Tuesday, August 25, 2009

യാ അല്ലാഹ്‌..

കൈയിലെടുത്ത കാരക്കയ്‌ക്കും നുണഞ്ഞിറക്കിയ നാരങ്ങാവെള്ളത്തിനുമൊപ്പം മനസ്സ്‌ പറഞ്ഞു........ബിസ്‌മില്ലാഹി... അടഞ്ഞ കണ്ണില്‍ നിറയെ കണ്ണാതളിയും, ശംഖുപുഷ്‌പവും, തകരപ്പൂവുമാണ്‌. മുറ്റത്ത്‌ താല്‍ക്കാലികമായി നിര്‍മിച്ച മണ്‍ത്തിട്ടയില്‍ ചാണകംമെഴുകി അതില്‍ നിറയെ പൂക്കള്‍ നിരത്തിവച്ച പെണ്‍കുട്ടി. ഓണപരീക്ഷയുടെ അവസാനദിവസം അടുത്തുള്ള പാടങ്ങളില്‍ നിന്ന്‌ ചാമ പറിക്കാന്‍ ചേച്ചിയോടൊത്ത്‌ പോവുമ്പോള്‍ നീര്‍ക്കോലിയും തവളയും അതിഭീകരന്‍മാരായിരുന്നു അവള്‍ക്ക്‌. കറുത്ത ചാമയും പച്ച നിറത്തിലുള്ള ചാമയും പിറ്റേന്ന്‌ പൂക്കളം നിറയ്‌ക്കാനുള്ളതാണ്‌. വലിച്ചാലും പറിച്ചാലും പോരാത്ത ചാമത്തണ്ട്‌, വെള്ളത്തിലേക്ക്‌ കാലുതെന്നാതെ ആഞ്ഞു വലിക്കുമ്പോള്‍ ഉരിഞ്ഞ്‌ വരുന്ന ചാമത്തരികള്‍ വെള്ളത്തില്‍ ചിതറിവീഴാതെ നോക്കണം. ചിലപ്പോള്‍ തങ്ങളെക്കാള്‍ കൂടുതല്‍ രാഗിക്കും സുരേഷിനുമൊക്കെകിട്ടുമ്പോള്‍ പെണ്‍കുട്ടിയുടെ കൈയിലെ ചാമയരിക്ക്‌ ചുവപ്പ്‌ നിറം. നാളെ വിരിയാനുള്ള മൊട്ടുകള്‍ ഇന്നുതന്നെ പറിച്ചുവയക്കണം. സ്വന്തം മുറ്റത്തെ ചെമ്പരത്തിപോലും ഓണക്കാലത്ത്‌ അന്യരുടേതാണ്‌ പോലും. രാവിലെ ഏണീറ്റ്‌ ഇറുത്ത്‌ പൂവിടാം എന്നുകരുതിയാല്‍ തെറ്റി. അത്‌ അവര്‍ കൊണ്ടുപോയിക്കാണും. പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ആ മുഖങ്ങള്‍ക്ക്‌ പവന്‍ തിളക്കമാണ്‌.
