Monday, July 18, 2011

നല്ല കൊടംപുളിയിട്ടു വച്ച മീന്‍കറിപോലെ ഒരു സിനിമ

എന്റെ ഓഫീസ് നില്‍ക്കുന്ന മാളിന് കീഴേയുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറികള്‍ എന്നും എനിക്കൊരു ദൗര്‍ബല്യമാണ്. അതു പോലെ തന്നെ ഹോസ്റ്റലിലേക്കുള്ള വഴിയിലുള്ള വലിയങ്ങാടിയിലെ ഉന്തുവണ്ടികളിലെ ചുവന്നചീരയും, വെണ്ടക്കായും ഒക്കെ സ്വന്തമായ് ഒരു അടുക്കളയുണ്ടാക്കുന്നതിന് എന്നെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്ന വസ്തുതകളാണ്.

നമ്മളിലെല്ലാവരിലും ഒരു കാളിദാസനും മായയും ഉണ്ട്. ആര്യഭവനിലെ മെരിഞ്ഞ വടയ്ക്കു മുന്നിലിരിക്കുമ്പോള്‍ അല്ലെങ്കില്‍ വര്‍ക്കീസിലെ ഇലയടയ്ക്കു വേണ്ടി ക്യൂ നില്‍ക്കുമ്പോള്‍, അതുമല്ലെങ്കില്‍ ദേശാഭിമാനി കാന്റീനിലെ വെള്ളപ്പവും ബീഫ് കറിയും സ്വാദോടെ നുണഞ്ഞിറക്കുമ്പോള്‍, പിന്നെ ചായയുംകൊണ്ട് ബീരാന്‍ക്ക വരുന്നതും കാത്തിരിക്കുമ്പോള്‍ ഒക്കെ നാം കളിദാസനും മായയുമായി മാറുന്നു.

ആഷിഖ് അബുവിന്റെ സാള്‍ട്ട് & പെപ്പര്‍ അടിപൊളി രസക്കൂട്ടാണ്. നല്ല കൊടംപുളിയിട്ടു വച്ച മീന്‍കറിപോലെ എന്തോ ഒന്ന്. അത് കൊണ്ടു വരുന്നത് രസങ്ങളുടെ ഒന്നാന്തരം ഗൃഹാതുരതായാണ്. പ്രത്യേകിച്ചും വീടും നാടും വിട്ടുനില്‍ക്കുന്ന എന്നെ പോലുള്ള, ഹോസ്റ്റല്‍ ഭക്ഷണം മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക്.

സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ എന്റെ മനസ്സില്‍ നിറഞ്ഞു നിന്ന ഒരേയൊരു ചിന്ത നല്ല പുളിയുള്ള മീന്‍കറി കൂട്ടി ചോറുണ്ണണം എന്നായിരുന്നു. കൂടെ ഒരു പപ്പടവും. സനിമയുടെ ഇടവേളയില്‍ ഹാളിലുള്ള എല്ലാവരും പുറത്തേക്കോടി, എല്ലാവര്‍ക്കും എന്തെങ്കിലും വേണം കൊറിക്കാന്‍.

ഈ സിനിമയും നല്ലൊരു വിഭവം പോലെത്തനെ പാകത്തിനു ചേരുവകള്‍ ചേര്‍ന്നതാണ്. മൈഥിലിയും ആസിഫ് അലിയും മധുരമാണെങ്കില്‍ ശ്വേത പുളിയാണ്, ലാല്‍ എരിവും. ഏതൊരു വിഭവത്തിന്റെയും രസക്കൂട്ടായ ഉപ്പിന്റെ സ്ഥാനമാണ് ഇതില്‍ ബാബുരാജിന്.

ഒരു കടുകുവറയുടെ സുഖമുണ്ട് ആസിഫിന്റെ സാന്നിധ്യത്തിന്. മിറാഷ് എന്ന കഥാപാത്രം തീര്‍ത്തും അനാവശ്യമാണെന്നുതോന്നിപ്പോകും, ഈ അവിയലില്‍ ബീറ്റ്‌റൂട്ട്്, തക്കാളി, എന്നിവപോലെ പോലെ. പക്ഷെ ഇട്ടു എന്നു കരുതി കുഴപ്പമൊന്നുമില്ല. ബോളിവുഡ് സിനിമകളില്‍ നിന്ന് ഒരു ചെറിയ കോപ്പിയടി(3 ഇഡിയറ്റ്‌സ്) അത് ക്ഷമിച്ചിരിക്കുന്നു.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും തോന്നിയതൊക്കെ മായക്കും തോന്നുന്നു. ചൊവ്വാദേഷം, പ്രേമം, പ്രേമനൈരാശ്യം, ഫെമിനിസം, ''അറ്റ്‌ലീസ്റ്റ് ശബ്ദം മാത്രമുള്ള അനൗണ്‍സര്‍...ജലസീ, കൂടാതെ ഒക്കേഷനലി ഫിറ്റും.

