Monday, October 22, 2012
ഒരു പേരിലെന്തിരിക്കുന്നു?
ഒരു പേരിലെന്തിരിക്കുന്നു എന്നത്രെലോചിച്ചാലും ഇത് സഹിക്കാവുന്നതിലും ഏറെയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച പ്രമുഖ സംവിധായകനായ യഷ് രാജ് ചോപ്രയെ നമ്മുടെ പത്രങ്ങളെല്ലാം കൂടി യാഷ് ചോപ്രയാക്കിയത് എനിക്ക് എത്ര ആലോചിച്ചിട്ടും സഹിക്കാനാവുന്നില്ല. യശസ്സ് എന്നത് യാശസ്സ് എന്നു എഴുതുന്നതുപോലെ തന്നെ തെറ്റാണ് യഷ് എന്നത് യാഷ എന്ന് എഴുതുമ്പോള്‍.
ഞാന്‍ ജോലി ചെയ്യുന്ന പത്രവും യാഷ് ചോപ്ര എന്നുതന്നെയാണ് കൊടുത്തത്. അതിന് അവര്‍ പറഞ്ഞ കാരണം അത് മാതൃഭൂമിയുടെ സൈറ്റില്‍ കൊടുത്തത് അങ്ങിനെയാണെന്നാണ്. മാതൃഭൂമി മാത്രമല്ല എല്ലാ മലയാള പത്രങ്ങളും അതുതന്നെയാണ് കൊടുത്തത്. ഏതോ ഒരു മുത്തശ്ശി പത്രം കൊടുത്ത തെറ്റാണ് എല്ലാ പത്രങ്ങളും ആവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ മാധ്യമമെങ്കിലും ശരിയായി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല, അവര്‍ക്കും യഷ് ചോപ്ര യാഷ് ചോപ്രയായി. പൊതുവെ ഹിന്ദി വാക്കുകളുടെ ഉച്ചാരണം തെറ്റാതെ നല്‍കുന്ന പത്രമാണ് മാധ്യമം. ഇന്ന് ഞാന്‍ വായിച്ചതില്‍ ദേശാഭിമാനിമാത്രമാണ് ശരിയായ വിധം അദ്ദേഹത്തിന്റെ പേര് നല്‍കിയത്.
ഹിന്ദിഭാഷയെ ഏറ്റവും വികലമായി ഉപയോഗിക്കുന്ന പത്രവും വെബ് സൈറ്റും മാതൃഭൂമിയുടേതാണ്. സൈറ്റില്‍ വരുന്നു തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലും ആ കമന്റ്ുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അവരുടെ പതിവ്. ഡൂള്‍ ന്യൂസ് സൈറ്റ് മാത്രമാണ് തെറ്റുകള്‍ തിരുത്താറുള്ളത്. യഷ് ചോപ്രയെ മാത്രമല്ല മാതൃഭൂമി ഇത്രയും കൊന്നു കൊലവിളിച്ചിട്ടുള്ളത്, രാജേഷ് ഖന്ന, മെഹ്ദി ഹസ്സന്‍ തുടങ്ങിയവരുടെ വിയോഗവാര്‍ത്തകളില്‍ സിനിമാ പേരുകള്‍ തെറ്റിയെഴുതിയും ഗാനങ്ങളുടെ ഉച്ചാരണം തെറ്റിക്കൊടുത്തും എല്ലാ മലയാള പത്രങ്ങളും നമ്മുടെ ഹിന്ദിയെ തോല്‍പ്പിച്ചുകളഞ്ഞു. മാതൃഭൂമിക്കും മനേരമയ്ക്കുമൊക്കെ ഒരു ഫോണ്‍കോള്‍ മതിയാകുമല്ലോ ഇത്തരം തെറ്റുകള്‍ വരാതെ നോക്കാന്‍. ഭാഷാ വിദഗ്ധരോട് ഇതൊക്കെ ഒന്നു വിളിച്ചുചോദിക്കുക, അതുമല്ലെങ്കില്‍ പത്രമോഫീസിന്റെ താഴെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുകൊടുക്കുമല്ലോ ശരിയായ ഉചാരണം.
ചെറുപ്പം മുതല്‍ വിവിധ് ഭാരതികേട്ടും, ദൂരദര്‍ശനിലെ രംഗോലി ആസ്വദിച്ചും ഹിന്ദിസിനിമകള്‍ കണ്ടുപരിചയിച്ചും ജീവിച്ച ചിലരുടേയൊക്കെ മനസ്സില്‍ ഈ പേരുകള്‍ പതിഞ്ഞുപോയതുകൊണ്ടായിരിക്കാം യഷ് ചോപ്ര യാഷ് ആവുമ്പോള്‍ ഒരസ്വസ്തതയുണ്ടാവുന്നത്.
