Monday, June 15, 2009

ഞാന്‍

ഞാന്‍

ആരായിരുന്നു നിനക്ക്‌ ഞാന്‍

ഒരു കളിപ്പാട്ടം, നിന്റെ തമാശ, അതോ വഞ്ചന
എന്നിട്ടും, എന്റെഒരോ നിലവിളിയിലും ഓര്‍ത്ത്‌്‌
ഒരോ ഓര്‍മയിലും വെറുത്ത്‌്
‌ഒരോ വെറുപ്പിലും പൊറുത്ത്‌.
ഇവിടെ ഞാന്‍, ഇതാ വെറുതെ.

Monday, June 1, 2009

നീയും ഞാനും നിറുത്താതെ കരഞ്ഞ ജൂണ്‍


നിറുത്താതെ പെയ്യുന്ന മഴ. അതിനേക്കാള്‍ ശക്തമായ മഴ നമ്മുടെ കണ്ണുകളില്‍. സ്‌തബ്ധമായ നമ്മുടെ ലോകം, അവിടെ നീയല്ലാതെ മറ്റാരുമില്ലെന്ന തോന്നലിലും പരസ്‌പരം നോക്കാതെ ഇരുന്ന നാം.നിന്റെ നനഞ്ഞ പച്ചകളര്‍ പാവാടയിലും, വെള്ളഷര്‍ട്ടിലും പറ്റിയ ബിസ്‌ക്കറ്റിന്റെ ശകലങ്ങള്‍, കൈയിലെ കാഡബറീസ്‌ എക്‌ളയറിന്റെ കടലാസ്‌,അഴിഞ്ഞ്‌ തുടങ്ങിയ പച്ച റിബണ്‍, നക്ഷത്രങ്ങളുടെ തിളക്കത്തോടെ പിടിയുള്ള ആ നീളന്‍ കുട ഒന്നും ഞാന്‍ കണ്ടതേയില്ല. രാവിലെ അച്ഛന്‍ കൊണ്ടു വന്നതാക്കിയതാണ്‌. ഇന്ന്‌ ഞാന്‍ സ്‌കൂളില്‍ ആദ്യമായി എത്തിയ ദിവസമാണ്‌. ഇനി അച്ഛന്‍ വരുമോ? ചിന്ത അതുമാത്രമായിരുന്നുവല്ലോ?പിന്നീട്‌ കുറെ നാളുകള്‍ക്ക്‌ ശേഷം എനിക്ക്‌ മനസിലായി അവളുടെ പേര്‌ മിനിയെന്നാണ്‌. വര്‍ഷം എത്ര കഴിഞ്ഞു. അങ്ങിനെ എത്രയെത്ര മിനിമാരെ നാം ഒപ്പമിരുത്തി, ചൊല്ലിപഠിച്ചു, കേട്ടെഴുതി,അടിവാങ്ങി, സമ്മാനം നേടി.എല്ലാം ഒരു കാലം. ആ നല്ല കാലത്തിന്റെ ഓര്‍മ ദിവസമാണിന്ന്‌, ജൂണ്‍ ഒന്ന്‌. ഞാനും നിങ്ങളും നിറുത്താതെ കരഞ്ഞ ജൂണ്‍ ഒന്ന്‌.എല്ലാ ഓര്‍മകളും എത്ര ആനന്ദദായകമാണെങ്കിലും പിന്നീട്‌ ഓര്‍ത്തെടുമ്പോള്‍ പുഞ്ചിരിയിലും ഒരു വേദന പടരും. സ്‌കൂള്‍- കലാലയ ഓര്‍മകള്‍ വീണ്ടടുക്കുമ്പോള്‍ തീര്‍ച്ചയായും നമുക്ക്‌ സങ്കടം വരാതിരിക്കില്ല
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ജൂണ്‍ ഒന്ന്‌ ആശംസകള്‍.
ഫോട്ടോ: ഗൂഗ്‌ള്‍ സെര്‍ച്ച്‌

Sunday, May 31, 2009

നഷ്ടപ്പെട്ട നീലാംബരി


''സ്‌നേഹിക്കുക മരിക്കുന്നത്‌ വരെ സ്‌നേഹിക്കുക,അതിനേക്കാള്‍ ശക്തി ഒരു പ്രാര്‍ത്ഥനയ്‌ക്കും വരില്ല. ദൈവം ഒരു പാവാ''