ചൊവ്വദോഷമൊക്കെയുള്ള പെണ്ണിന് വിവാഹമാര്‍ക്കറ്റില്‍ സ്ഥാനമില്ലെന്ന അര്‍ത്ഥം സിനിമയിലുണ്ടെങ്കിലും അതുതന്നെയാണ് വാസ്തവം എന്നു പറയാതെ വയ്യ. ഒരു പ്രായം കടന്നാല്‍ പറയാതിരിക്കുന്നതാണ് ഭേദം. ഇതിലെ നായകന്റെ കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അയാള്‍ പ്രായമുള്ളയാളാണ്. അയാള്‍ക്ക് പെണ്ണുകണ്ട പെണ്‍കുട്ടിയെ കെട്ടാന്‍ യാതൊരു പ്രായസവുമില്ല. കാരണം അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രായം പ്രശ്‌നമാകുന്നില്ല. എന്നിട്ടും അയാള്‍ കുക്കിനെ അടിച്ചുമാറ്റുന്നു. ചിത്രത്തിലെ ഏറ്റവും മനോഹരവും ആഹ്ലാദവും ഉണ്ടാക്കുന്ന സീനായിരുന്നു അത്.

തീര്‍ച്ചയായും ഡയലര്‍ ടോണാക്കാന്‍ പറ്റുന്ന മനോഹരമായ രണ്ടു പാട്ടുകള്‍ ആര്‍ക്കും ഇഷ്ടമാവും.

Rating 7/10

Photo: Google Search

Saturday, July 16, 2011

ഹോസ്റ്റല്‍ ഡേ! ഒരു തല്ലുംപിടിയുടെ കഥ

കൈപ്പിടിയിലൊതുങ്ങാത്ത ഈ പ്രായത്തില്‍ ഇതൊന്നും വേണ്ടന്നാണ് ശരിക്കും വെയ്‌ക്കേണ്ടത്. പക്ഷെ നാലാംക്ലാസ്സ് മുതല്‍ യു പി തലത്തിലും എല്‍ പി തലത്തിലും എന്തിന് ഹൈസ്‌കൂള്‍തലത്തിലും വരെ തിരുവാതിര കളിച്ച് സമ്മാനം വാങ്ങിയിട്ടുള്ള ഒരാള്‍ക്ക് വീണ്ടും തിരുവാതിര കളിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അതിന് പ്രായം ഒരു തടസ്സമേയല്ല. സ്റ്റെപ്പ് ഇടുന്നതിലും കൂടെ കളിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിലും കൈകടത്തുമ്പോള്‍ മാത്രമാണ് കളി കാര്യമാവുന്നത്.

അതില്‍ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നെ ഇതുവരെ നന്നായി മുന്നോട്ടു നീങ്ങിയിരുന്ന പലബന്ധങ്ങളെയും എങ്ങിനെയുലക്കുന്നുവെന്നാതാണ് പിന്നീട് നാം കാണുക. ഒരൊറ്റ മിനിറ്റുകൊണ്ട് നമ്മള്‍ പിന്നെ ഒന്നിനും കൊള്ളാത്തവരാവും. നമുക്കുണ്ടായിരുന്ന ഗുണങ്ങളൊക്കെ ഒരു രാത്രി പുലരുമ്പോഴേക്കും കുറ്റങ്ങളായി മാറും. ഇനിയിപ്പോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ മിണ്ടാന്‍ ചെന്നാലോ എല്ലാവരുമങ്ങ് നാലാം ക്ലാസില്‍ ഉപേക്ഷിച്ച സ്വഭാവം അങ്ങ് പുറത്തെടുക്കും. കുട്ടിയല്ലേ എന്നോട് ആദ്യം പിണങ്ങിയത്, കുട്ടിയല്ലേ എന്നെക്കാള്‍ വലുത്, അതുകൊണ്ടു കുട്ടി വന്ന് എന്നോട് സോറി പറഞ്ഞു മിണ്ടിയാല്‍ ഞാനും മിണ്ടാമെന്നൊക്കെ മുഖത്തു ഭാവം വരുത്തിയിരിക്കും.

ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങള്‍ അതു നശിക്കുക തന്നെ ചെയ്യും. സൗഹൃദത്തിന്റെ വാക്കുകളും ചേഷ്ഠകളും ഹൃദയത്തില്‍ നിന്നും വരണം. അല്ലാതെ മനസ്സിലൊന്നും പുറത്ത് മറ്റൊന്നും കാണിക്കുന്ന ബന്ധങ്ങള്‍ ശ്വാശതമല്ല. ഏതൊരു ബന്ധം തകരുമ്പോഴും നാം മനസ്സില്‍ വിചാരിക്കും, ഇല്ല ഇനി ഞാന്‍ ആരോടും അധികം കൂട്ടുകൂടില്ല, മിണ്ടില്ല എന്നൊക്കെ. എന്നാലും നാമൊക്കെ വീണ്ടും അനാവശ്യ സൗഹൃദങ്ങളില്‍ ചെന്നു ചാടും. ''മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ''്. ഹോ! ഡിഗ്രയുടെ സോഷ്യോളജി സബ്ബിലെ ആ സെന്റന്‍സ് എങ്ങിനെ മറക്കാനാണ്.(ഇവിടെ ഞാനല്‍പ്പം നൊസ്റ്റാള്‍ജിക്കാവും)


നിങ്ങള്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നയാളാണോ, ചില സൗഹൃദങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന എന്റെ 7 പോയിന്റ് പാക്കേജ് നിങ്ങള്‍ക്കുള്ളതാണ്. നല്ല സുഹൃത്താവാന്‍ ഇതാ ചില വഴികള്‍

1) ആരെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കാതിരിക്കുക/ ഉണ്ടെങ്കില്‍ തന്നെ അത് പ്രകടിപ്പിക്കാതിരിക്കുക.