Monday, October 8, 2012
മരണാന്തരം
ഇനി ഞാന്‍ നിന്നെ കാണുന്നത്
എന്റെ മരണദിനത്തിലായിരിക്കും,
അന്ന്
ശാന്തമായി ഉറങ്ങുന്ന എന്നെ
കണ്ണിമവെട്ടാതെ,
ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാതെ,
തൊണ്ട ഞരമ്പുകളില്‍ സങ്കടക്കടല്‍ നിറയ്ക്കാതെ
പാദത്തിനടിയിലെ മണ്ണില്‍ നിന്ന്
ഒരുതരിപോലും നഷ്ടപ്പെടാതെ നീ വന്നു കാണണം.
ചുണ്ടില്‍ ചെറുപുഞ്ചിരിപോലും വരുത്താതെ
അന്നു ഞാന്‍ നിന്നെ കാണും.
അതുകാണാന്‍ നീയുണ്ടാവണം
Thursday, October 4, 2012
ഭ്രാന്ത്
എത്ര ശാന്തമായിരുന്നു നിന്റെ കണ്ണുകള്‍
എന്നിട്ടും അതൊരു
കടലിനെ പേറുന്നതു പോലുണ്ടായിരുന്നു
അതില്‍ അവര്‍ തിരഞ്ഞത്
നിനക്കുണ്ടെന്നു പറയപ്പെടുന്ന ഭ്രാന്തിനെയായിരുന്നു.
ഞാനോ, ആ കടലിന്റെ അഗാധതയില്‍
പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപര്‍വ്വതങ്ങളേയും.
Monday, October 1, 2012
സ്റ്റാറ്റസ് അപ്‌ഡേറ്റ്
സ്‌നേഹം എന്ന ഒറ്റവാക്കുകൊണ്ടാണ്
ഞാനത് രേഖപ്പെടുത്തിയത്.
സ്റ്റാറ്റസ് എന്ന ഒറ്റവാക്കുകൊണ്ട് നീയും.
Monday, September 3, 2012
ആബുലന്‍സ്
Monday, June 4, 2012
എന്റെ കറുത്ത കിളിക്കുഞ്ഞ്
Tuesday, April 10, 2012
പാര്‍ട്ടിയെ പറയിപ്പിക്കരുത്
ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കോഴിക്കോടുണ്ടായ സംഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിയിറങ്ങുമ്പോള്‍ കേട്ട മുദ്രാവാക്യം വളരെ ഹൃദ്യമായിരുന്നു, ''വി എസ് ഇല്ലെങ്കില്‍ കേരളം നശിക്കും'' വിളിച്ചു പറയുന്നത് ഒരു ഫുള്‍ ബോട്ടില്‍ അകത്താക്കിയ ഒരു മദ്യപാനായിരുന്നു. മൂന്നു തവണ അയാള്‍ അത് ആവര്‍ത്തിച്ചതേ ഓര്‍മയുള്ളൂ, എവിടെന്നാണ് നാലു സഖാക്കള്‍ പാഞ്ഞെത്തിയതും റോഡ് മുറിച്ച് കടക്കാന്‍ എന്റെ സമീപം നിന്നിരുന്ന അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച് '' തോന്ന്യാസം പറയുന്നോടാ ....മോനെ! എന്നു ചോദിച്ച് അടിയോട് അടി തുടങ്ങിയതും എന്നു മനസിലായില്ല. ഇതൊക്കെ കണ്ടു രസിക്കാന്‍ നിറയെ കാണികള്‍. ഇതൊരു ജനാധിപത്യ രാജ്യമല്ലേ ചേട്ടാ, അയാളും പറയട്ടെ എന്നു പറഞ്ഞതേ എനിക്കും ഓര്‍മയുള്ളൂ. പിന്നെ തെറിയുടെ പൊടിപൂരമായിരുന്നു. കാണികള്‍ എന്തുകൊണ്ടാണ് നിഷ്‌ക്രിയ പരബ്രഹ്മങ്ങളായതെന്നു അപ്പോഴാണ് മനസ്സിലായത്. ഞാന്‍ പെണ്ണായതുകൊണ്ടു എനിക്ക് തെറിയേ കിട്ടിയുള്ളൂ. എതെങ്കിലും പുരുഷന്‍ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ അയാളെ ആ പാവം സഖാക്കള്‍ എന്തു ചെയ്യുമായിരുന്നെന്ന് ചിന്തനീയം.
