Monday, November 23, 2009

ടി. വി ഓഫാക്കാന്‍ സമയമായി



ഒരിടത്തൊരിടത്ത്‌ ഒരു നാട്ടില്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക്‌ കഥകളും പാട്ടും ഇഷ്ടമായിരുന്നു, മുറ്റത്ത്‌ കുട്ടിയും കോലും കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു, തോട്ടില്‍ നിന്ന്‌ മീന്‍ പിടിക്കുമായിരുന്നു. ചളിയിലും മണ്ണിലും ഉരുണ്ട്‌ പിരണ്ട്‌ അവര്‍ അങ്ങനെ വളര്‍ന്നു വല്ല്യകുട്ടികളായി. ആ നാട്ടില്‍ പിന്നെയും കുട്ടികള്‍ ഉണ്ടായി. വീട്ടിലെ സ്വീകരണ മുറിയിലെ വിഢിപ്പെട്ടികളില്‍ നിന്ന്‌ അവര്‍ കഥകള്‍ കേട്ടു, കുട്ടിയും കോലും കളി മറന്ന അവര്‍ക്ക്‌ ഇഷ്ടം ക്രിക്കറ്റിനോടായി, അടച്ചിട്ട വീട്ടിലെ അക്വേറിയത്തില്‍ അവര്‍ ഗപ്പികളെയും, ഗോള്‍ഡന്‍ ഫിഷുകളെയും വളര്‍ത്തി അവയ്‌ക്ക്‌ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നതിനായി കണ്ണുംനട്ടിരുന്നു.


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ എന്താണ്‌ പറ്റുന്നത്‌? അവര്‍ മണ്ണില്‍ കളിക്കുന്നുണ്ടോ? മുറ്റത്ത്‌ വീണ്‌ അവരുടെ കാല്‍മുട്ടിലെ തൊലിയിരിയുമ്പോള്‍ നാം ഉള്ളിനാരും മഞ്ഞളും പുരട്ടികൊടുക്കാറുണ്ടോ? അതിനു മുറ്റമെവിടെ? മുറ്റത്തുപോലും കോണ്‍ക്രീറ്റ്‌ പാകിയിരിക്കുകയല്ലേ? ചോദ്യങ്ങള്‍ നിരവധിയാണ്‌. അണുകുടുംബ സമ്പ്രദായത്തില്‍ നമുക്ക്‌ അതിനൊക്കെ നേരമെവിടെ. പകല്‍ മുഴുവന്‍ ജോലിചെയ്‌ത്‌ തളര്‍ന്ന്‌ വൈകിയെത്തുന്ന അച്ഛനമ്മമാരുമായി സംസാരിക്കാന്‍ പോലും സമയമില്ല, മുത്തശ്ശികഥ പറയാറുള്ളവര്‍ വൃദ്ധസദനങ്ങളില്‍, ചോറും കറിയും വച്ചു കളിക്കാനായി കൂട്ടുകാരെയും അവരുടെ വീട്ടുകാര്‍ പുറത്തു വിടുന്നില്ല. പാടത്തും പറമ്പിലും നടക്കാന്‍ പാടവുമില്ല പറമ്പുമില്ല. പിന്നെ ആശ്രയം ടെലിവിഷനും കംപ്യൂട്ടറും തന്നെ. അനങ്ങാതെ ഇരുന്നാല്‍ മതി. ഇന്ന്‌ ദൃശ്യ-ശ്രവ്യ സങ്കേതങ്ങള്‍ പോലും പോക്കറ്റിലിട്ടുകൊണ്ടു നടക്കാം. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സിനിമയും മറ്റും കാണാം. വീഡിയോ ഗെയ്‌ിംസ്‌ ഉള്ളം കൈയ്യില്‍.വിരലുകള്‍ മാത്രമേ ചലിക്കേണ്ടതുള്ളു;ഉടലിന്‌ പരിപൂര്‍ണ വിശ്രമം. കുട്ടികളുടെ അനിയന്ത്രികമായ ടി.വി ഭ്രമത്തെപ്പറ്റി പരാതി പറയുകയല്ലാതെ അത്‌ തടയാന്‍ യാതൊരു നടപടിയും നമ്മുടെ രാജ്യത്ത്‌ ഉണ്ടാവുന്നില്ല.