2) മറ്റുള്ളവര്‍ നല്‍കുന്ന സൗഹൃദത്തെ ഒരു കൈയകലത്തില്‍ നിര്‍ത്തുക. പറ്റുമെങ്കില്‍ പാരനോയിക്ക് സിന്‍ഡ്രോം കാണിക്കുക

3) നമ്മുടെ സുഹൃത്തിനെക്കുറിച്ച് ആരെങ്കിലും മോശമായി പറയുമ്പോള്‍ എല്ലാം ചിരിച്ചുകൊണ്ടു കേള്‍ക്കു(ഉമ്മറിനെ പോലെ വികാരഭരിതമായി പ്രതികരിച്ചാല്‍ പണികിട്ടും).പിന്നെ കേട്ടകാര്യങ്ങള്‍ സുഹൃത്തിനോട് പറയാതിരിക്കുക. അങ്ങിനെയാണെങ്കില്‍ നമുക്ക് മറ്റൊരു സുഹൃത്തിനെയും കൂടെ കിട്ടും

4)സുഹൃത്തിന് എന്തെങ്കിലും അസുഖങ്ങള്‍(പനി, ചുമ, വയറുവേദന, വയറ്റിളക്കം, തലചുറ്റല്‍..) എന്നിവ വരുമ്പോള്‍ ഫോണ്‍ റെയ്ഞ്ച് ഔട്ടാക്കുക.(ഇവരെയൊന്നും നോക്കിയിട്ടു ഒരു കാര്യവുമില്ല, നമ്മള്‍ അങ്ങിനെ കിടന്നാല്‍ ഒരു *..........*കളും തിരിഞ്ഞു നോക്കില്ലെന്നു 101% ഞാന്‍ ഗ്യാരന്റി.)

5) സുഹൃത്തിന്റെ പിറന്നാള്‍, കല്ല്യാണം, ജോലിസ്ഥലംമാറ്റം, ജോലിക്കയറ്റം, വീടുമാറല്‍, കുഞ്ഞിന്റെ പാലുകുടി, വീടിന്റെ പാലുകാച്ചല്‍, ഒറ്റതവണതീര്‍പ്പാക്കല്‍ എന്നിവയ്‌ക്കൊന്നും സമ്മാനങ്ങള്‍ നല്‍കി ബന്ധം വഷളാക്കരുത്. തിരിച്ചും വാങ്ങാതെ സൂക്ഷിക്കുക.

6) കര്‍ത്താവ് ഈശോമിശിഹായ പറഞ്ഞതു പോലെ സമ്പത്തിക ഇടപാടുകളില്‍ എപ്പോഴും രേഖകള്‍ സൂക്ഷിക്കുക. അത് പിന്നീട് ഗുണം ചെയ്യും. സിനിമയ്ക്കു പോകുമ്പോള്‍, ഒന്നിച്ച് ലഞ്ച് കഴിക്കുമ്പോള്‍, തുണിത്തരങ്ങളെടുക്കുമ്പോള്‍ കഴിവതും നമ്മുടെ കാശ് നാം തന്നെ നല്‍കണം. അതില്‍ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. നമ്മുടേതു പോലെ തന്നെയാണ് മറ്റുള്ളവരുടെ പണവും. അവരും അതൊക്കെ അദ്ധ്വാനിച്ചിട്ടാണ് ഉണ്ടാക്കുന്നത്. അത് നമ്മളെ തീറ്റിപോറ്റാനുള്ളതല്ല എന്ന ബോധ്യം നമുക്കുണ്ടായിരിക്കണം.

7) കഴിവതും നമ്മുടെ മുറിയില്‍ തന്നെയിരുന്ന് നാം വാങ്ങിക്കൊണ്ടുവന്ന കപ്പ് കേക്ക്, ബ്രഡ്- ബട്ടര്‍ എന്നിവ കഴിച്ച്, പി എസ് സി, യു പി എസ് സി, എസ് എസ് സി എന്നീ പരിക്ഷകള്‍ക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നതാണ് അനുകരണീയമായ മാതൃക.


എന്നിട്ടും നിങ്ങള്‍ക്ക് നല്ല സുഹൃത്താവാന്‍ പറ്റിയില്ലെങ്കില്‍.... പറഞ്ഞിട്ടു കാര്യമില്ല എന്നു വേണം മനസിലാക്കാന്‍.


പടം: Google Serach

Thursday, June 30, 2011

വരൂ! നമുക്ക് മാനഭംഗപ്പെടാം, What an Idea Sirjiiiii

നാട്ടിലെ യുവതികളെ, വൃദ്ധകളെ, പല്ലുമുളക്കാന്‍ തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെ, ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുരുന്നുകളെ ഒരു കാര്യത്തില്‍ ഇനി നമുക്ക് നിര്‍വൃതിയടയാം. നാട്ടുനടപ്പനുസരിച്ച് ഏതായാലും മാനഭംഗത്തിനിരയാവും എന്നാല്‍ പിന്നെ അതിനു ശമ്പളവും കിട്ടിയാല്‍ എന്താ പുളിക്കുമോ? നിങ്ങള്‍ ആരും ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല. മാനഭംഗത്തിനിരയാവുന്ന യുവതികള്‍ക്ക് രണ്ടു ലക്ഷവും, പീഡിതകൊച്ച് മൈനറാണെങ്കില്‍ 3 ലക്ഷവും, പീഡനത്തില്‍ മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം വേറെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 2005ല്‍ വനിതാ കമ്മീഷന്‍ മഹിളാമണികള്‍ നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത്. ഓ വാട്ട് എന്‍ ഐഡിയ സര്‍ജി...!!!

