നാട്ടിലെ യുവതികളെ, വൃദ്ധകളെ, പല്ലുമുളക്കാന്‍ തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെ, ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുരുന്നുകളെ ഒരു കാര്യത്തില്‍ ഇനി നമുക്ക് നിര്‍വൃതിയടയാം. നാട്ടുനടപ്പനുസരിച്ച് ഏതായാലും മാനഭംഗത്തിനിരയാവും എന്നാല്‍ പിന്നെ അതിനു ശമ്പളവും കിട്ടിയാല്‍ എന്താ പുളിക്കുമോ? നിങ്ങള്‍ ആരും ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല. മാനഭംഗത്തിനിരയാവുന്ന യുവതികള്‍ക്ക് രണ്ടു ലക്ഷവും, പീഡിതകൊച്ച് മൈനറാണെങ്കില്‍ 3 ലക്ഷവും, പീഡനത്തില്‍ മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം വേറെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 2005ല്‍ വനിതാ കമ്മീഷന്‍ മഹിളാമണികള്‍ നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത്. ഓ വാട്ട് എന്‍ ഐഡിയ സര്‍ജി...!!!
അങ്ങിനെയാണെങ്കില്‍ മാനഭംഗപ്പെടാനായി ഇനി നമുക്ക് കാത്തിരിക്കാം. യാതൊരു മുതല്‍മുടക്കുമില്ലാതെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ബലാല്‍സംഗങ്ങള്‍ ഉടന്‍ തന്നെ അരങ്ങേറുന്നതായിരിക്കും. ഇതൊക്കെ കുറ്റകൃത്യം നടത്തിയവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയേയുള്ളൂ എന്ന് ഏതു മണ്ടനാ അറിയാത്തത്. അല്ലെങ്കിലും ആര്‍ക്കാണ് പണം ഒരു പ്രലോഭനമാവാത്തത്. നിന്ദിതയും പീഡിതയുമായ ഒരു യുവതിക്ക് അപ്പോള്‍ കിട്ടുന്ന ആശ്രയം, അതു പണത്തിന്റേയായാലും, സഹാനുഭൂതിയുടേതായാലും ഒന്നും ഒരു കുറവല്ല. പക്ഷെ അത് ഒരു നഷ്ടപരിഹാരതുകയായി നല്‍കുന്നതിലൂടെ പെണ്‍കുട്ടിയെ അവഹേളിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ വേണ്ടത് അവളുടെ മാനം എടുത്തവന്റെ ''പീഡനയന്ത്രം'' പിഴുതെടുക്കുകയാണ്. അവനെ കസ്റ്റഡിയിലെടുക്കാനും വിചാരണ ചെയ്യാനും തക്കതായ ശിക്ഷ നടപ്പാക്കാനും മാത്രം ശക്തമായ വിധം നിയമം കടുത്തതാക്കുകയാണ് വേണ്ടത്. അല്ലാതെ, അയ്യോ മോളെ പീഡിതേ ഏതായാലും നിന്റെ മാനം പോയി, ഇനി ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി എന്നും പാടി ഈ പണവും കയ്യില്‍ വെച്ച് മിണ്ടാതിരുന്നോ എന്നു പറയലല്ല.
അല്ലെങ്കിലും രാജ്യഭരിക്കുന്നവര്‍ തന്നെ ലൈംഗിക രോഗികളാണ്. അവന്‍മാര്‍ തന്നെയാണ് ഒന്നാതരം പീഡകര്‍. തരം കിട്ടിയാല്‍ മകളുടെ പ്രായമാണോ, അമ്മയോളം മുതിര്‍ന്നതാണോ എന്നൊന്നും നോക്കാതെയാണല്ലോ പീഡനം. സ്വന്തം മകളെ പോലും വെറുതെ വിടാതെ, മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കുന്ന സംസ്‌കാരമാണ് ഇപ്പോള്‍ നമ്മളുടേത്. രക്ഷിക്കേണ്ട കൈകള്‍ തന്നെയാണ് നമ്മെ പിഴുതെറിയുന്നത്. ഇത്തരത്തില്‍ ഒരു പാകേജ് കര്‍ഷക പാകേജിനെയാണ് ഓര്‍മിപ്പിക്കുന്നത്. പണം കിട്ടുന്നതിനുവേണ്ടി മാത്രം എത്ര കര്‍ഷകരാണ് ആത്മഹത്യചെയ്തത്. അതുപോലെ തന്നെ എത്ര പെണ്‍കുട്ടികള്‍ ഇനി ഈ ഒരു കാരണത്താല്‍ പീഡനത്തിന് ഇരയാവും. അവരെ ഉറ്റവര്‍ തന്നെ വില്‍ക്കും. യാതൊരു സംശയവുമില്ല. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം മുന്നേറുകയാണ്. അത് ഇനിയും ഉയരും. പീഡനവീരന്‍മാര്‍ക്ക് അവകാശപ്പെടാം, ''അവള്‍ക്കൊരു ജീവിതം ഉണ്ടായിക്കോട്ടെ എന്നുവച്ചിട്ടാ...അല്ലാ പിന്നെ''. പാകേജ് നല്‍കിയാലും ഇല്ലെങ്കിലും ഇവിടെ പീഡനവും, മാനഭംഗവും നിറയെ നടക്കും. നിയമാനുസൃതമായ മാനഭംഗത്തിന്റെ സ്വന്തം നാടായി രാജ്യം വളരട്ടെ എന്നു നമുക്കു പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം. ആമേന്‍
ഫോട്ടോ: ഗൂഗ്ള്‍ സെര്‍ച്ച്