ആസ്‌ത്രേലിയയില്‍ നിയന്ത്രണം വരുന്നു

അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ക്ക്‌ ടി.വി കാണുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോവുകയാണ്‌ .ഇവിടെയൊന്നുമല്ലാ കേട്ടോ.അങ്ങ്‌ ആസ്‌ത്രേലിയയിലാണ്‌. അവിടെയും വീട്ടുപണികള്‍ തീര്‍ക്കാനായി ചെറിയ കുട്ടികളെ ടി.വിക്ക്‌ മുന്നിലേക്ക്‌ വിടുകയാണത്രെ മിക്ക അമ്മമാരും. പാത്രം കഴുകാനും അലക്കാനും തുടയ്‌ക്കാനും മൂന്നും നാലും മണിക്കൂര്‍ മാറ്റിവയ്‌ക്കേണ്ടിവരുമ്പോള്‍ തൊട്ടില്‍ പ്രായമായ കുഞ്ഞുങ്ങളെ പോലും ടി.വിക്ക്‌ വിട്ടുകൊടുക്കുന്നു. ഫലം, അത്‌ കുട്ടികളുടെ മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ശരീരവും മനസ്സു ഇളകാതെ ടി.വിക്ക്‌ മുന്നില്‍ ഒറ്റയിരുപ്പിരിക്കുമ്പോള്‍ വ്യായാമം ലഭിക്കുന്നില്ല. പൊട്ടാറ്റോ ചിപ്‌സും പോപ്പ്‌ കോണും കൊറിച്ച്‌ സദാ ഒരേയിരിപ്പ്‌ പൊണ്ണത്തടി കൂട്ടും. പേശികള്‍ക്ക്‌ ബലക്ഷയം ഉണ്ടാക്കും. പിന്നെ മടി. ആയാസകരമായ ഒരു ജോലിയില്‍ പിന്നീട്‌ ഏര്‍പ്പെടാന്‍ മടികാണിക്കുന്ന കുട്ടികളുണ്ട്‌. എന്തെങ്കിലും സാധനം എടുത്തു കൊണ്ടുവരാന്‍ പറഞ്ഞാല്‍ സോഫാസെറ്റിയില്‍ ചാരിക്കൂടിയിരിക്കുന്നവര്‍. സ്‌കൂള്‍ ബാഗ്‌ പോലും ചുമക്കാന്‍ അവര്‍ക്ക്‌ മടിയാണ്‌. കളിസ്ഥലമോ, വിശാലമായ മുറ്റമോ നമുക്ക്‌ ഇന്നില്ലാ എന്നതു വാസ്‌തവമാണ്‌. കുട്ടികള്‍ ടി.വി സ്‌ക്രീനില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ ഒരു കാരണവും ഇതു തന്നെ. ഏതാവശ്യത്തിനു വേണ്ടി കുട്ടി കരഞ്ഞാലും ടി.വി വച്ചുകൊടുക്കുന്ന എത്ര മാതാപിതാക്കളെ നാം കാണാറുണ്ട്‌്‌. ഇത്ര ചെറുപ്പത്തിലെ എത്രമാത്രം വൈകാരികതയാണ്‌ നാം ആ കൊച്ചുകണ്ണുകളിലും മനസ്സുകളിലും കുത്തി നിറയ്‌ക്കുന്നത്‌. അവരിലാകെ ഒരു മുരടിപ്പ്‌ ഉണ്ടാക്കുന്നു.


നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്‌ ഒരു ദിവസം ശരാശരി 44 മിനിറ്റ്‌ ടി.വിയില്‍ കണ്ണുംനട്ടിരിക്കുന്നുവെന്നാണ്‌ ആസ്‌ത്രേലിയയില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്‌. അമേരിക്കയില്‍ 1.2 മണിക്കൂറാണ്‌ കുഞ്ഞുങ്ങളുടെ ടി വി കാണുന്നതിന്റെ ശരാശരി സമയപരിധി. ബ്രിട്ടനില്‍ അല്‍പ്പം കൂടെ മുതിര്‍ന്ന കുട്ടികള്‍ അഞ്ചു മണിക്കൂറും 18 മിനിറ്റും ടി.വി കാണുന്നതിനും, കംപ്യൂട്ടര്‍ ഗെയ്‌മുകള്‍ കളിക്കുന്നതിനും ഓണ്‍ലൈനില്‍ ഇരിക്കുന്നതിനും ഉപയോഗിക്കുന്നു. അമേരിക്കയുടേതിനെക്കാള്‍ ഒരു മണിക്കൂര്‍ കുറവ്‌.

ഇത്‌ ഈ രാജ്യങ്ങളിലെ കുട്ടികള്‍ക്ക്‌ മാത്രമല്ല. നമ്മുടെ നാട്ടിലും ഇതു പോലെയൊക്കെയാണ്‌ കാര്യങ്ങളുടെ പോക്ക്‌. പോഗോ, നിക്ലോഡിയന്‍, ജെറ്റിക്‌്‌സ്‌, ഹംഗാമാ, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌ ഇവയുടെ മുന്നിലാണ്‌ നമ്മുടെ കുട്ടികളും. കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ നാലാംക്ലാസുകാരന്‍ ആദിത്തിന്‌ ഏറ്റവും ഇഷ്ടം ബേ ബ്ലേഡും ബെന്‍ടെനുമാണ്‌. സ്‌കൂള്‍ വിട്ടാല്‍ ടി.വിക്ക്‌ മുന്നിലിരിക്കുന്ന ആദിത്തിന്റെ എല്‍.കെ.ജിക്കാരന്‍ അനുജന്‍ അദൈ്വതിന്‌ ഇഷ്ടം ഡോറയും ടോം ആന്റ്‌ ജെറിയും. ഉണ്ണാനും പഠിക്കാനും കൂട്ട്‌ ഇവരൊക്കെ തന്നെ. കുറച്ച്‌ മാസം മുമ്പ്‌ വരെ വൈകീട്ട്‌ അഞ്ചുമണിക്ക്‌ ടി.വിയുടെ അടുത്തേക്ക്‌ വലിയവര്‍ക്ക്‌ പ്രവേശനമില്ലായിരുന്നു. തൃശൂര്‍ സുരക്ഷിത സ്‌കൂളിലെ എല്‍.കെ.ജിക്കാരി ദിയ പുരുഷോത്തമന്‌ ഇഷ്ടപ്പെട്ട ടി.വി ഷോയായ ഡോറയുടെ പ്രയാണത്തിന്റെ സമയത്ത്‌ മുതിര്‍ന്നവര്‍ ടി.വിയുടെ അടുത്തെത്തിയാല്‍ അവള്‍ അലറുമായിരുന്നു. സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ബാറ്റ്‌മാനു മൊക്കയാണ്‌ തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ്സുകാരന്‍ പ്രണവ്‌ പുരുഷോത്തമന്റെ ഹീറോസ്‌. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും മാറ്റിമാറ്റിയാണ്‌ കാണുന്നത്‌. ടോം ആന്റ്‌ ജെറിയും, മോണ്‍സ്‌റ്റര്‍ വാറിയേഴ്‌സും അയേണ്‍ മാനുമൊക്കെ പ്രിയം തന്നെ.
അമ്മമാരുടെ നിസ്സഹായത