അങ്ങിനെയാണെങ്കില്‍ മാനഭംഗപ്പെടാനായി ഇനി നമുക്ക് കാത്തിരിക്കാം. യാതൊരു മുതല്‍മുടക്കുമില്ലാതെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ബലാല്‍സംഗങ്ങള്‍ ഉടന്‍ തന്നെ അരങ്ങേറുന്നതായിരിക്കും. ഇതൊക്കെ കുറ്റകൃത്യം നടത്തിയവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയേയുള്ളൂ എന്ന് ഏതു മണ്ടനാ അറിയാത്തത്. അല്ലെങ്കിലും ആര്‍ക്കാണ് പണം ഒരു പ്രലോഭനമാവാത്തത്. നിന്ദിതയും പീഡിതയുമായ ഒരു യുവതിക്ക് അപ്പോള്‍ കിട്ടുന്ന ആശ്രയം, അതു പണത്തിന്റേയായാലും, സഹാനുഭൂതിയുടേതായാലും ഒന്നും ഒരു കുറവല്ല. പക്ഷെ അത് ഒരു നഷ്ടപരിഹാരതുകയായി നല്‍കുന്നതിലൂടെ പെണ്‍കുട്ടിയെ അവഹേളിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ വേണ്ടത് അവളുടെ മാനം എടുത്തവന്റെ ''പീഡനയന്ത്രം'' പിഴുതെടുക്കുകയാണ്. അവനെ കസ്റ്റഡിയിലെടുക്കാനും വിചാരണ ചെയ്യാനും തക്കതായ ശിക്ഷ നടപ്പാക്കാനും മാത്രം ശക്തമായ വിധം നിയമം കടുത്തതാക്കുകയാണ് വേണ്ടത്. അല്ലാതെ, അയ്യോ മോളെ പീഡിതേ ഏതായാലും നിന്റെ മാനം പോയി, ഇനി ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി എന്നും പാടി ഈ പണവും കയ്യില്‍ വെച്ച് മിണ്ടാതിരുന്നോ എന്നു പറയലല്ല.

അല്ലെങ്കിലും രാജ്യഭരിക്കുന്നവര്‍ തന്നെ ലൈംഗിക രോഗികളാണ്. അവന്‍മാര്‍ തന്നെയാണ് ഒന്നാതരം പീഡകര്‍. തരം കിട്ടിയാല്‍ മകളുടെ പ്രായമാണോ, അമ്മയോളം മുതിര്‍ന്നതാണോ എന്നൊന്നും നോക്കാതെയാണല്ലോ പീഡനം. സ്വന്തം മകളെ പോലും വെറുതെ വിടാതെ, മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കുന്ന സംസ്‌കാരമാണ് ഇപ്പോള്‍ നമ്മളുടേത്. രക്ഷിക്കേണ്ട കൈകള്‍ തന്നെയാണ് നമ്മെ പിഴുതെറിയുന്നത്. ഇത്തരത്തില്‍ ഒരു പാകേജ് കര്‍ഷക പാകേജിനെയാണ് ഓര്‍മിപ്പിക്കുന്നത്. പണം കിട്ടുന്നതിനുവേണ്ടി മാത്രം എത്ര കര്‍ഷകരാണ് ആത്മഹത്യചെയ്തത്. അതുപോലെ തന്നെ എത്ര പെണ്‍കുട്ടികള്‍ ഇനി ഈ ഒരു കാരണത്താല്‍ പീഡനത്തിന് ഇരയാവും. അവരെ ഉറ്റവര്‍ തന്നെ വില്‍ക്കും. യാതൊരു സംശയവുമില്ല. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം മുന്നേറുകയാണ്. അത് ഇനിയും ഉയരും. പീഡനവീരന്‍മാര്‍ക്ക് അവകാശപ്പെടാം, ''അവള്‍ക്കൊരു ജീവിതം ഉണ്ടായിക്കോട്ടെ എന്നുവച്ചിട്ടാ...അല്ലാ പിന്നെ''. പാകേജ് നല്‍കിയാലും ഇല്ലെങ്കിലും ഇവിടെ പീഡനവും, മാനഭംഗവും നിറയെ നടക്കും. നിയമാനുസൃതമായ മാനഭംഗത്തിന്റെ സ്വന്തം നാടായി രാജ്യം വളരട്ടെ എന്നു നമുക്കു പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം. ആമേന്‍



ഫോട്ടോ: ഗൂഗ്ള്‍ സെര്‍ച്ച്‌


Tuesday, June 21, 2011









Scorpions - Lonely Nights Lyrics

Since you're gone
There is an empty space
Since you're gone
The world is not the same

I go back to the places we've been
It feels like you're still there
I live all those moments again
Wishing you were here

Since you're gone
There is an lonely heart

Since you're gone
Nothin' is like it was

There are memories all over the place
Bringin' it back all so clear
Remember all of those days
Wishing you were here

All those lonely nights
I gotta fight for you, yes I do
Yes I do

Since you're gone
There is a heart that bleeds
Since you're gone
I'm not the man I used to be

I follow you steps in the snow
The traces disappear
We know what we've lost when it's gone
I'm wishing you were here

All those lonely nights
I gotta fight for you, yes I do
Yes I do


Thursday, June 16, 2011

Yes, She is Back...


