്ദേഹം പ്രതീക്ഷിച്ചുകാണില്ല. അര്‍ദ്ധരാത്രിയില്‍ പോലിസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ഭക്തയുടെ ചുരിദാര്‍ അടിച്ചുമാറ്റി കടന്നുകളഞ്ഞപ്പോഴും അദ്ദേഹത്തിന് ഇത്രയും അപമാനം ഉണ്ടായിട്ടുണ്ടാവില്ല.

ബാബാ രാംദേവിന്റെ 6 പാക് അബ്‌സ് കണ്ടു ഞെട്ടിയിരിക്കുകയാണ് ബോളിവുഡിന്റെ വികടസരസ്വതി കുമാരി രാഖി സാവന്ത്. രാഖി ഒരു കാര്യത്തില്‍ നോട്ടമിട്ടാല്‍ നാറ്റിച്ചേ പിന്നെ അടങ്ങു. കള്ളപ്പണം മുഴവനും രാജ്യത്തേക്കു കൊണ്ടുവരാന്‍ ബാബ രാംദേവ് ദിനരാത്രം പട്ടിണി കിടന്നപ്പോഴാത്രെ രാഖി ബാബയുടെ വയര്‍ ശ്രദ്ധിച്ചത്. അന്നുമുതല്‍ ബാബയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉള്ളിലിട്ടു നീറ്റുകയായിരുന്നത്രെ, ഈ പുരനിറഞ്ഞു നില്‍ക്കുന്ന സുന്ദരി. അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ചാറ്റ് ഷോയില്‍ സുന്ദരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബാബയെ മാത്രമല്ല, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി(എന്നാണ് എല്ലാവരും പറയണത്) രാഹുല്‍ജിയോടും പ്രണയം തോന്നിയുട്ടുണ്ടത്രെ. എന്നാല്‍ അമ്മായിയമ്മയായി സോണിയാഗന്ധിയെ സഹിക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് ഒന്നു പറഞ്ഞില്ലപോലും. എന്തൊക്കെ പറഞ്ഞാലും രാഹുല്‍ ജി രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. മകന്‍ വിവാഹം കഴിക്കാതെ മൂത്തുനരച്ചാലും വേണ്ടില്ല രാഖിയില്‍ നിന്നും രക്ഷിക്കണേയെന്ന് സോണിയ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണത്രെ.

പണ്ട് സ്വയംവരം നടത്തി നാട്ടുകാരെയും ആ ചെക്കനെയും മുഴുവനും പറ്റിച്ചവളാണ് രാഖി. പുരുഷനെ വഞ്ചിക്കാന്‍ ഒരു പെണ്‍കുട്ടി പിറന്നിരിക്കുന്നുവെന്ന് രാഖിയെ കണ്ടപ്പോള്‍ തന്നെ തോന്നിയതാണ്. എന്തൊക്കെ പറഞ്ഞാലും രാഖിയുടെ ഈ ഔട്ട് സ്‌പോക്കണ്‍ പേഴ്‌സ്ണാലിറ്റി എനിക്കിഷ്ടമാണ്. എനിക്കുമാത്രമല്ല, എന്റെയീ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമായിരിക്കും. ആര്‍ക്കാ ഇപ്പോള്‍ രാഹുല്‍ഗാന്ധിയേയും ജോണ്‍ എബ്രഹാമിനെയൊക്കെ കല്യാണം കഴിക്കാന്‍ ആഗ്രഹമില്ലാത്തത്. പിന്നെ ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍പ്പെട്ട് അതങ്ങ് പറയുന്നില്ലന്നേയുള്ളൂ. മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നവരാ ശരിക്കും ശുദ്ധന്‍മാര്‍. മാത്രമല്ല ഒരു യാതസ്ഥിതിക കുടുംബത്തില്‍ നിന്നും ബോളിവുഡിന്റെ കണ്ണിലെ കരടാവാനും വേണം ഒരു തലവര. രാഖിയെന്താണോ സന്തം പ്രയത്‌നത്തില്‍ നിന്നും ഉണ്ടാക്കിയതാണ്. ഗോഡ്ഫാദറോ, പേരിന് പിന്നില്‍വയ്ക്കാന്‍ ഗമയുള്ള കുടുംബപേരോ രാഖിക്കില്ല. ഒരു പി ആര്‍ ഒയെ വച്ച് മാധ്യമങ്ങളോടും സംസാരിക്കാനുള്ള പത്തു വഴികള്‍ എഴുതിച്ച് കാണാതെ പഠിക്കാനും രാഖി തയ്യാറല്ല. ഇതൊക്കെയാണ് ഞാന്‍, എന്ന ചങ്ങായിച്ചിയുടെ ഭാവമാണ് എന്നെ ഹഠാദാകര്‍ഷിച്ചത്.

