Monday, October 8, 2012

മരണാന്തരം


ഇനി ഞാന്‍ നിന്നെ കാണുന്നത് 
എന്റെ മരണദിനത്തിലായിരിക്കും,
അന്ന് 
ശാന്തമായി ഉറങ്ങുന്ന എന്നെ
കണ്ണിമവെട്ടാതെ,
ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാതെ,
തൊണ്ട ഞരമ്പുകളില്‍ സങ്കടക്കടല്‍ നിറയ്ക്കാതെ
പാദത്തിനടിയിലെ മണ്ണില്‍ നിന്ന് 
ഒരുതരിപോലും നഷ്ടപ്പെടാതെ നീ വന്നു കാണണം.

ചുണ്ടില്‍ ചെറുപുഞ്ചിരിപോലും വരുത്താതെ
അന്നു ഞാന്‍ നിന്നെ കാണും.
അതുകാണാന്‍ നീയുണ്ടാവണം 

Thursday, October 4, 2012

ഭ്രാന്ത്


എത്ര ശാന്തമായിരുന്നു നിന്റെ കണ്ണുകള്‍
എന്നിട്ടും അതൊരു
കടലിനെ പേറുന്നതു പോലുണ്ടായിരുന്നു
അതില്‍ അവര്‍ തിരഞ്ഞത്
നിനക്കുണ്ടെന്നു പറയപ്പെടുന്ന ഭ്രാന്തിനെയായിരുന്നു.
ഞാനോ, ആ കടലിന്റെ അഗാധതയില്‍
പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപര്‍വ്വതങ്ങളേയും.

Monday, October 1, 2012

സ്റ്റാറ്റസ് അപ്‌ഡേറ്റ്


സ്‌നേഹം എന്ന ഒറ്റവാക്കുകൊണ്ടാണ്
ഞാനത് രേഖപ്പെടുത്തിയത്.
സ്റ്റാറ്റസ് എന്ന ഒറ്റവാക്കുകൊണ്ട് നീയും.

Monday, September 3, 2012

ആബുലന്‍സ്

Google Image

പിടയുന്ന ഒരു ജീവനുണ്ടതില്‍
അതിനെ വേര്‍പ്പെടാന്‍ വിടാതെ
കൈകളാല്‍ കൂട്ടിപ്പിടിച്ച ഒരു ജീവിതവും





Monday, June 4, 2012

എന്റെ കറുത്ത കിളിക്കുഞ്ഞ്


Google picture 

എന്റെ കറുത്ത കിളിക്കുഞ്ഞ്
തിന്നാന്‍ അതിന് തിരിച്ചറിവിന്റെ വിത്തുകള്‍,
ചിറകില്‍ നിറയെ സ്വാതന്ത്ര്യം
ധാര്‍ഷ്ട്യത്തിന്റെ മൂഢസ്വര്‍ഗത്തിലിരുന്ന്
അതിന്റെ ചിറകുകള്‍ നീ അരിയുന്നതുവരെ
അതുപറക്കും, ഉയരത്തില്‍
അതും നിന്നെ അലോസരപ്പെടുത്തുന്ന
ആ ശബ്ദമുണ്ടാക്കിതന്നെ..

Tuesday, April 10, 2012

പാര്‍ട്ടിയെ പറയിപ്പിക്കരുത്

ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കോഴിക്കോടുണ്ടായ സംഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിയിറങ്ങുമ്പോള്‍ കേട്ട മുദ്രാവാക്യം വളരെ ഹൃദ്യമായിരുന്നു, ''വി എസ് ഇല്ലെങ്കില്‍ കേരളം നശിക്കും'' വിളിച്ചു പറയുന്നത് ഒരു ഫുള്‍ ബോട്ടില്‍ അകത്താക്കിയ ഒരു മദ്യപാനായിരുന്നു. മൂന്നു തവണ അയാള്‍ അത് ആവര്‍ത്തിച്ചതേ ഓര്‍മയുള്ളൂ, എവിടെന്നാണ് നാലു സഖാക്കള്‍ പാഞ്ഞെത്തിയതും റോഡ് മുറിച്ച് കടക്കാന്‍ എന്റെ സമീപം നിന്നിരുന്ന അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച് '' തോന്ന്യാസം പറയുന്നോടാ ....മോനെ! എന്നു ചോദിച്ച് അടിയോട് അടി തുടങ്ങിയതും എന്നു മനസിലായില്ല. Add Imageഇതൊക്കെ കണ്ടു രസിക്കാന്‍ നിറയെ കാണികള്‍. ഇതൊരു ജനാധിപത്യ രാജ്യമല്ലേ ചേട്ടാ, അയാളും പറയട്ടെ എന്നു പറഞ്ഞതേ എനിക്കും ഓര്‍മയുള്ളൂ. പിന്നെ തെറിയുടെ പൊടിപൂരമായിരുന്നു. കാണികള്‍ എന്തുകൊണ്ടാണ് നിഷ്‌ക്രിയ പരബ്രഹ്മങ്ങളായതെന്നു അപ്പോഴാണ് മനസ്സിലായത്. ഞാന്‍ പെണ്ണായതുകൊണ്ടു എനിക്ക് തെറിയേ കിട്ടിയുള്ളൂ. എതെങ്കിലും പുരുഷന്‍ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ അയാളെ ആ പാവം സഖാക്കള്‍ എന്തു ചെയ്യുമായിരുന്നെന്ന് ചിന്തനീയം.

