Wednesday, March 10, 2010

പാടുന്നത്‌ മണികണ്‌ഠന്‍...


2010 മണികണഠന്‌ നല്‍കിയത്‌ അപ്രതീക്ഷിത ഭാഗ്യമാണ്‌. ജിവിതമെന്ന റിയാലിറ്റി ഷോയിലെ ആദ്യഘട്ട ഒഡീഷന്‍ ജയിച്ചതിന്റെ സന്തോഷത്തിലാണ്‌ ഈ ഇരുപത്തിമൂന്നുകാരന്‍. യുഗപുരുഷന്‍ എന്ന ചലച്ചിത്രത്തിന്‌ മോഹന്‍ സിത്താര ഈണമിട്ട കൂമാരനാശാന്റെ ചണ്‌ഢാലഭിക്ഷുകി എന്ന കാവ്യത്തിന്‌ ട്രാക്ക്‌ പാടാന്‍ പോയതാണ്‌ മണികണ്‌ഠന്‍. എന്നാല്‍ അത്‌ ട്രാക്കായിരുന്നില്ലാ എന്നറിഞ്ഞത്‌ ഇന്റര്‍നെറ്റ്‌ കഫേയിലിരുന്ന്‌ ഒറിജിനല്‍ കേട്ടപ്പോഴാണ്‌. പതറിയ ശബ്ദത്തോടെ സംഗീതസംവിധായകനെ വിളിച്ചപ്പോള്‍ ഹൃദ്യമായ ഒരു ചിരിയായിരുന്നു മറുപടി. സന്തോഷം കൊണ്ടായിരിക്കാം മണികണ്‌ഠന്റെ കണ്ണുകള്‍ നിറഞ്ഞു. ദാഹിക്കുന്നു ഭഗനി കൃപാരസ...മോഹനം കുളിര്‍ തണ്ണീരിതാശുനീ... എന്ന്‌ മണികണ്‌ഠന്‍ പാടിയപ്പോള്‍ ആദ്യം നിറഞ്ഞത്‌ അവന്റെ അമ്മയുടെ കണ്ണുകളാണ്‌. 18വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയക്കും ഒടുവിലുണ്ടായ ഉണ്ണി, അവന്റെ മനോഹരമായ ശബ്ദത്തില്‍ ആ ഗാനം കേട്ടാല്‍ കണ്ണുനിറയാതിരിക്കുന്നതെങ്ങനെ. തന്റെ കഷ്ടപ്പാടുകള്‍ക്ക്‌ ആശ്വാസമായി മകന്‍ വളരുമ്പോള്‍ ഏത്‌ അമ്മയുടെ കണ്ണുകളാണ്‌ നിറയാത്തത്‌. തൃശൂര്‍ ജില്ലയിലെ മുണ്ടൂരിനടുത്ത്‌ പുറ്റേക്കരയിലെ കൊള്ളന്നൂര്‍ സ്വദേശിയാണ്‌ മണികണ്‌ഠന്‍. ചരിത്ര സിനിമയായ യുഗപുരുഷനിലെ മൂന്നു ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌. ജാതിഭേദം മതദ്വേഷം എന്ന ഗാനം യേശുദാസ്‌ പാടുമ്പോള്‍ ആ സംഘഗാനത്തിലെ ഒരളായ മണികണ്‌ഠന്‍ എന്ന കൊച്ചുഗായകന്‌ ഗ്രാമി കിട്ടിയ സന്തോഷമാണ്‌. മഞ്ഞുമലയിലലിഞ്ഞ്‌ എന്ന സംഘഗാനത്തിലുമുണ്ട്‌ മണികണ്‌ഠന്റെ ശബ്ദം. സംഗീതസംവിധായകന്‍ മോഹന്‍ സിതാരയുടെ ചെമ്പൂകാവിലെ സ്വരഭാരത്‌ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കിലെ വിദ്യാര്‍ത്ഥിയാണ്‌ മണികണ്‌ഠന്‍. അതാണ്‌ ഗിരീഷ്‌ എന്ന വിളിക്കുന്ന മണികണ്‌ഠന്‌ ഇത്തരമെരു അവസരം നല്‍കിയത്‌. റിയാലിറ്റി ഷോകളുടെ വര്‍ണപ്പകിട്ടുകളിലും ഗാനമേളകളുടെ നിമിഷാര്‍ദ്ധ പ്രശസ്‌തിയിലൊന്നും പെടാതെ അവസരങ്ങള്‍ക്കായി ആരോടും കൈനീട്ടാതെ തന്നെ കിട്ടിയ ഈ ഭാഗ്യത്തിന്‌ മണി കടപ്പെട്ടിരിക്കുന്നതും ഈ സ്ഥാപനത്തോടും കൂറെ സുഹൃത്തുക്കളോടും പിന്നെ അമ്മയോടുമാണ്‌. മോഹന്‍സിത്താരയുടെ ജ്യേഷ്‌ഠ സഹോദരനായ സൂബ്രഹ്‌മണ്യവും നിരവധി സഹായങ്ങള്‍ മണിക്കനുവധിച്ചു. ഫീസില്‍ ഇളവു നല്‍കി. സ്വരഭാരതില്‍ പഠിക്കാന്‍ തുടങ്ങിയതുമുതല്‍ രാപ്പകല്‍ തുടങ്ങി മോഹന്‍ സിത്താര സംഗിതസംവിധാനം നിര്‍വഹിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മണിയെ ട്രാക്കും കോറസും പാടാന്‍ വിളിക്കും അദ്ദേഹം.