എന്നാലും ബാബ രാംദേവിന്റെ ഒരു കാര്യം. എങ്ങിനെയിരുന്ന ഒരാളായിരുന്നു. ഇത്രേം ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആയ ഒരു പ്രൊപ്പോസ്സല്‍ അദ്ദേഹം എങ്ങിനെ ഹാന്റില്‍ ചെയ്യുമെന്നു കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. രാദേവിന് ഒരു കുടുംബമായാല്‍ അദ്ദേഹത്തിന്റെ പകുതി പ്രശ്‌നങ്ങള്‍ തീരുമെന്നാണ് എനിക്ക് തോന്നുന്നത്. ഭാര്യയും കുട്ടിയുമൊക്കെ ആവുമ്പോള്‍ അവരോടൊപ്പം അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം പങ്കിട്ടുപോയ്‌ക്കോളും. ഇനിയിപ്പോ, ബാബ അഴിമതി വിരുദ്ധ സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെ നേരിട്ട് റിക്രൂട്ട് ചെയ്തതാണോ രാഖിയെ, പണ്ടു വിശ്വാമിത്രന്റെ തപസ്സ് ഡിസ്റ്റര്‍ബ് ചെയ്യാന്‍ വേണ്ടി വിട്ട മേനകയെപ്പോലെ...

ബാബയുടെ ഓരോ ഹഠയോഗങ്ങള്‍ അല്ലാതെന്തു പറയാന്‍



Saturday, July 23, 2011

ശോ! ഈ വേദനിക്കുന്ന കോടീശ്വരന്‍മാര്‍

പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും സിനിമാക്കാരെ എനിക്ക് പൊതുവേ ഇഷ്ടമല്ല, കൃത്യമായിപ്പറഞ്ഞാല്‍ സൂപ്പര്‍- മെഗാസ്റ്റാറുകളെ. ഇവരെയൊക്കെ ആരാധനയോടെയും ആശ്ചര്യത്തോടെയും കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. സൂപ്പര്‍സ്റ്റാറുകള്‍ക്കു പ്രായമാകുന്നില്ലെങ്കിലും നമുക്ക് പ്രായവും പക്വതയും വര്‍ഷം തോറും കൂടുന്നുണ്ടല്ലോ.

പുറത്തിറങ്ങുന്ന ഒറ്റച്ചിത്രത്തില്‍പ്പോലും ഇവരുടേയൊക്കെ പഴയകാല മിടുക്കൊന്നും കാണാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം നാം പഴയ നാടോടിക്കാറ്റും, യാത്രയും, മണിച്ചിത്രത്താഴൊക്കെ ടി വിയില്‍ വരുമ്പോള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ചിരിച്ച് ചിരിച്ച് വയറും പൊത്തി ഓ! ഈ മോഹന്‍ലാലിന്റെ ഒരു കാര്യം എന്നുപറയുന്നതും. ഒരുവിധത്തില്‍പ്പറഞ്ഞാല്‍ കാര്യങ്ങളുടെ പോക്കുകണ്ടാല്‍ സൂപ്പര്‍ നായകന്‍മാരൊക്കെ വില്ലന്‍മാരാകുന്ന കാഴ്ച കണ്ട് ചിരിക്കണോ, കരയണോ എന്നോര്‍ത്ത് അന്തംവിട്ടിരിക്കുകയാണ് ഫാന്‍സും ഫാന്‍സ് ക്ലബ്ബില്‍ അംഗമല്ലത്തവരുമായ മറ്റു ഫാന്‍സുകളും. തങ്ങളുടെ ദൈവങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കുറ്റംചെയ്തവരെപ്പോലെ അവരോട് മാധ്യമങ്ങള്‍ പെരുമാറരുതെന്നാണ് ഫാന്‍സ് അസോസിയേഷനുകളുടെ ആജ്ഞ.