സഖാക്കളുടെ നേതാക്കളുടെ മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ നുണപ്രസംഗങ്ങള്‍ അപ്പോഴും മൈക്കിലൂടെ അനര്‍ഘനിഗളം പ്രവഹിക്കുന്നുണ്ടായിരുന്നു.

സാധാരണജനങ്ങള്‍ക്ക് ആകെ അറിയാവുന്നത് അവിടെ, കോഴിക്കോട് ബീച്ചില്‍ ഉല്‍സവം പോലെ എന്തോ നടക്കുന്നുണ്ടെന്നതാണ്. അല്ലാതെ വി എസ് ഉണ്ടോ? അതോ,ഇല്ലേ?, കേരളഘടകം എങ്ങിനെയൊക്കെ അദ്ദേഹത്തെ ദ്രോഹിച്ചു എന്നൊന്നും അറിയാന്‍ ഇവിടെ ആര്‍ക്കും സമയവും ആഗ്രഹവുമില്ല. എന്നാലും മദ്യപാനിയാണെങ്കിലും ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എത്രനാള്‍ നിങ്ങള്‍ക്ക് പിടിച്ച് വയ്ക്കാനാവും സഖാക്കളെ?. അഞ്ചുവര്‍ഷം തികയുമ്പോള്‍ നിങ്ങളും ഇറങ്ങുമല്ലോ വോട്ടും ചോദിച്ച്. അന്ന് ഞാന്‍ എന്റെ സ്വീറ്റിയെ (പട്ടി) വിടും, വോട്ടു ചെയ്യാന്‍. എന്നാ ശരി, നിങ്ങടെ വിപ്ലവം ജയിക്കട്ടെ!

പിന്നെ ഇത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്...


Monday, February 27, 2012

ആയിരം സൂര്യതാപത്തില്‍ ഉരുകി

''സരിതേച്ചി അടുത്തവര്‍ഷം എവിടെയായിരുന്നാലും നമുക്ക് ഒന്നിച്ച് ന്യൂ ഇയര്‍ ആഘോഷിക്കണം, നിങ്ങള്‍ എവിടെയാണെങ്കിലും എന്നെ വിളിക്കണംട്ടോ''. സരിതേച്ചി ഉറങ്ങല്ലെ ഇപ്പോ ന്യൂ ഇയര്‍ ആകും. ഉറക്കം തൂങ്ങി വീഴാറായ എന്നെയും സുവിയെയും തട്ടിയുണര്‍ത്തി അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു, പിന്നെ ഇഷ്ടപ്പെട്ട പാട്ടുകള്‍ ഇങ്ങനെ പാടിക്കൊണ്ടേയിരുന്നു. അപ്പോഴേക്കും ന്യൂ ഇയര്‍ ആയി. വന്ന ഫോണ്‍കോളുകള്‍ കിലുങ്ങിച്ചിരിച്ചുകൊണ്ട് അവള്‍ എടുക്കുന്നു, എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം ന്യൂ ഇയറിന് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇനിയും വരാനിരിക്കുന്ന ന്യൂ ഇയറിനും ഒന്നിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ ഇത്തവണ ന്യൂ ഇയറിന് അവള്‍ ഉണ്ടായില്ല. ആ പുതുവല്‍സരആഘോഷത്തിനുശേഷം 2011 ഫെബ്രുവരി 27നാണ് തൊണ്ടയാട് ബസ്സപകടത്തില്‍ സൂര്യ പോയത്. ഒരു സങ്കടം തൊണ്ടയില്‍ കുരുങ്ങുന്നത് എനിക്കറിയാനുണ്ട്. സൂര്യയെ അറിയുന്നവര്‍ക്ക് ഇന്ന് ഓര്‍മദിനമാണ്. അവളെ ഞങ്ങള്‍ക്ക് നഷ്ടമായതിന്റെ ഒന്നാം ഓര്‍മദിനം... എന്റെ വരാനിരിക്കുന്ന പുതുവര്‍ഷ പുലരികളെ സങ്കടം നിറഞ്ഞ വേദനകൊണ്ട് നിറക്കാന്‍ കൊച്ചു കൊച്ചു ഓര്‍മകള്‍ പങ്ക് വെച്ച സൂര്യക്ക്...