മൊബൈല്‍ ഫോണുകളുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന വാര്‍ത്ത വരുന്നതിന് എത്രയോ മുമ്പുതന്നെ രാത്രി 11 ന് ശേഷം ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്യുമായിരുന്നു. രാവിലെ 7ന് വീണ്ടും സ്വിച് ഓണ്‍ ചെയ്താല്‍ പിന്നെ മെസേജുകളുടെ പ്രവാഹമാണ്.

ഇന്ന് വന്ന ഒരു മെസേജ് എന്നെ തെല്ലൊന്നു അമ്പരപ്പിക്കാതിരുന്നില്ല. സഹപ്രവര്‍ത്തകന്റേതായിരുന്നു അത്. ടിന്റുവോ, സര്‍ദാരോ അല്ലെങ്കില്‍ വല്ല സെന്റി മെസേജോ ആവുകയാണ ്പതിവ്. എന്നാല്‍ ഇന്ന് ഒത്തിരി സസ്‌പെന്‍സോടെ, ഒട്ടു പ്രതീക്ഷിക്കാത്ത ഒന്നായിപ്പോയി. ''കഴിഞ്ഞതവണ അവള്‍ ഈ ഭൂമിയില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ നമ്മള്‍ ഉണ്ടായിരുന്നില്ല. .............ഈ തിരിച്ചുവരവ് ആഘോഷിക്കൂ. ജസ്റ്റ് അവേഴ്‌സ് ടു ഗോ...രതിനിര്‍വ്വേദം.

ഓ!എന്റെ പൊന്നെ, ഇന്നല്ലേ നമ്മുടെ രതിച്ചേച്ചിവരുന്നത്. ഓഫീസിലെ ആണ്‍പട മുഴുവനും വിജ്രംഭിതരായിക്കൊണ്ടു പറയുകയാണ്. പലരും ഫസ്റ്റ് ഷോ ഫസ്റ്റ് ടിക്കറ്റിന് വേണ്ടി കാത്തിരുന്നിട്ടു ജോലിത്തിരക്കുകാരണം പോകാനാവത്തതിന്റെ സങ്കടം എവിടെ തീര്‍ക്കണമെന്നറിയാതെ കറങ്ങിത്തീര്‍ത്തു. പലരും തങ്ങളുടെ ഫ്രന്റ്‌സിനെ വിളിച്ചന്വേഷിച്ചു. എങ്ങിനെയുണ്ട്? തകര്‍പ്പന്‍. അഭിപ്രായങ്ങളും അനുഭവസാക്ഷ്യങ്ങളും ഒരു വര്‍ണ്ണക്കടലാസില്‍ എഴുതി അയക്കുന്നുണ്ട്, അങ്ങേതലയ്ക്കല്‍ നിന്നുള്ള മറുപടി.

ശരിയാണ് ഒരു കാലഘട്ടത്തിന്റെ പ്രണയവൈറസിനെ മറ്റൊരു തലമുറയിലേക്ക് കുത്തിവയ്ക്കുകയാണ് രാജീവ്കുമാറും സംഘവും. മുതിര്‍ന്നവര്‍ക്കുമുന്നില്‍ രതിനിര്‍വ്വേദം എന്നു ഉറക്കെ ഉച്ചരിക്കാന്‍ പോലും ധൈര്യം കാണിക്കാത്ത ഒരു തലമുറയില്‍ നിന്നും ഇന്നത്തെ യുവാക്കള്‍ വളര്‍ന്നിട്ടുണ്ട്. ഫോണില്‍ വോള്‍പോസ്റ്റായി ചിത്രത്തിന്റെ സ്റ്റില്ലുകള്‍ സൂക്ഷിക്കാനും, റിങ്‌ടോണും ഡയലര്‍ടോണുമായി ചിത്രത്തിലെ ഗാനങ്ങളിടാനും മാത്രം ധൈര്യമുള്ളവരാണിവര്‍. അതില്‍ തെറ്റൊന്നുമില്ല. എന്നാലും കാണുമ്പോള്‍ എന്തോ ഒരു ഇത്. ഒക്കെ ജനറേഷന്‍ ഗ്യാപാണേ....!
പത്മരാജന്റെ പാമ്പ് എന്ന കഥയെ രതിനര്‍വ്വേദമെന്ന പേരില്‍ ഭരതന്‍ ചലച്ചിത്രമാക്കിയപ്പോള്‍ അന്നു നിലനിന്നിരുന്ന ചിലപ്രണയസങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുകയായിരുന്നു അവര്‍. അന്നൊക്കെ പ്രായത്തില്‍ മുതിര്‍ന്നവര്‍ തമ്മിലുള്ള ബന്ധത്തിന് ഒരു വിവക്ഷയേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കാലം മാറി. തന്നേക്കള്‍ പ്രായമുള്ളവളെ ഭാര്യയാക്കാന്‍ ഇന്നത്തെ യുവാക്കള്‍ക്ക് മാനസികമായും സാമൂഹികമായും അന്നത്തെയത്ര ബുദ്ധിമുട്ടില്ല (നട്ടെല്ലും നല്ലൊരു ബാങ്ക് ബാലന്‍സും മാത്രം മതി)എന്നാണ് തോന്നുന്നത്. പലരും രതിയും പപ്പുവും പോലുള്ള ബന്ധങ്ങള്‍ പരസ്യമായും അല്ലാതെയും സൂക്ഷിക്കുന്നവരുമാണ്.

