Tuesday, January 10, 2017

നായക് നഹി, ഖാല്‍നായാക് ഹൂം മേ....


തിയേറ്ററില്‍ പോയി സിനിമ കാണുന്ന ദിവസം വളരെ വിശേഷപ്പെട്ടതായിരുന്നു. കാരണം ആണ്ടിലൊരിക്കല്‍ മാത്രം ലഭ്യമായിരുന്ന സവിഷേശ സംഗതിയായതുകൊണ്ടുതന്നെ അച്ഛന്റെ അനിയന്‍ ഓട്ടോറിക്ഷയുമായി വരുന്നതും കാത്തിരുന്നിരുന്നു ഞങ്ങള്‍ കുട്ടികള്‍. തൃശൂരിലെ ചിയ്യാരത്തേക്കുള്ള വഴിയിലാണ് സാരംഗി തിയേറ്റര്‍. അവിടെയാണ് ഞങ്ങള്‍ സഞ്ജയ് ദത്തിന്റെ ഖല്‍നായക് എന്ന സിനിമ കണ്ടത്. ചോളീ കെ പീച്ചെ ക്യാഹെ എന്ന ഗാനരംഗമുള്ളതിനാല്‍ പ്രദര്‍ശനത്തിനുമുമ്പേ വിവാദത്തിലായ സിനിമ. എന്നാല്‍ അതൊന്നുമായിരുന്നില്ല ആ ചിത്രത്തിന്റെ ഹൈലൈറ്റ്. നായകനേക്കാള്‍ പ്രഭാവശാലിയായ പ്രതിനായകന്‍. അതുതന്നെയായിരുന്നു ഖല്‍നായക് എന്ന വാക്കിന്റെ അര്‍ത്ഥവും;വില്ലന്‍. റീല്‍ ലൈഫിലും റിയല്‍ ലൈഫിലും വില്ലന്‍ പ്രതിച്ഛായയുണ്ടായിരുന്ന ഏറ്റവും പ്രഭാവശാലിയായ നടനാണ് സഞ്ജയ് ദത്ത്. ലോകസിനിമ കണ്ട മികച്ച നടിമാരില്‍ ഒരാളായ നര്‍ഗീസിന്റെയും നടനും രാജ്യസഭാ എംപിയുമായിരുന്ന സുനില്‍ ദത്തിന്റെയും മകന്‍. കോണ്‍ഗ്രസ് എം.പി പ്രിയദത്തിന്റെ സഹോദരന്‍. മയക്കുമരുന്നിനടിമ. ബോംബെയിലെ കലാപകാലത്ത് ആയുധം കൈവശം വച്ചതിനു ജയില്‍വാസം. ആദ്യ ഭാര്യ റിച്ച ശര്‍മയുടെ മരണത്തോടെ റിയ പിള്ളയുമായി വിവാഹം. അതുപേക്ഷിച്ച് ഒരു ലോ-പ്രൊഫൈല്‍ നടിയായിരുന്ന മാന്യതയുമായുള്ള മൂന്നാംവിവാഹം. ഇതൊക്കെയാണ് സഞ്ജയ് ദത്ത് എന്ന വ്യക്തിയെ എളുപ്പത്തില്‍ നിര്‍വചിക്കാനാവുന്ന സംഗതികള്‍.

