Wednesday, April 29, 2009

മറക്കാനാവാത്ത മാറാടനുഭവം

ചില വാക്കുകള്‍, ചില വ്യക്തികള്‍, ചില സംഭവങ്ങള്‍ നമുക്ക്‌ മറക്കാനാവാത്ത ഓര്‍മകളാണ്‌്‌. ആ ഓര്‍മകള്‍ വേട്ടക്കാരനെപ്പോലെ നമ്മുടെ ചിന്തകളെ പിന്തുടരും. അങ്ങിനെയാണ്‌ ആ ഒരു വാക്കിന്‌ പിന്നാലെ ഞാനും പോയത്‌. മാറാട്‌ കേസില്‍ നിപരാധികളെന്നു കണ്ടെത്തി വിട്ടയച്ച 76 പേരുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അയാള്‍. എനിക്കറിയാത്ത, എന്നാല്‍ നാം എന്നും കാണുന്ന മുഖത്തോടു കൂടിയൊരാള്‍.മാന്യമായ പെരുമാറ്റം കൊണ്ടായിരിക്കാം എന്തോ അദ്ദേഹത്തിന്റെ പേരുചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഞാന്‍ ഒട്ടും പതീക്ഷിക്കാത്തതായതിനാല്‍ എന്തോ ഒരസ്വസ്‌ഥത തോന്നി, കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ള തന്റെ നമ്പറാണ്‌ അദ്ദേഹം പേരിന്റെ സ്ഥാനത്താനത്ത്‌ പറഞ്ഞത്‌, കൂട്ടത്തില്‍ പേരും ചേര്‍ത്തിരുന്നെങ്കിലും അത്‌ ഞാന്‍ കേട്ടില്ല. വെറുതെ മനസ്സില്‍ ഒരു സങ്കടം വന്നു. ഒരാളുടെ അസ്‌തിത്വം അത്രമാത്രം അപ്രസ്‌ക്തമാവുന്നതെപ്പോഴാണ്‌? അത്‌ അത്ര തന്നെ വെറുക്കപ്പെടുമ്പോഴാണോ,അതോ താന്‍ ഇതു വരെ പറഞ്ഞു ശീലിച്ച തന്റെ പേരിന്റ സ്ഥാനത്ത്‌ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ചാര്‍ത്തിക്കിട്ടിയ പ്രതിപ്പട്ടികയിലെ നമ്പര്‍ അറിയാതെ നാവിന്റെ തുമ്പില്‍ വരുമ്പോഴോ?. തീര്‍ച്ചയായും,അത്‌ നാവിന്റെ തുമ്പത്ത്‌ അറിയാതെ വന്നതല്ല, കഴിഞ്ഞ നാലരവര്‍ഷമായി, ജീവിതത്തിന്റെ ഗതിമാറിയ ദിവസം മുതല്‍ അയാളുടെ അസ്‌തിത്വം വെറും ഒരു നമ്പറിലേക്ക്‌ ചുരുങ്ങുകയായിരുന്നു. പേരുമാത്രമല്ല ജീവിതവും അങ്ങിനെ ചുരുങ്ങി ഇല്ലാതായവരുണ്ട്‌ ഇവര്‍ക്കൊപ്പം.അന്ന്‌ കൂടുതലൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. ആ ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ്‌ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയോ കണ്ടെത്തിയതും അവിടെ പോയതും. ആ ബസ്‌സ്‌റ്റോപ്പില്‍ കാത്തുനിന്ന 25 മിനിട്ട്‌, ആ അസ്വസ്ഥത ജീവിതത്തില്‍ എവിടെയും അനുഭവിച്ചിട്ടില്ല ഞാന്‍. ഒരു പ്രദേശവും അവിടുത്തെ ജനങ്ങളും നിരന്തരം അനുഭവിക്കുന്നത്‌ എനിക്ക്‌ അരമണിക്കൂര്‍ പോലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാനനുഭവിക്കുന്ന സ്വാതന്ത്യത്തില്‍ എനിക്കാഹ്ലാദം തോന്നി. മുക്കിലും മൂലയിലും പോലിസ്‌ ചെക്‌്‌പോസ്‌റ്റുകള്‍, തിരിഞ്ഞൊന്നു നോക്കണമെങ്കില്‍ പോലിസിന്റെ സമ്മതം വേണമെന്ന അവസ്ഥ, തീര്‍ത്തും അപരിചിതയായതിനാല്‍ അവിടുത്തെ രീതികള്‍ അറിയാത്തതിന്റെ അങ്കലാപ്പ്‌ വേറെ. സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ സംഭവിച്ചത്‌. അത്‌ ഇനിയും സംഭവിച്ചു കൂടായെന്നില്ല.