മണിക്ക്‌ രണ്ട്‌ വയസ്സുള്ളപ്പോഴാണ്‌ അച്ഛന്‍ കൈപറമ്പില്‍ അയ്യപ്പന്‍ ഹൃദയാഘാതം വന്ന്‌ മരിച്ചത്‌. മണിയെ വളര്‍ത്താന്‍ അമ്മ തങ്കം വീട്ടുജോലിയും കൂലിപ്പണിയുമെടുത്തു. ഏറിയ കഷ്ടപ്പാടിലും എന്നും മണിയുടെ ആഗ്രഹങ്ങളായിരുന്നു അമ്മയുടെ ലോകം. സംഗീത്തിലുള്ള താല്‍പ്പര്യം കണ്ട്‌ അവനെ സംഗീതം പഠിപ്പിക്കാന്‍ വിട്ടു. കേച്ചരി നാദബ്രഹ്‌മത്തിലെ തങ്കണിടീച്ചര്‍, പേരാമംഗലം വാസുദേവന്‍ നമ്പൂതിരി, പൂങ്കുന്നം ഗോപാല ഭാഗവതര്‍ എന്നിവരെല്ലാം മണികണ്‌ഠന്‌ സംഗീതം പകര്‍ന്നുകൊടുത്തു. ഇതിനിടെ സംഗീതത്തിനു പിറകേ മാത്രം പോയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തി. സെയില്‍സ്‌ ബോയ്‌, ഇന്റര്‍നെറ്റ്‌ കഫേ ബോയ്‌ തുടങ്ങി ജോലികള്‍ ചെയ്‌തു. ചിലപ്പോഴൊക്കെ ഗാനമേളകളിലും പാടി. ഇപ്പോള്‍ വലിയാലുക്കലിലുള്ള ബ്ലൂറൈസ്‌ റെക്കോര്‍ങി സ്‌റ്റുഡിയോയിലും ഫളൈ എബ്രോഡ്‌ ഓവര്‍സീസ്‌ എഡ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സിയിലും ജോലിനോക്കുന്നു. പുറ്റേക്കര സെന്റ്‌ ജോര്‍ജസ്‌ സ്‌കൂളിലായിരുന്നു മണികണ്‌ഠന്റെ പഠനം. തുടര്‍ന്ന്‌ അവണൂരിലെ ശാന്ത എച്ച്‌.എസ്‌,എസ്സില്‍ നിന്ന്‌ പ്ലസ്‌ടു എടുത്ത്‌ സെന്റ്‌ തോമസ്‌ കോളജില്‍ ബി.എസ്‌സി മാത്ത്‌സ്‌ പഠിക്കാന്‍ തുടങ്ങിയെങ്കിലും അത്‌ പാതിവഴിയില്‍ നിന്ന്‌ പോയി. എന്നാലും പത്തുവര്‍ഷത്തിലേറെയായി മണികണ്‌ഠന്‍ സംഗീതം പഠിക്കുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സംഗീത നാടക അക്കാദമിയുടെ സ്‌കോളര്‍ഷിപ്പു ലഭിച്ചിട്ടുണ്ട്‌. പെന്‍സില്‍ ഡ്രോയിങ്ങിന്‌ ഹയര്‍ സെക്കന്‍ഡറി കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ്‌ ലഭിച്ചിട്ടുണ്ട്‌. ജീവിതം ഒരു റിയാലിറ്റിഷോയാണ്‌. അതില്‍ ഒരുപാടു പേരുടെ പ്രാര്‍ത്ഥനയും പ്രോല്‍സാഹനവും ഒപ്പം സ്വന്തം നിലയിലുള്ള പ്രയത്‌നവും ആവശ്യമാണ്‌ എന്ന്‌ മണികണ്‌ഠനറിയാം. കഴിവുള്ള കുറെ കൂട്ടുകാരുണ്ട്‌ മണികണ്‌ഠന്‌, ഒരു പക്ഷെ നാളെയുടെ ഗായകര്‍, സംഗീതസംവിധായകര്‍. തനിക്കു കിട്ടിയ ഭാഗ്യം അടുത്തതവണ അവര്‍ക്ക്‌ കിട്ടണമേയെന്ന പ്രാര്‍ത്ഥിക്കുകയാണ്‌ മണികണ്‌ഠന്‍. അതുകൊണ്ടുതന്നെയാവാം ആ സുഹൃത്തുക്കളുടെയൊക്കെ മൊബൈലില്‍ റിങ്‌ടോണായി മണിയുടെ ഗാനം അലയടിക്കുന്നത്‌. ഫോണ്‍: 9387798550.

1 comment:

"I am Nobody" said...

kazhivundengil aarkum thadanju nirthan pattilla....