പിന്നെ റീമിക്‌സുകളും റീമെയ്ക്കുകളും നമുക്ക് പുത്തരിയല്ല. സ്വന്തം നിലയ്ക്ക് കഥയും തിരക്കഥയും ഇല്ലാതെ വരുമ്പോള്‍ പണ്ടു ഹിറ്റായ പാട്ടുകളും ചിത്രങ്ങളും എടുത്ത് നമ്മളങ്ങു റീമിക്‌സും റീമെയ്ക്കും ചെയ്യും. ഈ ചിത്രം പുനര്‍നിര്‍മ്മിക്കുന്നതുകൊണ്ട് ഇന്റര്‍നെറ്റു യുഗത്തിലെ പിള്ളേരെ ഒരുതവണകൂടി ഉള്‍പുളകിതരാക്കാമെന്നും അതിലൂടെ കാശുകൊയ്യാമെന്നും തന്നെയാണ് ലക്ഷ്യം. ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും യുവാക്കളുടെ ജിഞാസയെയും അഭിലാഷങ്ങളെയും നീറ്റി നീറ്റി അവരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കും. അതേതായാലും നന്നായി എന്നിട്ടെങ്കിലും മലയാള സിനിമ നന്നാവട്ടെ.

ഫോട്ടോ:ഗൂഗ്ള്‍ സെര്‍ച്ച്‌


Monday, June 13, 2011

സന്തോഷകരമായ ഒരു തിരിച്ചു പോക്ക്

ആര്‍ക്കാണ് ഒരുവട്ടം കൂടി അങ്ങോട്ട് തിരിച്ചുപോകാന്‍ ആഗ്രഹമില്ലാത്തത്. നമുക്കല്ലാവര്‍ക്കും ഇഷ്ടമാണ് ആ തിരിച്ചു പോക്ക്. അതാണ് വൈശാഖ് പ്രേക്ഷകര്‍ക്കായി നല്‍കുന്നതും; സന്തോഷകരമായ ഒരു തിരിച്ചു പോക്ക്. യഥാര്‍ത്ഥജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്തതൊക്കെ നമുക്ക് റീല്‍ ലൈഫില്‍ കൊണ്ടുവരാം. അങ്ങിനെ നാം നമ്മെ തന്നെ നായിക-നായക സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും.

സീനിയേഴസ് ഒരു മികച്ച സിനിമയാണെ അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. വ്യത്യസ്തമായ പ്രമേയമാണ് എന്നതുകൊണ്ടാണ് ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായത്. എല്ലാവരും ആഗ്രഹിക്കുന്നതുപോലെ ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക്, നമ്മളെല്ലാവരും പോയിരുന്നു കാണും. കൂട്ടുകാരോട് സിനിമയെക്കുറിച്ച റെക്കമെന്റ് ചെയ്യും. അവരും കാണും.അങ്ങിനെ ചിത്രം സൂപ്പര്‍ ഹിറ്റാവും.

സീനിയേഴ്‌സ് തുടങ്ങിയപ്പോള്‍ ആകാംക്ഷയായിരുന്നു എന്തായിരിക്കും അടുത്തതെന്ന് അറിയാന്‍. ഇത് ആമിര്‍ഖാന്‍ 3 ഇഡിയറ്റ്‌സിന്റെ മലയാളം പതിപ്പാണോ എന്നു വരെ തോന്നാതിരുന്നില്ല തുടക്ക സീന്‍ കണ്ടപ്പോള്‍ തന്നെ. പിന്നെ നമ്മുടെ തിരക്കഥ അതല്ലാത്തതുകൊണ്ട് ആ തെറ്റിധാരണ മാറി.

എത്രയോ തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട ടിന്റുമോന്‍ തമാശകള്‍ക്ക് പോലും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നതുകേട്ടപ്പോള്‍ സത്യത്തില്‍ സങ്കടം വരാതിരുന്നില്ല. എന്നാലും ബിജുമേനോന്റെ അസാധ്യമായ അഭിനയം പ്രേക്ഷകനെ പിടിച്ചിരുത്തും. മനോജ് കെ ജയന്‍, ജയറാം കുഞ്ചാക്കോ എല്ലാവരും തന്നെ നല്ല പ്രകടനമാണ് കഴ്ചവച്ചതെന്നു പറയാതെ വയ്യ. എന്നാലും എന്തോ ഒരു പോരായമയില്ലേ ചിത്രത്തിന് എന്നു തോന്നാതെയില്ല.

കോപ്പിയടിക്കാന്‍ എറ്റവും മിടുക്കന്‍ ആമിര്‍ഖാനാണ്. കക്ഷി പല ചിത്രങ്ങളും അങ്ങനെ തന്നെ കോപ്പിയടിച്ച ചരിത്രമുണ്ട്. പക്ഷെ നമ്മള്‍ മലയാളികള്‍ അങ്ങിനെയൊന്നും ചെയ്യില്ല. നമ്മള്‍ കോപ്പിയടിച്ചാലും അടിച്ചതു പോലെ തോന്നാതിരിക്കാന്‍ പാടുപെടും. 3 ഇഡിയറ്റ്‌സിലെ ബൊമ്മന്‍ ഇറാനിയുടെ പ്രന്‍സിപ്പല്‍ വേഷം വീരു ശാസ്ത്രബുദ്ധേയോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ് സിനിയേഴ്‌സില്‍ വിജയരാഘവന്റേതും. വീരു അല്‍പ്പം സൈക്കോ ആയിരുന്നെങ്കില്‍ വിജയരാഘവന്റെ റാവുത്തര്‍ ഒരു സ്ത്രീലബടനാണ് എന്നു മാത്രം. രണ്ടുപേരുടേയും മെയ്ക്കപ്പും ചേഷ്ടകളുമൊക്കെ എവിടെയൊക്കെയേ സാമ്യമുള്ളതുപോലുണ്ടായിരുന്നു.