ഉണ്ണ്യൂട്ടേട്ടന്റെ വീട്ടിലെ മുല്ലപടര്‍ന്നുകയറിയ മാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടാനുള്ള ഊഴത്തിനായി കാത്തുനില്‍ക്കുകയാണ്‌ പെണ്‍കുട്ടി. വേനലാവധിയില്‍ ഉണ്ണ്യൂട്ടേട്ടന്റെ വീട്ടിലെ മുല്ല നിറയെ പൂക്കും. സുജിക്കും അനുജത്തിക്കും അവകാശപ്പെട്ട മുല്ലപ്പൂക്കള്‍, അവയെല്ലാം കോര്‍ത്ത്‌ കെട്ടി പെണ്‍കുട്ടി തന്റെ കഴുത്തറ്റം മാത്രമുള്ള മുടിയിലൂടെ നീട്ടിയിടുന്നു. വധുമായി പെണ്‍കുട്ടി. തലയിളകിയാടുന്ന പാവകുട്ടിയുടെ അമ്മ. ഊഞ്ഞാലില്‍ ആടാനുള്ള ഊഴം ഇനിയും ആവാത്തതിനാല്‍ അവള്‍ക്ക്‌ സങ്കടം വരുന്നുണ്ടായിരുന്നു. ഇവിടെയും സുരേഷും രാഗിയും, സുഷമയും എല്ലാവരുമുണ്ട്‌ വരിയില്‍. അവര്‍ പിണങ്ങിയാല്‍ പെണ്‍കുട്ടിക്ക്‌ സഹിക്കില്ല. അതുകൊണ്ടാ അവള്‍ സങ്കടം തൊണ്ടയില്‍ ഒതുക്കിയത്‌.
അടുത്ത പറമ്പിലെ വാഴത്തോട്ടത്തില്‍ നിന്ന്‌ മുറിച്ചെടുത്ത നാക്കിലയില്‍ ഓണത്തിന്‌ അമ്മ വിളമ്പുന്ന കുത്തരിച്ചോര്‍. സ്‌കൂള്‍ വിട്ട്‌ വന്ന്‌ പെണ്‍കുട്ടിയും അമ്മയും, ചേച്ചിയും,അമ്മൂമയും ചുമന്ന്‌ മെതിച്ചെടുത്ത കറ്റയില്‍ നിന്നടര്‍ന്ന മണികളാണ്‌. അവയ്‌ക്കൊപ്പം കൂട്ടാന്‍ എന്തിനാ എട്ടുകൂട്ടം. ഉപ്പു മാത്രം മതി. ചോറുവാരിത്തിന്നുമ്പോള്‍ പാടത്ത്‌ താന്‍ കണ്ട ഞൗനിമുട്ടകളെക്കുറിച്ചായിരുന്നിരിക്കാം അവള്‍ ഓര്‍ത്തത്‌. അവയെപ്പിടിക്കാന്‍ നോക്കിയപ്പോഴാണ്‌ പെണ്‍കുട്ടിയുടെ ഓണക്കോടിയില്‍ ചേറ്‌ പുരണ്ടതും അമ്മ വഴക്ക്‌ പറഞ്ഞതും. അവള്‍ക്ക്‌ ആകെയുണ്ടായിരുന്ന നല്ല ഉടുപ്പായിരുന്നു അത്‌.അമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മനസ്സുപിടഞ്ഞു. കൈയിലെടുത്ത്‌ ഈന്തപ്പഴവും, നാരങ്ങാവെള്ളവും തൊണ്ടയില്‍ നിന്നിറങ്ങിയില്ല. അവള്‍ പ്രാര്‍ത്ഥിച്ചു, യാ അല്ലാഹ്‌ ...

