Saturday, September 26, 2009

ഇത്രേം ബല്ല്യ പോത്തിനെ തിന്നാന്‍ ഞങ്ങള്‍ക്കെന്തേ രണ്ടീസം....

ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിനുശേഷം വരുന്ന പെരുന്നാള്‍ തീര്‍ച്ചയായും സന്തോഷകരമായ ഒരവസ്ഥയാണ്‌. പ്രത്യേകിച്ചും ഒരു മുസ്‌ലിം സ്ഥാപനത്തില്‍ ജോലിയെടുക്കുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ഹിന്ദു ഫാഷിസ്സ്‌റ്റുകള്‍ക്ക്‌ (ഞങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നത്‌ അങ്ങനെയാണ്‌). ഞായറാഴ്‌ച പെരുന്നാള്‍ ആവാത്തിനാല്‍ കുറേപേര്‍ക്ക്‌ സങ്കടം വന്നെങ്കിലും എനിക്കത്‌ ഏറെ ആഹ്ലാദദായകമായിരുന്നു. കാരണം ഞായര്‍ എന്റെ ഓഫ്‌ ഡേയാണ്‌. അന്ന്‌ പണിയെടുത്താല്‍ ആ അവധി എനിക്ക്‌ പിന്നീട്‌ എടുക്കാം. മാത്രമല്ല തിങ്കളാഴ്‌ച പെരുന്നാളവധിയും കിട്ടും. പക്ഷേ ഞായര്‍ പെരുന്നാള്‍ ആണെങ്കില്‍ എന്റെ ഓഫ്‌ സ്വാഹഃ. ഏതായലും എന്റെ ആഗ്രഹപ്രകാരം തന്ന പടച്ചോന്‍ കരുക്കള്‍ നീക്കി.
പെരുന്നാള്‍ തലേന്ന്‌ ഞങ്ങള്‍ പത്രമുണ്ടാക്കി. നാടായ നാടുമുഴുവന്‍ റമദാന്‍ റിലീഫ്‌ കൊടുക്കുന്നതില്‍ സംഘടനകളും സ്ഥാപനങ്ങളും മല്‍സരിച്ചതിനാല്‍ അവരുടെ പടങ്ങളെക്കൊണ്ടും വാര്‍ത്തകൊണ്ടും പേജുകള്‍ ഓരേന്നും നിറഞ്ഞു; പക്ഷെ ഞങ്ങളുടെ മനസ്സ്‌ ശൂന്യമായി. കാരണം വലുതുകൈചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നാണ്‌ അല്ലാഹു പറഞ്ഞിട്ടുള്ളത്‌. ഇതിപ്പോള്‍ ഇല്ലാത്തവന്റേയും അവന്‌ സകാത്ത്‌ നല്‍കിയ ചാരിതാര്‍ഥ്യത്തോടെപുഞ്ചിരിക്കുന്ന ഉള്ളവനും ചേര്‍ന്ന നാലു കോളം ചിത്രങ്ങളടങ്ങിയ വാര്‍ത്തകളുടെ ഒരുലക്ഷം കോപ്പികള്‍ പുറത്തു വരും. അതില്‍ അല്ലാഹുവിനുള്ളത്‌ എത്രയാണെന്ന ചിന്ത എന്നെ അലട്ടികൊണ്ടിരുന്നു. ചിത്രങ്ങളും വാര്‍ത്തയും നിര്‍ബന്ധമായി കൊടുക്കണം എന്ന്‌ ഡസകില്‍ നിന്നുള്ള നിര്‍ദേശവും ആ വിചാരത്തെ വീണ്ടും അസ്വസ്ഥമാക്കി.