മലയാളത്തിന്റെ നീലാബരി ഇനി പൂക്കില്ല.ഓര്‍ക്കുന്നത്‌ തന്നെ ഒരു വ്യസനമാണ്‌. പ്രീ-ഡിഗ്രിക്കാലം,കോളജ്‌ ലൈബ്രറി ഷെല്‍ഫിന്റെ ഏതോ കോണില്‍ നിന്ന്‌ കിട്ടിയ പുസ്‌തകത്തില്‍ മാധവിക്കുട്ടിയായിരുന്നു.സ്‌നേഹത്തെക്കുറിച്ച്‌ പറഞ്ഞ്‌,എഴുതി, സ്‌നേഹത്തെക്കുറിച്ച്‌ ആകുലപ്പെട്ട്‌, സ്‌നേഹം മാത്രം ആഗ്രഹിച്ച കമലാദാസ്‌. ആ നീര്‍മാതളക്കാലം ഇനിയില്ലെന്നറിയുമ്പോള്‍ മനസ്സിന്റെ അറ്റത്ത്‌ ഒരു നീറല്‍, വെറുതെ..
ഫോട്ടോ: മാതൃഭൂമി

Tuesday, May 26, 2009

സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വന്നു




ഒരു സ്വപ്‌നലോകത്തിലെന്നപോലെ ഞാന്‍ ആനന്ദചിത്തയായി നിന്നു.ഒരോ തവണയും സ്വയം പിച്ചിയും മാന്തിയും സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എനിക്കും ചുറ്റുമുള്ളവരും ഞാനും. ഒരോന്നു കഴിയുമ്പോഴും ഞാന്‍ കൂട്ടുകാരോടു പറഞ്ഞു എന്നെ ഒരു ആബുലന്‍സില്‍ റൂമില്‍ കൊണ്ടാക്കണേ? സത്യം, സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു.ഇതിനൊക്കെ നാലുമണിക്കൂര്‍ മുമ്പ്‌ വരെ എന്റെയും കൂട്ടുകാരുടെയും അവസ്ഥ ഒരു കട്ടന്‍കുടിക്കാന്‍ പോലും കാശില്ലാതെ മേപ്പോട്ടു നോക്കിയിരിക്കുകയായിരുന്നു. വാ കീറിയ ദൈവം വകുപ്പും തരും എന്നു പറഞ്ഞതുപോലെ ഞങ്ങള്‍ക്ക്‌ 200രൂപ കിട്ടി (കിട്ടിയതൊന്നുമല്ല കടം വാങ്ങി).അങ്ങിനെ കടം വാങ്ങിയ കാശുകൊണ്ട്‌ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത കാണാന്‍ ബല്‍ക്കണി ഒഴിവാക്കി നീണ്ടക്യൂവില്‍ നില്‍ക്കുമ്പോഴാണ്‌ ഞങ്ങളുടെ ബ്യൂറോചീഫിന്റെ വിളി.....എന്തിനാ കുട്ട്യോളെ നിങ്ങള്‌ ആ സിനിമ കാണാന്‍ നിക്കണ്‌ത്‌. വന്ന്‌ റഹ്‌മാന്റെ ജയ്‌ഹോ കാണ്‌.ദാ ടിക്കറ്റ്‌. ഗാലറിയൊന്നുമല്ല 1000ത്തിന്റെ നാല്‌ പെടയ്‌ക്കണ ടിക്കറ്റ്‌. എന്റെ റബ്ബിലാലമീനായ തമ്പുരാനെ ഞമ്മിളിത്‌ എന്താണ്‌ കേള്‍ക്കണത്‌. പക്ഷെ അപ്പോഴേക്കും ഞങ്ങള്‍ ഭാഗ്യദേവതയുടെ ടിക്കറ്റ്‌ എടുത്തു കഴിഞ്ഞിരുന്നു.എന്നാലും ബ്യൂറോ ചീഫിന്‌ വിടാന്‍ ഭാവമില്ലായിരുന്നു.