Friday, August 21, 2009

അവളൊരു കാമിനിയല്ല

കാമിനിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ഷാഹിദ്‌ കപൂര്‍. ഈശ്വരാ അവര്‍ എന്താണാവോ ഉദ്ദേശിച്ചത്‌? ഒരു ദിവസം മാതൃഭൂമി കോഴിക്കോട്‌ എഡീഷന്റെ നഗരം എന്ന പേജില്‍ വന്ന വാര്‍ത്തയാണ്‌. അതും അര പേജ്‌. കാമിനി, കമീനി, കമീനേ... പ്രേക്ഷകന്റെ മനോധര്‍മമനുസരിച്ച്‌ സിനിമയുടെ പേര്‌ വായിക്കാവുന്ന വിധം അങ്ങിനെയൊക്കെ എഴുതണമെങ്കില്‍ ആ ഡയറക്ടറും അയാളുടെ ആള്‍ക്കാരും ചില്ലറക്കാരല്ല. വിശാല്‍ ഭരദ്വാജിന്റെ പുതിയ ചിത്രത്തെക്കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. കോഴിക്കോട്‌ ആകാശവാണിയില്‍ അല്ലറ ചില്ലറ ഹിന്ദി പ്രോഗ്രമുമായി നടക്കുന്ന എനിക്കുപോലും അത്‌ എന്താണെന്ന്‌ വായിക്കാനറിഞ്ഞില്ല. പിന്നെയല്ലേ തൃശൂരിലെ റേഡിയോ മാംഗോ! അവരും പറഞ്ഞു, വീക്കന്‍ഡറിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കാന്‍ പോവുന്നത്‌ കാമിനിയുടെ ടിക്കറ്റാണ്‌. പ്രിയങ്കയെ കണ്ടപ്പോള്‍ ഉറപ്പിച്ചു, അതേ ഇവള്‍ തന്നെ കാമിനി. സംശയമില്ല.സത്യത്തില്‍ ചമ്മിപ്പോയി എന്നുപറഞ്ഞാല്‍ മതിയല്ലോ. ഇന്നലെ സിനിമ കണ്ടപ്പോള്‍ പരിപൂര്‍ണ ബോധ്യമായി അത്‌, കാമിനിയല്ല മറ്റ്‌ എന്തോ ആണ്‌ എന്ന്‌. ഏതായാലും സിനിമ കലക്കി. ഷാഹിദിന്റെ ചോക്ക്‌ലേറ്റ്‌ ഇമേജിന്‌ ഒരു മാറ്റം. പഞ്ചംദായുടെ nostalgic tune (ആര്‍.ഡി ബര്‍മന്‍) ഈൗൗൗൗൗൗൗൗൗൗൗൗ രാാാാാാാാാാ ,ടര ടര ടര ടര ടരടരരാാആആആആആആആആ. തീര്‍ച്ചയായും ആ കാലത്തേക്ക്‌ കൊണ്ടു പോവുന്നു. സ്‌ക്രീനില്‍ നിന്ന്‌ ഒരു നിമിഷം പോലും കണ്ണെടുക്കാന്‍പാടില്ല, എടുത്താല്‍ കഴിഞ്ഞു. ഒരോ സീക്വന്‍സും അത്ര പ്രധാനപ്പെട്ടതാണ്‌. നിശബ്ദത പോലും കഥ പറയുന്നു. പിന്നെ ഞാന്‍ ഇങ്ങിനെയൊക്ക എഴുതി, എന്നാല്‍ പോയിക്കണ്ടേക്കാം എന്നു വിചാരിക്കേണ്ട. അങ്ങനെ പോപ്‌കോണും കൊറിച്ച്‌ കണ്ടോണ്ടിരിക്കാനുള്ളതല്ല കമീനേ.. It's serious.mind it

Thursday, August 20, 2009

മൈ നെയിം ഈസ്‌ ഖാന്‍, കിങ്‌ ഖാന്‍....

