എന്റെ സുഹൃത്ത് സുജിത്തിന് സംഭവിച്ചതാണ്. സുജിത്ത് ഇന്ന് ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ടെക് റൈറ്ററാണ്. നല്ല കനത്ത ശബളം വാങ്ങുന്ന യപ്പി കോര്‍പറേറ്റ് ഫെല്ലോ. ബാംഗ്ലൂരില്‍ സുജിത്ത് ആദ്യമായ് എത്തിയ കാലം. ഒരു വെബ് പോര്‍ട്ടലില്‍ ജോലി കഴിഞ്ഞ് ഇറങ്ങിയ അവന് ബസ്സ് മാറിപ്പോയി.തിരികെ മുറിയിലെത്താന്‍ ഒരു നിവൃത്തിയുമില്ല.ആകെ പരിചയമുള്ളയാള്‍ പഠിക്കുന്ന കാലത്ത് ഉറ്റസുഹൃത്തായിരുന്നു. പഠിക്കുന്ന കാലം എന്നു നീട്ടി പറയാനൊന്നുമില്ല, ഒരു മൂന്നുമാസം മുമ്പ് വരെ. ക്ലാസ്സിലെ ദാസനും വിജയനുമായിരുന്നു അവര്‍.സംഭവസ്ഥലത്തു നിന്ന് സുജിത്ത് അച്ചായനെ വിളിച്ചു, നീ ഒരു ഓട്ടോ വിളിച്ച് പോരെ എന്നായിരുന്നു മറുപടി. കൈയില്‍ അഞ്ചിന്റെ കാശില്ലാതെ എവിടുന്ന് ഓട്ടേ വിളിക്കാന്‍, അതും സ്ഥലവും ഭാഷയും പരിചയമില്ലാത്തയിടത്ത്. അച്ചായനെ പിന്നെയും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. കരച്ചില്‍ തൊണ്ടയില്‍ കുടുങ്ങി പ്രയാസ്സപ്പെട്ട് പുറത്ത് വന്നത് ഭാഗ്യംകൊണ്ടായിരിക്കണം അടുത്തു നിന്ന് സര്‍ദാര്‍ജി കണ്ടു. കാര്യങ്ങള്‍ കേട്ട അയാള്‍ കുറച്ച് രൂപ എടുത്തു നല്‍കി. കൂടാതെ സുജിത്തിന്റെ താമസസ്ഥലത്ത് പോവാനുള്ള ബസ്സില്‍ കയറ്റിവിടുകയും ചെയ്‌തു. തന്റെ ഓഫിസ് വിലാസം നല്‍കി യാത്രപറയുമ്പോള്‍ സുജിത്ത് അനുഭവിച്ച് ആശ്വാസം ഇന്ന് എനിക്ക് മനസ്സിലാവും. നമ്മുടെ ആരുമല്ലാത്ത കുറേപ്പേര്‍, ഒരു പുഞ്ചിരിയായി, ആശ്വാസമായി.ചില നേരങ്ങളില്‍ നമ്മളും ഇത്തരം സാഹചര്യങ്ങളില്‍ വന്നുപെടാറില്ലേ.നാലു ദിവസം മുമ്പ് ഡെന്റിസ്റ്റിനെ കാണാന്‍ പോയ എന്റെ ബാഗില്‍ നിന്ന് പേഴ്‌സ് കാണാതായി. എന്റെ അശ്രദ്ധ. അടുത്ത ബസ്സില്‍ കയറിയപ്പോഴാണ് പേഴ്‌സ് നഷടപ്പെട്ട വിവരം അറിയുന്നത്. കിട്ടാനുള്ള എല്ലാ വഴികളും നോക്കി കിട്ടിയില്ല.എ.ടി.എം ബ്ലോക്ക് ചെയ്‌തു.ഞാന്‍ യാത്രചെയ്‌ത ബസ്സിലെ ജീവനക്കാന്‍ എന്നോട് മാന്യമായി പെരുമാറി.എന്റെ സ്റ്റോപ്പില്‍ ഇറക്കി. ഡോ.ശ്രീഹരിയുടെ കൈയില്‍ നിന്ന് 100 രൂപ കടം വാങ്ങി ഞാന്‍ തിരികെ പോന്നു. എനിക്ക് നേരിട്ടു പരിചയമില്ലാത്ത ബസ് ജീവനക്കാര്‍, അനുജത്തിയുടെ സീനിയര്‍ മാത്രമായ ഓര്‍ത്തോ ഡോണ്‍ഡിസ്‌റ്റ്,ദൈവം എത്രപേരെയാണ് സഹായത്തിനയച്ചത്. അപ്പോള്‍ എനിക്കോര്‍മ വന്നത് പൗലോ കോയ്‌ലോവിന്റെ ആല്‍ക്കമിസ്‌റ്റിലെ വാക്കുകളാണ് നാം എന്തെങ്കിലും മനസ്സില്‍ വിചാരിക്കുന്നുവെങ്കില്‍ മൊത്തം ലോകം അതിനു വേണ്ടി ഗൂഢാലോചന നടത്തും എന്നതാണ്.എന്നാലും പട്ടിണിയുടെ നാലു ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. കാശു ചെയ്യേണ്ടത് കാശ് തന്നെ ചെയ്യണം.ഈ കഥയൊക്കെ ഞാന്‍ സഹപ്രവര്‍ത്തകരായ റൂമേറ്റ്‌സിനോട് വിസ്‌തരിച്ച് പറഞ്ഞിട്ടും എല്ലാം ഒരു അതെയോ എന്ന ആശ്ചര്യത്തില്‍ ഒതുങ്ങി. എ.ടി.എം ബ്ലോക്കായതിനാല്‍ ഉള്ള കാശ് പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥ, സീറേ ബാലന്‍സ് അകൗണ്ടായതിനാല്‍ പാസ്‌ബുക്കുമില്ല പണം പിന്‍വലിക്കാന്‍.കൂടെ, ഒരുമുറിയില്‍ കിടന്നുറങ്ങുന്ന ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ എന്തുചെയ്യും എന്ന് ഔദാര്യത്തിനു വേണ്ടിയെങ്കിലും ഒരു ആലോചന, ഒരു ചോദ്യം. ഇക്കാലത്ത് അത് പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ അരുത്. എങ്ങാനും മനസ്സിലെ പ്രയാസം ആരോടെങ്കിലും പറഞ്ഞുപോയാല്‍ അത് എന്റെ കുശുമ്പ്. ഏതായാലും മീനില്ലാതെ ഒരു വറ്റുപോലും ഇറക്കാത്ത ഞാന്‍ 13 രൂപയുടെ സാദാ മീല്‍സ് കഴിക്കാന്‍ പഠിച്ചു. ഏതെങ്കിലും സുഹൃത്ത്, വേണ്ട ഏതെങ്കിലും അപരിചിതര്‍ അവര്‍ക്ക് ചെയ്‌തു കൊടുക്കാന്‍ കഴിയുന്ന നന്മ ചെയ്‌തുകൊടുക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഒരോ ദിവസവും അറിഞ്ഞും അറിയാതെയും എനിക്ക്‌് കിട്ടികൊണ്ടിരിക്കുന്ന നന്മകളുടെ കടം എന്നാലും തീരില്ല.