പിന്നീട്‌ റൂമിലെത്തിയ ഞങ്ങള്‍ നാളത്തെ പെരുന്നാള്‍ ബരിയാണിയും പായസവും സ്വപനം കണ്ട്‌ ഉറങ്ങാന്‍ കിടന്നു. ശരിക്കും ഉറക്കം വരാത്ത രാത്രിതന്നെയാണ്‌ പെരുന്നാള്‍ തലേന്നത്തെ രാത്രി. കൈയില്‍ മൈലാഞ്ചിയിടാതെ, മൊഞ്ചുള്ള തിളങ്ങണ കുപ്പായമിടാതെ തന്നെ ഞങ്ങള്‍ എല്ലാവരും അതിരാവിലെ കുളിച്ച്‌ ശരവണഭവനില്‍ നിന്ന്‌ ചായയും വടയും കഴിച്ച്‌ വണ്ടി കേറി. അങ്ങ്‌ കുറ്റിയാടി ബസ്സില്‍ ഉള്ള്യേരിയിലേക്ക്‌. എന്തു രസായിരുന്നു. അവിടെ ഞങ്ങള്‍ക്കായി കാത്തിരിക്കുന്ന വാപ്പ, ഉമ്മ, കുട്ട്യോള്‌. വര്‍ത്താനത്തിന്റെ കലപിലയില്‍ ഞങ്ങള്‍ ഉറക്കെ സംസാരിച്ചു, ചിരിച്ചു, കുറ്റംപറഞ്ഞു, കുറവാക്കി. പിന്നെ മൂക്കറ്റം കോഴി ബിരിയാണീം പേരിനല്‍പ്പം സേമിയ പായസോം അകത്താക്കി. പെരുന്നാള്‍ ജോറായി. എന്നും പെരുന്നാള്‍ ആയിരുന്നെങ്കിലെന്നു ഞങ്ങള്‍ ഓര്‍ത്തു.വീണ്ടും വര്‍ത്തമാനവും, പാട്ടും ഡാന്‍സും കലപിലയും. പെരുന്നാള്‍ തീര്‍ന്നു എന്നു തോന്നിയെങ്കിലും തീര്‍ന്നിരുന്നില്ല. ബാക്കി റൂമില്‍ എത്തിയതിനു ശേഷമായിരുന്നു എന്നു മാത്രം. ഞങ്ങളുടെ വീടിന്റെ താഴേ താമസിക്കുന്ന താത്തയുടെ വക പായസം, ബീഫ്‌ ഫ്രൈ...,വേറെ അയല്‍വാസിയുടെ വക കോഴിബിരിയാണി. ഓ എന്റെ റബ്ബേ! ഇന്നു കണികണ്ടയാളെ നാളെയും കാണുമാറാകേണേ, ആമേന്‍ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ഞങ്ങള്‍ അതും വിഴുങ്ങി.
എല്ലാംകഴിഞ്ഞ്‌ ഒരു ഏമ്പക്കത്തിന്റെ സാധ്യതയെപ്പറ്റി ആലോചിച്ചിരിക്കുന്ന നേരത്താണ്‌ ഞങ്ങളുടെ വീടിന്റെ നേരമുന്നിലുള്ള വീട്ടിലെ താത്ത ഞങ്ങളെ കൈകാട്ടി വിളിക്കണത്‌. ഇത്രേനേരം അവിടെ വിരുന്നുകാരുണ്ടായിരുന്നു പോലും. ഞങ്ങളെ അത്താഴം തീറ്റിച്ചേ വിടുള്ളൂ എന്ന ഘട്ടത്തില്‍ തടിയൂരാനായി നാളെ രാവിലെ വന്നു കഴിച്ചോളാം എന്നു പറഞ്ഞ്‌ ഒരു കട്ട്‌ലെറ്റ്‌ മാത്രം തിന്ന്‌ അവിടെ നിന്നിറങ്ങിയ തെക്കന്‍ ജില്ലക്കാരായ ഞാനും മഞ്‌ജുവും കോഴിക്കോട്ടുകാരുടെ സ്‌നേഹവായ്‌പ്പിനെപ്പറ്റി ഘോര-ഘോരം സംസാരിച്ചു. ശരിയാണ,്‌ കേക്ക്‌ തിന്നാന്‍ പത്തീസം, പായസം കുടിക്കാന്‍ പത്തീസം, ഇത്രേം ബല്ല്യ പോത്തിനെ തിന്നാന്‍ ഞങ്ങള്‍ക്കെന്തേ രണ്ടീസം. മലപ്പുറത്തുകാര്‍ ചോദിക്കുന്നതിലും ന്യായമുണ്ട്‌. പെരുന്നാളിന്‌ ഉണ്ടാക്കുന്നതെല്ലാം തിന്നു തിര്‍ക്കാന്‍ രണ്ടീസം ഒന്നും പോരാ. വയറുവേദനയ്‌ക്കും വേണം മൂന്നുനാലു ദിവസം. അങ്ങനെ പിന്നേറ്റ്‌ന്ന്‌ പുലര്‍ന്നതുമുതല്‍ ഞങ്ങളെ കാത്തിരിക്കുകയാണ്‌ താത്ത. ബിരിയാണി അത്‌ എന്റെ രക്തത്തില്‍ അലിഞ്ഞു തീര്‍ന്നതാണ്‌്‌, പ്രത്യേകിച്ചും ബീഫ്‌ ബിരിയാണി. എന്നാലും കണ്ണു പിച്ചിത്തുറക്കുന്നതിനു മുമ്പേ ഞങ്ങള്‍ ആരും ഇതേവരെ ബീഫ്‌ ബിരിയാണി തിന്നിട്ടില്ല. കോഴിപൊരിച്ചത്‌, കര്‍മൂസ...അന്നു ഞങ്ങള്‍ക്ക്‌ ശരിക്കും വയറുവേദനയായി. പൊരുന്നാളിന്‌ കണികണ്ടയാളെ ഇനിയും കണികാണരുതേ എന്നു ഞങ്ങള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. കാരണം പെരുന്നാള്‌ പടച്ചോന്റയാണേലും പള്ള ഞമ്മന്റെയാണേയ്‌.....