ടി.വി നിര്‍ത്തിയാലുണ്ടാവുന്ന പുകിലോര്‍ത്ത്‌ പല അമ്മമാരും അതൊക്കെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. അല്ലെങ്കില്‍ തന്നെ നേരേ ചൊവ്വേ ഭക്ഷണം കഴിക്കുന്നില്ല, ഹോംവര്‍ക്കു ചെയ്യുന്നില്ലാ എന്നൊക്കെ പറഞ്ഞ്‌ കുട്ടികളോട്‌ ഒരു യുദ്ധം തന്നെ നടത്തേണ്ടി വരുമ്പോള്‍ ടി.വി നിര്‍ത്തിക്കൊണ്ട്‌ ആ യുദ്ധം നീട്ടിക്കൊണ്ടുപോവാന്‍ ഒറ്റ അമ്മയും തയ്യാറല്ലെന്നാണ്‌ ബോസ്‌റ്റണിലെ കുട്ടികളുടെ ആശുപത്രിയിലെ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ സെന്റര്‍ ഓണ്‍ മീഡിയ ആന്റ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌ ഡയറക്‌റ്റര്‍ ഡോ. മൈക്കല്‍ റിച്ച്‌ പറയുന്നത്‌. കുട്ടികളുടെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ നാം ബോധവതികളാണ്‌ എന്നാല്‍ അവരുടെ ബുദ്ധിക്ക്‌ എന്താണ്‌ നാം നല്‍കുന്നത്‌ എന്ന്‌ ഓര്‍ക്കാറില്ല. ഭാഷയെ പരിപോഷിപ്പിക്കുന്ന വിധം സാമൂഹികബന്ധങ്ങള്‍ വളര്‍ത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാനായി ടി.വി കാണുന്ന സമയം വെട്ടിക്കുറയ്‌ക്കാനാണ്‌ ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ഒരുപാട്‌ നേരം ചലിക്കുന്ന ചിത്രങ്ങളില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന്‌ ആയാസം ഏറുന്നു. ഇത്‌ പിന്നീട്‌ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദുര്‍ബലമാക്കുന്നു. 30 മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ അറിയുന്ന പദങ്ങള്‍ കുറവായിരിക്കുന്നുവെന്ന്‌്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു മാത്രമല്ല അക്രമണ സ്വഭാവം വര്‍ധിക്കുകയും ചെയ്യുന്നുവെന്ന്‌ ഡീകിന്‍ സര്‍വകലാശാലയിലെ എപ്പിഡെമോളജി വിഭാഗം അസോസിയേറ്റ്‌ പ്രഫസര്‍ ജോ സാല്‍മന്‍ പറയുന്നത്‌. വിദ്യാഭ്യാസ പരിപാടികള്‍ അപകടകാരികളാണ്‌ എന്നതിന്‌ തെളിവില്ലെങ്കിലും രണ്ടു വയസ്സിലും താഴെയുള്ളവരെ അതും കാണിക്കാതിരിക്കുന്നതാണ്‌ ഉചിതമത്രെ. ടെലിവിഷനില്‍ നിന്ന്‌ കുട്ടികള്‍ ഒന്നും പഠിക്കുന്നില്ലെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.