നായകന്‍, കൊമേഡിയന്‍, സ്വഭാവനടന്‍, വില്ലന്‍ തുടങ്ങി അഭിനേതാവെന്ന നിലയില്‍ തന്റെതായയിടം നേടിയെടുക്കാന്‍ സഞ്ജയ് ദത്തിന് മാതാപിതാക്കളുടെ പ്രശസ്തി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടീയിരുന്നില്ല. 1981ലെ റോക്കി മുതല്‍ ഇങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. എങ്കിലും അക്കാലത്തേ മയക്കുമരുന്നിന് കടുത്ത അടിമായായിക്കഴിഞ്ഞിരുന്നു സഞ്ജു. നര്‍ഗീസിന് കാന്‍സറിന് ചികില്‍സ നടത്തികൊണ്ടിരിക്കുമ്പോഴെ സഞ്ജു മയക്കുമരുന്നനടിമയായിരുന്നു. അതില്ലാതെ പെണ്‍കുട്ടികളോട് സംസാരിക്കാനാവില്ലെന്ന അവസ്ഥയായിരുന്നു. ഒരിക്കല്‍ തന്റെ ഷൂസില്‍ ഒരു കിലോ ഹെറോയിനുമായി സഹോദരിമാരോടൊപ്പം ഒരേ വിമാനത്തില്‍ യാത്രചെയ്തിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ സഞ്ജുബാബയ്ക്ക് ഇന്നും ഞെട്ടലാണത്രെ.
മുംബൈയില്‍ കലാപം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെയൊരു നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് സഞ്ജയ് തോക്ക് കൈവശം വച്ചത്. തനിക്ക് തോക്കുമായി വേട്ടയ്ക്ക് പോകാന്‍ ഇഷ്ടമായിരുന്നു. ഖണ്ഡാലയില്‍ കൊണ്ടുപോയി പരീക്ഷിച്ചതിനു ശേഷം ഉപേക്ഷിക്കാമെന്നു കരുതിയെങ്കിലും തന്റെ കാറിന്റെ ഡിക്കിയിലിരിക്കുന്ന തോക്കിനെക്കുറിച്ച് മറന്ന് ഷൂട്ടിനായി മൗറീഷ്യസിലേക്ക് പോയ സഞ്ജയ് പ്രശ്‌നത്തില്‍പ്പെടുകയായിരുന്നു. ജീവിതത്തില്‍ ഓരോ പരാജയം നേരിടുമ്പോഴും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് സഞ്ജയ് ജീവനേകികൊണ്ടിരുന്നു. സഞ്ജയ് ദത്തിന്റെ കഥ സംവിധായകന്‍ രാജു ഹിരാനി സിനിമയാക്കുകയാണ്. ഇനിയും പേരിടാത്ത ആ ബയോപിക്കില്‍ രണ്‍ബീര്‍ കപൂറാണ് നായകനാവുന്നത്. എന്നാല്‍ സഞ്ജയ് ദത്തായി അഭിനയിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പാദങ്ങളിലേക്ക് ഇറങ്ങിയാല്‍ മാത്രം പോരാ. വീഴണം. അവിടെനിന്ന് എണീറ്റ് വീണ്ടും നടക്കാന്‍ ശ്രമിക്കണമെന്നു പറയുന്നു പൂജാഭട്ട്. നിരവധി ചിത്രങ്ങളില്‍ സഞ്ജയുടെ നായികയായിരുന്നു പൂജ. പൂജയ്ക്കറിയാം ആ ജീവിതം അത്ര എളുപ്പമല്ല, അഭിനയിക്കാനും ജീവിക്കാനും.