ഒ! എത്ര നല്ല മനുഷ്യന്‍, അന്ന്‌ ആ സമയം വരെ ജയ്‌ഹോ കാണുമെന്ന്‌ മനസ്സില്‍ പോലും വിചാരിക്കാതിരുന്ന ഞങ്ങളുടെ മുന്നിലേക്കിതാ ഭാഗ്യദേവത ഇറങ്ങി വന്ന മാതിരി. ഓട്ടോ എടുത്തു പോയി ഞാന്‍ ടിക്കറ്റ്‌ വാങ്ങിവന്നു. എന്നിട്ട്‌ കണ്ണൂരില്‍ നിന്നു വരാനുള്ള രണ്ട്‌ കൂട്ടക്കാര്‍ക്കായി കാത്ത്‌ ഞാന്‍ ഭാഗ്യദേവതയിലേക്ക്‌ കണ്ണുനട്ടിരുന്നു.സിനിമ കണ്ടിട്ടും ഒന്നും കാണാത്തപോലയായിരുന്നു ഞാന്‍. ഞായര്‍ ഓഫ്‌ ആയതിനാല്‍ എനിക്കു മാത്രമേ ആ ഭാഗ്യം ലഭിച്ചുള്ളു. എങ്കിലും സന്തോഷം മുഴുവന്‍ ഉള്ളിലൊതുക്കി ഞാന്‍ ഏഴുമണിക്കായി കാത്തു. ജീവിതത്തില്‍ ഇനിയും അവശേഷിക്കുന്ന ആഗ്രഹമെന്തന്ന്‌ ചോദിച്ചാല്‍ ഞാന്‍ പറയുമായിരുന്നു കശ്‌മീരില്‍ പോവണം,പിന്നെ എ ആര്‍ റഹ്മാനെ ഇന്റര്‍വ്യൂ ചെയ്യണം. അങ്ങിനെയിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ലൈവ്‌ കണ്‍സേര്‍ട്ട്‌. എന്റെ റബ്ബേ ഞാനും ചരിത്രത്തിന്റെ ഭാഗമാവാന്‍ പോവുന്നു.കാത്തുകാത്ത്‌ എന്റെ സുഹൃത്ത്‌ വന്നു. കൂടെ അവന്റെ സുഹൃത്തും.പിന്നെയും ഞാന്‍ കാത്തു. പരിപാടി തുടങ്ങിയപ്പോള്‍ 8 മണി. അതാ സയനോര, പിന്നെ മൂന്നു മിനിറ്റിനകം അതാ നമ്മുടെ റഹ്‌മാന്‍. എനിക്ക്‌ സന്തോഷം കൊണ്ട്‌ ശരിക്കും കരച്ചില്‍ വന്നു.കേരളം എനിക്ക്‌ പ്രിയപ്പെട്ട നാടാണ്‌. ഇവിടെ ആയിരിക്കുന്നതില്‍ ഞാന്‍ ആന്ദിക്കുന്നു.നിങ്ങള്‍ ഇവിടെ വന്നതിന്‌ വളരെ നന്ദി എന്ന്‌ റഹ്മാന്‍ പറഞ്ഞപ്പോള്‍ ഒരു സ്വപ്‌നലോകത്തിലെന്നപോലെ ഞാന്‍ ആനന്ദചിത്തയായി നിന്നു. ചിത്ര, ഹരിഹരന്‍, സാദന സര്‍ഗം, ബെന്നി ദയാല്‍, ജാവേദ്‌ അലി, സയനോര, എന്നിവര്‍ പാടി അരങ്ങു തകര്‍ത്തു. റഹ്‌മാന്‍ പാടിയ ഒരോ തവണയും സ്വയം പിച്ചിയും മാന്തിയും സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എനിക്കു ചുറ്റുമുള്ളവരും ഞാനും. ഒരോ പാട്ടു കഴിയുമ്പോഴും ഞാന്‍ കൂട്ടുകാരോടു പറഞ്ഞു എന്നെ ഒരു ആബുലന്‍സില്‍ റൂമില്‍ കൊണ്ടാക്കണേ? സത്യം, സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു.