വളരും തോറും മനുഷ്യന് ദുരാഗ്രഹവും അതിമോഹവും കൂടുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. വരവില്‍ക്കവിഞ്ഞ സ്വത്ത് കൈവശംവയ്ക്കണമെന്ന് അവരും കരുതിയിട്ടൊന്നുമാവില്ല. അതങ്ങനെ കൈകളില്‍ വന്നു നിറയുകയല്ലേ, അപ്പോള്‍ പിന്നെ വേണ്ടന്നുവയ്ക്കാന്‍ പറ്റുമോ. പിന്നെ കണക്കില്‍കാണിക്കാത്ത സ്വത്ത് ഉണ്ടെന്നും കാണിച്ച് വല്ലവനും സിനിമാറ്റിക്ക് സ്റ്റൈലില്‍ ഊമക്കത്തെഴുതുമ്പോഴോ, അതുമല്ലെങ്കില്‍ ഹരിച്ചും ഗുണിച്ചും പിന്നെ കൂട്ടിയും കിഴിച്ചും ഒരു എത്തും പിടിയും കിട്ടാതാവുമ്പോള്‍ ആദായനികുതി ഗുമസ്ഥന്‍മാര്‍ തന്നെ ഇറങ്ങിത്തിരിക്കും. ദുബയില്‍ ബുര്‍ജ് ഖലീഫയില്‍ ഫ്‌ലാറ്റ് വാങ്ങിയപ്പോഴെ എന്‍ഫോഴ്‌സ്‌മെന്റ് ഏമാന്‍മാര്‍ നോട്ടമിട്ടിരിക്കുകയായിരുന്നു മോഹന്‍ലാലിനെയത്രെ, പിന്നെ അസംഖ്യം വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍, പരസ്യചിത്രങ്ങള്‍, തല്ലിപ്പൊളി ചിത്രങ്ങള്‍, അവയുടെ സാറ്റലൈറ്റ്- ഓവര്‍സീസ് അവകാശം തുടങ്ങി ദേ വരുന്നു പിന്നെയും കുറെ കാശ്. തീര്‍ച്ചയായും ഇതൊക്കെ ചോദ്യം ചെയ്യപ്പെടും. ഒരു ചായക്ക് 5 രൂപകൊടുക്കുന്നതിന്റെ പാട് നമുക്കേ അറിയൂ. അപ്പോഴാണ് ഇവന്‍മാര്‍ ഒരു പഴംപൊരിക്ക് (അതിന്റെ നീളവും വിസ്തീര്‍ണവും നിലവില്‍ ഇവിടെ ലഭിക്കുന്ന പഴംപൊരിയുടെ അത്രതന്നേയുള്ളൂ) ഒന്നിന് 45 രൂപ വെച്ച് വിറ്റ് കാശാക്കി അവന്റെയൊക്കെ രഹസ്യ നിലവറകള്‍ നിറയ്ക്കുന്നത്. അവന്‍മാര്‍ക്ക് ഇതു തന്നെ വരണം. കോടിക്കണക്കിന് അനധികൃത സമ്പാദ്യമുണ്ടത്രെ മോഹന്‍ലാലിനും മമ്മുട്ടിക്കും. (ഏതായാലും ശ്രീ പദ്മനാഭസ്വാമിയുടെ അത്രയ്ക്കും വരില്ലാ എന്നു പ്രതീക്ഷിക്കാം)
സത്യം പറഞ്ഞാന്‍ ഇവന്‍മാരുടെ വീട്ടില്‍ നിന്ന് എന്തൊക്കെ പിടിച്ചാലും പാവപ്പെട്ട നമുക്കൊന്നും ഒരു ചുക്കുമില്ല. ഇതൊക്കെ കണ്ടും വായിച്ചും ഒരു മോഹന്‍ലാല്‍- മമ്മുട്ടി കോമഡി ത്രില്ലര്‍ കണ്ടപോലെ സായൂജ്യപ്പെടാം എന്നല്ലാതെ എന്താക്കാനാ. അല്ലെങ്കിലും ഒരു കലാകാരന്‍ സാമൂഹികപ്രതിബദ്ധതയുള്ളയാളാവണം എന്നൊന്നും എവിടെയും എഴുതിവച്ചിട്ടില്ലല്ലോ. സ്വന്തം നിലനില്‍പ്പിനു വേണ്ടി ഇത്തിരി കാശു മറ്റും നീക്കിവച്ചതില്‍ തെറ്റൊന്നും പറയാനില്ല. വയസ്സാം കാലത്ത് വിഘ്‌നങ്ങളൊന്നും കൂടാതെ കഴിയാന്‍ ഈ പണം ഉപയോഗിക്കാമെന്നു മാത്രമേ നമ്മുടെ പാവം സൂപ്പര്‍സ്റ്റാറുകള്‍ വിചാരിച്ചിട്ടുണ്ടാവുകയുള്ളൂ. എന്തുചെയ്യാം വേദനിക്കുന്ന കുറേ കോടീശ്വരന്‍മാരായിപ്പോയി നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍. പിന്നെ നമുക്കെന്താതാല്‍പ്പര്യം എന്നുചോദിച്ചാല്‍, ഉം, ഒന്നൂല്ല്യാന്നേ!