Saturday, September 12, 2009

ഫാഷന്‍, ദ റിയല്‍ ഷോ സ്‌റ്റോപ്പര്‍

1997. തൃശൂര്‍ സെന്റ്‌ മേരീസ്‌ കോളജ്‌ ഓഡിറ്റോറിയം. ലക്‌മേ സ്‌പോണ്‍സേര്‍ഡ്‌ ഫാഷന്‍ ഷോ. റാംപില്‍ ഒട്ടും സുന്ദരിയല്ലാത്ത ഞാന്‍. അതില്‍ പങ്കെടുക്കുക എന്നത്‌ എന്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നു. എന്റെ കുറവുകളെ പറ്റി കൂട്ടുകാര്‍ മാറിയിരുന്നു ചിരിച്ചപ്പോഴും ഞാന്‍ അറിഞ്ഞതേയില്ല. അങ്ങനെ ഞാനും അതില്‍ പങ്ക്‌ചേര്‍ന്നു. രസമായിരുന്നു ആ ദിവസം. നല്ല തൊലിക്കട്ടിയായതിനാല്‍ കുറ്റങ്ങളും കുറവുകളും എന്നെ ബാധിച്ചതേയില്ല. അങ്ങനെയായിരിക്കണം, ഫാഷന്റെ ലോകത്തില്‍ വരുമ്പോള്‍. Bold like a rock.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം, 2009ല്‍ മധുര്‍ഭണ്ഡാര്‍ക്കറുടെ ഫാഷന്‍ കണ്ടപ്പോള്‍ എനിക്ക്‌ അതിയായ ആഹ്ലാദം തോന്നി. റാംപില്‍ ഒരു ടൂണിക്കില്‍ കാറ്റ്‌ വോക്ക്‌ ചെയ്‌തത്‌ എനിക്ക്‌ ഓര്‍മ വന്നു.ഫാഷന്‍ ലോകത്ത്‌ സ്വന്തമായ വ്യക്തിത്വം തേടിവരുന്ന നിരവധി പെണ്‍കുട്ടികളുടെ പ്രതിനിധിയാണ്‌ മേഘ്‌ന മാഥുര്‍. ചണ്ഡിഗഢില്‍ നിന്ന്‌ മുംബൈ എന്ന മഹാനഗരത്തില്‍ എത്തിപ്പെടുന്ന മേഘനയ്‌ക്ക്‌ അച്ഛനമ്മമാരുടെ വെറുപ്പിനെ നേരിടേണ്ടിവരുന്നു. അസാധ്യമായ ഇച്ഛാശക്തി പുതിയ സാമ്രജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അവളെ പ്രാപ്‌തയാക്കുന്നു. എങ്കിലും മഹാനഗരത്തിന്റെ കെണിയില്‍ വീഴുകയാണ്‌ മേഘ്‌നയും. വിജയത്തിനുമുമ്പില്‍ ബന്ധങ്ങളെ പൊട്ടിച്ചെറിയുകയും, പുതിയ ബാന്ധവങ്ങളില്‍ തന്നെ തളച്ചിടുകയും ചെയ്യുന്ന മേഘ്‌നയും മറ്റെല്ലാവരെയും പോലെ വഞ്ചിക്കപ്പെടുന്നു. എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന അവള്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ അതുവരെ കെട്ടിപ്പടുത്ത സാമ്രാജ്യമാണ്‌. തിരികെ നാട്ടിലേക്ക്‌ പുറപ്പെടുന്ന മേഘ്‌ന മാതാപിതാക്കളുടെ പൂര്‍ണ അനുഗ്രഹത്തോടും ആഗ്രഹത്തോടും കൂടി മുംബൈയിലേക്ക്‌ തിരിച്ചു വരുന്നു. തന്റെ സൂപ്പര്‍ മോഡല്‍ പദവി തിരിച്ചു പിടിക്കുന്നു. അതിനിടയില്‍ പലരുടെയും കയപ്പും മധുരവും നിറഞ്ഞ ജീവിതത്തെ സിനിമ അനാവരണം ചെയ്യുന്നുണ്ട്‌.