സഖാക്കളുടെ നേതാക്കളുടെ മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ നുണപ്രസംഗങ്ങള്‍ അപ്പോഴും മൈക്കിലൂടെ അനര്‍ഘനിഗളം പ്രവഹിക്കുന്നുണ്ടായിരുന്നു.
സാധാരണജനങ്ങള്‍ക്ക് ആകെ അറിയാവുന്നത് അവിടെ, കോഴിക്കോട് ബീച്ചില്‍ ഉല്‍സവം പോലെ എന്തോ നടക്കുന്നുണ്ടെന്നതാണ്. അല്ലാതെ വി എസ് ഉണ്ടോ? അതോ,ഇല്ലേ?, കേരളഘടകം എങ്ങിനെയൊക്കെ അദ്ദേഹത്തെ ദ്രോഹിച്ചു എന്നൊന്നും അറിയാന്‍ ഇവിടെ ആര്‍ക്കും സമയവും ആഗ്രഹവുമില്ല. എന്നാലും മദ്യപാനിയാണെങ്കിലും ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എത്രനാള്‍ നിങ്ങള്‍ക്ക് പിടിച്ച് വയ്ക്കാനാവും സഖാക്കളെ?. അഞ്ചുവര്‍ഷം തികയുമ്പോള്‍ നിങ്ങളും ഇറങ്ങുമല്ലോ വോട്ടും ചോദിച്ച്. അന്ന് ഞാന്‍ എന്റെ സ്വീറ്റിയെ (പട്ടി) വിടും, വോട്ടു ചെയ്യാന്‍. എന്നാ ശരി, നിങ്ങടെ വിപ്ലവം ജയിക്കട്ടെ!
പിന്നെ ഇത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്...
Monday, February 27, 2012
ആയിരം സൂര്യതാപത്തില്‍ ഉരുകി
''സരിതേച്ചി അടുത്തവര്‍ഷം എവിടെയായിരുന്നാലും നമുക്ക് ഒന്നിച്ച് ന്യൂ ഇയര്‍ ആഘോഷിക്കണം, നിങ്ങള്‍ എവിടെയാണെങ്കിലും എന്നെ വിളിക്കണംട്ടോ''. സരിതേച്ചി ഉറങ്ങല്ലെ ഇപ്പോ ന്യൂ ഇയര്‍ ആകും. ഉറക്കം തൂങ്ങി വീഴാറായ എന്നെയും സുവിയെയും തട്ടിയുണര്‍ത്തി അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു, പിന്നെ ഇഷ്ടപ്പെട്ട പാട്ടുകള്‍ ഇങ്ങനെ പാടിക്കൊണ്ടേയിരുന്നു. അപ്പോഴേക്കും ന്യൂ ഇയര്‍ ആയി. വന്ന ഫോണ്‍കോളുകള്‍ കിലുങ്ങിച്ചിരിച്ചുകൊണ്ട് അവള്‍ എടുക്കുന്നു, എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം ന്യൂ ഇയറിന് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇനിയും വരാനിരിക്കുന്ന ന്യൂ ഇയറിനും ഒന്നിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ ഇത്തവണ ന്യൂ ഇയറിന് അവള്‍ ഉണ്ടായില്ല. ആ പുതുവല്‍സരആഘോഷത്തിനുശേഷം 2011 ഫെബ്രുവരി 27നാണ് തൊണ്ടയാട് ബസ്സപകടത്തില്‍ സൂര്യ പോയത്. ഒരു സങ്കടം തൊണ്ടയില്‍ കുരുങ്ങുന്നത് എനിക്കറിയാനുണ്ട്. സൂര്യയെ അറിയുന്നവര്‍ക്ക് ഇന്ന് ഓര്‍മദിനമാണ്. അവളെ ഞങ്ങള്‍ക്ക് നഷ്ടമായതിന്റെ ഒന്നാം ഓര്‍മദിനം... എന്റെ വരാനിരിക്കുന്ന പുതുവര്‍ഷ പുലരികളെ സങ്കടം നിറഞ്ഞ വേദനകൊണ്ട് നിറക്കാന്‍ കൊച്ചു കൊച്ചു ഓര്‍മകള്‍ പങ്ക് വെച്ച സൂര്യക്ക്...
Subscribe to:
Posts (Atom)