Wednesday, April 29, 2009
മറക്കാനാവാത്ത മാറാടനുഭവം
ചില വാക്കുകള്‍, ചില വ്യക്തികള്‍, ചില സംഭവങ്ങള്‍ നമുക്ക് മറക്കാനാവാത്ത ഓര്‍മകളാണ്്. ആ ഓര്‍മകള്‍ വേട്ടക്കാരനെപ്പോലെ നമ്മുടെ ചിന്തകളെ പിന്തുടരും. അങ്ങിനെയാണ് ആ ഒരു വാക്കിന് പിന്നാലെ ഞാനും പോയത്. മാറാട് കേസില്‍ നിപരാധികളെന്നു കണ്ടെത്തി വിട്ടയച്ച 76 പേരുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അയാള്‍. എനിക്കറിയാത്ത, എന്നാല്‍ നാം എന്നും കാണുന്ന മുഖത്തോടു കൂടിയൊരാള്‍.മാന്യമായ പെരുമാറ്റം കൊണ്ടായിരിക്കാം എന്തോ അദ്ദേഹത്തിന്റെ പേരുചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഞാന്‍ ഒട്ടും പതീക്ഷിക്കാത്തതായതിനാല്‍ എന്തോ ഒരസ്വസ്ഥത തോന്നി, കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ള തന്റെ നമ്പറാണ് അദ്ദേഹം പേരിന്റെ സ്ഥാനത്താനത്ത് പറഞ്ഞത്, കൂട്ടത്തില്‍ പേരും ചേര്‍ത്തിരുന്നെങ്കിലും അത് ഞാന്‍ കേട്ടില്ല. വെറുതെ മനസ്സില്‍ ഒരു സങ്കടം വന്നു. ഒരാളുടെ അസ്തിത്വം അത്രമാത്രം അപ്രസ്ക്തമാവുന്നതെപ്പോഴാണ്? അത് അത്ര തന്നെ വെറുക്കപ്പെടുമ്പോഴാണോ,അതോ താന്‍ ഇതു വരെ പറഞ്ഞു ശീലിച്ച തന്റെ പേരിന്റ സ്ഥാനത്ത് ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ചാര്‍ത്തിക്കിട്ടിയ പ്രതിപ്പട്ടികയിലെ നമ്പര്‍ അറിയാതെ നാവിന്റെ തുമ്പില്‍ വരുമ്പോഴോ?. തീര്‍ച്ചയായും,അത് നാവിന്റെ തുമ്പത്ത് അറിയാതെ വന്നതല്ല, കഴിഞ്ഞ നാലരവര്‍ഷമായി, ജീവിതത്തിന്റെ ഗതിമാറിയ ദിവസം മുതല്‍ അയാളുടെ അസ്തിത്വം വെറും ഒരു നമ്പറിലേക്ക് ചുരുങ്ങുകയായിരുന്നു. പേരുമാത്രമല്ല ജീവിതവും അങ്ങിനെ ചുരുങ്ങി ഇല്ലാതായവരുണ്ട് ഇവര്‍ക്കൊപ്പം.അന്ന് കൂടുതലൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. ആ ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയോ കണ്ടെത്തിയതും അവിടെ പോയതും. ആ ബസ്സ്റ്റോപ്പില്‍ കാത്തുനിന്ന 25 മിനിട്ട്, ആ അസ്വസ്ഥത ജീവിതത്തില്‍ എവിടെയും അനുഭവിച്ചിട്ടില്ല ഞാന്‍. ഒരു പ്രദേശവും അവിടുത്തെ ജനങ്ങളും നിരന്തരം അനുഭവിക്കുന്നത് എനിക്ക് അരമണിക്കൂര്‍ പോലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാനനുഭവിക്കുന്ന സ്വാതന്ത്യത്തില്‍ എനിക്കാഹ്ലാദം തോന്നി. മുക്കിലും മൂലയിലും പോലിസ് ചെക്്പോസ്റ്റുകള്‍, തിരിഞ്ഞൊന്നു നോക്കണമെങ്കില്‍ പോലിസിന്റെ സമ്മതം വേണമെന്ന അവസ്ഥ, തീര്‍ത്തും അപരിചിതയായതിനാല്‍ അവിടുത്തെ രീതികള്‍ അറിയാത്തതിന്റെ അങ്കലാപ്പ് വേറെ. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. അത് ഇനിയും സംഭവിച്ചു കൂടായെന്നില്ല.അതുകൊണ്ടാണല്ലോ ഇത്രയധികം ക്രമീകരണങ്ങള്‍.ഇതൊന്നും അവര്‍ക്കും നിഷേധിക്കാനാവില്ല. എന്നാലും അന്നാട്ടുകാരുടെ ജീവിതം ഇത്രയും സങ്കുചിതമാക്കുന്നതില്‍ പോലിസിന്റെ പങ്ക് മാറ്റി നിര്‍ത്താനാവില്ല. ജോലിക്ക് പോവുമ്പോള്‍, കല്ല്യാണത്തിനു പോവുമ്പോള്‍, മരണാവശ്യങ്ങള്‍ക്കിറങ്ങുമ്പോള്‍ തുടങ്ങി എവിടെ പോകണമെങ്കിലും പോലിസിന്റെ സമ്മതം വേണം.അവരുടെ ഒരോ ചലനവും പോലിസ് നോക്കികൊണ്ടിരിക്കുന്നതിനാല്‍ ജീവിതം ഏറെ ദുസ്സഹമാണിവിടെ.അറസ്റ്റിലാവുമ്പോള്‍ പലരുടെയും പ്രായം 20നും 24നും ഇടയിലായിരുന്നു. നാലര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ ഇവര്‍ക്ക് മക്കളെ വിവാഹം ചെയ്തുകൊടുക്കാന്‍ പല മാതാപിതാക്കളും തയ്യാറാവുന്നില്ല. പോലിസിന്റെ ക്രൂരതയില്‍ ഇവര്‍ക്ക് കളഞ്ഞുപോയത് ഇവരുടെ ജീവിതം കൂടിയാണ്. അന്ന് രണ്ടാം മാറാട് സംഭവം നടന്ന ദിവസം പള്ളിയില്‍ അഭയം തേടിയ അറുപതോളം പേരെയാണ് രണ്ടു ദിവസം മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാതെ നല്ലളം പോലിസ് കസ്റ്റ്ഡിയില്‍ വച്ചത്. തെറ്റുകാരെന്നോ നിരപരാധിയെന്നോ നോക്കാതെ, കൂട്ടത്തില്‍ ആരോഗ്യമുള്ളവരെ തിരഞ്ഞ് വിളിച്ചായിരുന്നു മര്‍ദ്ദനം. ദാഹിച്ചു വലയുമ്പോള്‍ സ്റ്റേഷനിലെ കക്കൂസിലെ വെള്ളം കുടിക്കാന്‍ നല്കി. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ ഇവരെ കണ്ണൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. ഇവരില്‍ പലര്‍ക്കും ഇത് ആദ്യത്തെ അനുഭവമായിരുന്നതിനാല്‍ മജിസ്ട്രേറ്റിനോട് എന്തു പറയണം, എങ്ങിനെ പറയണം എന്നറിയില്ലായിരുന്നു.ഇവര്‍ക്ക് എന്തു സംഭവിച്ചു എന്ന് വീട്ടുകാര്‍ക്കും അറിയാത്ത അവസ്ഥ.ഒരു മാസത്തിനുശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇവരെ കോഴിക്കോട് ജയിലിലേക്ക് മാറ്റിയത്.ഒറ്റപ്പെടലിന്റെയും സങ്കടങ്ങളുടെയും നാലര വര്‍ഷത്തിനുശേഷം ഇന്നവര്‍ മോചിതരാണ്. മുന്നില്‍ ജീവിതമുണ്ട്, പക്ഷെ ജീവിക്കാന്‍ സാധിക്കുന്നില്ല. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവര്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇതൊന്നു പുറത്ത് പറഞ്ഞു കൂട, പത്രത്തില്‍ അച്ചടിക്കരുത്. അവരുടെ പ്രാര്‍ത്ഥനയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ, അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുതരം നിസംഗ്ഗതയായിരുന്നു. ഒന്നാം മാറാടിനും രണ്ടാംമാറാട് സംഭവത്തിനും കാരണമായത് എന്തും തന്നെയാകട്ടെ അതിനുശേഷമുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണ്, കളഞ്ഞുപോയ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് ഇനി ആവില്ല എന്നത് മറച്ചുവയ്ക്കാനാവാത്ത സത്യമാണ്.
Subscribe to:
Posts (Atom)