Tuesday, May 19, 2009

എവിടെയോ ഒരു നന്മ നമുക്കായി കാത്തിരിക്കുന്നുണ്ടാവും

എന്റെ സുഹൃത്ത്‌ സുജിത്തിന്‌ സംഭവിച്ചതാണ്‌. സുജിത്ത്‌ ഇന്ന്‌ ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു സോഫ്‌റ്റ്‌ വെയര്‍ കമ്പനിയില്‍ ടെക്‌ റൈറ്ററാണ്‌. നല്ല കനത്ത ശബളം വാങ്ങുന്ന യപ്പി കോര്‍പറേറ്റ്‌ ഫെല്ലോ. ബാംഗ്ലൂരില്‍ സുജിത്ത്‌ ആദ്യമായ്‌ എത്തിയ കാലം. ഒരു വെബ്‌ പോര്‍ട്ടലില്‍ ജോലി കഴിഞ്ഞ്‌ ഇറങ്ങിയ അവന്‌ ബസ്സ്‌ മാറിപ്പോയി.തിരികെ മുറിയിലെത്താന്‍ ഒരു നിവൃത്തിയുമില്ല.ആകെ പരിചയമുള്ളയാള്‍ പഠിക്കുന്ന കാലത്ത്‌ ഉറ്റസുഹൃത്തായിരുന്നു. പഠിക്കുന്ന കാലം എന്നു നീട്ടി പറയാനൊന്നുമില്ല, ഒരു മൂന്നുമാസം മുമ്പ്‌ വരെ. ക്ലാസ്സിലെ ദാസനും വിജയനുമായിരുന്നു അവര്‍.സംഭവസ്ഥലത്തു നിന്ന്‌ സുജിത്ത്‌ അച്ചായനെ വിളിച്ചു, നീ ഒരു ഓട്ടോ വിളിച്ച്‌ പോരെ എന്നായിരുന്നു മറുപടി. കൈയില്‍ അഞ്ചിന്റെ കാശില്ലാതെ എവിടുന്ന്‌ ഓട്ടേ വിളിക്കാന്‍, അതും സ്ഥലവും ഭാഷയും പരിചയമില്ലാത്തയിടത്ത്‌. അച്ചായനെ പിന്നെയും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ്‌ ഓഫ്‌ ആയിരുന്നു. കരച്ചില്‍ തൊണ്ടയില്‍ കുടുങ്ങി പ്രയാസ്സപ്പെട്ട്‌ പുറത്ത്‌ വന്നത്‌ ഭാഗ്യംകൊണ്ടായിരിക്കണം അടുത്തു നിന്ന്‌ സര്‍ദാര്‍ജി കണ്ടു. കാര്യങ്ങള്‍ കേട്ട അയാള്‍ കുറച്ച്‌ രൂപ എടുത്തു നല്‍കി. കൂടാതെ സുജിത്തിന്റെ താമസസ്ഥലത്ത്‌ പോവാനുള്ള ബസ്സില്‍ കയറ്റിവിടുകയും ചെയ്‌തു. തന്റെ ഓഫിസ്‌ വിലാസം നല്‍കി യാത്രപറയുമ്പോള്‍ സുജിത്ത്‌ അനുഭവിച്ച്‌ ആശ്വാസം ഇന്ന്‌ എനിക്ക്‌ മനസ്സിലാവും. നമ്മുടെ ആരുമല്ലാത്ത കുറേപ്പേര്‍, ഒരു പുഞ്ചിരിയായി, ആശ്വാസമായി.ചില നേരങ്ങളില്‍ നമ്മളും ഇത്തരം സാഹചര്യങ്ങളില്‍ വന്നുപെടാറില്ലേ.നാലു ദിവസം മുമ്പ്‌ ഡെന്റിസ്റ്റിനെ കാണാന്‍ പോയ എന്റെ ബാഗില്‍ നിന്ന്‌ പേഴ്‌സ്‌ കാണാതായി. എന്റെ അശ്രദ്ധ. അടുത്ത ബസ്സില്‍ കയറിയപ്പോഴാണ്‌ പേഴ്‌സ്‌ നഷടപ്പെട്ട വിവരം അറിയുന്നത്‌. കിട്ടാനുള്ള എല്ലാ വഴികളും നോക്കി കിട്ടിയില്ല.