Monday, July 18, 2011

നല്ല കൊടംപുളിയിട്ടു വച്ച മീന്‍കറിപോലെ ഒരു സിനിമ

എന്റെ ഓഫീസ് നില്‍ക്കുന്ന മാളിന് കീഴേയുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറികള്‍ എന്നും എനിക്കൊരു ദൗര്‍ബല്യമാണ്. അതു പോലെ തന്നെ ഹോസ്റ്റലിലേക്കുള്ള വഴിയിലുള്ള വലിയങ്ങാടിയിലെ ഉന്തുവണ്ടികളിലെ ചുവന്നചീരയും, വെണ്ടക്കായും ഒക്കെ സ്വന്തമായ് ഒരു അടുക്കളയുണ്ടാക്കുന്നതിന് എന്നെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്ന വസ്തുതകളാണ്.

നമ്മളിലെല്ലാവരിലും ഒരു കാളിദാസനും മായയും ഉണ്ട്. ആര്യഭവനിലെ മെരിഞ്ഞ വടയ്ക്കു മുന്നിലിരിക്കുമ്പോള്‍ അല്ലെങ്കില്‍ വര്‍ക്കീസിലെ ഇലയടയ്ക്കു വേണ്ടി ക്യൂ നില്‍ക്കുമ്പോള്‍, അതുമല്ലെങ്കില്‍ ദേശാഭിമാനി കാന്റീനിലെ വെള്ളപ്പവും ബീഫ് കറിയും സ്വാദോടെ നുണഞ്ഞിറക്കുമ്പോള്‍, പിന്നെ ചായയുംകൊണ്ട് ബീരാന്‍ക്ക വരുന്നതും കാത്തിരിക്കുമ്പോള്‍ ഒക്കെ നാം കളിദാസനും മായയുമായി മാറുന്നു.

ആഷിഖ് അബുവിന്റെ സാള്‍ട്ട് & പെപ്പര്‍ അടിപൊളി രസക്കൂട്ടാണ്. നല്ല കൊടംപുളിയിട്ടു വച്ച മീന്‍കറിപോലെ എന്തോ ഒന്ന്. അത് കൊണ്ടു വരുന്നത് രസങ്ങളുടെ ഒന്നാന്തരം ഗൃഹാതുരതായാണ്. പ്രത്യേകിച്ചും വീടും നാടും വിട്ടുനില്‍ക്കുന്ന എന്നെ പോലുള്ള, ഹോസ്റ്റല്‍ ഭക്ഷണം മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക്.

സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ എന്റെ മനസ്സില്‍ നിറഞ്ഞു നിന്ന ഒരേയൊരു ചിന്ത നല്ല പുളിയുള്ള മീന്‍കറി കൂട്ടി ചോറുണ്ണണം എന്നായിരുന്നു. കൂടെ ഒരു പപ്പടവും. സനിമയുടെ ഇടവേളയില്‍ ഹാളിലുള്ള എല്ലാവരും പുറത്തേക്കോടി, എല്ലാവര്‍ക്കും എന്തെങ്കിലും വേണം കൊറിക്കാന്‍.

ഈ സിനിമയും നല്ലൊരു വിഭവം പോലെത്തനെ പാകത്തിനു ചേരുവകള്‍ ചേര്‍ന്നതാണ്. മൈഥിലിയും ആസിഫ് അലിയും മധുരമാണെങ്കില്‍ ശ്വേത പുളിയാണ്, ലാല്‍ എരിവും. ഏതൊരു വിഭവത്തിന്റെയും രസക്കൂട്ടായ ഉപ്പിന്റെ സ്ഥാനമാണ് ഇതില്‍ ബാബുരാജിന്.

ഒരു കടുകുവറയുടെ സുഖമുണ്ട് ആസിഫിന്റെ സാന്നിധ്യത്തിന്. മിറാഷ് എന്ന കഥാപാത്രം തീര്‍ത്തും അനാവശ്യമാണെന്നുതോന്നിപ്പോകും, ഈ അവിയലില്‍ ബീറ്റ്‌റൂട്ട്്, തക്കാളി, എന്നിവപോലെ പോലെ. പക്ഷെ ഇട്ടു എന്നു കരുതി കുഴപ്പമൊന്നുമില്ല. ബോളിവുഡ് സിനിമകളില്‍ നിന്ന് ഒരു ചെറിയ കോപ്പിയടി(3 ഇഡിയറ്റ്‌സ്) അത് ക്ഷമിച്ചിരിക്കുന്നു.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും തോന്നിയതൊക്കെ മായക്കും തോന്നുന്നു. ചൊവ്വാദേഷം, പ്രേമം, പ്രേമനൈരാശ്യം, ഫെമിനിസം, ''അറ്റ്‌ലീസ്റ്റ് ശബ്ദം മാത്രമുള്ള അനൗണ്‍സര്‍...ജലസീ, കൂടാതെ ഒക്കേഷനലി ഫിറ്റും.

ചൊവ്വദോഷമൊക്കെയുള്ള പെണ്ണിന് വിവാഹമാര്‍ക്കറ്റില്‍ സ്ഥാനമില്ലെന്ന അര്‍ത്ഥം സിനിമയിലുണ്ടെങ്കിലും അതുതന്നെയാണ് വാസ്തവം എന്നു പറയാതെ വയ്യ. ഒരു പ്രായം കടന്നാല്‍ പറയാതിരിക്കുന്നതാണ് ഭേദം. ഇതിലെ നായകന്റെ കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അയാള്‍ പ്രായമുള്ളയാളാണ്. അയാള്‍ക്ക് പെണ്ണുകണ്ട പെണ്‍കുട്ടിയെ കെട്ടാന്‍ യാതൊരു പ്രായസവുമില്ല. കാരണം അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രായം പ്രശ്‌നമാകുന്നില്ല. എന്നിട്ടും അയാള്‍ കുക്കിനെ അടിച്ചുമാറ്റുന്നു. ചിത്രത്തിലെ ഏറ്റവും മനോഹരവും ആഹ്ലാദവും ഉണ്ടാക്കുന്ന സീനായിരുന്നു അത്.

തീര്‍ച്ചയായും ഡയലര്‍ ടോണാക്കാന്‍ പറ്റുന്ന മനോഹരമായ രണ്ടു പാട്ടുകള്‍ ആര്‍ക്കും ഇഷ്ടമാവും.