അതുകൊണ്ടാണല്ലോ ഇത്രയധികം ക്രമീകരണങ്ങള്‍.ഇതൊന്നും അവര്‍ക്കും നിഷേധിക്കാനാവില്ല. എന്നാലും അന്നാട്ടുകാരുടെ ജീവിതം ഇത്രയും സങ്കുചിതമാക്കുന്നതില്‍ പോലിസിന്റെ പങ്ക്‌ മാറ്റി നിര്‍ത്താനാവില്ല. ജോലിക്ക്‌ പോവുമ്പോള്‍, കല്ല്യാണത്തിനു പോവുമ്പോള്‍, മരണാവശ്യങ്ങള്‍ക്കിറങ്ങുമ്പോള്‍ തുടങ്ങി എവിടെ പോകണമെങ്കിലും പോലിസിന്റെ സമ്മതം വേണം.അവരുടെ ഒരോ ചലനവും പോലിസ്‌ നോക്കികൊണ്ടിരിക്കുന്നതിനാല്‍ ജീവിതം ഏറെ ദുസ്സഹമാണിവിടെ.അറസ്‌റ്റിലാവുമ്പോള്‍ പലരുടെയും പ്രായം 20നും 24നും ഇടയിലായിരുന്നു. നാലര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ ഇവര്‍ക്ക്‌ മക്കളെ വിവാഹം ചെയ്‌തുകൊടുക്കാന്‍ പല മാതാപിതാക്കളും തയ്യാറാവുന്നില്ല. പോലിസിന്റെ ക്രൂരതയില്‍ ഇവര്‍ക്ക്‌ കളഞ്ഞുപോയത്‌ ഇവരുടെ ജീവിതം കൂടിയാണ്‌. അന്ന്‌ രണ്ടാം മാറാട്‌ സംഭവം നടന്ന ദിവസം പള്ളിയില്‍ അഭയം തേടിയ അറുപതോളം പേരെയാണ്‌ രണ്ടു ദിവസം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാതെ നല്ലളം പോലിസ്‌ കസ്റ്റ്‌ഡിയില്‍ വച്ചത്‌. തെറ്റുകാരെന്നോ നിരപരാധിയെന്നോ നോക്കാതെ, കൂട്ടത്തില്‍ ആരോഗ്യമുള്ളവരെ തിരഞ്ഞ്‌ വിളിച്ചായിരുന്നു മര്‍ദ്ദനം. ദാഹിച്ചു വലയുമ്പോള്‍ സ്റ്റേഷനിലെ കക്കൂസിലെ വെള്ളം കുടിക്കാന്‍ നല്‍കി. മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ ഇവരെ കണ്ണൂര്‍ സ്റ്റേഷനിലേക്ക്‌ മാറ്റി. ഇവരില്‍ പലര്‍ക്കും ഇത്‌ ആദ്യത്തെ അനുഭവമായിരുന്നതിനാല്‍ മജിസ്‌ട്രേറ്റിനോട്‌ എന്തു പറയണം, എങ്ങിനെ പറയണം എന്നറിയില്ലായിരുന്നു.ഇവര്‍ക്ക്‌ എന്തു സംഭവിച്ചു എന്ന്‌ വീട്ടുകാര്‍ക്കും അറിയാത്ത അവസ്ഥ.ഒരു മാസത്തിനുശേഷമാണ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ ഇവരെ കോഴിക്കോട്‌ ജയിലിലേക്ക്‌ മാറ്റിയത്‌.ഒറ്റപ്പെടലിന്റെയും സങ്കടങ്ങളുടെയും നാലര വര്‍ഷത്തിനുശേഷം ഇന്നവര്‍ മോചിതരാണ്‌. മുന്നില്‍ ജീവിതമുണ്ട്‌, പക്ഷെ ജീവിക്കാന്‍ സാധിക്കുന്നില്ല. കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയവര്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്‌. അതുകൊണ്ടുതന്നെ ഇതൊന്നു പുറത്ത്‌ പറഞ്ഞു കൂട, പത്രത്തില്‍ അച്ചടിക്കരുത്‌. അവരുടെ പ്രാര്‍ത്ഥനയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ, അവരോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുതരം നിസംഗ്ഗതയായിരുന്നു. ഒന്നാം മാറാടിനും രണ്ടാംമാറാട്‌ സംഭവത്തിനും കാരണമായത്‌ എന്തും തന്നെയാകട്ടെ അതിനുശേഷമുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണ്‌, കളഞ്ഞുപോയ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അവര്‍ക്ക്‌ ഇനി ആവില്ല എന്നത്‌ മറച്ചുവയ്‌ക്കാനാവാത്ത സത്യമാണ്‌.