Tuesday, May 19, 2015

ഒരു തണല്‍മരമായി അമ്മ

ഒരു സ്ത്രീ അവളുടെ സ്വന്തം അമ്മയെ പൂര്‍ണ അര്‍ഥത്തില്‍ തിരിച്ചറിയുന്നത് അവളൊരു അമ്മയാവുമ്പോഴാണ്. തന്നെ താനാക്കാന്‍ അമ്മ നേരിട്ട വേദനകളെയും സങ്കടങ്ങളെയും അന്നായിരിക്കും ഒരു സ്ത്രീ സ്വയം അനുഭവിച്ചറിയുന്നത്. ഒരമ്മയാവാന്‍ തയ്യാറായപ്പോള്‍ മുതല്‍ ഞാന്‍ എന്റെ അമ്മയെ എന്റെ ആത്മാവിനോളം ആഴത്തില്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ആ പദത്തിന് പകരംവയ്ക്കാന്‍ യഥാര്‍ഥത്തില്‍ ഈ ലോകത്ത് മറ്റൊരു വാക്കും ഇല്ല എന്ന സത്യവും ഇപ്പോള്‍ എനിക്കറിയാം. ജീവിതത്തില്‍ ഞാന്‍ നേരിട്ടനുഭവിച്ചറിഞ്ഞ ശക്തയായ സ്ത്രീ അവരാണ്; എന്റെ അമ്മ. പട്ടാളത്തില്‍ ജോലിയുള്ള അച്ഛന്റെ ശമ്പളം വരാന്‍ അമ്മ കാത്തുനിന്നിട്ടില്ല. വീട്ടുപണിയെടുത്തും പാടത്ത് നെല്ലുകൊയ്തും കറ്റമെതിച്ചും ഒക്കെയാണ് അമ്മയും ഞങ്ങളും ജീവിച്ചത്. ഓരോ വീട്ടില്‍ പണിക്കു പോകുമ്പോഴും ഞങ്ങളെയും കൂട്ടും അമ്മ, അവിടുന്നു കിട്ടുന്ന ഭക്ഷണം തരാന്‍. മറ്റു വീടുകളില്‍ അമ്മമ്മയുടെ കൂടെ കൊച്ചുകൊച്ചു വീട്ടുപണികള്‍ ചെയ്തിരുന്ന ഞങ്ങളെ സ്വന്തം വീട്ടില്‍ ഒന്നും ചെയ്യാന്‍ അമ്മ സമ്മതിച്ചിരുന്നില്ല. ഞങ്ങള്‍ ക്ഷീണിച്ചിട്ടാവും വന്നിരിക്കുന്നത് എന്ന് അവര്‍ക്കറിയാമായിരുന്നു.ഒരു ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു ഞങ്ങളുടെ സന്തോഷങ്ങളെയെല്ലാം അകറ്റിയ ആ അപകടം. ഒല്ലൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അമ്മയുടെ വലതു കൈ നഷ്ടപ്പെട്ടു. ലോറിയുടെ ക്ലീനര്‍ മദ്യപിച്ചു വണ്ടിയോടിച്ച് ബസ്സില്‍ ഇടിക്കുകയായിരുന്നു. ബോധമില്ലാതെ അരമണിക്കൂര്‍ ഒല്ലൂരെ ചീരാച്ചി വളവിലുള്ള ഡേവിസ് തിയേറ്ററിനുമുന്നില്‍ കിടന്ന അമ്മയുടെ അറ്റുവീഴാറായ വലുതു കൈയിലെ കറുത്ത സ്ട്രാപ് വാച്ച് പോലും ആരോ അഴിച്ചുകൊണ്ടുപോയിരുന്നു. അമ്മയെ ആശുപത്രിയിലാക്കാന്‍ അപകടത്തില്‍ പരിക്കേറ്റ അച്ഛന്‍ അപ്പോള്‍ നിലവിളിച്ചലയുകയായിരുന്നു. പിന്നെ ആറുമാസം കൊച്ചിയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ ചികില്‍സ. ഒരു വര്‍ഷം പൂനെയില്‍ മിലിട്ടറി ആശുപത്രിയില്‍. അമ്മയുടെ സാന്നിധ്യമില്ലാത്ത നീണ്ട ഒന്നരവര്‍ഷം. അപകടത്തിന്റെ ആഘാതവും അമ്മയ്ക്കുണ്ടായ നഷ്ടത്തിന്റെ ആഴവും അന്നറിയില്ലായിരുന്നു. എങ്കിലും അമ്മയും അച്ഛനും അടുത്തില്ലെന്ന ഓര്‍മയില്‍ സങ്കടം വന്ന് ശ്വാസംമുട്ടിക്കുന്ന വിധം തൊണ്ടയില്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. തലമുടികെട്ടാത്തതിന്, പാവാട ശരിക്കും പിന്‍ കുത്തിവയ്ക്കാത്തതിന് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്ക് അക്കാലത്ത് ടീച്ചര്‍മാരുടെ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. അവര്‍ക്കറിയില്ലല്ലോ എന്റെ വീട്ടില്‍ അമ്മയില്ലെന്നും അവര്‍ ചികില്‍സയിലാണെന്നും. അമ്മ വന്നു കണ്ണെഴുതിത്തരണമെന്നോ ചോറു വാരിത്തരണമെന്നോ ആഗ്രഹമില്ലായിരുന്നു. അമ്മയെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു മാത്രമാണ് അന്നേരം ഞാന്‍ ആശിച്ചത്. പോസ്റ്റ് ചെയ്യാന്‍ അറിയാത്തതിനാല്‍ അന്ന് ഞാന്‍ അമ്മയ്‌ക്കെഴുതിയ ഒരു കത്ത് പിന്നീട് പുസ്തകത്താളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 'അമ്മ വെക്കം വരണം.' അന്ന് വേഗം എന്നതിനു പകരം വെക്കം എന്നെഴുതിയതിന് എല്ലാവരും എന്നെ കളിയാക്കിയപ്പോള്‍ ഒരുപക്ഷേ, അമ്മയുടെ ഉള്ളു പിടഞ്ഞിട്ടുണ്ടാവും. ഒന്നര വര്‍ഷത്തിനു ശേഷം അമ്മ വീട്ടില്‍ വന്ന ദിവസം എനിക്കിന്നും ഓര്‍മയുണ്ട്. ഒരു ഭാഗം നഷ്ടപ്പെട്ട അമ്മ. അവരുടെ യൗവ്വനത്തിന്റെ ഏറ്റവും മനോഹരമായ കാലത്താണ് അവര്‍ വികലാംഗയായിരിക്കുന്നത്. അന്ന് ഈ ചിന്ത എന്നെ അലട്ടിയിരുന്നില്ല. അമ്മയോടൊപ്പം വന്നിരിക്കുന്ന പുതിയ സാമഗ്രിയിലായിരുന്നു ഞങ്ങള്‍ മക്കളുടെ ശ്രദ്ധ. ഒരു വെപ്പുകൈ. വീട്ടില്‍ വരുന്ന വികൃതിക്കുട്ടികളെ ഞങ്ങള്‍ അതുകാട്ടി പേടിപ്പിച്ചുകൊണ്ടിരുന്നു. അച്ഛന്‍ വരുന്നവര്‍ക്കൊക്കെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുത്ത് വാചാലനായി. അമ്മ ഒരു സങ്കടമഴയായി. കാലം എല്ലാ മുറിവുകളെയും വേദനകളെയും അകറ്റും. പക്ഷേ, കാലം ചെല്ലും തോറുമാണ് ഞങ്ങള്‍ മക്കളുടെ സങ്കടം ഏറിയത്. നഷ്ടപ്പെടലുകളെക്കുറിച്ച് തിരിച്ചറിവുണ്ടാവാന്‍ തുടങ്ങിയതോടെയാണ് അമ്മയുടെ സങ്കടം മനസ്സിലായത്. ഞങ്ങളുടെ വീട്ടില്‍ ആദ്യമായ് ഒരു കുഞ്ഞുണ്ടായപ്പോഴാണ് തനിക്ക് കൈയില്ല എന്നതിന്റെ പേരില്‍ അമ്മയൊന്നു കരഞ്ഞത്. അവനെ എടുക്കാനാവാതെ, കുളിപ്പിക്കാനാവാതെ, കണ്ണെഴുതി, ഉടുപ്പിടീക്കാനാവാതെ അമ്മ തേങ്ങിയിട്ടുണ്ട്. ജീവിതം പിന്നെയും അമ്മയെ തോല്‍പ്പിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ കാന്‍സറിന്റെ രൂപത്തിലും.16ാം വയസ്സില്‍ വിവാഹം കഴിച്ച് അയക്കപ്പെട്ടപ്പോഴോ നാലു മക്കളുടെ അമ്മയായിരിക്കെ 32ാം വയസ്സില്‍ ഒരു ബസ്സപകടത്തില്‍ വലതു കൈ മുട്ടിനു മേലെ നഷ്ടപ്പെട്ടപ്പോഴോ പിന്നീട് കാന്‍സര്‍ ബാധിച്ചപ്പോഴൊ അനുഭവിച്ച വേദനയേക്കാള്‍ മേലെയായിരുന്നു അവര്‍ എനിക്ക് മുന്നില്‍ തോറ്റു തന്നപ്പോള്‍ അനുഭവിച്ചിരിക്കുക എന്ന് എനിക്കിപ്പോള്‍ അറിയാനാവുന്നുണ്ട്. പിന്നീട് എനിക്കൊരു മോന്‍ പിറന്ന നിമിഷം എത്ര സ്‌നേഹത്തോടെയും കരുതലോടെയുമാണ് ഒരമ്മ തന്റെ കുഞ്ഞിനെ നെഞ്ചോടേറ്റുന്നത് എന്ന തിരിച്ചറിവില്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തോന്നിയിട്ടുണ്ട്. ഇന്ന് ജീവിതത്തില്‍ ഞങ്ങള്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് അമ്മ അറിയാതെ തന്നെ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന കരുത്തും ഊര്‍ജവും കൊണ്ടാണ്. പ്രതിസന്ധികളില്‍ ഒരിക്കല്‍പോലും തളരാതെ അമ്മ ഞങ്ങള്‍ക്ക് കൂട്ടായി, തണലായി നിന്നു. നിറയെ ശാഖകളും ഇലകളുമുള്ള ഒരു തണല്‍മരമായി.