Rating 7/10

Photo: Google Search

Saturday, July 16, 2011

ഹോസ്റ്റല്‍ ഡേ! ഒരു തല്ലുംപിടിയുടെ കഥ

കൈപ്പിടിയിലൊതുങ്ങാത്ത ഈ പ്രായത്തില്‍ ഇതൊന്നും വേണ്ടന്നാണ് ശരിക്കും വെയ്‌ക്കേണ്ടത്. പക്ഷെ നാലാംക്ലാസ്സ് മുതല്‍ യു പി തലത്തിലും എല്‍ പി തലത്തിലും എന്തിന് ഹൈസ്‌കൂള്‍തലത്തിലും വരെ തിരുവാതിര കളിച്ച് സമ്മാനം വാങ്ങിയിട്ടുള്ള ഒരാള്‍ക്ക് വീണ്ടും തിരുവാതിര കളിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അതിന് പ്രായം ഒരു തടസ്സമേയല്ല. സ്റ്റെപ്പ് ഇടുന്നതിലും കൂടെ കളിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിലും കൈകടത്തുമ്പോള്‍ മാത്രമാണ് കളി കാര്യമാവുന്നത്.

അതില്‍ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നെ ഇതുവരെ നന്നായി മുന്നോട്ടു നീങ്ങിയിരുന്ന പലബന്ധങ്ങളെയും എങ്ങിനെയുലക്കുന്നുവെന്നാതാണ് പിന്നീട് നാം കാണുക. ഒരൊറ്റ മിനിറ്റുകൊണ്ട് നമ്മള്‍ പിന്നെ ഒന്നിനും കൊള്ളാത്തവരാവും. നമുക്കുണ്ടായിരുന്ന ഗുണങ്ങളൊക്കെ ഒരു രാത്രി പുലരുമ്പോഴേക്കും കുറ്റങ്ങളായി മാറും. ഇനിയിപ്പോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ മിണ്ടാന്‍ ചെന്നാലോ എല്ലാവരുമങ്ങ് നാലാം ക്ലാസില്‍ ഉപേക്ഷിച്ച സ്വഭാവം അങ്ങ് പുറത്തെടുക്കും. കുട്ടിയല്ലേ എന്നോട് ആദ്യം പിണങ്ങിയത്, കുട്ടിയല്ലേ എന്നെക്കാള്‍ വലുത്, അതുകൊണ്ടു കുട്ടി വന്ന് എന്നോട് സോറി പറഞ്ഞു മിണ്ടിയാല്‍ ഞാനും മിണ്ടാമെന്നൊക്കെ മുഖത്തു ഭാവം വരുത്തിയിരിക്കും.

ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങള്‍ അതു നശിക്കുക തന്നെ ചെയ്യും. സൗഹൃദത്തിന്റെ വാക്കുകളും ചേഷ്ഠകളും ഹൃദയത്തില്‍ നിന്നും വരണം. അല്ലാതെ മനസ്സിലൊന്നും പുറത്ത് മറ്റൊന്നും കാണിക്കുന്ന ബന്ധങ്ങള്‍ ശ്വാശതമല്ല. ഏതൊരു ബന്ധം തകരുമ്പോഴും നാം മനസ്സില്‍ വിചാരിക്കും, ഇല്ല ഇനി ഞാന്‍ ആരോടും അധികം കൂട്ടുകൂടില്ല, മിണ്ടില്ല എന്നൊക്കെ. എന്നാലും നാമൊക്കെ വീണ്ടും അനാവശ്യ സൗഹൃദങ്ങളില്‍ ചെന്നു ചാടും. ''മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ''്. ഹോ! ഡിഗ്രയുടെ സോഷ്യോളജി സബ്ബിലെ ആ സെന്റന്‍സ് എങ്ങിനെ മറക്കാനാണ്.(ഇവിടെ ഞാനല്‍പ്പം നൊസ്റ്റാള്‍ജിക്കാവും)


നിങ്ങള്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നയാളാണോ, ചില സൗഹൃദങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന എന്റെ 7 പോയിന്റ് പാക്കേജ് നിങ്ങള്‍ക്കുള്ളതാണ്. നല്ല സുഹൃത്താവാന്‍ ഇതാ ചില വഴികള്‍

1) ആരെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കാതിരിക്കുക/ ഉണ്ടെങ്കില്‍ തന്നെ അത് പ്രകടിപ്പിക്കാതിരിക്കുക.