13 comments:

നിരക്ഷരൻ said...

കാണാന്‍ വൈകി ഈ ബ്ലോഗ്. അഗ്രഗേറ്ററില്‍ ഇത് ലിസ്റ്റ് ചെയ്യുന്നില്ലേ ? എല്ലെങ്കില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണേ. അഗ്രഗേറ്ററുകളാണ് ബ്ലോഗുകളുടെ നട്ടെല്ല്.

Saritha said...

i dont know how to reach to agragator...please do help me.and we are not supposed to use inernet and do bloging at office hours.wel thank you for your post..and godnight...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മാറാടുകള്‍ മാത്രമല്ല, ഗുജറാത്തുകളും, ബോംബെ കലാപങ്ങളും, അങ്ങിനെ നിരവധി സംഭവങ്ങളില്‍ ജീവിതം തന്നെ നഷ്ടപ്പെട്ടവര്‍ എത്ര പേരുണ്ട്? ഇവരുടെ ഇന്നത്തെ അവസ്ഥ ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്താണെന്ന് ആരെങ്കിലും ചെവിയോര്‍ക്കുന്നുണ്ടൊ? ഇത്തരം അവസ്ഥകള്‍ക്ക് കാരണമായ സംഭവങ്ങള്‍ എന്തുമാകട്ടെ എന്ന് നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുമോ? ആ സംഭവങ്ങളുടെ വേരുകള്‍ എവിടെ തുടങ്ങുന്നു എന്ന് നാം മനസ്സിലാക്കേണ്ടതില്ലെ? അതിന്റെ കാരണങ്ങളുടെ പിറകിലുള്ള വിശ്വാസങ്ങള്‍ പിഴുതെറിയുക എളുപ്പമല്ല, പക്ഷെ അവ നിലനില്‍ക്കുന്നിടത്തോളം കാലം മാറാടുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

ഏതായാലും ഒരു നമ്പറിനു പിന്നിലെ വ്യക്തിയെ തിരഞ്ഞു പോകാനും ഈയൊരനുഭവം ബ്ലോഗിലൂടെ പങ്കു വയ്ക്കാനും താങ്കള്‍ക്കു തോന്നിയത് അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണെന്നു പറയാതെ വയ്യ.

നിരക്ഷരൻ said...

paul@chintha.com എന്ന മെയില്‍ ഐ.ഡിയിലേക്ക് താങ്കളുടെ ബ്ലോഗ് യു.ആ‍ര്‍.എല്‍. അയച്ച് കൊടുക്കൂ.ഒന്നുരണ്ട് ദിവസത്തിനകം പോള്‍ ഈ ബ്ലോഗ് ലിസ്റ്റില്‍ ഇടും.

http://tharjani.blogspot.com/2008/09/blog-post.html

എന്നിട്ട് മുകളിലെ ലിങ്കില്‍ പോയി ഒന്ന് വായിച്ച് നോക്കൂ. അതില്‍പ്പറയുന്നത് ചെയ്യുന്നതിന് മുന്‍പ് താങ്കളുടെ ബ്ലോഗില്‍ settings ല്‍ പ്പോയി
Add your blog to our listings?
Let search engines find your blog?
എന്നത് രണ്ടും yes ആയിട്ടാണ് കിടക്കുന്നതെന്ന് ഉറപ്പുവരുത്തുക.

ഇത്രയൂം ചെയ്താല്‍ ചിന്ത എന്ന അഗ്രഗേറ്ററില്‍ ഈ പോസ്റ്റിലെ ഓരോ പുതിയ പോസ്റ്റും നിങ്ങള്‍ക്ക് തന്നെ അപ്പ്ഡേറ്റ് ചെയ്യാനാകും.

ഈ പറഞ്ഞതിലൊക്കെ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിച്ചാല്‍ മതി.

ബാജി ഓടംവേലി said...

നല്ല ഒഴുക്കൂള്ള എഴുത്ത്...

കാട്ടിപ്പരുത്തി said...