മാതൃദിനത്തില്‍
തേജസ് ആഴ്ചവട്ടത്തില്‍ വന്നത്‌




         

Friday, July 12, 2013

പ്രാണ്‍, ഹിന്ദി സിനിമയിലെ 'ബര്‍ഖുര്‍ദാര്‍'

39 വര്‍ഷം മുമ്പാണ് ഷേര്‍ഖാന്‍ എന്ന സുഹൃത്ത് ആ ഗാനവുമായി എത്തിയത്. ''യാരി ഹെ ഈമാന്‍ മേരാ യാര്‍ മേരി സിന്ദഗി''..  ഒരിക്കലും കണ്ടിട്ടില്ലാത്തവിധം, വില്ലന്‍ പ്രാണ്‍ ഒരു ക്യാരക്ടര്‍ റോളില്‍ തിളങ്ങുന്നു. ഒരുപക്ഷെ അവിടെ നിന്നായിരിക്കും പ്രാണ്‍ എന്ന ക്രൂരനും മ്ലേച്ഛനുമായി സ്‌ക്രീനില്‍ തിളങ്ങിയ വില്ലന്‍ തന്റെ പ്രതിനായക പ്രതിച്ഛായയെ തച്ചുടയ്ക്കാന്‍ തുടങ്ങിയത്. ഒരുകാലത്തും മായാത്ത ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവനേകി ' നൂറ്റാണ്ടിന്റെ വില്ലന്‍  ' എന്ന ഖ്യാതി നേടിയ പ്രാണ്‍ ഇന്ന് നമ്മോടൊപ്പമില്ല. ആറു പതിറ്റാണ്ട് ഹിന്ദി സിനിമയില്‍ സജീവമായിരുന്നു പ്രാണ്‍ എന്ന അതുല്യ നടന്‍. ഒരുകാലത്ത് മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രാണ്‍ എന്ന് പേരിടുന്നത് പോലും നിര്‍ത്തിയിരുന്നു. അത്രയും തന്മയത്തത്തോടെയാണ് അദ്ദേഹം തന്റെ പ്രതിനായക കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ആ വില്ലനെ ഭയന്നു. എങ്കിലും ബോളിവുഡ് അദ്ദേഹത്തെ പ്രാണ്‍ സാഹബ് എന്നു അനുഭാവപൂര്‍വം വിളിച്ചുപോന്നിരുന്നു. അദ്ദേഹത്തിന്റെ 'ബര്‍ഖുര്‍ദാര്‍' എന്ന വിളി നൊടിയിടയില്‍ ഹിറ്റായി. അഭിനയിച്ച 350 ചിത്രങ്ങളില്‍ 250ലും ക്രെഡിറ്റ് ലൈനിന്റെ അവസാനം എഴുതിക്കാണിച്ചിരുന്ന പേരായിരുന്നു പ്രാണ്‍ എന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിന് '...ആന്‍ഡ് പ്രാണ്‍' എന്നു പേരു നല്‍കിയതും,  ഒരുപക്ഷെ പ്രാണിന് ശേഷം അതേ ഭയവും അവജ്ഞയും, ബഹുമാനവുംമൊക്കെ ഇത്രയും നാം നല്‍കിയത് അമരീഷ് പുരിക്കായിരിക്കും.