ഷാരൂഖ്‌ഖാന്‍ അങ്ങനെയാണ്‌. കിങ്‌ സൈസ്‌. അതുകൊണ്ട്‌ തന്നെ കക്ഷിക്ക്‌ ഈ ഞഞാപിഞ്ഞാ ചെക്കിങ്‌ ഒന്നും പിടിക്കില്ല. ആള്‌ പ്രശ്‌നമുണ്ടാക്കും. വേണ്ടി വന്നാല്‍ സായിപ്പിന്റെ അപ്പൂപ്പനെ വരെ നിക്കറില്‍ നിര്‍ത്തിക്കും. ഷാരൂഖ്‌ ഇന്റര്‍നാഷനല്‍ വ്യക്തിത്വമെന്നു പറഞ്ഞ്‌ അമേരിക്ക തടിപ്പിയത്‌ ഏതായാലും അവര്‍ക്ക്‌ നന്നായി. അല്ലേല്‍ കാണാമായിരുന്നു.അല്ലെങ്കിലും ഈ അമേരിക്കക്കാര്‍ക്ക്‌ ഇത്തിരി കൂടുതലാ. അതല്ലേല്‍ ആരേയും നോവിക്കാത്ത നമ്മുടെ മുന്‍ അയ്യോ പാവം രാഷ്ട്രപതിയെ പോലും അവര്‍ വെറുതെ വിടാഞ്ഞത്‌. കലാം സാഹിബ്‌ വായയില്‍ വിരലിട്ടാലും കടിക്കാത്ത വ്യക്തിത്വമായത്‌ അമേരിക്കയ്‌ക്ക്‌ വീണ്ടും തുണയായി എന്നു തന്നെ പറയാം. 9/11 ന്‌ ശേഷം നാടിനെ കാടന്‍ പിടിക്കുമോ? കുറുക്കന്‍ കൊണ്ടുപോവുമോ? എന്നു പേടിച്ചിരിക്കുന്ന അമേരിക്കന്‍ അതികൃതര്‍ ഷാരൂഖിനോട്‌്‌്‌ ചെയ്‌തതിലും തെറ്റുപറയാന്‍ ഒക്കുമോ? നിങ്ങള്‍ തന്നെ പറ. സ്വന്തം രാജ്യത്തിന്റെ സുരക്ഷ എതൊരു മീഞ്ചന്തക്കാരന്റെയും കടമയല്ലേ? അപ്പോള്‍ അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ചെയ്‌തതിലും എന്താണ്‌ കുറ്റം?എന്നാലും ചില പ്രത്യേക മതവിഭാഗങ്ങളിലെ പേരുകള്‍ തപ്പിപ്പിടിച്ച്‌ അന്വേഷണമെന്ന്‌്‌ പറഞ്ഞ്‌ രണ്ടും മൂന്നും മണിക്കൂര്‍ തടഞ്ഞു വയ്‌ക്കുന്നത്‌ തികച്ചും ഖേദകരമാണ്‌. പ്രത്യേകിച്ചും കിങ്‌ ഖാനെപോലുള്ളവരെ. മിനിറ്റിനുകള്‍ക്ക്‌്‌ കണക്കുപറഞ്ഞ്‌ കോടികള്‍ സമ്പാദിക്കുന്നവരുടെ രണ്ടു മണിക്കൂര്‍ എന്നു പറഞ്ഞാല്‍ എന്നതാ? അരീക്കാട്‌ ജങഷനില്‍ കുട്ടപ്പായിയെയും കാത്തു നില്‍ക്കുന്നത്‌ പോലെയാണോ അത്‌? അല്ല. പിന്നെ, പൗലോസേട്ടനും, ദാസപ്പേട്ടനും എന്താ ബോംബുണ്ടാക്കാനും തീവ്രവാദം നടത്താനും അറിയില്ലേ? താടിയും തലേക്കെട്ടും കണ്ടാല്‍ മതി എല്ലാവരുടെയും ഹാലിളകാന്‍. അതിലും ഇമ്മിണി നല്ല മനുഷ്യരുണ്ടെന്നെ.അതൊക്കെ പോട്ടെ, ഇതുപോലെ നിരവധിയാളുകളെ ദിനേന ഇത്രയൊക്കെ പരിശോധന നടത്തിയാണ്‌ അമരിക്കയ്‌ക്കകത്തേയ്‌ക്കു വിടുന്നത്‌. അതില്‍ പലരും അത്ര പ്രശസ്‌തരൊന്നുമല്ല. അപ്പോ പിന്നെ ഷാരൂഖ്‌ ഖാനെ മാത്രം തിരഞ്ഞ്‌ പിടിച്ച്‌ ചോദ്യംചെയ്‌തതൊന്നുമല്ല. നമ്മുടെ നാട്ടില്‍ അത്തരം നാട്ടുനടപ്പൊന്നു ഇല്ലാ എന്നു മാത്രം. ഇവിടെ ആരും വന്നാലും പോയാലും അന്തപ്പനെന്ത്‌ ചിന്താ എന്നല്ലേ. അവര്‍ ചെയ്യുന്നത്‌ പോലെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പാടുണ്ടോ, അപ്പോള്‍ നമ്മുടെ അതിഥി ദേവോ ഭവഃ !.എന്റെ പടച്ചോനെ.....ദേ പിന്നേ, ഇപ്പോ ചിരിക്കുന്ന ആമിറും സല്‍മാനും ചിരി നിര്‍ത്തുന്നതാ നല്ലത്‌. ബാദ്‌ഷാ ഖാന്‍ ഇപ്പോള്‍ മനസ്സില്‍ വിചാരിക്കുന്നുണ്ടാവും, ബച്ചു തേരാ നമ്പര്‍ ഭി ആയേഗാ. (പിള്ളേരേ, നിങ്ങടെ മാവും മാവും).