എ.ടി.എം ബ്ലോക്ക്‌ ചെയ്‌തു.ഞാന്‍ യാത്രചെയ്‌ത ബസ്സിലെ ജീവനക്കാന്‍ എന്നോട്‌ മാന്യമായി പെരുമാറി.എന്റെ സ്റ്റോപ്പില്‍ ഇറക്കി. ഡോ.ശ്രീഹരിയുടെ കൈയില്‍ നിന്ന്‌ 100 രൂപ കടം വാങ്ങി ഞാന്‍ തിരികെ പോന്നു. എനിക്ക്‌ നേരിട്ടു പരിചയമില്ലാത്ത ബസ്‌ ജീവനക്കാര്‍, അനുജത്തിയുടെ സീനിയര്‍ മാത്രമായ ഓര്‍ത്തോ ഡോണ്‍ഡിസ്‌റ്റ്‌,ദൈവം എത്രപേരെയാണ്‌ സഹായത്തിനയച്ചത്‌. അപ്പോള്‍ എനിക്കോര്‍മ വന്നത്‌ പൗലോ കോയ്‌ലോവിന്റെ ആല്‍ക്കമിസ്‌റ്റിലെ വാക്കുകളാണ്‌ നാം എന്തെങ്കിലും മനസ്സില്‍ വിചാരിക്കുന്നുവെങ്കില്‍ മൊത്തം ലോകം അതിനു വേണ്ടി ഗൂഢാലോചന നടത്തും എന്നതാണ്‌.എന്നാലും പട്ടിണിയുടെ നാലു ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്‌. കാശു ചെയ്യേണ്ടത്‌ കാശ്‌ തന്നെ ചെയ്യണം.ഈ കഥയൊക്കെ ഞാന്‍ സഹപ്രവര്‍ത്തകരായ റൂമേറ്റ്‌സിനോട്‌ വിസ്‌തരിച്ച്‌ പറഞ്ഞിട്ടും എല്ലാം ഒരു അതെയോ എന്ന ആശ്ചര്യത്തില്‍ ഒതുങ്ങി. എ.ടി.എം ബ്ലോക്കായതിനാല്‍ ഉള്ള കാശ്‌ പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥ, സീറേ ബാലന്‍സ്‌ അകൗണ്ടായതിനാല്‍ പാസ്‌ബുക്കുമില്ല പണം പിന്‍വലിക്കാന്‍.കൂടെ, ഒരുമുറിയില്‍ കിടന്നുറങ്ങുന്ന ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ എന്തുചെയ്യും എന്ന്‌ ഔദാര്യത്തിനു വേണ്ടിയെങ്കിലും ഒരു ആലോചന, ഒരു ചോദ്യം. ഇക്കാലത്ത്‌ അത്‌ പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ അരുത്‌. എങ്ങാനും മനസ്സിലെ പ്രയാസം ആരോടെങ്കിലും പറഞ്ഞുപോയാല്‍ അത്‌ എന്റെ കുശുമ്പ്‌. ഏതായാലും മീനില്ലാതെ ഒരു വറ്റുപോലും ഇറക്കാത്ത ഞാന്‍ 13 രൂപയുടെ സാദാ മീല്‍സ്‌ കഴിക്കാന്‍ പഠിച്ചു. ഏതെങ്കിലും സുഹൃത്ത്‌, വേണ്ട ഏതെങ്കിലും അപരിചിതര്‍ അവര്‍ക്ക്‌ ചെയ്‌തു കൊടുക്കാന്‍ കഴിയുന്ന നന്മ ചെയ്‌തുകൊടുക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്‌. ഒരോ ദിവസവും അറിഞ്ഞും അറിയാതെയും എനിക്ക്‌്‌ കിട്ടികൊണ്ടിരിക്കുന്ന നന്മകളുടെ കടം എന്നാലും തീരില്ല.