അനുകരിക്കാന്‍ മിസ്റ്റര്‍ ബീന്‍

ഏറ്റവും സങ്കീര്‍ണമായ ഒന്നാണ്‌ മനുഷ്യമസ്‌തിഷ്‌ക്കം. ജനിച്ച്‌ ആദ്യദിനം മുതല്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ഭൗതിക സാഹചര്യങ്ങളില്‍ നിന്നും ആവശ്യമായ പലതും നാം പിടിച്ചെടുക്കുന്നു. ഉദാഹരണമായി അമ്മയുടെ ശബ്ദം. എന്നാല്‍ ടി.വി കുട്ടിയുടെ നാഡീവ്യൂഹത്തെ കൊല്ലുകയാണ്‌ ചെയ്യുന്നത്‌. കലപില ശബ്ദ്‌ത്തില്‍ നിന്ന്‌ വേണ്ടതായ വിവരങ്ങളെ തിരിച്ചറിയാന്‍ അവര്‍ക്ക്‌ കഴിയാതെയാവുന്നു. മസ്‌തിഷ്‌ക്കത്തിന്റെ വികാസത്തിന്‌ പ്രധാനമായും വേണ്ടത്‌ മാതാപിതാക്കളുമായോ, ആയമാരുമായോ ഉള്ള പരസ്‌പരപ്രവര്‍ത്തനങ്ങളാണ്‌, അല്ലെങ്കില്‍ ക്രിയാത്‌മകമായ പ്രശ്‌നപരിഹാരം തേടുന്ന കളികളില്‍ ഏര്‍പ്പെടുകയാണ്‌. ഒരു ഇലക്‌ട്രോണിക്‌ സ്‌ക്രീന്‍ ഇതൊന്നും കുട്ടികള്‍ക്ക്‌ ലഭ്യമാക്കുന്നില്ല.

കണ്ണൂരിലെ ചെട്ട്യോള്‍ എസ്‌.കെ. വി യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി മുഹമദ്‌ അജമലിന്റെ ഹീറോയാണ്‌ മിസ്‌റ്റര്‍ ബീന്‍. മിസ്‌റ്റര്‍ ബീനിനെപ്പോലെ സംസാരിക്കുക, അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നിവയായിരുന്നു അജ്‌മലിന്റെ പ്രധാന വിനോദം. തന്റെ ഹീറോയെപ്പൊലെ ആവാന്‍ ശ്രമിച്ച്‌ വീട്ടുകാരോടുള്ള സംസാരം ആംഗ്യങ്ങളിലൂടെ മാത്രമായപ്പോള്‍ ഹീറോ ഔട്ട്‌. മിസ്റ്റര്‍ ബീനിനെപ്പോലെ പടുവിഢിയായ ഒരു കഥാപാത്രത്തെ റോള്‍ മോഡലാക്കിയാണോ നിങ്ങളുടെ കുട്ടി വളരേണ്ടതെന്ന്‌ നിങ്ങളൊന്നു ചിന്തിച്ചു നോക്കു. ഇത്‌ അജ്‌മലിന്റെ മാത്രം കാര്യമല്ല. മിക്ക കുട്ടികള്‍ക്കും ടി.വിയിലും സിനിമയിലെയും ഹീറോകളുടെ ജീവിതമാണ്‌ എല്ലാം എന്നു വിശ്വസിക്കുന്നവരാണ്‌. ടി.വിയില്‍ കണ്ട തൂങ്ങിമരണത്തെ അനുകരിച്ച്‌്‌ പത്തനംത്തിട്ടയിലെ ആറാംക്ലാസ്സുകാരി അരുണിമ മരിച്ചത്‌ ഈ നവംബര്‍ ഏഴിനാണ്‌. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുതിര്‍ന്നവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മറ്റു കുട്ടികളുമായി ടി.വി കണ്ടുകൊണ്ടിരിക്കെ അടുത്തമുറിയില്‍ പോയി കൈലി മുണ്ടില്‍ തൂങ്ങുകയായിരുന്നു.