Saturday, August 1, 2009

യെ ദോസ്‌തി... ഹം നഹീ തോഡേങ്കെ


``യെ ദോസ്‌തി... ഹം നഹീ തോഡേങ്കെ

തോഡേങ്കെ ദം മഗര്‍ തേരാ സാത്ത്‌ നാ ഛോഡേങ്കേ...''



1975ലാണത്‌. ഉറ്റ ചങ്ങാതിമാരായ വിരൂവും ജയും സൗഹൃദത്തിന്റെ അന്നുവരെ കേട്ടിട്ടില്ലാത്ത ഈണവുമായി അഭ്രപാളിയില്‍ നിന്നു നമ്മുടെയൊക്കെ മനസ്സിലേക്ക്‌ ഇറങ്ങിവന്നത്‌ ആ വര്‍ഷം ആഗസ്‌ത്‌ 15നാണ്‌. ഇന്ത്യയിലൊട്ടാകെയുള്ള നൂറോളം തിയേറ്ററുകളില്‍ സില്‍വര്‍ ജൂബിലി പിന്നിട്ടു നൂറ്റാണ്ടിന്റെ സിനിമ എന്ന ഖ്യാതി നേടിയ `ഷോലെ' അഗാധ സൗഹൃദത്തെക്കുറിച്ചു പറഞ്ഞുതന്ന സിനിമയാണ്‌. അതിനുശേഷം ഇന്നും എന്നും സൗഹൃദം എന്നു കേട്ടാല്‍ ഈ ഗാനം മൂളാത്തവര്‍ വിരളമായിരിക്കും. അത്ര എളുപ്പമൊന്നം മറക്കുന്ന ഒന്നല്ല ആ ഗാനം. വിരൂ എന്ന ധര്‍മേന്ദ്രയുടെയും ജയ്‌ എന്ന അമിതാഭ്‌ബച്ചന്റെയും സൗഹൃദം സ്‌ക്രീനില്‍ മാത്രമല്ല ഓഫ്‌ സ്‌ക്രീനിലും അനുകരണീയമായ ഒന്നായി നിലനില്‍ക്കുന്നു.


വര്‍ഷത്തില്‍ 365 ദിവസവും ഏതെങ്കിലുമൊക്കെ ആഘോഷം കൊണ്ടാടുന്നത്‌ നമ്മുടെ ശീലമായിരിക്കുകയാണ്‌. അതനുസരിച്ച്‌ ഇന്നു ലോക സൗഹൃദദിനമാണ്‌. പിസാ ഹട്ടുകളിലെയും കോഫി ഡേകളിലെയും സായന്തനങ്ങളില്‍ അഭിരമിക്കുന്ന, ബന്ധങ്ങളുടെ കെട്ടുറപ്പ്‌ ആര്‍ചീസിന്റെയും ഹോള്‍മാര്‍ക്കിന്റെയും കാര്‍ഡുകളിലാണെന്നു വിശ്വസിക്കുന്ന ജനറേഷന്‍ നെക്‌സ്‌റ്റിന്‌ ആഘോഷിച്ചു തള്ളാന്‍ മറ്റൊരു കാരണം കൂടിയാണ്‌ സൗഹൃദദിനം അഥവാ ഫ്രണ്ട്‌ഷിപ്പ്‌ ഡേ. ആഗസ്‌തിലെ ആദ്യ ഞായര്‍ എന്തിനാണ്‌ സൗഹൃദദിനമായി കൊണ്ടാടുന്നത്‌ എന്നുപോലും തിരിച്ചറിയാതെയാണ്‌ നമ്മില്‍ പലരും ഫ്രണ്ട്‌ഷിപ്പ്‌ ബാന്റുകള്‍ വാങ്ങിയും സ്‌നേഹസന്ദേശ കാര്‍ഡുകള്‍ കൈമാറിയും സൗഹൃദത്തെ അരക്കിട്ടുറപ്പിക്കുന്നത്‌.


