Friday, October 2, 2009

നമ്മുടെ സ്വന്തം സേവനവാരങ്ങള്‍

ഓര്‍മയുണ്ടാവും ആ സേവനവാരങ്ങള്‍! എങ്ങനെ മറക്കാനാവും.ഒരു ഉല്‍സവമായിരുന്നില്ലേ? തലേന്നേ ഉറക്കം വരില്ല.എന്റെ ക്ലാസ്സിനു മുമ്പിലുള്ള സ്ഥലത്ത്‌ ഒരു പൂന്തോട്ടം ഉണ്ടാക്കണം, വീട്ടിലെയും അടുത്ത വീട്ടിലെയും മുറിക്കാവുന്ന ചെടികളെല്ലാം മുറിച്ചെടുക്കണം. ക്ലാസ്സിലെ ബെഞ്ചും ഡസ്‌ക്കും ചകിരികൊണ്ട്‌ ഉരച്ച്‌ കഴുകി വെളുപ്പിച്ച്‌, ചുവരിലെ മാറാല തട്ടി ക്ലാസ്‌ മുറി അടിച്ചുകഴുകണം. പുന്തോട്ടത്തിന്‌ ചുറ്റും ഇഷ്ടികകൊണ്ട്‌ അതിര്‍ത്തി തീര്‍ക്കണം. എങ്ങനെയും രാധടിച്ചറുടെയും ശ്രീകുമാരിടീച്ചറുടെയും പ്രശംസ പിടിച്ച്‌ പറ്റണം എന്നായിരുന്നു ചിന്ത. ക്ലാസ്‌ ടെസ്റ്റില്‍ വല്ല്യ മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടിയല്ല. വെറുതെ, അവരുടെ ഒരു നോട്ടം, പുഞ്ചിരി അതായിരുന്നുവല്ലോ നമ്മുടെ റാങ്ക്‌, ഏറ്റവും വലിയ നേട്ടം.ശരിക്കും ഒക്ടോബര്‍ രണ്ട്‌ ഗാന്ധിജയന്തി മാത്രമല്ല. നന്മ നിറഞ്ഞ ഒരു ഗതകാലത്തിന്റെ ഓര്‍മദിനം കൂടിയാണ്‌. ഒത്തൊരുമിച്ച്‌ മെയ്യനങ്ങി പണിയെടുത്ത്‌ രസിച്ചതിന്റെ സന്തോഷകരമായ ഓര്‍മ. സമൂഹം ഒത്തൊരുമിച്ച്‌ നമ്മെ പഠിപ്പിക്കുകയായിരുന്നു ഒരുപാട്‌ നന്മകള്‍.

ഇന്ന്‌ അതൊക്കെയുണ്ടോ എന്തോ? ഇല്ല എന്നു പറയാന്‍ നമുക്കാവില്ല. എന്നാലും അതൊക്കെ കുറവാണ്‌ എന്നു പറയാന്‍ സാധിക്കും.ഞാന്‍ എന്ന കുട്ടി സാമൂഹിക പ്രതിബദ്ധത ഏറ്റവും കൂടുതല്‍ പഠിച്ചത്‌ ഈ ദിനത്തിലൂടെയായിരുന്നു. ഈ ഒറ്റ ദിവസത്തിലൂടെയോ എന്നു ചോദിച്ചാല്‍ അല്ല, ഇത്തരത്തില്‍ നിരവധി ഒക്ടോബര്‍ രണ്ടുകളിലൂടെ. ഇന്ന്‌ വ്യത്യസ്ഥരായ 15 പേര്‍ ഒന്നിച്ചു താമസിക്കുന്ന ഞങ്ങളുടെ വാടകവീട്ടില്‍ ആഴ്‌ചയിലെ അവസാന ദിവസത്തെ കുളിമുറി അടിച്ചുകഴുകല്‍, മാറാലതട്ടി നിലം അടിച്ചുവാരി തുടയാക്കല്‍ എന്നിവയുടെ സുഖം ഞങ്ങള്‍ അറിഞ്ഞത്‌ അങ്ങനെയാണ്‌. വഴിയില്‍ പടുമുളച്ച മല്ലികപ്പുച്ചെടിയെ ചാക്കില്‍ മണ്ണ്‌ നിറച്ച്‌ വളര്‍ത്തുന്നത്‌ ഞങ്ങള്‍ അന്ന്‌ സ്‌കൂള്‍ മുറ്റത്ത്‌ തീര്‍ത്ത്‌ പൂന്തോട്ടങ്ങളുടെ ഓര്‍മയ്‌ക്കാണ്‌.

എന്റെ വീട്ടിലെ ദിയകുട്ടിക്ക്‌ വയസ്സ്‌ നാലരയാണ്‌. ഒരിക്കല്‍ അവള്‍ അശ്രദ്ധമായി പറയുന്നത്‌ കേട്ടു H1N1. അത്‌ ഒരു ഗംഭീര രോഗമാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അവള്‍ പറയുന്നത്‌. ഞങ്ങള്‍ എല്ലാവരും ചിരിച്ചു. എന്റെ നാലരവയസ്സില്‍ പനിയെന്നത്‌ ഒരു രോഗമാണെന്നു പോലും എനിക്കറിയില്ലായിരുന്നു. നാടും പരിസരവും നമ്മള്‍ വൃത്തിയായി സൂക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ നാലര വയസ്സില്‍ ചിഗുന്‍ഗുനിയ,പന്നിപ്പനി, പക്ഷിപ്പനി, പകര്‍ച്ചാപ്പനി എന്നൊന്നും പറയാതെ നമുക്ക്‌്‌ നമ്മുടെ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കാന്‍ പറ്റി. നമുക്ക്‌ മാലിന്യങ്ങള്‍ കളയാന്‍ വിശാലമായ പറമ്പുകള്‍ ഉണ്ടായിരുന്നു, ഇന്ന്‌ കുടുംബശ്രീക്കാര്‍ വന്നില്ലെങ്കില്‍ പ്ലാസ്റ്റിക്‌ കവറുകളിലായി അതവിടെക്കിടക്കും, റോഡില്‍, അഴുക്കുചാലില്‍, പിന്നെ എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയൊക്കെ നാം മാലിന്യം നിറയ്‌ക്കും.

Is it gandhi's B'day mema? എന്നു ചോദിക്കുന്ന ഒമ്പതുവയസ്സുകാരന്‍ കണ്ണന്‍കുട്ടിയോട്‌ സേവനവാരത്തെക്കുറിച്ച്‌ ഞാന്‍ എന്തു പറയാന്‍.

ഫോട്ടാ: ഗൂഗ്‌ള്‍ സെര്‍ച്ച്‌

4 comments:

Ambika said...

sevana vaarathe pukazthi paranjathu ambuznu isthapettilla..enikku athu theere isthamalayirunnu..onanilavum konakavalum de pinneyum...

Saritha said...

hahaha

പാവപ്പെട്ടവൻ said...

ശരിക്കും ഒക്ടോബര്‍ രണ്ട്‌ ഗാന്ധിജയന്തി മാത്രമല്ല. നന്മ നിറഞ്ഞ ഒരു ഗതകാലത്തിന്റെ ഓര്‍മദിനം കൂടിയാണ്‌.
അസ്സലായി

Saritha said...

Thank you dear....