1940 മുതല്‍ 2007 വരെ ബോളിവുഡില്‍ സജീവമായിരുന്നു. യമ്‌ല ജട് എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ഹിന്ദി സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ എല്ലാവരെയും കൈയ്യിലെടുത്തു അദ്ദേഹം. ഒപ്പം ക്യാരക്ടര്‍ റോളുകളും. ഒരേ സമയം പ്രേക്ഷകര്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്തു. ആ സ്‌നേഹത്തിനുപിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ടായിരുന്നു, മന്നാഡെയുടെ ഗാനങ്ങള്‍. സഞ്ജീറിലെ യാരിഹെ ഈമാന് മേരീ, ഉപകാറിലെ കസ്‌മേ വാദെ പ്യാര്‍ വഫാ സബ് തുടങ്ങി പ്രാണിനു വേണ്ടി മന്നാഡെ പാടിയ ഗാനങ്ങള്‍ ഇരുവര്‍ക്കും കരിയര്‍ ബ്രേക്കുകളായി.
സഞ്ജീരഇലേക്ക വേണ്ടി അമിതാബ് ബച്ചനെ പ്രകാശ് മെഹറയ്ക്ക പരിചയപ്പെടുത്തിയത് പ്രാണായിരുന്നു. അമിതാബിന്റെ കരിയറിലെ ബ്രേക്കായിരുന്നു ആ ചിത്രം. പ്രാണു അമിതാബും 14 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍, രാം ഔര്‍ ശ്യാം, തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രാണ്‍ തിളങ്ങി. ഖാന്ദാന്‍, ഉപകാര്‍, മധുമതി, ഷഹീദ്, ദുനിയ, ജോണി മേരാ നാം, ബേഇമാന്‍, ജിസ് ദേശ് മെ ഗംഗ ബെഹ്തീ ഹെ തുടങ്ങി 70കളില്‍ അദ്ദേഹമില്ലാതെ ഒറ്റ ബോളിവുഡ് ചിത്രങ്ങളും ഇറങ്ങിയിരുന്നില്ല. 1940 മുതല്‍ 2007 വരെ ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന പ്രാണ്‍, നായക നടന്‍മാരെക്കാള്‍ പ്രതിഫലം പറ്റിയിരുന്ന വില്ലനായിരുന്നു.
നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1967, 69,72 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, 1997ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. 2000ല്‍ സ്റ്റാര്‍ഡസ്റ്റ്്ിന്റെ വില്ലന്‍ ഓഫ് ദ മില്ലെനിയം അവാര്‍ഡ്് എന്നിവ ലഭിച്ച ഇദ്ദേഹത്തെ 2001ല്‍ പദ്മഭൂഷനും, 2013ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും തേടിയെത്തി. 2010ല്‍ സി എന്‍ എന്‍ തിരഞ്ഞെടുത്ത ഏഷ്യയിലെ 25 മുന്‍നിര നടന്‍മാരില്‍ പ്രാണുമുണ്ടായിരുന്നു.
1920ല്‍ പഴയ ഡല്‍ഹിയിലായിരുന്നു ജനനം. 1945ല്‍ പഞ്ചാബിയായ ശുക്ലാ ആലുവാലിയയെ ജീവിതസഖിയാക്കി. അരവിന്ദ്, സുനില്‍, പിങ്കി എന്നിവര്‍ മക്കളാണ്.

2013 ജൂലൈ 13ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

Monday, October 22, 2012

ഒരു പേരിലെന്തിരിക്കുന്നു?


ഒരു പേരിലെന്തിരിക്കുന്നു എന്നത്രെലോചിച്ചാലും ഇത് സഹിക്കാവുന്നതിലും ഏറെയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച പ്രമുഖ സംവിധായകനായ യഷ് രാജ് ചോപ്രയെ നമ്മുടെ പത്രങ്ങളെല്ലാം കൂടി യാഷ് ചോപ്രയാക്കിയത് എനിക്ക് എത്ര ആലോചിച്ചിട്ടും സഹിക്കാനാവുന്നില്ല. യശസ്സ് എന്നത് യാശസ്സ് എന്നു എഴുതുന്നതുപോലെ തന്നെ തെറ്റാണ് യഷ് എന്നത് യാഷ എന്ന് എഴുതുമ്പോള്‍.

ഞാന്‍ ജോലി ചെയ്യുന്ന പത്രവും യാഷ് ചോപ്ര എന്നുതന്നെയാണ് കൊടുത്തത്. അതിന് അവര്‍ പറഞ്ഞ കാരണം അത് മാതൃഭൂമിയുടെ സൈറ്റില്‍ കൊടുത്തത് അങ്ങിനെയാണെന്നാണ്. മാതൃഭൂമി മാത്രമല്ല എല്ലാ മലയാള പത്രങ്ങളും അതുതന്നെയാണ് കൊടുത്തത്. ഏതോ ഒരു മുത്തശ്ശി പത്രം കൊടുത്ത തെറ്റാണ് എല്ലാ പത്രങ്ങളും ആവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ മാധ്യമമെങ്കിലും ശരിയായി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല, അവര്‍ക്കും യഷ് ചോപ്ര യാഷ് ചോപ്രയായി. പൊതുവെ ഹിന്ദി വാക്കുകളുടെ ഉച്ചാരണം തെറ്റാതെ നല്‍കുന്ന പത്രമാണ് മാധ്യമം. ഇന്ന് ഞാന്‍ വായിച്ചതില്‍ ദേശാഭിമാനിമാത്രമാണ് ശരിയായ വിധം അദ്ദേഹത്തിന്റെ പേര് നല്‍കിയത്.