തീര്‍ച്ചയായും സൗഹൃദം ഒരു ആവരണമാണ്‌. ഒഴിഞ്ഞ വയറിനു ഒരുപിടിച്ചോറായി, സ്ലേറ്റ്‌ മായ്‌ക്കാനുള്ള മഷിത്തണ്ടായി, ഉപ്പിലിട്ടതു വാങ്ങാന്‍ നീളുന്ന 25 പൈസാ തുട്ടായി, പറഞ്ഞതുതന്നെ പറയാന്‍ കാത്തിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളായി, പുസ്‌തകങ്ങളായി, സിനിമയായി, പ്രണയമായി, പിണക്കമായി, ജീവിതാസ്വാസ്ഥ്യങ്ങളില്‍ ഒരു സാന്ത്വന സ്‌പര്‍ശമായി, ഏതു ഘട്ടത്തിലും എത്ര പ്രയാസപ്പെട്ടാലും പരസ്‌പരം സഹായമായി `ചങ്ങാതി' നമ്മുടെ ജീവിതത്തെ ആവരണം ചെയ്യുന്നു. ഫ്രഞ്ച്‌ സാഹിത്യകാരന്‍ ആല്‍ബര്‍ട്ട്‌ കമുവിന്റെ വാക്കുകള്‍ ഓര്‍ക്കാം.


``എനിക്കു മുന്നില്‍ നീ നടക്കരുത്‌,

എനിക്കു നിന്നെ പിന്തുടരാനാവില്ല.

എനിക്കു പിറകിലും നീ നടക്കരുത്‌,

എനിക്കു നിന്നെ നയിക്കാനറിയില്ല.

നീ എന്നോടു ചേര്‍ന്ന്‌, എനിക്കൊപ്പം നടക്കണം

എന്റെ സുഹൃത്താവണം.''



സുഹൃത്തിന്റെ സ്ഥാനം മുമ്പിലോ പിറകിലോ അല്ല. അതു നമുക്കൊപ്പമാണ്‌. അതുകൊണ്ടു തന്നെയാണ്‌ ഈ ബന്ധം മറ്റെല്ലാറ്റില്‍നിന്നും അമൂല്യമെന്നു പറയുന്നത്‌. മനുഷ്യന്‍ സാംസ്‌കാരികജീവിതം നയിക്കാന്‍ തുടങ്ങിയതു മുതല്‍ സൗഹൃദമെന്ന ബന്ധത്തെ വിശേഷപ്പെട്ട ഒന്നായിത്തന്നെ കണക്കാക്കിയിരുന്നു, അതു പല നാടോ ടിക്കഥകളിലും മതധാര്‍മിക ഗ്രന്ഥങ്ങളിലും കാണാന്‍ കഴിയും. രണ്ടു സുഹൃത്തുക്കള്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍, കരടി വരുന്നതും മരംകയറാന്‍ അറിയുന്ന സുഹൃത്ത്‌ കയറാനറിയാത്ത സുഹൃത്തിനെ തനിച്ചാക്കി മരത്തില്‍ കയറി രക്ഷപ്പെട്ടതും പാവം മറ്റേ സുഹൃത്ത്‌ മരിച്ചതുപോലെ കിടന്നു കരടിയില്‍ നിന്നു രക്ഷപ്പെട്ടതും നാം സ്‌കൂളില്‍ പഠിച്ചതാണ്‌. അതിലെ ഗുണപാഠവും നാം മറന്നുകാണില്ല. ആപത്തില്‍ സഹായിക്കുന്നവനാണ്‌ ചങ്ങാതി. അങ്ങനെയൊരാളെ പലരും ഈ ദിവസം ഓര്‍ക്കുന്നു