2) മറ്റുള്ളവര്‍ നല്‍കുന്ന സൗഹൃദത്തെ ഒരു കൈയകലത്തില്‍ നിര്‍ത്തുക. പറ്റുമെങ്കില്‍ പാരനോയിക്ക് സിന്‍ഡ്രോം കാണിക്കുക

3) നമ്മുടെ സുഹൃത്തിനെക്കുറിച്ച് ആരെങ്കിലും മോശമായി പറയുമ്പോള്‍ എല്ലാം ചിരിച്ചുകൊണ്ടു കേള്‍ക്കു(ഉമ്മറിനെ പോലെ വികാരഭരിതമായി പ്രതികരിച്ചാല്‍ പണികിട്ടും).പിന്നെ കേട്ടകാര്യങ്ങള്‍ സുഹൃത്തിനോട് പറയാതിരിക്കുക. അങ്ങിനെയാണെങ്കില്‍ നമുക്ക് മറ്റൊരു സുഹൃത്തിനെയും കൂടെ കിട്ടും

4)സുഹൃത്തിന് എന്തെങ്കിലും അസുഖങ്ങള്‍(പനി, ചുമ, വയറുവേദന, വയറ്റിളക്കം, തലചുറ്റല്‍..) എന്നിവ വരുമ്പോള്‍ ഫോണ്‍ റെയ്ഞ്ച് ഔട്ടാക്കുക.(ഇവരെയൊന്നും നോക്കിയിട്ടു ഒരു കാര്യവുമില്ല, നമ്മള്‍ അങ്ങിനെ കിടന്നാല്‍ ഒരു *..........*കളും തിരിഞ്ഞു നോക്കില്ലെന്നു 101% ഞാന്‍ ഗ്യാരന്റി.)

5) സുഹൃത്തിന്റെ പിറന്നാള്‍, കല്ല്യാണം, ജോലിസ്ഥലംമാറ്റം, ജോലിക്കയറ്റം, വീടുമാറല്‍, കുഞ്ഞിന്റെ പാലുകുടി, വീടിന്റെ പാലുകാച്ചല്‍, ഒറ്റതവണതീര്‍പ്പാക്കല്‍ എന്നിവയ്‌ക്കൊന്നും സമ്മാനങ്ങള്‍ നല്‍കി ബന്ധം വഷളാക്കരുത്. തിരിച്ചും വാങ്ങാതെ സൂക്ഷിക്കുക.

6) കര്‍ത്താവ് ഈശോമിശിഹായ പറഞ്ഞതു പോലെ സമ്പത്തിക ഇടപാടുകളില്‍ എപ്പോഴും രേഖകള്‍ സൂക്ഷിക്കുക. അത് പിന്നീട് ഗുണം ചെയ്യും. സിനിമയ്ക്കു പോകുമ്പോള്‍, ഒന്നിച്ച് ലഞ്ച് കഴിക്കുമ്പോള്‍, തുണിത്തരങ്ങളെടുക്കുമ്പോള്‍ കഴിവതും നമ്മുടെ കാശ് നാം തന്നെ നല്‍കണം. അതില്‍ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. നമ്മുടേതു പോലെ തന്നെയാണ് മറ്റുള്ളവരുടെ പണവും. അവരും അതൊക്കെ അദ്ധ്വാനിച്ചിട്ടാണ് ഉണ്ടാക്കുന്നത്. അത് നമ്മളെ തീറ്റിപോറ്റാനുള്ളതല്ല എന്ന ബോധ്യം നമുക്കുണ്ടായിരിക്കണം.

7) കഴിവതും നമ്മുടെ മുറിയില്‍ തന്നെയിരുന്ന് നാം വാങ്ങിക്കൊണ്ടുവന്ന കപ്പ് കേക്ക്, ബ്രഡ്- ബട്ടര്‍ എന്നിവ കഴിച്ച്, പി എസ് സി, യു പി എസ് സി, എസ് എസ് സി എന്നീ പരിക്ഷകള്‍ക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നതാണ് അനുകരണീയമായ മാതൃക.


എന്നിട്ടും നിങ്ങള്‍ക്ക് നല്ല സുഹൃത്താവാന്‍ പറ്റിയില്ലെങ്കില്‍.... പറഞ്ഞിട്ടു കാര്യമില്ല എന്നു വേണം മനസിലാക്കാന്‍.


പടം: Google Serach