യാഥാര്‍ഥ്യങ്ങളെ സിനിമയാക്കുന്നതില്‍ മിടുക്കനാണ്‌ മധുര്‍ ഭണ്ഡാര്‍ക്കര്‍.ചാന്ദിനി ബാര്‍, പേജ്‌ 3, കോര്‍പറേറ്റ്‌, ട്രാഫിക്ക്‌ സിഗ്നല്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. എങ്കിലും ഫാഷനാണ്‌ മധുറിന്റെ ഇതുവരെയുള്ള എറ്റവും മികച്ച ചിത്രം. കാസ്റ്റിങ്‌ സൂപ്പര്‍ബ്‌. മുഗ്‌ധ ഗോഡ്‌സെയുടെ പ്രഥമ ചിത്രമാണെന്ന്‌ പറയാന്‍ പറ്റാത്ത അഭിനയമാണ്‌ അവര്‍ കാഴ്‌ച വച്ചിരിക്കുന്നത്‌. അതുപോലെ തന്നെ ഗാങ്‌സ്‌റ്റര്‍ ഗേള്‍ കങ്കണ ഒരു ദിവയെപ്പോലെ തോന്നും. സീരിയലുകളില്‍ തിളങ്ങി നിന്ന കിട്ടു ഗിദ്വാനിയെ കുറെ കാലത്തിനു ശേഷം സ്‌ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി. അര്‍ബാസ്‌ ഖാന്‍, അര്‍ജന്‍ ബജ്‌വ, സമീര്‍ സോണി... രാജ്‌ ബബ്ബര്‍, കിരണ്‍ ജുനേജ ലിസ്‌റ്റ്‌ തീരുന്നില്ല. ഇതിവൃത്തത്തിന്‌ ചേര്‍ന്നുപോവുന്ന സംഗീതം ചിട്ടപ്പെടുത്തിയത്‌ സലീം- ഇസ്‌മാഈല്‍ മര്‍ച്ചന്റാണ്‌. അത്‌ ഒരോ ഇഴയിലും നല്ലവണ്ണം ഇണക്കി ചേര്‍ത്തിയിരിക്കുന്നു.ആദ്യമായി ലോഞ്ച്‌ മ്യൂസിക്ക്‌ സിനിമയില്‍ ഉപയോഗിച്ചിരുക്കുന്നത്‌ ഫാഷനിലാണ്‌. മാര്‍ജാവാ തേരേ ഇഷ്‌ക്‌ പേ മര്‍ജവാ.. പാടിയത്‌ പുതിയ ഗായികയായ ശ്രുതി പാഠകാണ്‌.സാധാരണക്കാരിയായ ഒരു മിഡില്‍ ക്ലാസ്‌ പെണ്‍കുട്ടിയില്‍ നിന്ന്‌ ഷോ സ്‌റ്റോപ്പര്‍ സൂപ്പര്‍ മോഡല്‍ പദവിയിലെത്തുന്ന മേഘ്‌നയാവുന്നത്‌ പ്രിയങ്കാ ചോപ്രയാണ്‌. ദിനംപ്രതി നല്ല പ്രകടനം കാഴ്‌ച വയ്‌ക്കുന്ന പ്രിയങ്കയുടെ എറ്റവും മികച്ച അഭിനയമാണ്‌ ഫാഷനില്‍ ഉള്ളത്‌. സമയം കിട്ടുമ്പോള്‍ തീര്‍ച്ചയായും ഈ സിനിമ കാണണം. നിരാശപ്പെടേണ്ടി വരില്ല. തിര്‍ച്ച.