കൂടുതല്‍ ടി.വി കാണുന്ന ശീലം കുഞ്ഞിനെ അമ്മയില്‍ നിന്ന്‌ അകറ്റുമത്രെ. കുട്ടികളുടെ വായനാശീലത്തെയും ഇതു ബാധിക്കുന്നു. അദ്‌ഭുത ലോകത്തെത്തിയ ആലിസിനെയും, വളര്‍ന്നു വലിയ മനുഷ്യനാവാന്‍ വിമുഖത കാണിക്കുന്ന പീറ്റര്‍ പാനിനെയും, കുട്ടികളുടെ പ്രിയപ്പെട്ട പൈഡ്‌ പൈപ്പറെയും, റെഡ്‌ റൈഡിങ്‌ ഹുഡിനെയും, സ്‌നോവൈറ്റിനെയും സിന്റര്‍ലയെയും തെന്നാലി രാമനെയുമൊക്കെ വായിക്കുന്ന കുട്ടികള്‍ക്ക്‌ സ്വപ്‌നം കാണാനും, ജീവിതസാഹചര്യങ്ങളില്‍ മുന്നേറാനും അവര്‍ വായിച്ചിരുന്ന പുസ്‌തകങ്ങള്‍ സഹായിച്ചിരുന്നു. പുസ്‌തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കരുതല്‍ വേണമെന്നു മാത്രം. പത്ത്‌ ദശലക്ഷം പ്രതികള്‍ വിറ്റ ജെ കെ റോളിങ്‌സിന്റെ ഹാരിപോട്ടര്‍ സീരീസ്‌ പ്രധാനമായും കുട്ടികള്‍ക്ക്‌ വേണ്ടി എഴുതിയതാണെങ്കിലും ദുര്‍മന്ത്രവാദത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നതാണ്‌.