മാറാടെന്ന പോസ്റ്റ് ഒരു പേടിയോടെയാണു വായിക്കാന്‍ തുടങ്ങിയത്- കാരണം മാറാടും ഗുജറാത്തുമെല്ലാം ഇപ്പോള്‍ നല്ല വിളഭൂമികളാണു-വളരാനും പരീക്ഷണങ്ങള്‍ നടത്താനും- അതിന്നിടയില്‍ ഇങ്ങിനെ ഒരു പ്രതീക്ഷയുടെ നക്ഷത്രം കൊണ്ടിട്ടതില്‍ സന്തോഷം തോന്നുന്നു-
ഈ വ്യാകുലതള്‍ സമൂഹത്തില്‍ പടര്‍ന്നു പിടിക്കട്ടെ

ഹന്‍ല്ലലത്ത് Hanllalath said...

മുംബൈ കലാപത്തെക്കുറിച്ച് ഞാന്‍ ഇവിടെ വന്നപ്പോള്‍ കേട്ടിരുന്നു..
ഒറ്റ മുലയുമായി സ്കൂളില്‍ നിന്നും തിരിച്ച് വരുന്ന പെണ്‍കുട്ടികള്‍ അന്നത്തെ കാഴ്ച്ചയായിരുന്നുവത്രേ...
മനുഷ്യന്‍ മരിക്കുകയും പകരം അവിടെ മതം ജനിക്കുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്‌..
ബാബറി ദിനത്തിലെ ഹര്‍ത്താലും അതിന്റെ രണ്ട്‌ ദിനം കഴിഞ്ഞുള്ള 'സന്തോഷ ദിന ' ഹര്‍ത്താലും കഴിഞ്ഞപ്പോള്‍ അയല്‍വാസിയും സഹാപാടിയുമായ കൂട്ടുകാരന്‍ മിണ്ടുന്നില്ല എന്ന് പറഞ്ഞു ഒരു കുട്ടി എന്നോട് കരഞ്ഞിട്ടുണ്ട്...ഇതാണ് മതത്തെപ്പറഞ്ഞുള്ള ഹര്‍ത്താലുകളും മറ്റും നമ്മുക്ക് നല്‍കുന്നത്..
ഈ ഹര്‍ത്താലുകള്‍ക്കെതിരെയും നമ്മെ മനുഷ്യ പക്ഷത്തു നിന്നും അകറ്റി ഹിന്ദുവും മുസ്ലിമും മാത്രമാക്കുന്ന ഗൂഡ ശ്രമങ്ങള്‍ക്കെതിരെയും നാം കരുതലോടെ ഇരിക്കെണ്ടിയിരിക്കുന്നു...

ബിനോയ്//HariNav said...

കാട്ടിപ്പരുത്തിയുടെ കമന്‍റിനു താഴെ ഒരൊപ്പ്.

പാവപ്പെട്ടവൻ said...

ആ ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ്‌ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയോ കണ്ടെത്തിയതും അവിടെ പോയതും

നല്ല എഴുത്ത് ആശംസകള്‍

Anil cheleri kumaran said...

നല്ല ഒഴുക്കുള്ള എഴുത്ത്. മാറാടിന്റെ ഒരു വ്യത്യസ്ത കാഴ്ചപ്പാട്.

Sureshkumar Punjhayil said...

Sthalathillathirunnittum mattoru kalapathil prathiyakkappetta oru suhruthu enikkumundu.. Nannayirikkunnu chechy. Ashamsakal...!!!

രജന said...

മനുഷ്യന്‍ മരിക്കുകയും പകരം അവിടെ മതം ജനിക്കുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്‌.. എന്ന hAnLLaLath ന്റെ അഭിപ്രായത്തോട്‌ യോജിപ്പില്ല..
മതങ്ങള്‍ ജനിക്കുമ്പോഴാണ്‌ മനുഷ്യന്‍ ജനിക്കുന്നത്‌. വെറുമൊരു ജന്തുവായ മനുഷ്യനെ ചിന്തയും വിവേകവുമുള്ള മനുഷ്യനാക്കാനാണ്‌ മതങ്ങളുണ്ടായത്‌. മതം മദമാവുമ്പോഴാണ്‌ പ്രശ്‌നം. ലോകോ സമസ്‌താ സുഖിനോ ഭവന്തു.

Saritha said...

dear my frined, life is really unexpected.it was quite unexpectedly i read through the hindu(17-05-09 sunday magazine)where i found some musings over marad.a sea divided is well written piece on marad, written by harsh mander.please read tht article if possible.

love...sarita