ഒന്നാം ലോകമഹായുദ്ധാനന്തരകാലം. നാടെങ്ങും വിദ്വേഷവും വെറുപ്പും മാത്രം. ജനങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ തമ്മിലും അവിശ്വാസവും ശത്രുതയും തഴച്ചുവളര്‍ന്നു. മറ്റൊരു ലോകമഹായുദ്ധത്തിനു വിത്തു പാകാവുന്ന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്‌. സൗഹൃദവും സ്‌നേഹവും പുനസ്ഥാപിക്കേണ്ട അവസ്ഥ സംജാതമായതോടെയാണ്‌ 1935ല്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌ ഓഫ്‌ അമേരിക്കയുടെ കോണ്‍ഗ്രസ്‌ ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. എല്ലാ വര്‍ഷവും ആഗസ്‌തിലെ ആദ്യ ഞായര്‍ നാഷനല്‍ ഫ്രണ്ട്‌ഷിപ്പ്‌ ഡേ ആഘോഷിക്കണം എന്നായിരുന്നു ആ പ്രഖ്യാപനം. അമേരിക്കയില്‍ മാത്രമല്ല മറ്റെല്ലാ രാഷ്ട്രങ്ങളിലും വളരെ ഹാര്‍ദമായാണ്‌ ആ ആഹ്വാനത്തെ ജനങ്ങള്‍ കൈക്കൊണ്ടത്‌. എന്നാല്‍, എല്ലാ ആഘോഷവും ആ ദിവസം മാത്രം നിലനില്‍ക്കുന്നു എന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ ദുരന്തം. 1945 ആഗസ്‌ത്‌ ആറിനാണ്‌ അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ 9,700 പൗണ്ട്‌ ഭാരമുള്ള യുറേനിയം ബോംബായ `ലിറ്റില്‍ ബോയ്‌' വര്‍ഷിച്ചത്‌. ലക്ഷക്കണക്കിനാളുകള്‍ മരിച്ചുപോയി. അതിനെക്കാളേറെ മുറിവേറ്റവരായി. അതിലും ഭീകരമായിരുന്നു തലമുറകള്‍ തോറും അവര്‍ കൈമാറിക്കൊണ്ടിരിക്കുന്ന റേഡിയേഷന്‍ മൂലമുള്ള ജനിതകവൈകല്യങ്ങള്‍. എല്ലാം ഹിരോഷിമയില്‍ ബോംബ്‌ വര്‍ഷിച്ചതിന്റെ ഫലം. തുടര്‍ന്ന്‌, ആഗസ്‌ത്‌ 9ന്‌ നാഗസാക്കിയില്‍ `ഫാറ്റ്‌മാന്‍' എന്ന പ്ലൂട്ടോണിയം ബോംബും വര്‍ഷിക്കാന്‍ അമേരിക്ക മറന്നില്ല. ലോകത്ത്‌ സൗഹൃദം ഊട്ടിയുറപ്പിക്കണമെന്നു പറഞ്ഞവര്‍ തന്നെയാണ്‌ മറ്റൊരു സമൂഹത്തിനുമേല്‍ ദുരന്തം പാകിയത്‌. നമ്മള്‍ ഓരോരുത്തരും സൗഹൃദദിനം അടിച്ചുപൊളിച്ചാഘോഷിക്കുമ്പോള്‍ ഓര്‍ക്കണം, ഹിരോഷിമയിലും നാഗസാക്കിയിലും ജനങ്ങള്‍ ആയിരം സൂര്യന്റെ താപമുള്ള ഓര്‍മകളാല്‍ വെന്തുരുകുകയാണ്‌. എന്തൊരു വിരോധാഭാസം! അഫ്‌ഗാനിസ്‌താനിലും ക്യൂബയിലെ ഗ്വണ്ടാനമോയിലും ഇറാനിലു മൊക്കെ സ്‌ത്രീകളും കുട്ടികളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും അമേരിക്കന്‍ നയങ്ങള്‍ക്കനുസൃതമായിട്ടാണല്ലോ. അപ്പോള്‍ ആ ക്രൂരതകള്‍ മറയ്‌ക്കാന്‍ സൗഹൃദദിനവും, പ്രണയദിനവുമൊക്കെ അനിവാര്യമാവുന്നു.