Wednesday, April 29, 2009

മറക്കാനാവാത്ത മാറാടനുഭവം

ചില വാക്കുകള്‍, ചില വ്യക്തികള്‍, ചില സംഭവങ്ങള്‍ നമുക്ക്‌ മറക്കാനാവാത്ത ഓര്‍മകളാണ്‌്‌. ആ ഓര്‍മകള്‍ വേട്ടക്കാരനെപ്പോലെ നമ്മുടെ ചിന്തകളെ പിന്തുടരും. അങ്ങിനെയാണ്‌ ആ ഒരു വാക്കിന്‌ പിന്നാലെ ഞാനും പോയത്‌. മാറാട്‌ കേസില്‍ നിപരാധികളെന്നു കണ്ടെത്തി വിട്ടയച്ച 76 പേരുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അയാള്‍. എനിക്കറിയാത്ത, എന്നാല്‍ നാം എന്നും കാണുന്ന മുഖത്തോടു കൂടിയൊരാള്‍.മാന്യമായ പെരുമാറ്റം കൊണ്ടായിരിക്കാം എന്തോ അദ്ദേഹത്തിന്റെ പേരുചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഞാന്‍ ഒട്ടും പതീക്ഷിക്കാത്തതായതിനാല്‍ എന്തോ ഒരസ്വസ്‌ഥത തോന്നി, കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ള തന്റെ നമ്പറാണ്‌ അദ്ദേഹം പേരിന്റെ സ്ഥാനത്താനത്ത്‌ പറഞ്ഞത്‌, കൂട്ടത്തില്‍ പേരും ചേര്‍ത്തിരുന്നെങ്കിലും അത്‌ ഞാന്‍ കേട്ടില്ല. വെറുതെ മനസ്സില്‍ ഒരു സങ്കടം വന്നു. ഒരാളുടെ അസ്‌തിത്വം അത്രമാത്രം അപ്രസ്‌ക്തമാവുന്നതെപ്പോഴാണ്‌? അത്‌ അത്ര തന്നെ വെറുക്കപ്പെടുമ്പോഴാണോ,അതോ താന്‍ ഇതു വരെ പറഞ്ഞു ശീലിച്ച തന്റെ പേരിന്റ സ്ഥാനത്ത്‌ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ചാര്‍ത്തിക്കിട്ടിയ പ്രതിപ്പട്ടികയിലെ നമ്പര്‍ അറിയാതെ നാവിന്റെ തുമ്പില്‍ വരുമ്പോഴോ?. തീര്‍ച്ചയായും,അത്‌ നാവിന്റെ തുമ്പത്ത്‌ അറിയാതെ വന്നതല്ല, കഴിഞ്ഞ നാലരവര്‍ഷമായി, ജീവിതത്തിന്റെ ഗതിമാറിയ ദിവസം മുതല്‍ അയാളുടെ അസ്‌തിത്വം വെറും ഒരു നമ്പറിലേക്ക്‌ ചുരുങ്ങുകയായിരുന്നു. പേരുമാത്രമല്ല ജീവിതവും അങ്ങിനെ ചുരുങ്ങി ഇല്ലാതായവരുണ്ട്‌ ഇവര്‍ക്കൊപ്പം.അന്ന്‌ കൂടുതലൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. ആ ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ്‌ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയോ കണ്ടെത്തിയതും അവിടെ പോയതും. ആ ബസ്‌സ്‌റ്റോപ്പില്‍ കാത്തുനിന്ന 25 മിനിട്ട്‌, ആ അസ്വസ്ഥത ജീവിതത്തില്‍ എവിടെയും അനുഭവിച്ചിട്ടില്ല ഞാന്‍. ഒരു പ്രദേശവും അവിടുത്തെ ജനങ്ങളും നിരന്തരം അനുഭവിക്കുന്നത്‌ എനിക്ക്‌ അരമണിക്കൂര്‍ പോലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാനനുഭവിക്കുന്ന സ്വാതന്ത്യത്തില്‍ എനിക്കാഹ്ലാദം തോന്നി. മുക്കിലും മൂലയിലും പോലിസ്‌ ചെക്‌്‌പോസ്‌റ്റുകള്‍, തിരിഞ്ഞൊന്നു നോക്കണമെങ്കില്‍ പോലിസിന്റെ സമ്മതം വേണമെന്ന അവസ്ഥ, തീര്‍ത്തും അപരിചിതയായതിനാല്‍ അവിടുത്തെ രീതികള്‍ അറിയാത്തതിന്റെ അങ്കലാപ്പ്‌ വേറെ. സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ സംഭവിച്ചത്‌. അത്‌ ഇനിയും സംഭവിച്ചു കൂടായെന്നില്ല.അതുകൊണ്ടാണല്ലോ ഇത്രയധികം ക്രമീകരണങ്ങള്‍.