ഇതൊക്കെ പോട്ടെ, കഥയില്‍ ചോദ്യമില്ല പക്ഷെ സിനിമയ്ക്ക് ലോജിക് വേണം. ഒരന്തവും കുന്തവുമില്ലാത്ത ലോജിക്കാണ് സീനിയര്‍ എന്ന ചിത്രത്തിലേത്. മാസത്തില്‍ രണ്ടുതവണ കോളജ് ഡേ. ഞാനൊക്കെ പഠിക്കുന്ന കാലത്ത് വര്‍ഷത്തില്‍ ഒരു തവണയായിരുന്നു അത് നടന്നിരുന്നത്. ഇപ്പോള്‍ പഴയ ക്യാംപസ് അല്ലല്ലോ.അതുകൊണ്ടായിരിക്കും ഇങ്ങിനെയൊക്കെ എന്ന് ആശ്വസിക്കാം. എന്നാലും ലേഡീസ്- മെന്‍സ് ഹോസ്റ്റലിലെ സംഭവങ്ങളും അങ്ങിനെ പലതും ലോജിക്കിന് നിരക്കാത്തതാണ്.

12 വര്‍ഷം മുമ്പ് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് അന്ന് പലര്‍ക്കും അറിയാമായിരുന്നിട്ടും ആരും ഒന്നും പറഞ്ഞില്ല. എന്നോട് ക്ഷമിക്കണം സിനിമയുടെ കഥ അങ്ങിനെ മുഴുവനും പറയാന്‍ പറ്റില്ലല്ലോ. 12 വര്‍ഷം കഴിഞ്ഞ് അതിന്റെ ചുരുളഴിക്കാന്‍ കുറെ പേര്‍. സെക്കന്റ് ഹാഫ് മുതല്‍ പ്രേക്ഷകനറിയാം 'പാപി' ആരാണെന്ന്. പിന്നെ 65 രൂപയുടെ ബാല്‍ക്കണി ടിക്കറ്റെടുത്തതില്‍ ആരും പുറത്തു പോകാതെ ശ്വാസമടക്കി സിനിമ കാണും. പാപിയുടെ പ്രശ്‌നം ഒരു രോഗാവസ്ഥയാണെന്ന് പണ്ടേ അറിയാമായിരുന്നെങ്കില്‍ അന്നൊന്നും എന്തുകൊണ്ട് അങ്ങിനെയൊരു അന്വേഷണമുണ്ടായില്ല. ക്ലൈമാക്‌സിലേക്കെത്തിക്കാന്‍ ഒരുപാടുകഷ്ടപ്പെടുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. നാടകത്തിനുപയോഗിച്ച സംഗീതം നമ്മെ പിടിച്ചുലയ്ക്കും, തീര്‍ച്ച.ഒപ്പനയും മാര്‍ഗംകളിയും ഒന്നാന്തരമായിട്ടുണ്ട്‌


ഫോട്ടോ: ഗൂഗ്ള്‍ സെര്‍ച്ച്‌

Tuesday, February 8, 2011

സൗമ്യ! അവളും എന്റെ അനുജത്തിയായിരുന്നു

പാസഞ്ചര്‍ ട്രെയ്‌നില്‍ രണ്ടു തവണ ഞാനും യാത്ര ചെയ്തിട്ടുണ്ട്. രാത്രി, അതും തനിച്ച്. ഉള്ളില്‍ ഒരേ ഒരു വിചാരം മാത്രമായിരുന്നു അന്നൊക്കെ ധൈര്യം തന്നത്, ഇത് എന്റെ നാടല്ലെ, ജബല്‍പ്പൂരോ, ചമ്പലോ ഒന്നുമല്ലലോ. ഓഫീസിലെത്തിയെ സായാഹ്നപത്രത്തില്‍ നിന്ന് ആ വാര്‍ത്ത തീര്‍ത്തും സങ്കടത്തോടെയാണ് വായിച്ചത്. രാത്രിയും പിന്നീടു വന്ന പകലുമൊന്നും ഒരാശ്വാസവും തന്നില്ല. ആ ഒറ്റെക്കൈയനെ പിടികൂടിയോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അയാളെ പിടികൂടി എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെങ്കിലും പെണ്‍കുട്ടിയുടെ സഹയാത്രികര്‍ കാണിച്ച അലംഭാവത്തിലാണ് ഏറെ വേദന തോന്നിയത്. മറ്റൊരുയാത്രക്കരാന്‍ ഒരു പെണ്‍കുട്ടി താഴേക്കുചാടിയതായി അറിയിച്ചിട്ടും നിസംഗ്ഗരും നിര്‍മ്മമരുമായി തങ്ങളുടെ സീറ്റില്‍ തന്നെ ഉറച്ചു പോയ നായിന്റെ മക്കളെ വേറെ ഒരു പേരിലും എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല.
ആരെങ്കിലും ഒരാള്‍ ചങ്ങല വലിച്ചാല്‍ മതിയായിരുന്നു. 20 മിനിറ്റോളം നിര്‍ത്തിയിട്ട ട്രെയിന്‍ പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. വണ്ടി പതുക്കെയാണ് നീങ്ങിയിരുന്നത്. ഒരു പക്ഷെ തീവണ്ടി നിന്നിരുന്നെങ്കില്‍ പ്രതി ഭയപ്പെട്ട് പിന്‍തിരിയുമായിരുന്നു. പ്രതി മൂന്നു തവണ തലനിലത്തിടിച്ചാണ് പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെടുത്തിയത്. ഇത്തരം ചിന്തകള്‍ എന്നെ ഉറക്കാതെ അലട്ടിക്കൊണ്ടിരുന്നു.