പക്ഷെ ഇന്നു കാലം മാറി. ഇതു ജനറേഷന്‍ നെക്‌സ്‌റ്റാണ്‌. തരാന്‍ സ്ലേറ്റ്‌ മായ്‌ക്കുന്ന മഷിത്തണ്ടുകളില്ല, പകരം നിനക്കു ഞാന്‍ എം.എം.എസ്‌ അയക്കാം എന്നുപറയുന്ന കാലം. ഇന്ന്‌ എല്ലാം നയിക്കുന്നത്‌ വിപണിയാണ്‌. അവിടെ സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ നല്ല ഡിമാന്റ്‌ാണ്‌. 1997ല്‍ `വിന്നീ', `ദ പൂ''എന്ന പ്രശസ്‌ത കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൗഹൃദദിനാഘോഷത്തിന്റെ അംബാസഡറായി അമേരിക്കന്‍ കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്തിരുന്നു. മാറിയ സാമ്പത്തികസാഹചര്യങ്ങളാണ്‌ സൗഹൃദദിനത്തിനു നമ്മുടെ രാജ്യത്ത്‌ ഇത്രയും പ്രചാരം ലഭിക്കാന്‍ ഇടയാക്കിയത്‌. സമ്പദ്‌വ്യവസ്ഥ ലോകരാഷ്ട്രങ്ങള്‍ക്കു തുറന്നുകൊടുത്തതോടെ സായിപ്പിന്റെ ആഘോഷങ്ങള്‍ നമ്മുടെയും ആഘോഷമായി. മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ആഘോഷങ്ങളുടെ പേരില്‍ ലാഭങ്ങള്‍ കൊയ്‌തു. കൈവെള്ളയില്‍ പേന കൊണ്ടെഴുതിയിരുന്ന സൗഹൃദങ്ങള്‍ക്ക്‌ എക്‌സ്‌പ്രഷന്‍ കാര്‍ഡുകള്‍ വന്നു . കൂട്ടത്തില്‍ ബര്‍ഗറും കോള്‍ഡ്‌ ഡ്രിങ്കും ഡിസ്‌കോ തെക്കേയും വന്നു നമ്മളും മാറി. ഏതാഘോഷത്തിനും മുമ്പേ വിപണി പുതിയ കാംപയിനുകളിലൂടെ തങ്ങളുടെ ഇരയെ പിടിച്ചുകൊണ്ടിരിക്കും. ഒാര്‍ക്കൂട്ടില്‍ കൂട്ടുകൂടി, ഫെയസ്‌ ബുക്കിലെ മുഖമില്ലാത്ത സൗഹൃദങ്ങളെയും തലോലിച്ച ജീവിക്കുന്ന യുവതയെ ടാര്‍ഗറ്റ്‌ ചെയ്യാന്‍ വിപണിക്ക്‌ യാതൊരു ബുദ്ധിമുട്ടുമില്ല. സുഹൃത്തിന്‌ ആശംസകള്‍ നേര്‍ന്നു സമ്മാനങ്ങള്‍ നേടാന്‍ പ്രേരിപ്പിക്കുന്ന സേവനദാതാക്കള്‍ ജീവിതത്തെ ഒരു ഗിഫ്‌റ്റ്‌ വൗച്ചറോ ഒരു എക്‌സ്‌ചേഞ്ച്‌ ഓഫറോ ആക്കിമാറ്റുന്നു.ഇത്തരത്തില്‍ മൊബൈല്‍-ഇന്റര്‍നെറ്റ്‌ ചതിയില്‍പ്പെടുന്നവര്‍ നിരവധിയാണ്‌. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. അതിനിടയില്‍ ചോര്‍ന്നുപോവുന്നത്‌ പരിശുദ്ധമായ ബന്ധങ്ങളാണ്‌.


ഇനിയുള്ള കാലങ്ങളിലും ചങ്ങാതിയും ചങ്ങാത്തവും നിലനില്‍ക്കും. സ്‌ക്രീനില്‍ വിരൂവും ജയും ആത്മാര്‍ഥമായ സൗഹൃദത്തിന്റെ ഈണത്തില്‍ നമ്മെ പ്രലോഭിപ്പിച്ചു കൊണ്ടുമിരിക്കും. കാരണം, അഭ്രപാളികള്‍ നശിക്കുന്നില്ലല്ലോ? സൗഹൃദവും.