ഇതൊന്നും അവര്‍ക്കും നിഷേധിക്കാനാവില്ല. എന്നാലും അന്നാട്ടുകാരുടെ ജീവിതം ഇത്രയും സങ്കുചിതമാക്കുന്നതില്‍ പോലിസിന്റെ പങ്ക്‌ മാറ്റി നിര്‍ത്താനാവില്ല. ജോലിക്ക്‌ പോവുമ്പോള്‍, കല്ല്യാണത്തിനു പോവുമ്പോള്‍, മരണാവശ്യങ്ങള്‍ക്കിറങ്ങുമ്പോള്‍ തുടങ്ങി എവിടെ പോകണമെങ്കിലും പോലിസിന്റെ സമ്മതം വേണം.അവരുടെ ഒരോ ചലനവും പോലിസ്‌ നോക്കികൊണ്ടിരിക്കുന്നതിനാല്‍ ജീവിതം ഏറെ ദുസ്സഹമാണിവിടെ.അറസ്‌റ്റിലാവുമ്പോള്‍ പലരുടെയും പ്രായം 20നും 24നും ഇടയിലായിരുന്നു. നാലര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ ഇവര്‍ക്ക്‌ മക്കളെ വിവാഹം ചെയ്‌തുകൊടുക്കാന്‍ പല മാതാപിതാക്കളും തയ്യാറാവുന്നില്ല. പോലിസിന്റെ ക്രൂരതയില്‍ ഇവര്‍ക്ക്‌ കളഞ്ഞുപോയത്‌ ഇവരുടെ ജീവിതം കൂടിയാണ്‌. അന്ന്‌ രണ്ടാം മാറാട്‌ സംഭവം നടന്ന ദിവസം പള്ളിയില്‍ അഭയം തേടിയ അറുപതോളം പേരെയാണ്‌ രണ്ടു ദിവസം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാതെ നല്ലളം പോലിസ്‌ കസ്റ്റ്‌ഡിയില്‍ വച്ചത്‌. തെറ്റുകാരെന്നോ നിരപരാധിയെന്നോ നോക്കാതെ, കൂട്ടത്തില്‍ ആരോഗ്യമുള്ളവരെ തിരഞ്ഞ്‌ വിളിച്ചായിരുന്നു മര്‍ദ്ദനം. ദാഹിച്ചു വലയുമ്പോള്‍ സ്റ്റേഷനിലെ കക്കൂസിലെ വെള്ളം കുടിക്കാന്‍ നല്‍കി. മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ ഇവരെ കണ്ണൂര്‍ സ്റ്റേഷനിലേക്ക്‌ മാറ്റി. ഇവരില്‍ പലര്‍ക്കും ഇത്‌ ആദ്യത്തെ അനുഭവമായിരുന്നതിനാല്‍ മജിസ്‌ട്രേറ്റിനോട്‌ എന്തു പറയണം, എങ്ങിനെ പറയണം എന്നറിയില്ലായിരുന്നു.ഇവര്‍ക്ക്‌ എന്തു സംഭവിച്ചു എന്ന്‌ വീട്ടുകാര്‍ക്കും അറിയാത്ത അവസ്ഥ.ഒരു മാസത്തിനുശേഷമാണ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ ഇവരെ കോഴിക്കോട്‌ ജയിലിലേക്ക്‌ മാറ്റിയത്‌.ഒറ്റപ്പെടലിന്റെയും സങ്കടങ്ങളുടെയും നാലര വര്‍ഷത്തിനുശേഷം ഇന്നവര്‍ മോചിതരാണ്‌. മുന്നില്‍ ജീവിതമുണ്ട്‌, പക്ഷെ ജീവിക്കാന്‍ സാധിക്കുന്നില്ല. കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയവര്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്‌. അതുകൊണ്ടുതന്നെ ഇതൊന്നു പുറത്ത്‌ പറഞ്ഞു കൂട, പത്രത്തില്‍ അച്ചടിക്കരുത്‌. അവരുടെ പ്രാര്‍ത്ഥനയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ, അവരോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുതരം നിസംഗ്ഗതയായിരുന്നു. ഒന്നാം മാറാടിനും രണ്ടാംമാറാട്‌ സംഭവത്തിനും കാരണമായത്‌ എന്തും തന്നെയാകട്ടെ അതിനുശേഷമുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണ്‌, കളഞ്ഞുപോയ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അവര്‍ക്ക്‌ ഇനി ആവില്ല എന്നത്‌ മറച്ചുവയ്‌ക്കാനാവാത്ത സത്യമാണ്‌.

Saturday, January 3, 2009

എനിക്ക്‌ നല്ല കുട്ടിയാവണം.എന്താ ചെയ്യാ? എനിക്ക്‌ വേഗം ദേഷ്യം വരുന്നു.ആരെയും കണ്ടുകൂടാ. അല്ല ആര്‍ക്കും എന്നെ കണ്ടുകൂട.ഞാന്‍ സത്യം പറയാണ്‌ട്ടേ എന്റെ സ്വഭാവം മാറ്റി എനിക്ക്‌ നല്ലനടപ്പ്‌ നടന്നാല്‍ കൊള്ളാമെന്നുണ്ട്‌.നിങ്ങളുടെയെല്ലാം ഉപദേശം പ്രതീക്ഷിക്കുന്നു