ഹിന്ദിഭാഷയെ ഏറ്റവും വികലമായി ഉപയോഗിക്കുന്ന പത്രവും വെബ് സൈറ്റും മാതൃഭൂമിയുടേതാണ്. സൈറ്റില്‍ വരുന്നു തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലും ആ കമന്റ്ുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അവരുടെ പതിവ്. ഡൂള്‍ ന്യൂസ് സൈറ്റ് മാത്രമാണ് തെറ്റുകള്‍ തിരുത്താറുള്ളത്. യഷ് ചോപ്രയെ മാത്രമല്ല മാതൃഭൂമി ഇത്രയും കൊന്നു കൊലവിളിച്ചിട്ടുള്ളത്, രാജേഷ് ഖന്ന, മെഹ്ദി ഹസ്സന്‍ തുടങ്ങിയവരുടെ വിയോഗവാര്‍ത്തകളില്‍ സിനിമാ പേരുകള്‍ തെറ്റിയെഴുതിയും ഗാനങ്ങളുടെ ഉച്ചാരണം തെറ്റിക്കൊടുത്തും എല്ലാ മലയാള പത്രങ്ങളും നമ്മുടെ ഹിന്ദിയെ തോല്‍പ്പിച്ചുകളഞ്ഞു. മാതൃഭൂമിക്കും മനേരമയ്ക്കുമൊക്കെ ഒരു ഫോണ്‍കോള്‍ മതിയാകുമല്ലോ ഇത്തരം തെറ്റുകള്‍ വരാതെ നോക്കാന്‍. ഭാഷാ വിദഗ്ധരോട് ഇതൊക്കെ ഒന്നു വിളിച്ചുചോദിക്കുക, അതുമല്ലെങ്കില്‍ പത്രമോഫീസിന്റെ താഴെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുകൊടുക്കുമല്ലോ ശരിയായ ഉചാരണം.

ചെറുപ്പം മുതല്‍ വിവിധ് ഭാരതികേട്ടും, ദൂരദര്‍ശനിലെ രംഗോലി ആസ്വദിച്ചും ഹിന്ദിസിനിമകള്‍ കണ്ടുപരിചയിച്ചും ജീവിച്ച ചിലരുടേയൊക്കെ മനസ്സില്‍ ഈ പേരുകള്‍ പതിഞ്ഞുപോയതുകൊണ്ടായിരിക്കാം യഷ് ചോപ്ര യാഷ് ആവുമ്പോള്‍ ഒരസ്വസ്തതയുണ്ടാവുന്നത്.

Monday, October 8, 2012

മരണാന്തരം


ഇനി ഞാന്‍ നിന്നെ കാണുന്നത് 
എന്റെ മരണദിനത്തിലായിരിക്കും,
അന്ന് 
ശാന്തമായി ഉറങ്ങുന്ന എന്നെ
കണ്ണിമവെട്ടാതെ,
ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാതെ,
തൊണ്ട ഞരമ്പുകളില്‍ സങ്കടക്കടല്‍ നിറയ്ക്കാതെ
പാദത്തിനടിയിലെ മണ്ണില്‍ നിന്ന് 
ഒരുതരിപോലും നഷ്ടപ്പെടാതെ നീ വന്നു കാണണം.

ചുണ്ടില്‍ ചെറുപുഞ്ചിരിപോലും വരുത്താതെ
അന്നു ഞാന്‍ നിന്നെ കാണും.
അതുകാണാന്‍ നീയുണ്ടാവണം 

Thursday, October 4, 2012

ഭ്രാന്ത്


എത്ര ശാന്തമായിരുന്നു നിന്റെ കണ്ണുകള്‍
എന്നിട്ടും അതൊരു
കടലിനെ പേറുന്നതു പോലുണ്ടായിരുന്നു
അതില്‍ അവര്‍ തിരഞ്ഞത്
നിനക്കുണ്ടെന്നു പറയപ്പെടുന്ന ഭ്രാന്തിനെയായിരുന്നു.
ഞാനോ, ആ കടലിന്റെ അഗാധതയില്‍
പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപര്‍വ്വതങ്ങളേയും.

Monday, October 1, 2012

സ്റ്റാറ്റസ് അപ്‌ഡേറ്റ്


സ്‌നേഹം എന്ന ഒറ്റവാക്കുകൊണ്ടാണ്
ഞാനത് രേഖപ്പെടുത്തിയത്.
സ്റ്റാറ്റസ് എന്ന ഒറ്റവാക്കുകൊണ്ട് നീയും.