വാര്‍ത്ത വായിക്കുമ്പോള്‍ എന്റെ ചേച്ചിയെയും അനിയത്തിയെയും കൂട്ടുകാരികളെയുമൊക്കെയാണ് എനിക്ക് ഓര്‍മ വന്നത്. ഒരു സഹായത്തിനായി ആര്‍ത്തു വിളിക്കുന്ന അവരുടെ മുഖം ഇപ്പോഴും കണ്ണില്‍ നിന്ന് മായുന്നില്ല. ഒരു പക്ഷെ ഞാനായിരുന്നെങ്കിലോ? ഒരു തരം ഭയം കാലിനടിയില്‍ നിന്നും ഇരച്ചുകയറുന്നതു പോലെ.

06-02-2011


അമ്മയുടെ കര്‍ശന നിര്‍ദ്ദേശമായിരുന്നു മൂന്നുമണിക്ക് ശേഷം കോഴിക്കോടിന് പോകേണ്ടെന്ന്. പൊതുവെ അതൊന്നും അനുസരിക്കാത്ത ഞാന്‍ അന്ന് എന്തോ അമ്മ പറഞ്ഞതു കേട്ടു. ഇരുട്ടു വീഴാന്‍ തുടങ്ങുമ്പോഴേക്കും ഒരു തരം പേടിയാണ്. റോഡില്‍ കാണുന്ന തമിഴന്‍മാരെയും ഉത്തരേന്ത്യക്കാരെയും ഒറ്റടയിക്ക് കൊല്ലാന്‍ തോന്നും, ഓഫീസിലെ ടോയ്‌ലറ്റില്‍ പോകാന്‍ പോലും ഇപ്പോള്‍ കൂട്ടുവേണം. സ്വന്തം കൂട്ടുകാരെ പോലും ഭയക്കേണ്ട അവസ്ഥ. മൂന്നുമണിയോടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു എന്ന് ഒരു കൂട്ടുകാരി വിളിച്ചു പറഞ്ഞു. അവള്‍ക്ക് ആ തമിഴനോടുള്ള അരിശ്ശം തീരുന്നില്ല. ടി വി വച്ചപ്പോള്‍ മനസ്സിലായി അവളുടെ പേര് സൗമ്യയെന്നാണ്. അത്തരമൊരു കാട്ടാളനെ നേരിടാനൊന്നും കെല്‍പ്പില്ലാത്ത ഒരു പാവം കുട്ടിയാണെന്ന് ആ ഫോട്ടോ കണ്ടാല്‍ തന്നെയറിയാം. ആ അമ്മയുടെ സങ്കടം, അനിയന്റെ കരച്ചില്‍, അച്ഛന്റെ വിങ്ങിപ്പൊട്ടല്‍ എല്ലാം ഇപ്പോഴും തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഗോവിന്ദചാമിമാരെ പോലുള്ള പീഢകര്‍ ഇനിയും ജനിക്കും. സൈമ്യമാര്‍ ഇനിയും മരിക്കും. എന്നാലും ചിലകാര്യങ്ങള്‍ നമുക്ക് ഓര്‍ത്തിരിക്കാം. തങ്ങളുടെ പെണ്‍മക്കളെ നൃത്തവും പാട്ടു പഠിപ്പിക്കുന്ന അതേ താല്‍പ്പര്യത്തോടെ കാരട്ടെയും മറ്റു ആയോധന കലകളും പഠിപ്പിക്കുക, പെണ്‍കുട്ടികള്‍ ഹാന്റ് ബാഗില്‍ ഡിയോസ്‌പ്രേയൊടൊപ്പം ഒരു കുരുമുളക് സ്‌പ്രേയും (800 രൂപ വരും) കണ്ണാടിക്ക പകരം ഒരു ചെറിയ കത്തിയും കരുതണം. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭയം തോന്നാമെങ്കിലും സംയമനം പാലിച്ച് അവന്റെ 'പീഡനയന്ത്ര'ത്തിനിട്ട് ഒറ്റ ചവിട്ടു കൊടുക്കാന്‍ നോക്കണം.

ഇപ്പോള്‍ നമ്മള്‍ സുരക്ഷിതരെല്ലെന്ന ബോധം എപ്പോഴും മനസ്സില്‍ ഉണ്ടാവണം. ഒരാഴ്ചകൊണ്ട് മറന്നു പോകേണ്ട ഒരു സംഭവമായി സൗമ്യയുടെ ദുരന്തം മാറരുത്. ഒരിക്കലും പരസ്പരം കണ്ടിട്ടില്ലെങ്കിലും, സംസാരിച്ചിട്ടില്ലെങ്കിലും ഇനിയൊരിക്കലും കാണില്ലെങ്കിലും സൗമ്യ അവളും എന്റെ അനുജത്തിയായിരുന്നു.