വായിച്ചു വളരട്ടെ

മുതിര്‍ന്നവരുടെ സംരക്ഷണത്തിലും ദയയിലുമാണ്‌ കുട്ടികള്‍ വളരേണ്ടതെന്നും കുടുംബമാണ്‌ സംരക്ഷമ കവചമെന്നും കുട്ടികള്‍ മനസ്സിലാക്കി വയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഒരു ദിവസം മുതിര്‍ന്നവര്‍ തങ്ങളോടും കൂടെയില്ലെങ്കില്‍ എന്തു ചെയ്യും. അപ്പോഴാണ്‌ നാം വായിച്ചു വച്ചിട്ടുള്ള പഴയ യക്ഷികഥകളുടെ പ്രസക്തി. അവ നമുക്ക്‌ ധൈര്യം തരുന്നു. പഠിക്കാന്‍ പാഠങ്ങള്‍ തരുന്നു. വേട്ടയാടാന്‍ വരുന്ന പുരുഷന്‍മാരെക്കുറിച്ച്‌ സ്‌ത്രികള്‍ക്കുള്ള താക്കീതായി ലിറ്റില്‍ റെഡ്‌ റൈഡിങ്‌ഹുഡിനെ നമുക്ക്‌ വായിക്കാം. പ്രായമാവുന്നതിന്റെയും ചെറുപ്പത്തെ അംഗീകരിക്കാന്‍ പറ്റാതെയും ആവുമ്പോള്‍ ഉണ്ടാവുന്ന അസൂയയുടെ കഥപറയുന്ന സ്‌നോവൈറ്റ്‌, ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തെയും സത്യം എന്നെങ്കിലും ഒരിക്കല്‍ പുറത്തു വരും എന്നും പഠിപ്പിച്ചു തന്ന ജീന്‍ വാല്‍ജീന്റെ കഥ; പാവങ്ങള്‍. ഹോജാ കഥകളും, ഈസോപ്പ്‌ കഥകളും, ജാതകകഥകളും, ആയിരത്തൊന്നു രാവുകളും എല്ലാം കുട്ടികള്‍ വായിക്കണം.കഥകള്‍ വായിക്കുന്നതിലൂടെയും വായിച്ചുകൊടുക്കുന്നതിലൂടെയും കുട്ടികളുടെ മനസ്സില്‍ നാം മൂല്യങ്ങള്‍ കൊളുത്തിവയ്‌ക്കുകയും ശുഭാപ്‌തി വിശ്വാസം വളര്‍ത്തുകയുമാണ്‌ ചെയ്യുന്നതെന്ന്‌ നാല്‍പ്പത്തഞ്ച്‌ വര്‍ഷമായി ബാലസാഹിത്യം കൈകാര്യംചെയ്യുന്ന പ്രഫ. എസ്‌ ശിവദാസ്‌ പറയുന്നു. വിവര വിസ്‌ഫോടനം ലോകത്ത്‌ ഉണ്ടായതോടെ മനുഷ്യന്‌ ജ്ഞാന സമ്പാദനം അനായാസമായി.വിവരത്തോടൊപ്പം വിവേകവും കൂടി ഉണ്ടാവണം. അതിന്‌ വായന പ്രധാനമാണ്‌. അച്ഛന്‍ കുട്ടിയെ മടിയിലിരുത്തി, അമ്മയോടൊപ്പം പുസ്‌തകങ്ങള്‍ വായിച്ച്‌ ചിരിച്ച്‌ ആസ്വദിക്കണം. അപ്പോള്‍ കുട്ടിക്ക്‌ വായന സംസ്‌ക്കാരം ഉണ്ടാവും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമാന്യ ബോധം കുറയുന്നു
ഇന്നത്തെ കുട്ടികള്‍ക്ക്‌ പാട്ടുപാടാന്‍ ഇഷ്ടമാണ്‌, കഥ പറയാന്‍ ഇഷ്ടം കുറവും. ആകാശവാണി കോഴിക്കോട്‌ നിലയത്തിലെ സീനിയര്‍ അനൗണ്‍സര്‍ ആര്‍ കനകാംബരന്റെ നിരീക്ഷണത്തില്‍ കുട്ടികള്‍ അങ്ങനെയൊക്കെയാണ്‌. കുട്ടികള്‍ക്കുള്ള റേഡിയോ പരിപാടിയായ മൈയില്‍പ്പീലിയിലേക്ക്‌ വിളിക്കുന്ന മിക്ക കുട്ടികള്‍ക്കും പ്രാഥമികമായിട്ടുള്ള കാര്യങ്ങളിലുള്ള അറിവ്‌ കുറവാണ്‌. ഉദാഹരണമായി എല്ലാ ഇന്ത്യക്കാരും തന്റെ ആരാണ്‌ എന്ന്‌ കുട്ടികള്‍ക്ക്‌ അറിയില്ല. രാവിലെ വരി നിന്നു പാടുന്ന സ്‌കൂള്‍ ഗാനം പലര്‍ക്കും പൂര്‍ണമായി പാടാന്‍ അറിയുന്നില്ല. മുതിര്‍ന്നവര്‍ വരുമ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യവും അറിയുന്നില്ല. എല്ലാം ഉണ്ട്‌ കഥ പറച്ചിലില്‍്‌. പ്രകൃതി, ഭൂമി, മൃഗങ്ങള്‍ പക്ഷികള്‍. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പുനര്‍ജനിക്കുന്നത്‌ കുട്ടികള്‍ക്കുള്ള കഥയിലൂടെയാണ്‌. മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപികമാര്‍ കുട്ടികള്‍ക്ക്‌ ഉണ്ടക്കണ്ണുള്ള കള്ളകുറുക്കന്റെയും പാവത്താനായ കുരങ്ങിന്റെയും കഥകള്‍ പറഞ്ഞ്‌ കൊടുക്കണം. ആന്റോണ്‍ ചെക്കോവിന്റെയും, മാര്‍ക്ക്‌ ടൈ്വന്റെയും,വിക്‌റ്റര്‍ യൂഗോവിന്റെയും കഥകള്‍ വായിക്കാന്‍ കൊടുക്കണം. അവരെ കളികളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണം, മണ്ണിന്റെ മണത്തില്‍ വളരാന്‍ വിടണം, ബന്ധങ്ങള്‍ അമൂല്യങ്ങളാണെന്ന്‌ അവരും പഠിക്കട്ടെ. മുതിര്‍ന്നവരാണ്‌ കുട്ടികളുടെ മാതൃക. നമ്മള്‍ ചെയ്യുന്നതും കാണുന്നതുമാണ്‌ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും.